മനുഷ്യന്റെ വളര്‍ച്ചയ്ക്ക് അനുഗുണമായ തരത്തില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുക എന്നത് ഭരണാധികാരികളെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. പക്ഷേ, അത്തരം സംവിധാനങ്ങള്‍ ആത്യന്തികമായി മനുഷ്യനെ സംരക്ഷിക്കുന്നതാവുമോ എന്ന ചോദ്യം പ്രസക്തമാണ്. അതിന് ഉത്തരം തേടുമ്പോള്‍ മാനവികതയ്ക്ക് തന്നെയാവണം മുന്‍തൂക്കം കൊടുക്കേണ്ടത്. കാരണം മനുഷ്യന് ഉണ്ടെങ്കിലേ ഏത് സംവിധാനത്തിനും പ്രസക്തിയുള്ളൂ. മാനവികതയ്ക്ക് സ്ഥാനമില്ലാത്ത ഒരു സംവിധാനം മനുഷ്യനെ സംബന്ധിച്ചിടത്തോളം അര്‍ഥശൂന്യമാണ്.
കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ നമ്മുടെ മുമ്പിലേക്ക് ഉയര്‍ന്നുവരികയാണ്. മനുഷ്യനെ ഉന്നതിയിലേക്ക് നയിക്കാന്‍ പര്യാപ്തമായ സംഗതികള്‍ അവശ്യമാണ് എന്നു ശഠിക്കുമ്പോള്‍ തന്നെ ഏതൊക്കെ മനുഷ്യര്‍ക്ക് എന്നൊരു ചോദ്യവും ഇരുള്മറയത്തുനിന്ന് നമുക്ക് കേള്‍ക്കാനാവും. ഒരു കൂട്ടം മനുഷ്യര്‍ എല്ലാ സംവിധാനങ്ങളുടെയും ഗുണഭോക്താക്കളായി വിലസി രസിക്കുമ്പോള്‍ അതേ സംവിധാനങ്ങള്‍ തന്നെ മറ്റൊരുപറ്റം മനുഷ്യരെ കൃമികീടങ്ങളായി കരുതുന്നു എന്ന കാര്യം വിസ്മരിച്ചുകൂട. അങ്ങനെ വിസ്മരിക്കുന്നവരെ ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യഗണത്തില്പെടുത്താവുന്നതുമല്ല.
തമിഴ്നാട്ടിലെ കൂടംകുളത്ത് പ്രവര്‍ത്തനസജ്ജമാവാന്‍ പോവുന്ന ആണവനിലയത്തിന്റെ സ്ഥിതിഗതികളെക്കുറിച്ച് ഇനിയും വ്യക്തമായ, സുതാര്യമായ ഒരു ചിത്രം കിട്ടിയിട്ടില്ല. അവിടെ കഴിഞ്ഞ ദിവസം മുതല്‍ ഇന്ധനം നിറയ്ക്കുന്ന ഏര്‍പ്പാട് തുടങ്ങിക്കഴിഞ്ഞു. അതിനെതിരെയുള്ള സമരം അതിശക്തമായി തുടരുകയാണ്. സായുധ പോലീസിനെ ഉപയോഗിച്ചുകൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. കഴിഞ്ഞദിവസത്തെ വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളിക്ക് ജീവന് പോയി. പ്രക്ഷോഭത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒരു വിഭാഗം തൂത്തുക്കുടി പോലീസ് സ്റ്റേഷനിലേക്കു നടത്തിയ പ്രകടനത്തിനു നേരെ പോലീസ് വെടിവെച്ചതിന്റെ ഫലമായിരുന്നു അത്.
കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അവിടെനിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുതി യൂണിറ്റിന്റെ അളവിനെ സംബന്ധിച്ചോ ഇതുവരെ വ്യക്തമായ വിശദീകരണങ്ങള്‍ ഉണ്ടായിട്ടില്ല. നിരക്ഷരരായവര്‍ക്കും അല്ലാത്തവര്‍ക്കും ശരിയായി മനസ്സിലാവുന്ന തരത്തില്‍ എന്തുകൊണ്ട് വിശദീകരണങ്ങള്‍ നല്‍കുന്നില്ല എന്ന ചോദ്യം ഉത്തരം കിട്ടാതെ കിടക്കുകയാണ്. അങ്ങനെയുള്ള ഒരു സ്ഥിതിവിശേഷത്തിലാണ് നിലയത്തിലെ റിയാക്ടറുകളില്‍ ഇന്ധനം നിറയ്ക്കാനുള്ള ഏര്‍പ്പാടുകള്‍ക്ക് ഗതിവേഗം കൂടിയത്. ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആണവ നിലയത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ മുമ്പോട്ടു പോകുന്നത്.
ഈയവസ്ഥയില്‍ തദ്ദേശവാസികള്‍ക്കും മറ്റും ഈ നിലയം വരുത്തിവെക്കാവുന്ന അപകടത്തിന്റെ വ്യാപ്തി എത്രയാണെന്ന് പറയാനാവില്ല. പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച് നല്കിയ പൊതുതാല്‍പ്പര്യഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി നല്കിയ ഉത്തരവാണ് അധികൃതര്‍ക്ക് ബലമായത്. ആണവനിലയം സംബന്ധിച്ച് ഇന്നും ജനങ്ങളുടെ മനസ്സില്‍ ഭയം കനത്തുകിടപ്പുണ്ട്. ജീവന് പോകുന്നത് മാത്രമല്ല, തലമുറകളോളം മനുഷ്യവംശത്തെ പിന്തുടര്ന്ന് നശിപ്പിക്കാനും അംഗവൈകല്യം വരുത്താനും കഴിവുള്ള ഭസ്മാസുരനാണ് ആണവ വികിരണം. എന്തൊക്കെ വിശദീകരണങ്ങളും സുരക്ഷാ ഏര്പ്പാടുകളെക്കുറിച്ചുള്ള വാചാലമായ വ്യാഖ്യാനങ്ങളും വന്നാലും ആണവനിലയത്തെക്കുറിച്ചുള്ള ഭീതി വിട്ടുമാറുമെന്ന് തോന്നുന്നില്ല.
ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ വ്യാപ്തിയും നശീകരണ ശക്തിയും എത്രയായിരുന്നു എന്നത് ഇന്നത്തെ സമൂഹം ശരിക്കറിഞ്ഞതാണ്. ഭൂകമ്പത്തെ തുടര്‍ന്ന് ഫുക്കുഷിമ ആണവനിലയത്തിന് എന്തു സംഭവിച്ചു എന്നതും അറിഞ്ഞതാണ്. ഇക്കാര്യങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അന്തരീക്ഷത്തില്‍ നിന്ന് മനുഷ്യവംശത്തെ തുറിച്ചുനോക്കുമ്പോള്‍ കേവലം നിയമത്തിന്റെ വാള്‍ത്തലയില്‍ക്കൂടി നടന്നോ, ഏതെങ്കിലും പ്രബന്ധത്തെ കൂട്ടുപിടിച്ചോ ആണവനിലയത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയില്ല. ഒരു തകര്‍ച്ച വന്നാല്‍ സ്വന്തബന്ധുക്കളെ സംരക്ഷിക്കണമെന്നും ശത്രുക്കളെ തകര്‍ക്കണമെന്നും ആണവ നിലയത്തില്‍ നിന്നുള്ള വികിരണങ്ങള്‍ക്ക് ബോധമുണ്ടാവില്ല എന്ന പ്രാഥമിക തിരിച്ചറിവെങ്കിലും നിലയത്തിനുവേണ്ടി വാദിക്കുന്നവര്ക്കുണ്ടാവണം.
വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന അവസരത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതും ആയവ നടപ്പാക്കേണ്ടതും അവശ്യമാണ്. അതില്‍ പക്ഷേ, അപകടം തീരെ കുറഞ്ഞതും കാര്യക്ഷമമായതും ചെലവുകുറഞ്ഞതുമായ മാര്ഗങ്ങള്ക്കായിരിക്കണം പ്രാമുഖ്യം നല്‍കേണ്ടത്. പ്രപഞ്ചത്തിന് ഊര്‍ജം പ്രദാനം ചെയ്യുന്ന മഹാനിലയമായ സൂര്യന് നമ്മുടെ തലയ്ക്കു മുകളില്‍ കത്തിജ്വലിച്ചു നില്‍ക്കുമ്പോഴും നാം അത് കണ്ടില്ലെന്ന് നടിക്കുന്നു. അതിനെക്കുറിച്ച് ഒരു ചെറുനീക്കം നടത്താന്‍ പോലും വിമ്മിഷ്ടപ്പെടുന്നു. അതേസമയം വിഷനാവുമായി തലമുറകളോളം പിന്തുടരുന്ന ആണവോര്‍ജത്തിനായി അനിതരസാധാരണമായ താല്‍പ്പര്യം കാണിക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ സൂര്യപ്രകാശത്തെ എത്ര കാര്യക്ഷമമായാണ് വൈദ്യുതിയ്ക്കായി ഉപയോഗപ്പെടുത്തുന്നത്. സൗരോര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഏഷ്യയിലെ ആദ്യത്തെ വൈദ്യുത നിലയം സ്ഥാപിച്ചതും ഗുജറാത്തിലാണ്. അതിനെക്കുറിച്ച് പഠിച്ച് എല്ലാ സംസ്ഥാനങ്ങളിലും അത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ എന്തുകൊണ്ട് ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല? ഇതിന്റെയൊക്കെ ഉത്തരം വളരെ ലളിതമാണ്. അതിനു പിന്നില്‍ വന്‍ അജണ്ടകള്‍ തന്നെയുണ്ട്. സാമ്പത്തികവും അല്ലാത്തതുമായ താല്‍പ്പര്യങ്ങള്‍ ഉണ്ട്. അതൊന്നും കൈവിടാന്‍ തയ്യാറില്ല തന്നെ.
അതേ സമയം ആണവനിലയത്തിനെതിരെയുള്ള പ്രക്ഷോഭം രാജ്യത്തിന്റെ വികസനം തടസപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിദേശ ഇടപെടലുകളും ഫണ്ടിംഗുമായി മാറാന്‍ ഒരു കാരണവശാലും അനുവദിച്ചുകൂടാ. കൂടംകുളം നിലയങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ചിലവ് വളരെ കുറവാണെന്ന വസ്തുത ചിലരെ അമര്‍ഷം കൊള്ളിക്കുന്നതായാണ് അറിയുന്നത്. കൂടംകുളത്തിന്റെ കാര്യത്തില്‍ ചില സര്‍ക്കാരേതര സംഘടനകള്‍ കാണിക്കുന്ന അമിത താല്പര്യം ഇതിനകം തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുള്ളതാണ്. സമരത്തെ നിയന്ത്രിക്കുന്നവര്‍ക്ക് വന്‍തോതില്‍ വിദേശ സഹായം ലഭിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് നിഷേധിക്കുന്ന സത്യസന്ധമായ മറുപടി സമരക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നത് വിസ്മരിക്കാവുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: