എണ്ണിയാലൊടുങ്ങാത്ത മഹാത്മാക്കള്‍ക്കും മഹാരഥന്മാര്ക്കും ജന്മം നല്‍കിയതാണ് ഭാരതാംബ. അവരില്‍ വിവിധ മേഖലകളില്‍ അവഗാഹം നേടി സ്വന്തം സിംഹാസനം സൃഷ്ടിച്ചവര്‍ നിരവധിയുണ്ട്. എല്ലാ മേഖലയിലും പടര്‍ന്നു പന്തലിച്ച് സര്‍വമാനകാര്യങ്ങളും ഹൃദിസ്ഥമാക്കിയവര്‍ അധികമുണ്ടാകില്ല. അങ്ങനെയുള്ളവരില്‍ ഒരുപക്ഷേ അഗ്രിമസ്ഥാനം തന്നെ കല്പിച്ചു കൊടുക്കാന്‍ അര്‍ഹത നേടിയ വ്യക്തിത്വമാണ് സ്ഥൂലശരീരം ഉപേക്ഷിച്ചു പോയ കുപ്പഹള്ളി സീതാരാമയ്യ സുദര്ശന് അഥവാ കെ.എസ്.സുദര്‍ശന്‍ജി. ഓര്മ വച്ച നാള് മുതല്‍ ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ…’ എന്ന പ്രാര്‍ഥന ചൊല്ലി രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രസേവനത്തിന് പ്രതിജ്ഞയെടുത്തിറങ്ങിയ സുദര്‍ശന്‍ജി ജീവിതം മുഴുവന്‍ അതിനായി സമര്‍പ്പിച്ചു. ഇതിനിടയില്‍ അറിവിന്റെ വാതായനങ്ങള്‍ തുറന്നു കയറി കിട്ടാവുന്നതെല്ലാം സ്വായത്തമാക്കി. അതുകൊണ്ടു തന്നെയാണ് ബഹുമുഖ പ്രതിഭ എന്ന വിശേഷണത്തിന് സുദര്‍ശന്‍ജി അര്‍ഹനായതും. സംഭവബഹുലമായ ജീവിതമായിരുന്നു സുദര്ശന്ജിയുടെത്. സംഘപ്രവര്‍ത്തനത്തില്‍ വ്യാപൃതനായതിനൊപ്പം ഉന്നത വിദ്യാഭ്യാസം നേടുന്നതിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. സാഗര്‍ സര്‍വകലാശാലയില്‍നിന്ന് ടെലികമ്മ്യൂണിക്കേഷന്‍സില്‍ എഞ്ചിനീയറിംഗ് ബിരുദം നേടി. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചിരുന്നു. ആധുനികവും പുരാതനവുമായ ശൈലികളെ കോര്‍ത്തിണക്കി വിഷയങ്ങള്‍ അവതരിപ്പിച്ച് പുതിയ കാഴ്ചപ്പാട് സൃഷ്ടിക്കാനുള്ള സുദര്‍ശന്‍ജിയുടെ ധിഷണ അസൂയാവഹം തന്നെയായിരുന്നു. സംഘപ്രസ്ഥാനത്തിന്റെ വ്യത്യസ്ത ചുമതലകളെ ആയാസരഹിതമായി വഹിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം ഒന്നു വേറെ തന്നെയായിരുന്നു. 1990 മുതല്‍ സഹസര്‍കാര്യവാഹ് എന്ന നിലയില്‍ ദേശവിദേശങ്ങളില്‍ സംഘദൗത്യവും നിര്‍വഹിച്ചു.
അടിമുടി സ്വദേശി വ്രതധാരിയായിരുന്ന ഇദ്ദേഹം ധരിക്കുന്ന വസ്ത്രത്തിലും സഞ്ചരിക്കുന്ന വാഹനത്തിലും വരെ സ്വദേശി നിഷ്ഠപുലര്‍ത്തിയിരുന്നു. ആഡംബര ജീവിതം അദ്ദേഹത്തിന് അന്യമായിരുന്നു. മുഖ്യശിക്ഷകന്‍ മുതല്‍ സര് സംഘചാലകന് വരെയുള്ള ചുമതലകള്‍ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സവിശേഷമായ ഒരു സംഘടനാ പദ്ധതിയുള്ള രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തനത്തിന് തിളക്കമേറ്റിയ വ്യക്തിയാണ് സുദര്‍ശന്‍ജിയെന്ന് ഉറക്കെ പ്രഖ്യാപിക്കാവുന്നതാണ്. സുദര്‍ശന്‍ജി സര്‍സംഘചാലക പദവി ഏറ്റെടുക്കുന്നത് ഒരു പുതിയ കീഴ്വഴക്കത്തിന്റെ തുടര്‍ച്ചയോടെയായിരുന്നു എന്നു തന്നെ പറയാം.
ഓരോ സര് സംഘ ചാലകന്മാരും സംഘവ്യാപ്തിക്കും രാഷ്ട്രസേവനത്തിനും നല്‍കിയത് തനതായ കാഴ്ചപ്പാടും സംഭാവനകളുമാണ്. സുദര്‍ശന്‍ജി ശ്രദ്ധിച്ചത് സംഘത്തെ ബഹുജനങ്ങള്‍ക്ക് സ്വീകാര്യമായ കാര്യപദ്ധതികളുമായി ബന്ധിപ്പിക്കാനാണ്. രാഷ്ട്രവികസനത്തിനായുള്ള പദ്ധതി നിര്‍ദേശമായാലും വിവിധ ജനവിഭാഗങ്ങളുമായുള്ള സംവാദങ്ങളായാലും എല്ലാം ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമാണെന്നതില്‍ സംശയമില്ല. ഗുജറാത്ത് വികസനത്തിന്റെ “മാഗ്ന കാര്‍ട്ട” ആയെങ്കില്‍ അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം സുദര്ശന്ജിയാണെന്ന് കാണാനാകും. അവിടെ ആരംഭിച്ച അനുകരണീയവും അഭിനന്ദനാര്‍ഹവുമായ പദ്ധതികളുടെ ആസൂത്രണത്തിനു പിന്നില്‍ സുദര്‍ശന്‍ജിയുടെ ഉപദേശ നിര്‍ദേശങ്ങളായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജലസംഭരണവും വിതരണവും സംബന്ധിച്ച് ആവിഷ്കരിച്ച പദ്ധതി. ജലദൗര്‍ലഭ്യം ഏറ്റവും വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഗുജറാത്തിലെ പദ്ധതികളുടെ അഭിനന്ദനത്തിന്റെ യഥാര്‍ഥ അവകാശി സുദര്‍ശന്‍ജിയാണ്.
വര്‍ഗീയ-വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ വിളനിലവും വിഷഭൂമിയുമായി മാറിയ കേരളത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രസ്ഥാനമായി ആര്‍എസ്എസിനെ മാറ്റാന്‍ ബോധപൂര്‍വ ശ്രമമാണ് നടന്നിരുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഈ കുത്സിത നീക്കം തുടങ്ങിയതാണ്. അതിനെ ഇഞ്ചോടിഞ്ച് നേരിട്ട് മുന്നേറിയ ചരിത്രമാണ് സംഘത്തിനുള്ളത്. അതിന് സര്‍വശക്തിയും നല്കിയ അഖില ഭാരതീയ അധികാരികളുടെ കൂട്ടത്തില്‍ മാത്രം സുദര്‍ശന്‍ജിയെ എണ്ണിയാല്‍ പോര. ഒരു പടി കൂടി കടന്ന് എതിരാളികളുടെ കള്ളപ്രചാരണങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടാന്‍ സംവാദമെന്ന പുതിയ പ്രവര്‍ത്തനശൈലിക്ക് അദ്ദേഹം പ്രയത്നിച്ചു. കേരളത്തില്‍ ക്രൈസ്തവ നേതൃത്വവുമായി നടന്ന കൂടിക്കാഴ്ചയും വിനിമയവും രാജ്യമാകെ ഉറ്റുനോക്കി. പ്രത്യാശാ കിരണങ്ങളാണ് അതുവഴി ഉയര്‍ന്നത്. ഇസ്ലാം മതനേതൃത്വവുമായി നടക്കാനിരുന്ന സംവാദമാകട്ടെ ചിലരുടെ ദുഷ്ടലാക്കാക്കിയുള്ള പ്രവര്‍ത്തനം മൂലമാണ് മുടങ്ങിപ്പോയത്. അതുകൊണ്ടും അദ്ദേഹം നിരാശനായിട്ടില്ല. എല്ലാ ഭാരതീയരും ഒരമ്മപെറ്റ മക്കളാണെന്ന ബോധം ജനിപ്പിക്കാന്‍ അദ്ദേഹം പ്രയത്നിച്ചു. സംഘത്തിന്റെ ശക്തിയും സ്വാധീനവും വര്‍ധിപ്പിക്കാന്‍ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ മുന്നോട്ടു പോയാല്‍ പോരെന്ന് അദ്ദേഹം ഉപദേശിച്ചു. ഏതു പാര്‍ട്ടിയില്‍ പെട്ട ആളായാലും എല്ലാ ദേശീയവാദികളെയും സംഘത്തിന്റെ സമ്പര്‍ക്കത്തിലാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.
കൊല്ലത്ത് നടന്ന ആര്‍എസ്എസ് പ്രാന്തീയ ശിബിരത്തില്‍ പ്രഭാഷണത്തിലെ അദ്ദേഹത്തിന്റെ ഊന്നല്‍ അതായിരുന്നു. ശിബിരത്തില്‍ നടത്തിയ ബൗദ്ധിക്കില്‍ സുദര്‍ശന്‍ജി സംഘത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങളെ ഒരിക്കല്‍കൂടി ഊന്നി ഉറപ്പിച്ചുകൊണ്ട് പറഞ്ഞു: “വിഭിന്നതകള്‍ക്കിടയിലും എല്ലാത്തിനെയും ഏകോപിപ്പിക്കുന്ന ഏക സൂത്രതയുണ്ട്. അത് രാജനൈതികമല്ല, പ്രത്യുത സാംസ്കാരികമാണ്. ആ സംസ്കൃതിയാണ് അനേകായിരം വര്‍ഷങ്ങളായി വിവിധതകള്‍ക്കിടയിലും ഏകത്വത്തെ പ്രതിഫലിപ്പിച്ചത്. നിറവും സുഗന്ധവും രൂപവും വ്യത്യസ്തമായ പുഷ്പങ്ങളെ കോര്‍ത്തിണക്കി മനോഹരമായ ഹാരമുണ്ടാക്കുന്ന ചരടുപോലെ ഹിന്ദുത്വമാകുന്ന ചരട് വിവിധതകളെ കോര്‍ത്തിണക്കി മനോഹരമായ പുഷ്പഹാരമാക്കിത്തീര്ക്കുന്നു.” സംഘടനയുടെ സൈദ്ധാന്തിക മണ്ഡലത്തെ ദൃഢീകരിക്കുന്നതോടൊപ്പം പ്രതിയോഗികളുടെ ആശയങ്ങളെ കടന്നാക്രമിക്കുന്നതിനും ദാക്ഷിണ്യമില്ലാതിരുന്ന മേധാശക്തിയായിരുന്നു സുദര്ശന്ജിയുടെത്. വിദ്യാഭ്യാസം, ചരിത്രം, പരിസ്ഥിതി, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, ശാസ്ത്രം, തത്ത്വശാസ്ത്രം എന്നിങ്ങനെ ആ പ്രതിഭ വ്യാപരിക്കാത്ത മണ്ഡലങ്ങള്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭൗതിക ശബ്ദം മായാലോകത്ത് നിലച്ചു പോയെന്നാലും പവിത്രമായ സ്മരണയ്ക്ക് മരണമില്ല. ജനതാ ജനാര്‍ദനനില്‍ നിന്നും വിഷ്ണുപാദാരവിന്ദത്തിലെത്തിയ സുദര്‍ശന്‍ജിക്ക് ശതകോടി പ്രണാമങ്ങള്‍ അര്‍പ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: