രണ്ടായിരത്തിമൂന്ന് മെയ് രണ്ടിനാണ് കേരളത്തെ നടുക്കിയ മാറാട് കൂട്ടക്കൊല നടന്നത്. ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടക്കാത്തതിന് ഒറ്റക്കാരണമേയുള്ളൂ. തോമസ് പി.ജോസഫ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. “മേല്‍ കൊടുത്തിട്ടുള്ള വസ്തുതകളും സാഹചര്യങ്ങളും വെച്ച് സാക്ഷിക്ക് (മുസ്ലീംലീഗ് ജില്ലാ നേതാവും കോഴിക്കോട് വികസന അതോറിറ്റി ചെയര്‍മാനുമായ എം.സി.മായിന്‍ ഹാജി) ഗൂഢാലോചനയെക്കുറിച്ചും മാറാട് കടപ്പുറത്തെ ആസന്നമായ അക്രമത്തെക്കുറിച്ചും അറിവുണ്ടായിരുന്നുവെന്ന് ചിന്തിക്കുന്നത് തികച്ചും യുക്തിസഹമാണ്. പ്രാദേശിക നേതാക്കളുടെയെങ്കിലും അനുഗ്രഹാശ്ശിസുകളില്ലാതെയാണ് അവരില്‍ ചിലര്‍ ഉള്‍പ്പെടെ ഇത്രയേറെ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ഗൂഢാലോചനയില്‍ പങ്കാളികളായതെന്ന് കരുതാനാവില്ല. ഇക്കാരണത്താലാണ് സാക്ഷി (മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി) സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതും അതില്‍ ആശങ്ക രേഖപ്പെടുത്തുന്നതും” (പേജ് 174). ഇതേ എതിര്‍പ്പും ആശങ്കയും തന്നെയാണ് “പാണക്കാട്ട് തങ്ങളെയും എന്നെയും ജയിലിലടക്കാനാണോ നിങ്ങളുടെ പ്ലാന്‍” എന്ന് സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍.പി.രാജേന്ദ്രനോട് പറഞ്ഞ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലുള്ളത്. മാറാട് കൂട്ടക്കൊലയുടെ സമയത്ത് എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിലെ സര്‍വശക്തനായ വ്യവസായമന്ത്രിയായിരുന്നു കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ മുസ്ലീംലീഗിന്റെ താല്‍പ്പര്യമനുസരിച്ച് മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും വിദേശബന്ധത്തെക്കുറിച്ചും സിബിഐ അന്വേഷണത്തിന് യുഡിഎഫ് ശുപാര്‍ശ ചെയ്തിരിക്കുന്നു എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ ആരും മുഖവിലക്കെടുക്കില്ല. എന്ന് മാത്രമല്ല യുഡിഎഫിന്റെ തീരുമാനത്തിലും മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും നിറഞ്ഞിരിക്കുന്നത് കാപട്യവും കൗശലവുമാണെന്ന് തിരിച്ചറിയുകയും ചെയ്യും. അതില്‍ വഞ്ചന പതിയിരിക്കുന്നുമുണ്ട്. ഇതറിയണമെങ്കില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 2012 ജൂലൈ പതിനൊന്നിന് നിയമസഭയില്‍ നല്കിയ മറുപടി നോക്കിയാല്‍ മതി.
പ്രതിപക്ഷ എംഎല്‍എമാരായ എളമരം കരീം, വി.ചെന്താമരാക്ഷന്, കെ.രാധാകൃഷ്ണന്, എ.പ്രദീപ് കുമാര്‍ എന്നിവര്‍ ഉന്നയിച്ച ഒരു ചോദ്യം ഇതായിരുന്നു: “അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള റിട്ട് പെറ്റീഷനുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എന്താണ്; സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് സഭയില്‍ ലഭ്യമാക്കാമോ?
ഈ ചോദ്യത്തിന് ആഭ്യന്തരമന്ത്രിയെന്ന നിലയ്ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കിയ മറുപടി ഇങ്ങനെയാണ്: “സിബിഐ അന്വേഷണം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ച സാഹചര്യത്തില്‍ അന്വേഷണം ക്രൈം വിഭാഗം അഡീഷണല്‍ പോലീസ് ഡയറക്ടര്‍ ജനറലിന്റെ മേല്‍നോട്ടത്തിലുള്ള ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന വിവരം ബഹു. കേരളാ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രസ്തുത സംഘം അന്വേഷണം നടത്തിവരുന്നതിനാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള റിട്ട് ഹര്‍ജിയിലെ ആവശ്യം പരിഗണനാര്‍ഹമല്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് അനുബന്ധമായി ചേര്‍ത്തിരിക്കുന്നു”.
സിബിഐ അന്വേഷണം പരിഗണനാര്‍ഹം പോലുമല്ലെന്ന് സര്‍ക്കാരിന്റെ ആഭ്യന്തരമന്ത്രിതന്നെ നിയമസഭയില്‍ പ്രഖ്യാപിച്ച് അറുപത് ദിവസം മാത്രം പിന്നിട്ടപ്പോഴാണ് സര്‍ക്കാരിന് നേതൃത്വം നല്കുന്ന യുഡിഎഫ് കടകവിരുദ്ധമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുന്നതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതിയില്‍ സ്വീകരിച്ച നിലപാടിലും സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മ പ്രകടമാണ്. ഇതേ സര്‍ക്കാര്‍ തന്നെയാണ് സംശയിക്കപ്പെടുന്ന ചിലര്‍ വലയിലകപ്പെട്ടതോടെ അന്വേഷണസംഘത്തിന്റെ തലവനായ സി.എം.പ്രദീപ് കുമാറിനെ മനുഷ്യാവകാശകമ്മീഷനിലേക്ക് മാറ്റി അന്വേഷണം മരവിപ്പിച്ചത്. അന്വേഷണസംഘത്തെ പിരിച്ചുവിട്ടിട്ടില്ലെന്നും സിബിഐ, സിഐഡി പോലീസ് സൂപ്രണ്ട് പി.എ.വത്സന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണെന്നുമുള്ള അവകാശവാദമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ സിബിഐ അന്വേഷണമെന്ന ആവശ്യം യുഡിഎഫ് മുന്നോട്ടുവെച്ചതോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
ആന്റണി മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകാന്‍ പതിനഞ്ച് ദിവസംഅവശേഷിക്കുമ്പോഴായിരുന്നു മാറാട് കൂട്ടക്കൊല നടന്നത്. നാല്‍പ്പത്തിയെട്ട് മണിക്കൂറിനകം മെയ് നാലിന് പ്രമുഖ ഹിന്ദു നേതാക്കള്‍ കോഴിക്കോട് പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. മെയ് 20ന് ചേര്‍ന്ന ഹിന്ദുസംഘടനകളുടെ കണ്വെന്ഷന് സിബിഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. സംഭവം നടന്നശേഷം 2003 ആഗസ്റ്റ് 23-നാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനിടയിലുള്ള നാല് മാസക്കാലം സിബിഐ അന്വേഷണത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ആന്റണി അനങ്ങാപ്പാറനയം സ്വീകരിച്ചു. ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് പ്രസ്ക്ലബ്ബില്‍വെച്ച് അനുരഞ്ജന ചര്‍ച്ച നടന്നു. ഇതിന്റെ തുടര്‍ച്ചയായി രണ്ടുദിവസത്തിനുശേഷം തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ‘ഭാഗിക സിബിഐ അന്വേഷണം’ നടത്താനും അതിനുള്ള നിയമോപദേശം തേടാനും ധാരണയായി. എന്നാല്‍ വിദേശബന്ധത്തെക്കുറിച്ചും ഭീകരവാദികളുടെ പങ്കാളിത്തത്തെക്കുറിച്ചും തുടരന്വേഷണം നടത്തേണ്ടത് കേസ് അന്വേഷിച്ച ഏജന്‍സി തന്നെയായിരിക്കണമെന്നും കേസ് സിബിഐ അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നുമാണ് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന എ.രത്നസിംഗ് നല്‍കിയത്. ഇത് ശരിയായ നിയമോപദേശമായിരുന്നില്ല. മറിച്ച് ആരോപണവിധേയരായ ലീഗ് നേതാക്കളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ആന്റണിക്ക് ലഭിച്ച വിദഗ്ധോപദേശമായിരുന്നു.
ആന്റണിയുടെ പകരക്കാരനായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദമേറ്റശേഷം 2006 ഫെബ്രുവരിയിലാണ് തോമസ് പി.ജോസഫ് കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. “കൂട്ടക്കൊലയ്ക്കും ഗൂഢാലോചനയ്ക്കും പിന്നില്‍ മറ്റ് ശക്തികള്‍ക്കുള്ള പങ്കാളിത്തത്തെക്കുറിച്ച് സിബിഐ, ഐബി, റവന്യൂ ഇന്റലിജന്‍സ് എന്നീ ഏജന്‍സികളുടെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തേണ്ടതുണ്ട്” (പേജ്-176) എന്നാണ് കമ്മീഷന് സര്‍ക്കാരിന് നല്കിയ സുപ്രധാന ശുപാര്‍ശകളിലൊന്ന്. എന്നിട്ടും ഇരുപത് മാസത്തിലേറെക്കാലം അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടി ഒന്നും ചെയ്തില്ല. മാത്രമല്ല, റിപ്പോര്‍ട്ടിലെ ഈ ശുപാര്‍ശകള്‍ പുറത്തുവന്നപ്പോള്‍ അന്ന് മുഖ്യമന്ത്രിയല്ലാതായ ആദര്‍ശധീരനായ ആന്റണിയും അതിനെതിരെ രംഗത്തുവന്നു.
തിരുവനന്തപുരത്ത് 2006 സപ്തംബര്‍ 30ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷന്റെ ഇൗ ശുപാര്‍ശയോട് ആന്റണി ശക്തിയായി വിയോജിച്ചു. 2002 ജനുവരിയില്‍ മാറാട് നടന്ന അക്രമവും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ശഠിക്കുകയായിരുന്നു ആന്റണി. സിബിഐ അന്വേഷണത്തെ നഖശിഖാന്തം എതിര്‍ത്ത മുസ്ലീംലീഗിന്റെയും എന്‍ഡിഎഫിന്റെയും ആവശ്യമായിരുന്നു ഇത്. 2002 ജനുവരിയിലെ അക്രമത്തിന്റെ പ്രതികാരമാണ് 2003 മെയ് രണ്ടിലെ കൂട്ടക്കൊലയെന്ന് വിശ്വസിക്കാനാവില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന് വ്യക്തമായി ചൂണ്ടിക്കാട്ടിയുള്ള കാര്യം ആന്റണി ബോധപൂര്‍വ്വം വിസ്മരിച്ചു. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അനുകൂലിക്കാതിരുന്നതും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും അന്വേഷണം സിബിഐക്ക് വിടാതിരുന്നതിന് കാരണമായി ആന്റണി ചൂണ്ടിക്കാട്ടുകയുണ്ടായി. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മാറാട് കമ്മീഷനില്‍ മൊഴി നല്കിയ പിണറായി വിജയന്റെ പാര്‍ട്ടിയായ സിപിഎമ്മും ആന്റണി പറയുന്ന സര്‍വകക്ഷിയോഗത്തിലുണ്ടായിരുന്നു.
മാറാട് കേസ് സിബിഐക്ക് വിടുന്ന കാര്യത്തില്‍ ആന്റണിയുടെ പാത തന്നെയാണ് ഉമ്മന്‍ചാണ്ടിയും പിന്തുടര്ന്നത്. സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കുന്നതിനാണ് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുകയെന്ന എഡിജിപി വിന്‍സണ്‍ എം.പോളിന്റെ നിര്‍ദ്ദേശത്തെ എതിര്‍ത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2012 ഫെബ്രുവരി ആറിനായിരുന്നു ഇത്. മാറാട് കൂട്ടക്കൊലക്ക് മുമ്പും പിമ്പും നിരവധി കേസുകള്‍ സിബിഐക്ക് വിട്ടിട്ടുണ്ട്. എന്നാല്‍ മാറാട് കേസിന്റെ അത്രയും പ്രാധാന്യം ഇവയ്ക്കുണ്ടായിരുന്നില്ല. എട്ടുപേരെ കൊലപ്പെടുത്തുകയെന്നത് മാത്രമല്ല ഹിന്ദുക്കള്‍ക്കെതിരായ ഒരു വന്‍ കലാപമാണ് മതതീവ്രവാദികള്‍ ലക്ഷ്യമിട്ടതെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും മാറാട് കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷണം ഉണ്ടാകാതിരുന്നത് പല തലങ്ങളില്‍ നടന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായിരുന്നു. ഇതിലെ ഒന്നാംപ്രതി കോണ്‍ഗ്രസാണ്. മുസ്ലീംലീഗ് രണ്ടാംപ്രതിയെ ആകുന്നുള്ളൂ. പ്രഖ്യാപിത ഹിന്ദുവിരുദ്ധരായ മുസ്ലീംലീഗ്, എന്‍ഡിഎഫ് എന്നിവരേക്കാള്‍ കേരളത്തിന്റെ മനഃസാക്ഷിയെ വഞ്ചിച്ചത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായ എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണ്.
ഏറ്റവുമൊടുവില്‍ വിചാരണക്കോടതി വെറുതെവിട്ട 76 പേരില്‍ 24 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് നടത്തിയ അഭിപ്രായപ്രകടനങ്ങളായിരിക്കാം മാറാട് കേസ് സിബിഐ അന്വേഷിക്കണമെന്ന യുഡിഎഫ് വെളിപാടിന് കാരണം. “ഗൂഢാലോചനക്കുറ്റം സംബന്ധിച്ച അന്വേഷണം തൃപ്തികരമല്ല. ഉദ്യോഗസ്ഥര്‍ ഈ കേസില്‍ ലഭിച്ച തുമ്പും വാലുംകൊണ്ട് തൃപ്തിപ്പെട്ട് കൂടുതല്‍ അന്വേഷണം ഉപേക്ഷിച്ചു. ഒട്ടും പ്രാധാന്യമില്ലാത്ത വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് ഗൂഢാലോചനാക്കേസ് എടുത്തിട്ടുള്ളത്. ആഴത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമായ കാരണങ്ങളാല്‍ മനഃപൂര്‍വം അത് അവഗണിച്ചു. യഥാര്‍ത്ഥ ഗൂഢാലോചന എന്താണെന്നും പ്രതികള്‍ ആരൊക്കെയെന്നും വെളിച്ചത്തുകൊണ്ടുവരണം” എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. മാറാട് കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് ശുപാര്‍ശക്ക് അടിവരയിടുന്നതാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. ഇങ്ങനെയൊരു വിധിയും പരാമര്‍ശവും ഉണ്ടായതോടെ അപകടം മണത്ത മുസ്ലീംലീഗ് നേതൃത്വം കോണ്‍ഗ്രസുമായും മറ്റും ഒത്തുകളിക്കുന്നതിന്റെ ഫലമാവാം യുഡിഎഫിന്റെ പുതിയ തീരുമാനം.
തീവ്രമായി എതിര്‍ക്കുന്ന ഒരു കാര്യത്തെ അനുകൂലിക്കുകയാണെന്ന വ്യാജേന പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കോടതിയിലെത്തുക പതിവാണ്. തങ്ങള്‍ ഭയക്കുന്ന ഒരു ഉത്തരവ് കോടതിയില്‍നിന്ന് ഉണ്ടാവുന്നത് തടയുകയാണ് പലപ്പോഴും ഇത്തരം ഹര്‍ജികളുടെ ലക്ഷ്യം. മാറാട് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് ആവശ്യവും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതുപോലെ മാത്രമേ കാണാനാവൂ. സിബിഐ അന്വേഷണം യാഥാര്‍ത്ഥ്യമാക്കി മറിച്ച് തെളിയിക്കാനുള്ള ബാധ്യത ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുണ്ട്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: