നിങ്ങളുടെ സഹായങ്ങളെ അനുഭവിച്ചവര്‍ ഒരു പക്ഷേ കൃതജ്ഞത കാണിക്കാതിരിക്കുകയോ നിങ്ങളെ വെറുക്കുകയോ ചെയ്താല്‍പോലും നിങ്ങള്‍ക്കവരോട് വെറുപ്പുണ്ടാവാനിടവരരുത്. നിങ്ങള്‍ ആര്‍ക്ക് എന്ത് സഹായം ചെയ്താലും ഉടനെതന്നെ അതിനെ മറക്കുന്നതാണ് നല്ലത്. മറക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ തന്റെ സഹായങ്ങളെ അനുഭവിച്ചവന് തന്നോടു കടപ്പെട്ടിരിക്കുന്നുവെന്നു സ്മരിക്കാതിരിക്കുകയെങ്കിലും ചെയ്യണം. എന്നാല്‍, തന്നെ മറ്റു വല്ലവരും സഹായിച്ചിട്ടുണ്ടെങ്കില്‍ ഒരിക്കലും അത് മറക്കുകയും ചെയ്യരുത്. എന്തൊക്കെ പ്രത്യുപകാരം അങ്ങോട്ടുചെയ്താലും പിന്നേയും താന്‍ മരണപര്യന്തം അയാള്‍ക്ക് കടപ്പെട്ടിരിക്കുന്നുവെന്നു കരുതുകയും വേണം. തന്റെ സഹായത്തെ സ്മരിക്കാതെ കൃതഘ്നത കാണിച്ചവന് വീണ്ടും മറ്റൊരിക്കല്‍ തന്റെ സഹായത്തിനഭ്യര്ത്ഥിക്കുന്നുവെങ്കില് സന്തോഷത്തോടുകൂടി അതു ചെയ്തുകൊടുക്കണം.
ഈശ്വരന്റെ സൃഷ്ടിവര്ഗത്തില് ഏതൊരു ജീവിക്കെങ്കിലും നിങ്ങള്‍ കാരണമായി അല്പമെങ്കിലും വേദനിക്കാനിടവന്നാല് നിങ്ങള്‍ നിഷ്കളങ്കമായും അപാരമായും പശ്ചാത്തപിക്കണം. ഒരിക്കലും അത് അവന്റെ ദുഷ്കര്മ്മഫലമാണെന്നു വിചാരിക്കുകയോ പറയുകയോ ചെയ്യരുത്. ആ ജീവിയോടും ജഗന്നിയന്താവായ പരമേശ്വരനോടും തന്റെ അവിവേകത്തിനു മാപ്പു ചോദിക്കണം; മേലില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടത്ര ശ്രദ്ധിക്കുകയും വേണം.
മറ്റുള്ളവര്‍ക്ക് വല്ല ഉപദ്രവും താന്‍ ഹേതുവായി സംഭവിക്കുന്നുവെങ്കില്‍ ഒരിക്കലും അതവരുടെ ദുഷ്കര്മ്മഫലമാണെന്നു വിചാരിക്കരുത്. ഓരോരുത്തരുടേതും ദുഷ്കര്മ്മഫലങ്ങളെ അനുഭവിപ്പിക്കാന്‍ ഈശ്വരന് നിങ്ങളെ ഉപകരമാക്കണമെന്നില്ല. അല്ലാതെതന്നെ ആ സര്വ്വശക്തന് അതാതാളുകള്‍ക്ക് അനുയോജ്യങ്ങളായ പാപഫലങ്ങളെ കൊടുക്കാന്‍ കഴിയും. അതിനാല്‍ നിങ്ങള്‍ മറ്റൊരാള്ക്കുപദ്രവകാരിയായിത്തീരുന്ന പക്ഷം അതു നിങ്ങള്‍ ചെയ്യുന്ന ഒരുപാപമാണെന്നും അതിന്റെ ചീത്തഫലം തീര്‍ച്ചയായും നിങ്ങളനുഭവിക്കേണ്ടിവരുമെന്നു കരുതുകയും വേണം.
മറ്റൊരാള്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ നിങ്ങള്‍ക്കെത്ര മാത്രം വ്യസനമുണ്ടാവും. അതുപോലെതന്നെയാണ് നിങ്ങള്‍ മറ്റുള്ളവരെ ചെയ്യുമ്പോള്‍ അവര്ക്കുമുണ്ടാവുന്നതെന്നു കരുതണം. അതിനാല്‍ ഒരു ജീവിയേയും മനസാ വാചാ കര്‍മ്മണാ ഉപദ്രവിക്കാന്‍ വിചാരിക്കപോലും ചെയ്യരുത്. ഭഗവാനേ എനിക്കൊരു ജീവിയേയും ഉപദ്രവിക്കാതെ ജീവിക്കാനുള്ള കഴിവു തരണേ. ഞാന്‍ ഹേതുവായിട്ടൊരു ജീവിയും വ്യസനിക്കാനിടവരരുതേ എന്നു പ്രാര്‍ത്ഥിക്കണം. എപ്പോഴും മറ്റുള്ളവര്‍ക്ക് നന്മയുണ്ടാവാന്‍ മാത്രമായിരിക്കണം നിങ്ങളുടെ പ്രയത്നം. എത്രമാത്രം നന്മചെയ്യാന് കഴിയുമോ,അത്രയും മറ്റുള്ളവര്‍ക്ക് ഈശ്വരബുദ്ധിയോടെ നന്മയെ ചെയ്യണം. വല്ല മഹാരോഗികളേയോ പാവങ്ങളായ പിച്ചക്കാരേയോ മറ്റോ കാണുമ്പോള്‍ അവന്റെ പൂര്വദുരിതംകൊണ്ടാണ് അവനിങ്ങനെയായതെന്നു കരുതി വെറുക്കരുത്.
സ്നേഹപൂര്‍വം നല്ലവാക്കുകളെപ്പറഞ്ഞു അവനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കണം. ഏതുപ്രകാരത്തില്‍ നിങ്ങള്‍ക്കവനെ സഹായിക്കാന്‍ കഴിയുമോ ആ രൂപത്തില്‍ സഹായിക്കുകയും ചെയ്യണം. അവന്റെ പാപകര്മ്മങ്ങളെക്കുറിച്ചു ചിന്തിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുത്. ഈശ്വരന്റെ സൃഷ്ടികളെ നിങ്ങള്‍ക്കു പഴിക്കാന്‍ അവകാശമില്ല. സ്നേഹിക്കാനും സേവിക്കാനും മാത്രമേ അവകാശമുള്ളൂ. ഒരാള്‍ക്കും ഒരു സഹായവും നിങ്ങള്‍ക്കു ചെയ്യാന്‍ കഴിവില്ലെങ്കില്‍ ആര്‍ക്കും ഒരു പ്രകാരത്തിലുള്ള ഉപദ്രവവും ചെയ്യാതിരിക്കുകയെങ്കിലും വേണം. അതുതന്നെ മഹത്തായൊരു സേവനമാണ്.
നിങ്ങള്‍ ഹേതുവായി മറ്റുവല്ലവരുടേയും മനസ്സു വേദനിക്കാനിടവന്നാല് അവനോട് വളരെ ദയ കാണിക്കണം. ഒരിക്കലും അഹങ്കരിക്കരുത്. അവന് നിസ്സാരനാണ്, ഞാന്‍ വലിയവനാണ് എന്ന ഭാവം ഒരിക്കലും കരുതരുത്. ഈശ്വരന് നിങ്ങളെ രണ്ടാളെയും കാണുന്നു. ഈശ്വരന്റെ ദൃഷ്ടയില് നിങ്ങള്‍ക്കു രണ്ടാള്‍ക്കും യാതൊരു ഭേദവുമില്ല. അതിനാല്‍ നിങ്ങള്‍ ഹേതുവായി ഒരു ജീവിയുടേയും മനസ്സ് അല്പമായിട്ടെങ്കിലും വേദനിക്കാനിടവരരുര്. അഥവാ വല്ല ജീവിക്കും അല്പമായിട്ടെങ്കിലും നിങ്ങള്‍ കാരണത്താല്‍ ക്ലേശമുണ്ടാവാനിടവന്നാല് നിങ്ങളുടെ മനസ്സ് കഠിനമായി തപിക്കണം. എങ്കിലേ നിങ്ങള്‍ക്ക് ജീവിതത്തില്‍ സംതൃപതിയും സമാധാനവും വിജയമുണ്ടാവാന്‍ പോവുന്നുള്ളൂ.
സ്വാമി ജ്ഞാനാനന്ദസരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: