പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായിരുന്നു മുസോളിനി. പിന്നെയാണ് ഏകാധിപതിയാകുന്നത്. “വോട്ടുകളെക്കാള്‍ എനിക്കു പ്രിയം തോക്കുകളാ”ണെന്നു പറഞ്ഞത് മുസോളിനിയാണ്, ഇറ്റലിയെ സുശക്തമായ രാഷ്ട്രമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഫാസിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ഇരുപത്തിയൊന്നു വര്‍ഷത്തെ മുസോളിനിയുടെ ഭരണം ഇറ്റാലിയന്‍ ജനതയ്ക്ക് ദുരന്തവും ദുഃഖവും മാത്രമാണുണ്ടാക്കിയത്. കൂച്ചു വിലങ്ങിട്ടും കൊന്നും കുഴിച്ചു മൂടിയും ഭരണം നടത്തിയ മുസോളിനിക്ക് ഒടുവില്‍ കിട്ടിയത് ജോലിക്കൊത്ത കൂലി തന്നെയാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് രണ്ടു വര്‍ഷം മുമ്പ് ഏപ്രില്‍ 27ന് മുസോളിനിയും കാമുകിയും നിഷ്ഠൂരമായി വധിക്കപ്പെടുകയായിരുന്നു.
മുസോളിനിയുടെ നാട്ടില്‍ നിന്നും കുടുംബ ബന്ധത്തില്‍ നിന്നും വന്നൊരാളാണ് ഇന്ത്യന്‍ ഭരണത്തെ ഇന്ന് നിയന്ത്രിക്കുന്നത്. ചിന്ത മുസോളിനിയുടെതിന് തുല്യം. “വോട്ടുകളെക്കാള്‍ പ്രിയം നോട്ടു”കളാണെന്ന ഭാവത്തിലാണ് യുപിഎ ഭരണം മുന്നോട്ടു പോകുന്നത്. കട്ടു മുടിച്ചതിന്റെ കണക്കു കൂമ്പാരങ്ങളാണ് ഭരണക്കാരുടെ കോളത്തിലുള്ളത്. തുറങ്കിലിട്ടും തൂക്കുകയര്‍ നല്‍കിയുമാണ് മുസോളിനി ജനങ്ങളെ പീഡിപ്പിച്ചത്. ഇന്ത്യന്‍ ഭരണകൂടമാകട്ടെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്നു. ഇതിനുപയോഗിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് ഇന്ധന വില. ജനങ്ങളിലും ജനാധിപത്യത്തിലും തരിമ്പെങ്കിലും താത്പര്യമുണ്ടെങ്കില്‍ നാള്‍ക്കുനാള്‍ ഇന്ധനവില കൂട്ടി വോട്ടര്‍മാരെ നോക്കി പല്ലിളിക്കാന്‍ സാധിക്കുമോ ? മൂന്നു വര്‍ഷത്തിനിടയില്‍ 14 തവണ. ജനങ്ങള്‍ക്കെന്തെങ്കിലും നല്കിയിട്ടാണോ ഈ വേതാള നൃത്തം ? വോട്ടുവേണമെന്ന ചിന്തയുണ്ടെങ്കില്‍ ജനങ്ങളെ ഇങ്ങനെ വേട്ടയാടുമോ?
കേരളത്തെ ഉണര്‍ത്താന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നിരാശപ്പെടുത്തിയെന്ന വിലാപമായിരുന്നല്ലോ. ആ നിരാശ പ്രധാനമന്ത്രി മാറ്റിയത് കേവലം നാലഞ്ചു മണിക്കൂര്‍ കൊണ്ട്. ദല്‍ഹിയില്‍ ചെല്ലേണ്ട താമസം മാത്രം. മന്മോഹന് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യമന്ത്രിസഭാ സമിതി ഡീസല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടി ജനങ്ങളുടെ പരാതിക്ക് പരിഹാരം കണ്ടു. അതോടൊപ്പം തന്നെ പാചകവാതക സിലിണ്ടറിന്റെ എണ്ണം കുറയ്ക്കുകയും ചെയ്തിരിക്കുന്നു. ക്ഷിപ്രപസാദിയാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന് അഭിമാനിക്കുക തന്നെ.
അണ്ടര്‍ റിക്കവറിയെന്ന പേരില്‍ എണ്ണക്കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് ഡീസല്‍ വില കുത്തനെ കൂട്ടിയത്. എന്നാല്‍, 2010-11 സാമ്പത്തികവര്‍ഷം കോടികളുടെ ലാഭമാണ് എണ്ണകമ്പനികള്‍ ബാലന്‍സ് ഷീറ്റില്‍ കാണിച്ചിട്ടുള്ളത്. ആയിരക്കണക്കിന് കോടി രൂപയാണ് അവരുടെ ലാഭം. എന്നിട്ടും അവര്‍ എഴുന്നെള്ളിക്കുന്ന നഷ്ടക്കണക്കില്‍ യുപിഎ സര്‍ക്കാരിന് പരിപൂര്‍ണ വിശ്വാസമാണ്. ഡീസല്‍ അഞ്ചുരൂപ വര്‍ധിച്ചതോടെ ദല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 46.32 രൂപ എന്ന നിരക്കിലെത്തി. മുംബൈയില്‍ വില 51.25 രൂപയായിരിക്കും. കൊല്‍ക്കത്തയില്‍ 49.76 രൂപയും ചെന്നൈയില്‍ 48.91 രൂപയുമായി വില വര്‍ധിച്ചു. നികുതിനിരക്കുകള്‍ കൂടി ചേരുമ്പോള്‍ നിരക്ക് പിന്നെയും ഉയരും. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു. അധികസിലിണ്ടറിന് ആയിരംരൂപയോളം നല്‍കേണ്ടിവരും.
മണ്ണെണ്ണ വില വര്‍ധിപ്പിച്ചിട്ടില്ല. വിവിധ ബ്രാന്റുകളില്‍ ഇറങ്ങുന്ന മുന്തിയ ഇനം ഡീസലിന് സബ്സിഡിയുണ്ടാകില്ല. ഇതിനുപിന്നാലെ, എണ്ണക്കമ്പനികള്‍ ഉടന്‍ പെട്രോള്‍വില അഞ്ചുരൂപയോളം കൂട്ടുമെന്ന് സൂചനയുണ്ട്. മന്മോഹന് സര്‍ക്കാര്‍ 2011 ജൂലൈയില്‍ ഡീസല്‍ വില കൂട്ടിയിരുന്നു. ഇപ്പോള്‍ ഡീസലിന് നാലുരൂപ കൂട്ടാനും പാചകവാതക വില സിലിണ്ടറിന് നൂറുരൂപ കൂട്ടാനും ധനമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പാചകവാതകത്തിന്റെ വിലകൂട്ടല്‍ ഒഴിവാക്കി, പകരം സബ്സിഡി സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുകയായിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് കടുത്ത ജനദ്രോഹതീരുമാനം ഉണ്ടായത്. വില കൂട്ടുന്നതിനൊപ്പംതന്നെ പെട്രോളിന് സമാനമായി ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയണമെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഈ നടപടി തത്കാലം മാറ്റിവച്ചു എന്നു മാത്രം.
ഫലത്തില്‍ പാചകവാതകത്തിന്റെ വിലയും കുത്തനെ വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അത് പ്രത്യക്ഷത്തില്‍ പറയുന്നില്ലെന്നു മാത്രം. ആറില്‍ കൂടുതലായെടുക്കുന്ന ഓരോ സിലിണ്ടറിനും ദല്‍ഹിയില്‍ 750-800 രൂപയാണ് വിലവരുന്നതെങ്കില്‍ കേരളത്തില്‍ ഇതിന് 1000 രൂപവരെ നല്‍കേണ്ടിവരും. കേരളത്തില്‍ ഒരു ശരാശരി കുടുംബം വര്‍ഷം 10 മുതല്‍ 12 വരെ സിലിണ്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ ഒരു സിലിണ്ടറിന് നല്‍കുന്നത് 427.50 രൂപയാണ്. ഇതാണ് 1000 രൂപവരെയായി ഉയരുന്നത്. അങ്ങനെ വരുമ്പോള്‍ അധികമായി വാങ്ങുന്ന നാലുമുതല്‍ ആറുവരെയുള്ള സിലിണ്ടറിന് ഓരോന്നിനും 550 രൂപ വരെ അധികം നല്‍കേണ്ടിവരും. നേരത്തെ സിലിണ്ടര്‍ ഒന്നിന് 100 രൂപ വര്‍ധിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇങ്ങനെ വില വര്‍ധിപ്പിച്ചാല്‍പ്പോലും 12 സിലിണ്ടര്‍ ഒരു വര്‍ഷം വാങ്ങുന്ന കുടുംബത്തിന് 1200 രൂപയേ അധികം നല്‍കേണ്ടിവരുമായിരുന്നുള്ളൂ. എന്നാല്‍, സാങ്കേതികമായി വില വര്‍ധിപ്പിക്കാതെ സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടെ ഒരു ശരാശരി കുടുംബം ഒരു വര്‍ഷം അധികമായി വാങ്ങുന്ന ആറ് സിലിണ്ടറുകള്‍ക്ക് 3300 രൂപവരെ അധികം നല്‍കേണ്ടിവരും. വില വര്‍ധിപ്പിക്കുന്നു എന്നു നേരിട്ടുപറയാതെ പാചകവാതക സിലിണ്ടറിന് മൂന്നിരട്ടിയോളം വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനാണ് ഇരുട്ടടി എന്നു പറയുന്നത്. ഇത് തോറ്റ പണിയാണ്. ധീരന്മാര് നേര്‍ക്ക് നേരെയാണ് വരേണ്ടത്. പഠിച്ചതല്ലേ പാടാന്‍ പറ്റൂ. പിന്‍വാതില്‍ വഴിയാണല്ലോ മന്മോഹന് പ്രധാനമന്ത്രിക്കസേരയിലെത്തിയത്.
ചക്കിക്കൊത്ത ചങ്കരന് എന്ന പോലെ മന്‍മോഹന്‍സിംഗിനൊത്ത സാമ്പത്തിക വിദഗ്ധനുണ്ട്. മൊണ്ടേസിംഗ് ആലുവാലിയ. പ്ലാനിംഗ് കമ്മീഷന് ഉപാധ്യക്ഷന്‍. അയാളുടെ ധൈര്യമാണ് അപാരം. പുള്ളിക്കാരന് കേരളത്തില്‍ വന്നാണ് ഇവിടെ നെല്പാടം എന്തിനാ ? നെല്‍കൃഷി എന്തിനാ നടത്തുന്നേ ? എന്നൊക്കെ ചോദിച്ചത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ ഒരു ഭക്ഷ്യമന്ത്രിയുണ്ടായിരുന്നല്ലോ, ഇതു പോലെ. മലയാളിയുടെ ആഹാരരീതി മാറ്റണമെന്നായിരുന്നു പുള്ളിക്കാരന്റെ നിര്‍ദേശം. എന്തിനാ അരിയാഹാരത്തിനു തന്നെ നിര്‍ബന്ധം പിടിക്കുന്നത് ? ഒരു കോഴിയും രണ്ടു മുട്ടയും ഒരു ഗ്ലാസ് പാലും കഴിച്ചാല്‍ പോരെ എന്നു ചോദിച്ചത് ഏറെ ഇഷ്ടപ്പെട്ടത് മൊണ്ടേക്സിംഗിനാണെന്ന് അദ്ദേഹത്തിന്റെ വാചകമടിയില്‍ വ്യക്തമാണ്. നെല്‍കൃഷിയും വേണ്ട സബ്സിഡിയും നല്‍കേണ്ട. ഐടിയും ടൂറിസവും മതി മലയാളിക്കെന്നാണ് ആലുവാലിയയുടെ അഭിപ്രായം. അരിയാഹാരത്തിന്റെ പ്രത്യേകത ആലുവാലിയയെ പോലെ സി.ദിവാകരനും തിരിച്ചറിഞ്ഞില്ലെന്നുണ്ടോ? അരിയാഹാരം പ്രധാനമാണെന്ന് അച്യുതാനന്ദന്റെയും പിണറായിയുടെയും അടുത്തിടെ നടന്ന വാദപ്രതിവാദങ്ങളില്‍ നിന്നു തന്നെ വ്യക്തമാണല്ലോ. “അരിയില്‍ എന്താണുള്ളതെന്നല്ല, അരിയില്‍ നിന്ന് നഷ്ടപ്പെടുന്നത് എന്താണ് എന്നതാണ് യഥാര്‍ഥ പ്രശ്നമെന്ന്” പറഞ്ഞത് വൈറ്റമിന്‍ അഥവാ ജീവകം കണ്ടെത്തിയ പോളണ്ടുകാരന് കാസ്നിര്‍ ഫംഗ് ആണ്. തവിടു കളയാത്ത അരി ഭക്ഷണം അത്യുത്തമം എന്നാണദ്ദേഹം കണ്ടു പിടിച്ചത്. 1912ലാണ് ഇതു സംബന്ധിച്ച് ഫംഗിന്റെ പ്രബന്ധം വെളിച്ചം കണ്ടത്. അതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ അരിയാഹാരം മുഖ്യഭക്ഷണമാക്കിയ മലയാളികളെ അരിയുടെ പേരില്‍ പരിഹസിക്കാന്‍ ആരു മുതിര്‍ന്നാലും അവര്‍ക്ക് മാപ്പു കൊടുക്കാനാകുമോ ?
പാവപ്പെട്ടവന് എന്തിന് സബ്സിഡി എന്നാരായുന്ന ആലുവാലിയയുടെ ഓഫീസില്‍ അടുത്തിടെയാണ് 35 ലക്ഷം രൂപ ചെലവിട്ട് കക്കൂസ് മോടി കൂട്ടിയത്. ജനങ്ങളെ പിഴിഞ്ഞു കിട്ടുന്ന കാശു കൊണ്ടാണ് ഈ ധൂര്‍ത്ത്. ഇതിനൊക്കെ ധൈര്യം കിട്ടുന്നത് എന്തു കൊണ്ടാണ് ? എന്തു തെണ്ടിത്തരം കാട്ടിക്കൂട്ടിയാലും കൈത്താങ്ങിന് ആളെ കിട്ടുമെന്ന ധിക്കാരം. വില കൂട്ടിയതിനെതിരെ വാചാലമാകുന്നവരില്‍ പലരും സര്‍ക്കാരിന്റെ ചുമടു താങ്ങികളായി പലപ്പോഴും നിന്നു കൊടുത്തവരാണ്. ഇനിയും ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പൊന്നുമില്ല. പ്രതിസന്ധി വരുമ്പോഴൊക്കെ സര്‍ക്കാരിന്റെ വാലായി മാറുന്നവരാണ് ഇക്കൂട്ടര്‍. യുപിഎ എന്ന ഭസ്മാസുരന് വരം നല്കിയ ജനങ്ങളെ തന്നെ ഭസ്മമാക്കുന്ന തിരക്കിലാണവര്‍. കിട്ടേണ്ടതു കിട്ടിയാല്‍ കിടന്നുറങ്ങാം എന്നു പറയുന്നതു പോലെ യുപിഎ സര്‍ക്കാരിന് നല്‍കേണ്ടത് നല്‍കാനുള്ള സമയമായി.
കെ കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: