പാല് തീരെ ഇഷ്ടമില്ലാത്തയാളായിരുന്നു ഡോ.വര്‍ഗീസ് കുര്യന്. പാല് കുടിക്കുന്ന കാര്യമാവട്ടെ ചിന്തിക്കാന്‍ പോലും വയ്യ താനും. പക്ഷെ പാല് കുടിക്കാത്ത വര്‍ഗീസ് കുര്യന് ഭാരതത്തില്‍ പാല് കടലൊഴുക്കി. പാല് ചുരത്തുന്ന പശുക്കള്‍ക്കും പാല് കറക്കുന്ന കര്‍ഷകര്‍ക്കും ഐശ്വര്യം പകര്‍ന്നു. നല്ല പാല് നല്കി ആളുകളുടെ ആരോഗ്യം ഉറപ്പാക്കി. ഒടുവില്‍ ആനന്ദിലെ കൈലാസ് ഭൂമിയില്‍ ഭൗതികദേഹം എരിഞ്ഞടങ്ങിയപ്പോഴും അദ്ദേഹത്തിന്റെ ആത്മാവ് ഇപ്രകാരം മന്ത്രിക്കുന്നുണ്ടാവണം-എനിക്കൊരു സ്വപ്നമുണ്ടായിരുന്നു. ഞാനത് സാക്ഷാത്ക്കരിച്ചു!
ഭാരതത്തിന്റെ പാല്ക്കാരന് എന്നാണ് മാധ്യമങ്ങള്‍ വര്‍ഗീസ് കുര്യന് ചാര്‍ത്തിയ വിശേഷണം. പക്ഷെ അതില്‍ ഒന്നും ഒതുങ്ങുന്നില്ലെന്നതാണ് നേര്. അതറിയാന്‍ 1940 കളിലെ ക്ഷീരകര്‍ഷകരുടെ അവസ്ഥ നാം വായിച്ചറിയണം. എല്ലുന്തിയ എരുമകളും പട്ടിണിപ്പാവങ്ങളായ കാലി വളര്‍ത്തലുകാരുമായിരുന്നു അന്ന് ഗുജറാത്തിലെങ്ങും. നാല്‍ക്കാലികളെ വയല്പൂട്ടാനും അവയുടെ ചാണകം കൃഷിക്കും പാല് നെയ്യെടുക്കാനും മാത്രം അവര്‍ക്കറിയാമായിരുന്നു. നെയ്യെടുത്ത പാല് കമിഴ്ത്തി കളയുന്ന അവസ്ഥ കര്‍ഷകരുടെ ആ അജ്ഞത ചൂഷണം ചെയ്യാന്‍ ‘പോള്‍സണ്‍’ പോലെയുള്ള വിദേശ ഡയറികളും.
ആ കാലഘട്ടത്തിലാണ് കുര്യന്റെ താരോദയം. കര്‍ഷകനേതാവ് ത്രിഭുവന്‍ദാസിന്റെ ഒപ്പം നിന്ന് അദ്ദേഹം കര്‍ഷകരെ സംഘടിപ്പിച്ചു. 1946 ല്‍ കേവലം രണ്ട് ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങളായ കാലിവളര്ത്തലുകാരെ അംഗങ്ങളാക്കിയാണ് ആനന്ദ് ഡയറി ആരംഭിക്കുന്നത്. 2012 ആയപ്പോഴേക്ക് 16100 അംഗ യൂണിയനുകളായി ആ അംഗത്വം വളര്‍ന്നു. രണ്ടുനേരം പാലളക്കുന്ന 32 ലക്ഷം കര്‍ഷകരുടെ ജീവിതമാണ് ഇന്ന് ആനന്ദ്. 1960 കളില്‍ കേവലം 20 ദശലക്ഷം മെട്രിക് ടണ്‍ പാല് മാത്രം സംഭരിച്ചിരുന്ന ഇന്ത്യയില്‍ 2011 ആയപ്പോഴേക്ക് അത് 122 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നതിന്റെ കാരണക്കാരന്‍ ആനന്ദിലെ വര്‍ഗീസ് കൂര്യനായിരുന്നു.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാല് ഉല്‍പ്പാദക രാജ്യമാണ് ഭാരതം. നമ്മുടെ ദേശീയ വരുമാന (ജിഡിപി)ത്തിന്റെ ആറ് ശതമാനവും ലഭിക്കുന്നത് പാലില്‍നിന്നാണ്. അതിന് നാം നന്ദി പറയേണ്ടത് സാങ്കേതിക വിദ്യയിലൂന്നിയുള്ള കുര്യന്റെ സോഷ്യലിസ്റ്റ് സമീപനത്തോടാണ്. ലോകത്തെ ഏറ്റവും വലിയ പാല് ഉല്‍പ്പാദന പദ്ധതിയായ ‘ഓപ്പറേഷന് ഫ്ലഡ്’ വിവിധഘട്ടങ്ങളിലായി നടപ്പില്‍ വരുത്താന്‍ അദ്ദേഹത്തെ സഹായിച്ചത് ആ മനോഭാവമാണ്.
ശാസ്ത്രത്തെ ജനകീയവല്ക്കരിക്കുന്നതിലൂടെ സാമൂഹ്യ വികാസം എങ്ങനെ സാധിക്കാമെന്ന് തന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വര്‍ഗീസ് കുര്യന് നമുക്ക് കാണിച്ചുതന്നു. ഡയറി സാങ്കേതിക വിദ്യയുടെ മികവ് സാധാരണക്കാരിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സഹകരണത്തിലൂടെ സംഘടിക്കാനും സംഘടനയിലൂടെ ശക്തരാകാനും അദ്ദേഹം അവരെ പഠിപ്പിച്ചു. ആ ശക്തിയെ ശരിയായ മാനേജ്വൈഭവമുപയോഗിച്ച് നയിച്ചാണ് കുര്യന് തന്റെ സ്വപ്നങ്ങള്‍ സഫലമാക്കിയത്. ആ സാഫല്യം 150 ലക്ഷം കുടുംബങ്ങളിലാണ് ഐശ്വര്യത്തിന്റെ പാല് നിലാവ് ചുരത്തിയത്.
നല്ലവനായ പാല്ക്കാരനോടുള്ള കറവക്കാരുടെ സ്നേഹാദരങ്ങളാണ് ‘മന്ഥന്’ എന്ന സിനിമയുടെ ജനനത്തിന് പിന്നില്‍. 1976 ല്‍ പുറത്തിറങ്ങിയ ആ സിനിമ ധവള വിപ്ലവത്തിന്റെ വിജയകഥയായിരുന്നു ചിത്രീകരിച്ചത്. സംവിധായകന് ശ്യാം ബനഗള്. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനിലെ അഞ്ച് ലക്ഷം അംഗങ്ങള്‍ കേവലം രണ്ടുരൂപ വീതം പിരിവെടുത്ത് നല്കിയ പത്ത് ലക്ഷം രൂപയായിരുന്നു സിനിമയുടെ മൂലധനം. സ്മിതാ പാട്ടീല്‍, ഗിരീഷ് കര്‍ണാട്, നസറുദ്ദീന്‍ഷാ, അമരീഷ്പുരി എന്നിവരൊക്കെച്ചേര്‍ന്നാണ് കുര്യന്റെ വിജയഗാഥ അഭ്രപാളിയില്‍ ആവിഷ്ക്കരിച്ചത്.
പശുവിനെക്കാളും കുര്യന് പ്രിയം എരുമയോടായിരുന്നുവെന്ന് പറയാറുണ്ട്. ഫോട്ടോ ജേര്ണലിസ്റ്റുള്ക്ക് മുമ്പില്‍ പോസ് ചെയ്യുന്നതിനുപോലും അദ്ദേഹം കൂട്ടുപിടിക്കാറ് എരുമകളെ ആയിരുന്നു. അതിനൊരു കാരണവുമുണ്ട്. എരുമപ്പാലില് കൊഴുപ്പിന്റെ സാന്നിദ്ധ്യം ഏറെ. പാല്‍പ്പൊടി നിര്‍മിച്ചാല്‍ ഏറെ ലാഭകരവും. കര്‍ഷകരുടെ സഹകരണ രംഗത്തേക്കിറങ്ങുമ്പോള്‍ കുര്യന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി പാല് ഉല്‍പ്പന്നങ്ങള്‍ കേട് കൂടാതെ സൂക്ഷിച്ചു വിപണനം നടത്തുകയെന്നതായിരുന്നു. അതിന് ഏറ്റവും മികച്ച മാര്‍ഗമാവട്ടെ പാല്‍പ്പൊടി നിര്‍മ്മാണവും. പാല്‍പ്പൊടി നിര്‍മ്മാണം വിദേശ ഡയറികളുടെ കുത്തകയായിരുന്നു അന്ന്. അവരാകട്ടെ പശുവിന്‍പാലില്‍ നിന്നാണ് പാല്‍പ്പൊടി നിര്‍മ്മിച്ചത്. കൊഴുപ്പേറിയതും ലഭ്യത കൂടിയതുമായ എരുമപ്പാലില്‍നിന്ന് പാല്‍പ്പൊടി നിര്മിച്ചെടുക്കാനായിരുന്നു കുര്യന്റെ ശ്രമം. സ്വദേശത്തേയും വിദേശത്തെയും വിദഗ്ദ്ധര്‍ അതിനെ കണ്ടത് തികഞ്ഞ പുച്ഛത്തോടെയാണ്. പക്ഷെ കുര്യന് മുന്നോട്ടു പോയി. വിജയിക്കുകയും ചെയ്തു. അതുപോലെ തന്നെ എരുമപ്പാലില്‍നിന്ന് കണ്ടന്‍സ്ഡ് മില്‍ക്ക് രൂപപ്പെടുത്തിയെടുക്കുന്നതിലും അദ്ദേഹം വിജയം വരിച്ചു. അമൂല്‍ എന്ന ബ്രാന്‍ഡിന്റെ ജനന-വികാസത്തിന് പിന്നിലെ ബുദ്ധിയും മറ്റാരുടേതുമായിരുന്നില്ല. നൂറ് കണക്കിന് പാല് ഉല്‍പ്പന്നങ്ങളാണ് തുടര്‍ന്ന് ആനന്ദില്‍ പിറന്നുവീണത്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ സമര്‍ത്ഥമായ പ്രയോഗത്തില്‍ അവയൊക്കെ വിപണി കീഴടക്കുകയും ചെയ്തു. കാഡ്ബറി, നെസ്ലെ, പോള്‍സണ്‍ തുടങ്ങിയ വിദേശ ഭീമന്മാര് പോലും സ്വദേശിയായ അമൂലിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നുവെന്നത് ചരിത്രം.
1956 ഒക്ടോബര്‍ 31-നായിരുന്നു അമൂല്‍ ഡയറിയുടെ ഉദ്ഘാടനം. ക്ഷീരകര്‍ഷകരെ സംഘടിപ്പിക്കാന്‍ യത്നിച്ച സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മദിനമായിരുന്നു അന്ന്. ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു ഉദ്ഘാടകന്‍. എരുമപ്പാലില്‍നിന്ന് പാല്‍പ്പൊടി നിര്‍മ്മിച്ച ഡയറി എഞ്ചിനീയറെ മൊറാര്‍ജിദേശായി നെഹ്റുവിന് പരിചയപ്പെടുത്തി. കുര്യന്റെ അടുത്തേക്ക് നടന്നടുത്ത നെഹ്റു ആ യുവാവിനെ ആശ്ലേഷിച്ചാണ് തന്റെ അനുമോദനം അറിയിച്ചത്.
ദേശസ്നേഹത്തിലൂന്നിയ പ്രൊഫഷണലിസത്തില്‍ വിശ്വസിച്ച വ്യക്തിയായിരുന്നു ഡോ.വര്‍ഗീസ് കുര്യന്. പ്രൊഫഷണലിസത്തില്‍ കൈകടത്താനെത്തുന്ന രാഷ്ട്രീയക്കാരെ അദ്ദേഹം ചെറുത്തു. ഒരിക്കല്‍ തനിക്കൊരു ഡയറിഫാം ഉണ്ടാക്കിത്തരണമെന്നാവശ്യപ്പെട്ട കേന്ദ്രമന്ത്രിയോട് വെട്ടിത്തുറന്നാണ് കുര്യന് ‘നോ’ പറഞ്ഞത്. അച്ചടക്കത്തിനും കാര്യക്ഷമതയ്ക്കും അദ്ദേഹം എന്നെന്നും മുന്‍തൂക്കം കല്പ്പിച്ചു. അതുകൊണ്ടാവണം കേരള സംസ്ഥാനത്തിന്റെ ക്ഷണം അദ്ദേഹം പലവട്ടം നിരസിച്ചത്. മലയാളിയായ കുര്യന് കേരളത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പരാതിപ്പെട്ട മലയാളി മന്ത്രിയോട് കുര്യന് ഇങ്ങനെ പറഞ്ഞത്രെ.
“മാഡം, ഗുജറാത്തില്‍ എരുമകള്‍ പോലും ഞാന്‍ പറഞ്ഞാല്‍ അനുസരിക്കും” ‘ഓപ്പറേഷന് ഫ്ലഡ്’ പദ്ധതി നടപ്പാക്കി വന്നകാലത്തും വിവിധ രാഷ്ട്രീയ കേന്ദ്രങ്ങള്‍ കുര്യനെതിരെ ആരോപണത്തിന്റെ കൂരമ്പുകള്‍ പ്രയോഗിച്ചു. അന്ന് തന്റെ പ്രവര്ത്തനപ്പറ്റി നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടാവശ്യപ്പെട്ടത് ഡോ. കുര്യന് തന്നെ. അന്വേഷണം കുര്യന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും തുറന്നു കാട്ടി. ആനന്ദിനെതിരെ നിലകൊണ്ട കൃഷി മന്ത്രി റാവു ബിരേന്ദ്രസിംഗിന് കൃഷി മന്ത്രാലയം കൈമോശം വന്നു. കുര്യന് ഗുജറാത്ത് കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി കൂടി ലഭിക്കുകയും ചെയ്തു.
തികഞ്ഞ രാജ്യസ്നേഹിയായിരുന്ന വര്‍ഗീസ് കുര്യന് ആഗോളവത്കരണത്തെയും ലിബറലിസത്തേയും എതിര്‍ത്തു. അവ വിദേശരാജ്യങ്ങളെ നമ്മുടെ വിപണി കയ്യടക്കാന്‍ സഹായിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭയം. അത്തരം രാജ്യങ്ങള്‍ എല്ലാം അവരുടെ കയറ്റുമതി വസ്തുക്കള്‍ക്ക് സബ്സിഡി നല്‍കുന്നുണ്ടെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. ചില സാധനങ്ങള്‍ക്ക് 65 ശതമാനം വരെ കയറ്റുമതി സബ്സിഡി നല്കുന്നു. നാം ആഗോളവത്ക്കരണം നടത്തുമ്പോള്‍ കനത്ത സബ്സിഡിയോടെ വരുന്ന വിദേശവസ്തുക്കളോട് നമ്മുടെ വ്യവസായത്തിന് എങ്ങനെ പിടിച്ച് നില്ക്കാനാകും? “അണ്‍ഫെയര്‍ ആയ മത്സരമാണിത്”, ഒരു അഭിമുഖത്തില്‍ ഡോ.കുര്യന് തുറന്നടിച്ചു.
കമ്പോളം തുറന്നു കൊടുത്തിട്ടും അമൂലിനെ തകര്‍ക്കാന്‍ എതിരാളികള്‍ക്കായില്ല. ബോക്സിങ്ങ് ചാമ്പ്യന്‍ കൂടിയായ വര്‍ഗീസ് കുര്യന് എതിരാളികളുടെ തന്ത്രങ്ങളെ ഇടിച്ചുനിലം പരിശാക്കി. ക്ഷീരകര്‍ഷകരായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും ദൗര്‍ബല്യവും. പക്ഷെ അദ്ദേഹം ഉപഭോക്താക്കളെ മറന്നില്ല. ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരവും ന്യായമായ വിലയും ഉണ്ടാവണമെന്നതായിരുന്നു കുര്യന്റെ നയം. പാലിനും വെണ്ണയ്ക്കും കടുത്ത ക്ഷാമമുണ്ടായപ്പോള്‍ പോലും അമൂലിന് വില കൂട്ടരുതെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നത്രെ.
“കര്‍ഷകര്‍ എന്നെ ജോലിക്ക് നിയമിച്ചിരിക്കുന്നത് അവരുടെ ഉല്‍പ്പന്നങ്ങളുടെ വിലയിടിക്കാനല്ലാ ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍ തന്നെയാണ്. ഞാനത് ചെയ്യും. പക്ഷെ അത് അവര്‍ക്കൊരിക്കലും വെറുപ്പും ബുദ്ധിമുട്ടും ഉണ്ടാവുന്ന രീതിയിലായിരിക്കില്ല. എനിക്ക് ഉപഭോക്താവിനെ കറന്നെടുത്തേ മതിയാവൂ. ഞാനത് ചെയ്യും. പക്ഷെ വളരെ സൗമനസ്യത്തോടുകൂടി മാത്രം” ഒരിക്കല്‍ പകുതി തമാശയായി അദ്ദേഹം പറഞ്ഞു.
തികഞ്ഞ ദേശീയ വാദിയായിരുന്നു ഡോ.കുര്യന്. ഒരുതരത്തിലുള്ള വംശീയ വിവേചനവും സഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ ന്യൂസിലാന്റില്‍ നടന്ന അന്തര്‍ദ്ദേശീയ ഡയറി ഫെഡറേഷന് കോണ്‍ഗ്രസില്‍ ഡോ.വര്‍ഗീസ് കുര്യനായിരുന്നു ഭാരത പ്രതിനിധി സംഘത്തിന്റെ തലവന്‍. അവിടെ കറുത്ത തൊലിയുള്ള എല്ലാ വിദേശീയരും നിര്‍ബന്ധപൂര്‍വം ഒരു ഫോറം (ഫോം-എ) പൂരിപ്പിച്ച് നല്കേണ്ടിയിരുന്നു. ആ രാജ്യത്ത് പ്രവേശിക്കാന്‍ അത് നിര്‍ബന്ധം. പക്ഷെ വെള്ളക്കാരെ അതില്നിന്നൊഴിവാക്കിയിരുന്നു. അതിനെ എതിര്‍ത്തു. കുര്യന് ഒപ്പിടാന്‍ തയ്യാറായില്ല. പ്രതിഷേധ സൂചകമായി സമ്മേളനത്തില്‍ പങ്കെടുക്കാതെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. വിവരം വാര്‍ത്തയായി. ന്യൂസിലാന്റ് പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടു. ഇന്ത്യയിലെ ന്യൂസിലാന്റ് അംബാസഡര്‍ കുര്യനെ നേരിട്ട് കണ്ട് ക്ഷമ പറഞ്ഞു. ആദ്യ എവറസ്റ്റ് ജേതാവായ എഡ്മണ്ട് ഹിലാരി ആയിരുന്നു ആ അംബാസഡര്‍.
ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്, നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് (ഇര്‍മ) തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ വര്‍ഗീസ് കുര്യന്റെ ബുദ്ധിയില്‍ വിരിഞ്ഞു. നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡിന്റെ തലപ്പത്ത് 33 വര്‍ഷമാണ് അദ്ദേഹം സാരഥിയായിരുന്നത്. ഒരു നയാ പൈസപോലും മൂലധനമില്ലാതെ ആരംഭിച്ച ഡയറി ബോര്‍ഡിന് കുര്യന് സ്ഥാനമൊഴിയുമ്പോഴുണ്ടായിരുന്ന ആസ്തി 3000 കോടി രൂപ. ആനന്ദ് അടക്കമുള്ള മിക്ക കുര്യന് മാതൃകകളും പല വിദേശ രാജ്യങ്ങളും അനുകരിച്ചു വിജയിച്ചുവെന്നത് മറ്റൊരു സത്യം.
അവിയലും സാമ്പാറും കൂട്ടുകറിയും കാളനും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ വലിയ കാരണവരുടെ വിടവ് ഏറെ വേദനാജനകമാണ്. ഭാരതത്തിലെ കാര്‍ഷിക പുരോഗതിയില്‍ ഒരു യുഗത്തിന്റെ അന്ത്യമാണ് ഈ പാല്‍നിലാവ് പടിയിറങ്ങുമ്പോള്‍ സംഭവിക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ മനീഷയില്‍ ഉദയംകൊണ്ട ആനന്ദിലെ പാല്ക്കടലിന്റെ ഇരമ്പം ഒരിക്കലും അവസാനിക്കില്ല. അതുതന്നെയാവട്ടെ ഡോ.വര്‍ഗീസ് കുര്യന്റെ സ്മാരകവും.
ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: