ല്‍തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പട്ടികജാതിക്കാരായ താത്കാലിക നഴ്സുമാരെ ചട്ടവിരുദ്ധമായി പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി നഴ്സുമാരുടെ പരാതി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സംവരണാടിസ്ഥാനത്തില്‍ പഠിച്ച നഴ്സിങ് വിദ്യാര്‍ഥികളെ താത്കാലികമായി നിയമിച്ചിരുന്നു. ആദ്യം അഞ്ചു വര്‍ഷത്തെ നിയമനം നടന്നിരുന്നത് ഇപ്പോള്‍ രണ്ടു വര്‍ഷമായി ചുരുക്കി. ഇവരുടെ കാലാവധി തീരുന്നതിനു മുമ്പ് പിരിച്ചുവിട്ട് പകരം ബിഎസ്സി നഴ്സിങ് കഴിഞ്ഞ വിദ്യാര്‍ഥികളെ താത്കാലികമായി നിയമിക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നതായി നഴ്സുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നൂറ്റി അറുപതോളം നഴ്സുമാരാണ് ഇത്തരത്തില്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. ആരോഗ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി കൊടുത്തിരുന്നു. ഇപ്പോള്‍ നിയമിച്ചിട്ടുള്ളവരുടെ കാലാവധി തീരുന്നതു വരെ തുടരാമെന്ന് മന്ത്രി ഉറപ്പും നല്‍കിയതായി അവര്‍ പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ ഉത്തരവു ലംഘിച്ചാണ് പിരിച്ചുവിടല്‍ നടപടികള്‍ നടക്കുന്നതെന്ന് നഴ്സുമാര്‍ ആരോപിച്ചു. ബിഎസ്സി നഴ്സുമാര്‍ക്ക് മറ്റൊരു തസ്തിക സൃഷ്ടിച്ച് നിയമിച്ചാല്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടില്ല. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ നഴ്സുമാരായ എം.ശരവണന്, സ്മിത പി. ശിവന്, എം.മാലതി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: