ഒരു ദിവസം മരണം വിഴുങ്ങാന്‍ പോവുന്നുണ്ടെന്നകഥ ഒരിക്കലും മറക്കരുത്. മരണത്തേയും മരണാനന്തരഗതിയേയും ഉപാസിച്ച് അതിലുള്ള ഭയപരിഭ്രമങ്ങളെ അകറ്റണം. ഒരു ദിവസം നിങ്ങളതിനെ കണ്ടുമുട്ടേണ്ടി വരും.
മുന്‍കൂട്ടി യാതൊരു പരിചയവുമില്ലാതെ അപ്രതീക്ഷിതമായി പെട്ടെന്ന് നിങ്ങള്‍ മരണത്തെ കണ്ടുമുട്ടുമ്പോള്‍ ഭയപ്പെടുകയും പരിഭ്രമിക്കുകയും ചെയ്താല്‍ അത്ഭുതമില്ല. അങ്ങനെ സംഭവിക്കുന്നതു സ്വാഭാവികമാണ്. എന്നാല്‍ മുന്‍കൂട്ടി ഭാവനയിലൂടെ പരിചയപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ എപ്പോള്‍ക്കണ്ടാലും നിങ്ങള്‍ക്ക് ഭയപരിഭ്രമങ്ങള്ക്കവകാശമില്ല. അങ്ങനെതന്നെ ലോകത്തിലെ ഒരു വസ്തുവിനോടും ബന്ധപ്പെടാതിരിക്കുന്നതും മരണത്ത ഇഷ്ടപ്പെടുന്നതും ഭയപ്പെടാതിരിക്കുന്നതും നല്ലതാണ്. ഒന്നിനോടും ബന്ധപ്പെടാതുള്ള വിരക്തജീവിതം നിങ്ങള്‍ക്ക് പരമാര്‍ത്ഥമായ സുഖത്തേയും തരും. ആത്മാവിന്റെ പരമാര്ത്ഥാനുഭൂതിയില് നിങ്ങള്‍ എത്തിച്ചേരും.
ഈശ്വരവിശ്വാസത്തിന്നൊരിക്കലും കുറവില്ലാതിരിക്കട്ടെ. ഈശ്വരനെ പരമാര്‍ത്ഥമായി വിശ്വസിക്കാതിരിക്കുന്നതുതന്നെ പാപമാണ്.
ഭഗവല്തിരുനാമത്തില് വിശ്വാസമുണ്ടാവണം. തിരുനാമം വാസ്തവത്തില്‍ ഭഗവത്സ്വരൂപം തന്നെയാണെന്നും ഭഗവാന്റെ എല്ലാ ശക്തികളും അവിടുത്തെ തിരുനാമങ്ങളിലുണ്ടെന്നും അറിവുള്ളവര്‍ പറയുന്നു.അതിനാല്‍ നാമത്തെ ശരണം പ്രാപിക്കാന്‍ പരിചയിച്ചുകൊണ്ടിരിക്കണം.
ഭാര്യാപുത്രാദിസംസാരബന്ധങ്ങളെക്കൊണ്ട് ആര്‍ക്കും പരമാര്‍ത്ഥമായ കൃതാര്ത്ഥതയുണ്ടാവുന്നില്ല.അതൊക്കെ ഈ ലോകത്തിലും പരിമിതകാലത്തേക്കും മാത്രമുള്ള അനുഭവങ്ങളാണ്. അപ്പോഴും ദുഃഖസ്വരൂപങ്ങളുമാണ്. അങ്ങനെ എത്രയെത്ര കാലദേശങ്ങളില്‍ ഏതെല്ലാം യോനികളില്‍ ജനിച്ച് എന്തെല്ലാം അനുഭവിച്ചു ഈ ജീവന്. എന്നിട്ടിതുവരേയും കൃതാര്‍ത്ഥത കിട്ടിയിട്ടില്ലല്ലോ. അതിനാല്‍ അവയൊന്നും ഒരാളെ കൃതതൃത്യനാക്കുന്നില്ല. ആരെ പ്രാപിച്ചാല്‍ പരമാര്‍ത്ഥത്തില്‍ ജീവന് മേറ്റ്ല്ലാം മറന്ന് സ്വയം കൃതകൃത്യനായിത്തീരുന്നുവോ ആ പരമാത്മാവ് മാത്രമാണ് എല്ലാ സുഖങ്ങള്‍ക്കും ആസ്പദം. ഈശ്വരനെ പ്രാപിക്കുമ്പോള്‍ ജീവന് സുഖിയുമായി.
ഏതെല്ലാം രൂപത്തിലുള്ളതായാലും പ്രപഞ്ചജീവിതം ദുഃഖസ്വരൂപമാണ്. ലോകത്തില്‍ എന്തൊക്കെ അനുഭവിച്ചാലും ദുഃഖമാണ് അവസാനം ശേഷിക്കുന്നത്. എന്നാല്‍ ജഗത്തിലെ ദുഃഖങ്ങളും ക്ലേശങ്ങളും ഒരാളെ നല്ലവനാക്കും. സ്വര്‍ണം അഗ്നിയില്‍ തപിച്ചാല്‍ കറനീങ്ങി ശുദ്ധമായി പ്രകാശിക്കും. അതുപോലെ ദുഃഖാഗ്നിയില്‍ തപിക്കുന്ന മനുഷ്യനും കാലം കൊണ്ട് അശുദ്ധിനീങ്ങി പ്രകാശിക്കും.
സ്വാമി ജ്ഞാനാന്ദസരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: