കടുത്തുരുത്തി: വൈദ്യുതി കണക്ഷന് കിട്ടണമെങ്കില്‍ വൈദ്യുതി വകുപ്പിനു മുന്‍കൂറായി പണം അടയ്ക്കണമെന്ന നിര്‍ദേശം പുഞ്ചകൃഷി പ്രതിസന്ധിയിലാക്കുന്നു. പാടശേഖരത്തെ വെള്ളം വറ്റിക്കുന്നതിനു കണക്ഷന് കിട്ടുന്നതിനുവേണ്ടി പാടശേഖര സമിതികള്‍ വൈദ്യുതി വകുപ്പിനെ സമീപിച്ചപ്പോഴാണു പണം അടയ്ക്കാന്‍ നിര്‍ദേശിച്ചത്. കൃഷി കഴിഞ്ഞു പണം അടയ്ക്കുകയാണ് വര്‍ഷങ്ങളായുള്ള പതിവ്. ഇത്തവണ പതിവിനു വിപരീതമായി വൈദ്യുതി വകുപ്പ് നിലപാട് എടുത്തതോടെ ആയിരക്കണക്കിന് ഏക്കറിലെ നെല്‍കൃഷിയാണ് അവതാളത്തിലായിരിക്കുന്നത്. പാടശേഖരത്തെ വെള്ളം വറ്റിക്കുന്നതിനു കരാര്‍ ഏറ്റെടുത്തിരിക്കുന്ന ആള് പണം അടച്ചാലേ വൈദ്യുതി കണക്ഷന് കിട്ടുകയുള്ളൂ.
മുന്‍കൂര്‍ ഇത്രയും ഭീമമായ പണം അടച്ചു വൈദ്യുതി കണക്ഷന് എടുക്കാന്‍ കരാറുകാരന് തയാറാകാത്ത സാഹചര്യത്തില്‍ പാടത്തെ വെള്ളം വറ്റിച്ചു നെല്‍ കൃഷി ഇറക്കാന്‍ കഴിയാതെ വരുന്ന സ്ഥിതിയാണ്. കല്ലറ, നീണ്ടൂര്‍, മാഞ്ഞൂര്‍, കടുത്തുരുത്തി, വടയാര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ മിക്ക പാടശേഖരങ്ങളും പുഞ്ചകൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ്. വൈദ്യുതി കണക്ഷന് കിട്ടിയാലേ പാടശേഖരത്തു മോട്ടോര്‍ സ്ഥാപിച്ചു വെള്ളം വറ്റിക്കാന്‍ കഴിയൂ. കുടിശിക വരുത്തിയതിന്റെ പേരില്‍ കഴിഞ്ഞ പുഞ്ചകൃഷി സീസണില്‍ ചില പാടശേഖരങ്ങളുടെയും വൈദ്യുതി കണക്ഷന് വൈദ്യുതി വകുപ്പ് വിച്ഛേദിച്ചിരുന്നു. വൈദ്യുതി കുടിശിക ഇനത്തില്‍ പാടശേഖരങ്ങള്‍ വൈദ്യുതി വകുപ്പിനു പണം നല്‍കാനില്ലെന്നാണ് പാടശേഖര സമിതികള്‍ പറയുന്നത്. കഴിഞ്ഞ കൃഷിക്ക് പാടശേഖരത്തിലെ വെള്ളം വറ്റിക്കാന്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച വകയിലുള്ള വൈദ്യുതി കുടിശ്ശിക നല്‍കിയില്ലെങ്കില്‍ ഇത്തവണ കണക്ഷന് നല്‍കാനാവില്ലെന്നാണ് കെഎസ്ഇബി അധികൃതരുടെ നിലപാട്.
മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച വകയില്‍ കെഎസ്ഇബിക്ക് നല്കാന് 1.60 കോടി രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചത്. ഇത് വിവിധ കെഎസ്ഇബി ഓഫീസുകള്‍ക്ക് കൃഷി വകുപ്പ് നല്കി കഴിഞ്ഞു. ഇനിയും 50 ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്. ഈ തുക നല്‍കണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
പല ബ്ലോക്കുകളില്‍നിന്നും വൈദ്യുതി ബില്‍ കൃഷി വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. അതിനാല്‍ കുടിശ്ശിക തുക ഇനിയും കൂടാനാണ് സാധ്യത. കൈപ്പുഴ, കല്ലറ, ഓണംതുരുത്ത്, വടയാര്‍, കടുത്തുരുത്തി, മുട്ടുചിറ, മാഞ്ഞൂര്‍, കോതനല്ലൂര്‍ എന്നീ വില്ലേജുകളില്‍പ്പെട്ട പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാനുള്ള നടപടി പുഞ്ച സ്പെഷ്യല്‍ ഓഫീസ് ആരംഭിച്ചുകഴിഞ്ഞു. വെള്ളം വറ്റിക്കുക, വരമ്പ് കുത്തുക, മോട്ടോര്‍ തറ നന്നാക്കുക, വാച്ചാല് വെട്ടുക എന്നീ ജോലികള്‍ ലേലം വഴി നല്‍കാനാണ് നടപടി തുടങ്ങിയിരിക്കുന്നത്. 19 വരെയാണ് വിവിധ വില്ലേജുകളിലെ ലേലം നടക്കുന്നത്. ഇതിനുശേഷം മോട്ടോര്‍ സ്ഥാപിക്കാന്‍ പുഞ്ച സ്പെഷ്യല്‍ ഓഫീസര്‍ കണക്ടിവിറ്റി സര്‍ട്ടിഫിക്കറ്റ് കെഎസ്ഇബിക്ക് നല്‍കണം. ഇതിനു ശേഷമാണ് വൈദ്യുതി കണക്ഷന് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: