മലയാളിയുടെ വിലയേറിയ മേല്‍വിലാസങ്ങളില്‍ ഒന്നാണ് ശില്‍പ്പകലയില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ വത്സന് കൂര്മക്കൊല്ലേരിയുടേത്. ശിപ്പകലയിലെ ഇതിഹാസം എന്നു പറയാം. കണ്ണൂര്‍ജില്ലയിലെ കൂത്തുപറമ്പിനടുത്ത പാട്യം എന്ന ഗ്രാമത്തിന്റെ യശസ്സ് ലോകതലങ്ങളില്‍ എത്തിച്ചുകൊണ്ടാണ് മലയാളക്കരയുടെതന്നെ പ്രധാന മേല്‍വിലാസങ്ങളില്‍ ഒന്നായിമാറിയത്.
ആരെയും എന്തിനെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന കണ്ണുകള്‍, നീണ്ടമുടി പുറകിലേക്ക് ഒതുക്കിവച്ചിരിക്കുന്നു. നീണ്ടുകിടക്കുന്ന താടിരോമങ്ങളില്‍ നരബാധിച്ചിരിക്കുന്നു. വളരെനേര്‍ത്ത കോട്ടണ്‍ വസ്ത്രം മാത്രം ധരിച്ച് കാണുന്നു. നീളത്തിനൊത്ത ശരീരവണ്ണം ഇതാണ് വത്സന് കൂര്‍മക്കൊല്ലേരി…
1953ല്‍ പാട്യത്താണ് ജനനം. സൗത്ത് പാട്യം യുപി, പാട്യം ഗവ.ഹൈസ്ക്കൂള് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ഗവ.കോളേജ് ഓഫ് ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റില്‍ വച്ച് ശില്‍പ്പകലയില്‍ അഞ്ച് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി. പിന്നീട് ബറോഡയിലെ എംഎസ് യൂണിവേഴ്സിറ്റിയില്‍നിന്ന് മൂന്നുവര്‍ഷവും ഫ്രഞ്ച് ഗവ. സ്കോളര്‍ഷിപ്പോടുകൂടി എക്കോള്‍ നാഷണല്‍ സുപ്പീരിയര്‍ ദ ബോസാര് പാരീസില്‍വച്ചും ശില്‍പ്പകലയില്‍ കൂടുതല്‍ പ്രാഗത്ഭ്യം നേടി.
കളിമണ്ണ്, പ്ലാസ്റ്റര്‍, സിമന്റ്, സ്റ്റുക്കോഗ്രാനൈറ്റ്, ടെറാക്കോട്ട, മെറ്റല്‍, വുഡ്, സെറാമിക്, ഡിസ് (ഉപയോഗശൂന്യമായ) കാര്‍ഡ് മെറ്റീരിയലിലുമായി നിരവധി ശില്പ്പങ്ങള് ഇദ്ദേഹത്തിന്റെ കരവിരുതില്‍ പിറവിയെടുത്തിട്ടുണ്ട്. തൃശൂരിലെ ആര്‍ക്കിയോളജി മ്യൂസിയത്തില്‍ പൂര്‍ണമായും ചെങ്കല്ലില്‍ തീര്‍ത്ത ബട്ടര്ഫ്ലെ പാര്‍ക്ക്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ വച്ച് നിര്‍മിച്ച പ്രകൃതിദത്ത മണിക്കിണറില്‍നിന്നും ഉടലെടുത്ത ‘ആംഗാ ബംക’ എന്നീ ശില്പ്പങ്ങള് ഏറെ ശ്രദ്ധേയമായി. ഒരു മണിക്കിണര്‍ കാല മാന്യതയെയാണ് ഈ ശില്പം സൂചിപ്പിക്കുന്നത്. നാടന്‍ രീതികള്‍ ആധുനിക ശില്‍പ്പകലയില്‍ പ്രാധാന്യം നല്കിയ ശില്‍പ്പി എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ശില്‍പ്പം.
ഇന്ത്യയിലെ അജന്ത എല്ലോറ, എടക്കല്‍ ഗുഹ, തൊടീക്കളം, ബഹാബലിപുരം, കൊണാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ പ്രാചീന സംസ്കാരത്തെ വിലയിരുത്തിയതാണ് ശില്പനിര്മാണത്തിലേക്കുള്ള വഴിത്തിരിവായത്.
പഞ്ചലോഹ ശിലപനിര്മിതിയിലും വത്സന് കൂര്‍മക്കൊല്ലേരി അഗ്രഗണ്യനാണ്. ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് മദ്രാസിലെ എഗ്മോര്‍ മ്യൂസിയത്തില്‍ 1994-ല്‍ നടത്തിയ ശില്പപ്രദര്ശനം. അതേസമയ പരിധിയില്‍ത്തന്നെ മദ്രാസിലെ അലെയന്‍ ഫ്രാന്‍സിസിലും മാക്സ്മുല്ലര് ഭവനിലും സാക്ഷി ഗ്യാലറിയും ഒരു മാസം നീണ്ടുനിന്ന പ്രദര്‍ശനവും. പ്രദര്‍ശനത്തിന് ഇദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് മുപ്പതോളം അന്ധവിദ്യാര്ത്ഥികള് എത്തി. അവര്‍ ഏറെനേരം ഗ്യാലറിയില്‍ ശില്പങ്ങള്ക്കിടയില് സമയം ചെലവഴിച്ചു.
സപ്ര്ശനത്തിലൂടെ ശില്പകലാസ്വാദനം സാധ്യമാവുമെന്ന് അദ്ദേഹം ഇതുവഴി തെളിയിച്ചു. ഇന്ത്യയിലെ പല കലാസ്ഥാപനങ്ങളിലും നടത്തിയ ശില്പകലാ സിമ്പോസിയത്തില്‍ തന്റേതായ സാന്നിദ്ധ്യവും ഇദ്ദേഹം അറിയിച്ചു.
ജര്‍മനിയിലെ മ്യൂസിക് ഫ്രേക്ഷേര്ട്ട്, ആഹന്ഹാഗന്, ബോണ്‍, കോളോണ്‍, ബര്‍ലിന്‍, കാസില്‍ തുടര്‍ന്ന് അമേരിക്കയിലെ വാഷിങ്ങ്ടണ്‍, ന്യൂയോര്‍ക്ക്, യൂട്ടിക്കറോച്ചസറ്റര്, ഷിക്കാഗോ, സന്‍ഫ്രാന്‍സിസ്കോ,ലോസാഞ്ചലസ്, ആല്ബല്കാര്ക്കി, സിന്സണാറ്റി തുടങ്ങിയ സ്ഥലങ്ങളിലെ കലാസ്ഥാപനങ്ങളില്‍ കൊല്ലേരിയുടെ ഇന്റര്‍നാഷണല്‍ ഫെലോഷിപ്പ് സമയങ്ങളില്‍ യാത്രചെയ്ത് പ്രഭാഷണം നടത്തിയിട്ടുണ്ട്. അയര്‍ലന്റിലെ ഡബ്ലിനില്‍ ‘റെട്രെസ്പെക്റ്റീവ് ഏസ് ആര്‍ട്ട് വര്‍ക്ക്’ എന്ന ടൈറ്റിലോടെ ഏകാംഗ പ്രദര്‍ശനം ‘പ്രൊജക്ട്’എന്ന സ്ഥാപനത്തില്‍ നടത്തുകയുണ്ടായി. അതേസമയത്ത് തന്നെ ഡബ്ലിനിലെ എന്വയണ്മെന്റല് സൊസൈറ്റിയായ സസ്റ്റെയിനബിളും പ്രഭാഷണം നടത്തി. ദല്‍ഹിയിലും ന്യൂയോര്‍ക്കിലും അദ്ദേഹത്തിന്റെ ‘ന്യൂക്ലിയര്‍ ഏജ്’ എന്ന പേരില്‍ നടന്ന പ്രദര്‍ശനം ന്യൂക്ലിയര്‍ ഡീലിനെതിരായിരുന്നുവെന്നത് ഏറെ ശ്രദ്ധ നേടി.
പാട്യം ഹൈസ്ക്കൂളിലെ ഒന്നാം ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലേരി. പഠിക്കുന്ന കാലത്ത് സ്പോര്‍ട്സ്, പ്രച്ഛന്നവേഷം, പൂക്കളമത്സരം, ചിത്രകല എന്നീ മേഖലകളില്‍ സജീവമായിരുന്നു. അക്കാലത്തുതന്നെ യോഗാഭ്യാസവും പരിശീലിച്ചു. പുതിയ സ്കൂള്‍ അന്തരീക്ഷമായതിനാല്‍ സിലബലില്നിന്ന് മാറി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിച്ചിരുന്നു. ഇതിനുമുമ്പേതന്നെ പാട്യം യുപി സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവിടെയുണ്ടായിരുന്ന നെയ്ത്ത് തക്ലിയിലെ നൂല്നൂല്ക്കല്, തുന്നല്‍ മുതലായവയും തന്റെ ജീവിതത്തില്‍ ഏറെസ്വാധീനം ചെലുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്റ്ക്രാഫ്റ്റില് പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ക്രാഫ്റ്റിന്റെ അനന്ത സാധ്യതകള്‍ അറിഞ്ഞുതുടങ്ങിയത്.
തന്റെ ജന്മസ്ഥലമായ പാട്യത്തെ വലിയവെളിച്ചം കേന്ദ്രീകരിച്ച് ക്രാഫ്റ്റ്സ്കില് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനുള്ള ആഗ്രഹം ഇദ്ദേഹം മനസില്‍ സൂക്ഷിക്കുന്നു. ഇതിനു തുടക്കമെന്ന നിലയില്‍ പാട്യം ഹൈസ്ക്കൂളിനു സമീപം ശില്‍പപാഠ്യം എന്ന പഠനകേന്ദ്രം പരീക്ഷിച്ചുവരുന്നു. ശില്‍പപാഠ്യം പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന രീതിയില്‍ പരിസരങ്ങളില്‍ ലഭ്യമായ ചെങ്കല്ല്, മരം എന്നിവകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പഴയ നാടന്‍ രീതികള്‍ അനുസരിച്ച് ചെങ്കല്‍ച്ചീളുകള്‍, കുമ്മായം, കുളിര്‍മാവിന്റെ പശ, കല്‍പ്പൊടി, വെല്ലം എന്നിവയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് കെട്ടിടങ്ങളും അനുബന്ധഭാഗങ്ങളുടെയും നിര്‍മാണം. മരപ്പണികള്‍, പഴയരീതിയിലുള്ള കെട്ടുകള്‍ ഇന്റര്‍ലോക്കുകള്‍ എന്നിവയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇവ നമ്മുടെ പാരമ്പര്യ തച്ചുശാസ്ത്രത്തിന്റെ ഓര്‍മപുതുക്കുന്നു.
പ്ലാസ്റ്റിക്കിനെ പൂര്‍ണമായും അവഗണിക്കുകയാണ് ഇദ്ദേഹം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളും ഇദ്ദേഹം നടത്തിവരുന്നു. വൃക്ഷങ്ങള്‍, ചുറ്റുപാടും ജീവിക്കുന്ന ജന്തുക്കള്‍ പക്ഷികള്‍ തുടങ്ങിയ ജീവജാലങ്ങള്‍ക്കെല്ലാം ഒന്നിച്ചുകഴിയാവുന്ന വിധത്തിലുള്ള ലാന്റ് സ്കേപ്പ് ആര്‍ക്കിടെക്ചര്‍ ശില്പ്പാഠ്യത്തെ ശ്രദ്ധേയമാക്കുന്നു. രണ്ട് ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ശില്പ്പപാഠ്യത്തിന്റെ ഒരു വശത്ത്ജീവികള്ക്കായി കാവും തയ്യാറാക്കിയിട്ടുണ്ട്. ഇതിനു സമീപം ഒരു മഴവെള്ള സംഭരണിയും.
കല ആത്മവിദ്യയാണ്, കൈവേലയാണ് സ്വീകരിക്കേണ്ടത്, കൈവേലയുടെ അഭാവത്തില്‍ പുരോഗമന സാധ്യതകുറയും. കൊല്ലേരിയുടെ വാക്കുകള്‍. 40 വര്‍ഷത്തെ ശില്പകലാ പഠനത്തിലൂടെ വത്സന് കൂര്‍മക്കൊല്ലേരി ആര്‍ജിച്ച അനുഭവങ്ങളുടെ സങ്കലനമാണ് ശില്പപാഠ്യത്തിന്റെ കരുത്ത്.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കഴിവിന് അനുസരിച്ച് കലാപഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും അതവരുടെ ജീവിതത്തെ പരിപോഷിപ്പിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. നെയ്ത്ത്, ആശാരിപ്പണി, മൂശാരി, കൊല്ലപ്പണി, തുന്നല്‍, കൃഷി എന്നിവ മുതല്‍ ഇന്നത്തെ പുതിയ ടെക്നോളജി വരെയുള്ള ശീലം വളര്‍ത്തിയെടുക്കാന്‍ പുതിയ തലമുറയെ സാധ്യമാക്കുന്ന കാര്യങ്ങള്‍ ശില്പപാഠ്യത്ത് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍ട്ട് റസിഡന്‍സി പ്രോഗ്രാം ഇവിടെ നടത്തിവരുന്നുണ്ട്. പാട്യം എന്ന കൊച്ചുഗ്രാമത്തിന് തിലകക്കുറിയായി ഇത് മാറും. ഇത് ലോകത്ത് എവിടെയും കണ്ടുവരാത്ത ഒരു പഠനകേന്ദ്രമാവുകയാല് വരാന്‍പോകുന്ന തലമുറകള്‍ക്ക് പലരീതിയില്‍ പ്രചോദനമാകും. പ്രത്യേകിച്ച് നമ്മുടെ പരമ്പരാഗതമായ കൈത്തൊഴിലുകള്‍ നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത് പഴമയുടെ പുതുമ ആയേക്കാം.
ജര്‍മനിയിലെ കാസില്‍ യൂണിവേഴ്സിറ്റി, ഡോക്യുമെന്റക് പാരലലായി നടത്തിയ ഷോയില്‍ വത്സന് കൂര്മക്കൊല്ലേരിയുടെ പഞ്ചലോഹശില്പം ശ്രദ്ധനേടി. കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡും ഭോപ്പാലിലെ ഭാരത് ഭവന്റെ ഗ്രാന്റ് പ്രൈസും യുഎസ്ഐഎയും എംഎഎയും ചേര്‍ന്നുള്ള ഇന്റര്‍നാഷണല്‍ വിസിറ്റര്‍ഷിപ്പ് ആന്റ് ഫെല്ലോഷിപ്പ് അവാര്‍ഡും നേടിയിട്ടുണ്ട്.
വത്സന് കൂര്മക്കൊല്ലേരിയെ അടുത്തറിയുമ്പോള്‍ മനസിലാക്കാം പ്രീഹിസ്റ്റോറിക് ടൈം മുതല്‍ ഉള്ള മനുഷ്യരുടെ ചിന്താഗതിയുടെ പ്രാധാന്യം. ഗുഹാജീവിതം മുതല്‍ പല അവസ്ഥകളില്‍ മനുഷ്യന് ജീവിക്കുന്നതിനായി കലകള്‍ വളരെയധികം സഹായകമായിട്ടുണ്ടെന്നുള്ളതും. ഇത് അദ്ദേഹത്തിന്റെ യാത്രയില്‍ അയര്‍ലന്റിലും തുടര്‍ന്ന് തുര്‍ക്കിയിലും കണ്ട ഗുഹാജീവിതത്തിലൂടെ അനുഭവവേദ്യമായതാണ്.
പാട്യത്ത് ജനിച്ച് വിശ്വശില്പിയായി മാറിയ വത്സന് കൂര്‍മക്കൊല്ലേരി കല ഒരു നിര്‍ബന്ധ പഠനവിഷയമായി മാറണമെന്നാണ് ആഗ്രഹിക്കുന്നത്.
എം.വി.രാഹുല്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: