തൃപ്പൂണിത്തുറ: റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ പി.രാജീവ് എംപിക്ക് ഉറപ്പുനല്‍കി. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ എത്തിയ രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഉള്ള ഉന്നത ഉദ്യോഗസ്ഥ സംഘം രാജീവ് എംപിയുമായി റെയില്‍വേ സ്റ്റേഷനിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. സ്റ്റേഷനിലേക്കുള്ള റോഡിന്റെ പണി പൂര്‍ത്തീകരിക്കുന്നതിനും പള്ളിപ്പറമ്പ് കാവ് ഭാഗത്തേക്ക് സ്റ്റേഷനില്‍ നിന്നും ഉള്ള റോഡ് ടാര്‍ ചെയ്യുന്നതിന് മുനിസിപ്പാലിറ്റിക്ക് അനുമതി നല്‍കുന്നതിനും തീരുമാനിച്ചു. ഇതിനായി മുനിസിപ്പല്‍ ചെയര്‍മാനെ എംപി ഫോണില്‍ ബന്ധപ്പെട്ട് റെയില്‍വേയുടെ അനുമതി അറിയിച്ചു.
ടിക്കറ്റ് വിതരണത്തിന് സ്റ്റേഷനില്‍ ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സ്വകാര്യ സംരംഭകരുടെ സേവനം ഉപയോഗിക്കും. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ ടീ സ്റ്റാളും എസ്ടിഡി ബൂത്തും ഏര്‍പ്പെടുത്തും. മുടങ്ങിക്കിടക്കുന്ന പ്ലാറ്റ്ഫോം മേല്‍ക്കൂരയുടെ പണി പൂര്‍ത്തീകരിക്കും. സ്റ്റേഷന്റെ കിഴക്കുഭാഗത്ത് യാത്രാസൗകര്യം ഇല്ലാത്ത 15 കുടുംബങ്ങള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഡിവിഷണല്‍ മാനേജര്‍ ഉറപ്പുനല്‍കി. റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപമുള്ള കല്‍വെര്‍ട്ട് വീതി കൂട്ടി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: