കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വന്ന രണ്ടു കോടതി വിധികള്‍ സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും കണ്ണുതുറപ്പിക്കേണ്ടതാണ്. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിന് സ്വീകരിക്കുന്ന അധാര്‍മിക പ്രവണതകള്‍ ഏതറ്റം വരെ പോകുന്നുവെന്നതിലേക്കാണ് തലശ്ശേരി അതിവേഗ കോടതി (രണ്ട്)യുടെ വിധി വിരല്‍ചൂണ്ടുന്നത്. ഒരു സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ ബോധപൂര്‍വ്വം നിരപരാധികളെ കുടുക്കാന്‍ പോലീസും കോടതിയിലെ ജീവനക്കാരും ഒരുങ്ങിപ്പുറപ്പെട്ടതിന്റെ നെറികെട്ട കഥകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രാഷ്ട്രീയ എതിരാളിയുടെ തല കൊയ്യുകയും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ബോധപൂര്‍വ്വം കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ പോലീസിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നത് മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ പതിവു പരിപാടിയാണ്.
കണ്ണൂരിനെ സ്ഥിരം കലാപ ജില്ലയാക്കാന്‍, ജനകീയ പാര്‍ട്ടിയെന്ന് അഭിമാനിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്തുകൂട്ടുന്ന അതിക്രമങ്ങളുടെ നേര്‍ചിത്രം നമുക്ക് നേരത്തെ വിവിധ സംഭവങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും കോടതി അത് വസ്തുനിഷ്ഠമായി വിലയിരുത്തി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നില്ല. കേസ്സിന്റെ നടത്തിപ്പില്‍ ഉണ്ടായിട്ടുള്ള പോരായ്മകള്‍ പലതവണ എടുത്തു കാട്ടിയിരുന്നെങ്കിലും അതൊന്നും ഇത്ര ശക്തവും സുവ്യക്തവുമായിരുന്നില്ല. അന്വേഷണത്തിനിടയിലെ പല നൂലാമാലകളും കോടതി കണ്ടെത്തി യുക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിധിപ്പകര്‍പ്പുകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അയക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും എല്ലാം ഏട്ടിലെ പശു പ്രയോഗം പോലെ ആയി.
ഈ പശ്ചാത്തലത്തില്‍ വേണം ബഹുമാനപ്പെട്ട തലശ്ശേരി അതിവേഗ കോടതി ജഡ്ജി ഇ. ബൈജുവിന്റെ വിധിയെക്കുറിച്ച് പരിചിന്തനം ചെയ്യാന്‍. 99 ആഗസ്റ്റ് 28ന് രാവിലെ സിപിഎം പ്രവര്‍ത്തകനായ ദാസന് കൊല്ലപ്പെട്ട കേസിലാണ് ബിജെപി പ്രവര്‍ത്തകരായ പതിനൊന്നു പേര്‍ക്കെതിരെ കേസ് ചുമത്തപ്പെട്ടത്. ഇതില്‍ രണ്ടു പേര് നേരത്തെ മരണമടഞ്ഞു. ശേഷിച്ച ഒമ്പതു പേര്‍ക്കെതിരെയുള്ള കേസിന്റെ വിധിയാണ് കഴിഞ്ഞ ദിവസം വന്നത്. പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെ സ്തുത്യര്‍ഹമായ നിരീക്ഷണങ്ങള്‍ വഴി വസ്തുതകളും മറ്റും ഇഴകീറി പരിശോധിക്കാന്‍ കോടതിക്കു സാധിച്ചു. അതുകൊണ്ടുതന്നെ നെറികെട്ട സമീപനങ്ങളും മാറ്റിമറിക്കലുകളും കണ്ടെത്താന്‍ കഴിഞ്ഞു. നിരപരാധിത്വം വ്യക്തമായതോടെ ഒമ്പതു പേരെയും വെറുതെവിട്ടു.
തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ വേണ്ടി പോലീസുദ്യോഗസ്ഥനെയും കോടതി ജീവനക്കാരനെയും സ്വാധീനിച്ച് രേഖകളില്‍ കൃത്രിമം കാണിച്ചതാണ് കോടതി കണ്ടെത്തിയത്. കോടതിയില്‍ സമര്‍പ്പിച്ച പോസ്റ്റുമോര്‍ട്ടം രേഖയിലാണ് കോടതിജീവനക്കാരന്‍ വഴി കൃത്രിമം നടത്തിയത്. കേസന്വേഷണം നടത്തിയ അന്നത്തെ പാനൂര്‍ സിഐ വര്‍ഗീസ് തോമസാണ് പാര്‍ട്ടിക്കുവേണ്ടി കങ്കാണിപ്പണിക്കു നേതൃത്വം നല്‍കിയത്. സമര്‍പ്പിച്ച രേഖയിലെ ബന്ധപ്പെട്ട കടലാസ് എടുത്തു മാറ്റുകയും പകരം മറ്റൊരു രേഖ വെക്കുകയുമായിരുന്നു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കേസ്സില്‍ പെടുത്താനായിരുന്നു ഔദ്യോഗികതലത്തില്‍ ഇത്തരമൊരു മ്ലേച്ഛത അരങ്ങേറിയത്. കേരളത്തിലെ നിയമ ചരിത്രത്തില്‍ ആദ്യമായാണ് സിപിഎം ആസൂത്രണത്തിനനുസൃതമായി കേസന്വേഷണ ഉദ്യോഗസ്ഥന്, കോടതിയില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന രേഖകളില്‍ പോലും കൃത്രിമം കാട്ടിയതായി ഒരു കോടതി കണ്ടെത്തുന്നത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി കാലാകാലങ്ങളില്‍ നടത്തുന്ന ഈ നാടകം ആദ്യമായാണ് ഒരു കോടതിയില്‍ വ്യക്തമായി മറനീക്കിപ്പുറത്തുവരുന്നത്. സിപിഎമ്മിന്റെ കൊമ്മിസാര്‍ ഭരണത്തിന് കീഴില്‍ തലശ്ശേരിയിലെ ഫസല്‍ എന്ന എന്‍ഡിഎഫുകാരനെ പെരുന്നാള്‍ തലേന്ന് നടുറോഡില്‍ കുത്തിക്കൊന്നശേഷം ആ പാപഭാരം ആര്എസ്എസ്സിന്റെമേല് കെട്ടിവെച്ച നീചരാഷ്ട്രീയത്തിന്റെ വൈതാളികരാണ് സിപിഎമ്മുകാര്‍. ദൈവത്തിന്റെ കൈ എന്ന് വിശ്വാസികള്‍ പറയുന്ന ആ അദൃശ്യസാന്നിധ്യം സിബിഐ അന്വേഷണത്തിലൂടെ പുറത്തുവന്നപ്പോള്‍ ഒരു സമൂഹവും ഒരു നാടും ഒന്നടങ്കം ആശ്വസിക്കുകയായിരുന്നല്ലോ. ഫസല്‍ കേസ് ആദ്യം അന്വേഷിച്ച നിഷ്പക്ഷനായ പോലീസ് ഓഫീസറെ നീചമായി വേട്ടയാടി അരിശം തീര്‍ത്തു സിപിഎം വേട്ടനായ്ക്കള്‍. അദ്ദേഹത്തിന്റെ അന്വേഷണം സ്വന്തം പാര്‍ട്ടിക്കാരിലേക്ക് നീങ്ങുന്നുവെന്നു കണ്ടപ്പോഴായിരുന്നു അത്. ഇന്നും ശാരീരിക അവശതയുമായി ആ ഉദ്യോഗസ്ഥന് കഴിയുന്നു. ഭരണവും പോലീസും സ്വന്തം കൈപ്പിടിയിലുള്ള കാലത്ത് ഇതുപോലെയും ഇതില്‍ കൂടുതലും നെറികേട് സിപിഎം കാണിച്ചിട്ടുണ്ട്. ഒരുപാട് നിരപരാധികളും നിസ്സഹായരും കണ്ണീരുകുടിച്ചിട്ടുണ്ട്; കുടിക്കുന്നുമുണ്ട്.
യഥാര്‍ത്ഥ അന്വേഷണം നടന്നാല്‍ സത്യാവസ്ഥ പുറത്തുവരികയും വികൃതമായ രൂപം അനാവൃതമാവുകയും ചെയ്യുമെന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പൂര്ണബോധ്യമുള്ളതുകൊണ്ടാണ് ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍വധം സിബിഐക്കു വിടുന്നതില്‍ അവരിത്രമാത്രം എതിര്‍പ്പു പ്രകടിപ്പിക്കുന്നത്. കേരള പോലീസാവുമ്പോള്‍ ഭരണത്തില്‍ കേറുമ്പോള്‍ സ്വാധീനിച്ചും പ്രതിപക്ഷത്താവുമ്പോള്‍ ഭീഷണിമുഴക്കിയും ധൈര്യമായി കേസില്‍ ഇടപെടാം, അന്വേഷണം അട്ടിമറിക്കാം, രേഖകള്‍ കൃത്രിമമായി ഉണ്ടാക്കാം, കോടതി മുമ്പാകെ അത് വെക്കാനുള്ള സാഹചര്യം ഒരുക്കാം. അങ്ങനെയങ്ങനെ എന്തും അവര്‍ക്കു ചെയ്തുകൂട്ടാം. ദാസന് വധക്കേസില്‍ സംഭവിച്ചതും അതാണല്ലോ.
ഇത്തരം കേസ് സംബന്ധിച്ച ദുര്‍ഗ്രഹമായ വഴികളിലൂടെ ജാഗ്രതയോടെ നീങ്ങുകയും തലനാരിഴകീറി വസ്തുതകള്‍ വിശകലനം ചെയ്ത് സംശയലേശമന്യേ അത് കോടതി മുമ്പാകെ എത്തിക്കാനും കഴിയുക എന്നത് നിസ്സാരകാര്യമല്ല. തെളിമയും ആത്മാര്‍ത്ഥതയും നിയമത്തിന്റെ അടിസ്ഥാന സ്വത്വം നെഞ്ചോടു ചേര്‍ത്ത് വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അതിനൊക്കെ കഴിയൂ. ദാസന് വധക്കേസിന്റെ നടത്തിപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ച വൈകൃതങ്ങളും അതില്‍ കോടതി ജീവനക്കാരന് കൂടി വശംവദനാവുകയും ചെയ്യേണ്ടിവന്ന സാഹചര്യം സമൂഹവും ബന്ധപ്പെട്ട കക്ഷികളും ഓര്‍ക്കേണ്ടതാണ്. ഇത്തരം സാഹചര്യമല്ലേ ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന മഹത്തായ പ്രഖ്യാപനം അട്ടിമറിക്കപ്പെടാന്‍ കാരണം?
നമ്മുടെ നിയമവാഴ്ചക്കുമേല്‍ നിപതിച്ച ഇടിത്തീയായി വേണം ദാസന് വധക്കേസിലെ അട്ടിമറിയെ കാണാന്‍. നമ്മുടെ നീതി സമ്പ്രദായത്തില്‍ നിന്നും സത്യവും വസ്തുതയും കവര്‍ന്നെടുത്ത് കേസ് അട്ടിമറിക്കാനും വഴി തിരിച്ചുവിടാനും കഴിയുന്നു എന്നത് ജനാധിപത്യ സമ്പ്രദായം പുലരുന്ന ഒരു സമൂഹത്തിന് എന്നും ഭീഷണിയാണ്. ഭരണകൂടത്തിന്റെ കരചലനങ്ങള്‍ക്കൊപ്പം അന്വേഷണസംവിധാനവും നിയമാധിഷ്ഠിത നീതിയും മാറിപ്പോയാല്‍ അരാജകത്വവും അതുവഴി സര്‍വനാശവും ആവും ഫലം. അതിന് വഴിവെച്ചുകൊടുക്കാന് അനുവദിക്കരുത്. ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുന്ന പ്രാകൃതരീതിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഹൈക്കോടതിയുടെ നിരീക്ഷണവും ഇതിനൊപ്പം ചേര്‍ത്തുവെക്കണം. വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനം സമൂഹത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷയുമാണെന്നാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് നിരീക്ഷിച്ചിരിക്കുന്നത്. ടി.പി. വധക്കേസില്‍പ്പെട്ട സിപിഎം നേതാക്കളായ മോഹനന്, പടയങ്കണ്ടി രവീന്ദ്രന് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിലായിരുന്നു മേപ്പടി പരാമര്‍ശം. സമൂഹത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷയും കെട്ടുറപ്പോടെ പരിപാലിക്കപ്പെടണമെങ്കില്‍ നിഷ്പക്ഷവും നിര്‍ഭയവുമായ നീതി നിര്‍വഹണം അവശ്യം ആവശ്യമാണ്. അത് അങ്ങനെ തന്നെ വേണമെന്ന് ഉറപ്പുവരുത്താനുള്ള ഒരവസരമായി തലശ്ശേരി അതിവേഗ കോടതിയുടെ വിധിയെ ഭരണകൂടം കാണുമെന്ന് സമൂഹം പ്രത്യാശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: