Categories: Travel

ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Published by

എറണാകുളം ജില്ലയിലെ ഒക്കല്‍ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. പെരുമ്പാവൂരിനും കാലടിക്കും മദ്ധ്യേ വടക്കുമാറി പെരിയാറിന്റെ തീരത്താണ്‌ പിതൃതര്‍പ്പണത്തിന്‌ പ്രസിദ്ധമായ ഈ ക്ഷേത്രം. പരിപാവനമായ പെരിയാര്‍ നദി ഇവിടെ ഗംഗയ്‌ക്ക്‌ സമാനമെന്ന്‌ ഭക്തര്‍ കരുതുന്നു. പൂര്‍ണാനദിയുടെ ഒഴുക്ക്‌ ഇവിടെ എത്തുമ്പോള്‍ വിസ്മയാവഹമായ രീതിയിലാണ്‌. കിഴക്കുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന പെരിയാര്‍ ഇവിടെ എത്തിയശേഷം പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുകയാണ്‌. പ്രകൃതിഭംഗികൊണ്ട്‌ അനുഗൃഹീതമായ ഈ പ്രദേശത്തെ തഴുകിയൊഴുകുന്ന പുഴ ചേലചുറ്റിയപോലെ കാണപ്പെടുന്നതുകൊണ്ടാകാം ചേലാമറ്റം എന്ന പേര്‌ ഈ ഗ്രാമത്തിനുണ്ടായതെന്ന്‌ പഴമ. എല്ലാദിവസവും ബലി തര്‍പ്പണം നടക്കാറുള്ള ക്ഷേത്രം ദക്ഷിണകാശി എന്ന്‌ പ്രസിദ്ധവുമാണ്‌. ക്ഷേത്രത്തില്‍ ബലിക്കല്‍പ്പുര ഇല്ലെന്ന അപൂര്‍വതയുണ്ട്‌. ക്ഷേത്രത്തിലേക്കുള്ള മാര്‍ഗമദ്ധ്യേ മാതംപിള്ളി വാമനക്ഷേത്രവും അതേ ദിശയില്‍ ത്തന്നെ ചൊവ്വാഴ്ച ഭഗവതിക്കാവും കാണാം.

ക്ഷേത്രത്തിലേക്ക്‌ കയറുന്നിടത്ത്‌ മുന്നില്‍ രണ്ട്‌ ഗോപുരങ്ങള്‍. രണ്ടു ധ്വജനങ്ങള്‍, രണ്ട്‌ ശ്രീകോവിലുകളുമുണ്ട്‌. അതില്‍ തെക്കുഭാഗത്ത്‌ ശ്രീകൃഷ്ണനും വടക്ക്‌ നരസിംഹവും പ്രധാന മൂര്‍ത്തികള്‍. ആദ്യം ഇവിടെ നരസിംഹ വിഗ്രഹമാണ്‌ പ്രതിഷ്ഠിച്ചതെന്നും പിന്നീട്‌ കൃഷ്ണവിഗ്രഹം കിട്ടിയെന്നും അത്‌ പുഴയില്‍ കണ്ടത്‌ അക്കരക്കൂട്ടം എന്നറിയപ്പെടുന്ന പുലയസമുദായക്കാരാണെന്നും ഐതിഹ്യം. നാലമ്പലത്തിന്‌ പുറത്ത്‌ തെക്കുഭാഗത്തായി നാഗയക്ഷിയും ശ്രീകൃഷ്ണസ്വാമിയുടെ ശ്രീകോവിലിന്‌ വെളിയില്‍ തെക്കുകിഴക്കായി (സ്വാമിയാര്‍ സമാധി) സ്ഥാനവുമുണ്ട്‌. ക്ഷേത്രത്തില്‍ ബ്രഹ്മകലശത്തിന്‌ നെയ്യ്‌ മാത്രമേ ഉപയോഗിക്കാറുള്ളൂ എന്ന പ്രത്യേകതയുണ്ട്‌. അതുപോലെ ഉദയാസ്തമനപൂജ പാടില്ലെന്നുമുണ്ട്‌. വച്ചുനമസ്കാരവും തൃക്കൈവെണ്ണയും പാല്‍പ്പായസവും കാല്‍കഴുകിച്ചൂട്ടും പ്രധാനവഴിപാടുകള്‍. പിതൃക്കള്‍ക്കും രക്ഷസുകള്‍ക്കും തിലഹവന നമസ്ക്കാരാദി വഴിപാടുകള്‍ നടത്താന്‍ എത്തുന്ന ഭക്തരുമുണ്ട്‌. ഇന്നാട്ടുകാര്‍ ഏതൊരുകാര്യം ചെയ്യുന്നതിനും മുന്‍പായി നമസ്കാരം വഴിപാടാണ്‌ നേര്‍ച്ചനേരുക പതിവാണ്‌.

ചിങ്ങമാസത്തിലെ ചോതിക്ക്‌ കൊടിയേറിയുള്ള വാമനമൂര്‍ത്തിയുടെ ഉത്സവം തിരുവോണ ആറാട്ടോടെ സമാപിക്കും. മണ്ഡലപൂജയ്‌ക്ക്‌ പുറമെ ധനുമാസത്തില്‍ വാമനമൂര്‍ത്തിക്ക്‌ ദശാവതാരംചാര്‍ത്തലുണ്ട്‌. എല്ലാ മാസത്തിലേയും കറുത്തവാവ്‌ പ്രധാനം. അതുപോലെ കര്‍ക്കടകം, ഇടവം, കുംഭം, തുലാം മാസങ്ങളിലെ വാവുകളും കുംഭമാസത്തിലാണ്‌ ക്ഷേത്രത്തിലെ മഹോത്സവം. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ചോതിക്ക്‌ കൊടിയേറ്റം. കൊടിയേറ്റിന്‌ പിറ്റേന്ന്‌ ലക്ഷദീപം തെളിയിക്കുന്ന ചടങ്ങുമുണ്ട്‌. ദീപാരാധനയോ പറയെടുപ്പോ ഇല്ല. അതുപോലെ ഉത്സവബലിയുമില്ല. ദേവനെ തിടമ്പിലേക്ക്‌ ആവാഹിക്കാതെ പുറത്തേക്കെഴുന്നെള്ളിക്കാനും പാടില്ല. വലിയ വിളക്ക്‌ ദിവസത്തെ പൂജയ്‌ക്ക്‌ വയ്‌ക്കുന്ന നിവേദ്യത്തില്‍ ഒരു പങ്ക്‌ അക്കര കൂട്ടക്കാര്‍ക്ക്‌ നല്‍കും. അവര്‍ ഈ നിവേദ്യച്ചോറ്‌ ഉണക്കി സൂക്ഷിക്കുമെന്നും അത്‌ ഉദരരോഗത്തിന്‌ ഉത്തമ ഔഷധമാണെന്നും വിശ്വസിക്കുന്നു. തിരുവോണത്തിനുള്ള ആറാട്ടോടെ ഉത്സവം സമാപിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts