‘ഒരു പോക്കിരിയുടെ അവസാന സങ്കേതമാണ് രാഷ്ട്രീയം’- പറഞ്ഞത് ഡോക്ടര്‍ ജോണ്‍സണാണ്. സിനിമ സന്തോഷ് പണ്ഡിറ്റില് എത്തിനില്‍ക്കുന്നതിന് വളരെക്കാലം മുമ്പ് പറഞ്ഞതാണ്. പോക്കിരികള്‍ക്ക് മാത്രമല്ല, സിനിമാതാരങ്ങള്‍ക്കും അവസാന ആശ്രയമാണ് രാഷ്ട്രീയം.
കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒടുവിലായി തീരുമാനിച്ചത് സിനിമാതാരം ഷീലയാണ്. മറ്റു പാര്‍ട്ടികളില്‍ ചേരാതെ കോണ്‍ഗ്രസില്‍ ചേരുന്നത് എന്തുകൊണ്ടും ഉചിതം. പാര്‍ട്ടി വിട്ടുപോരുമ്പോള്‍ ജീവനെടുക്കില്ലെന്ന് ഉറപ്പ്.
ഇന്ത്യന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ക്കൊപ്പം സകലമാന മലയാളികളും ത്രില്ലിലാണ്. കറുത്തമ്മയെ അടുത്ത് കാണാം, തൊടാം. ആന്റണിയെ ദല്‍ഹിയിലെത്തിക്കണ്ടാണ് കറുത്തമ്മ തന്റെ കോണ്‍ഗ്രസ് പ്രവേശനാഗ്രഹം അറിയിച്ചത്. ആന്റണിയുടെ ഭാര്യ വിഖ്യാത ചിത്രകാരി എലിസബത്ത് ആന്റണി ഡാവിഞ്ചിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ആ ഫോട്ടോകളെല്ലാം പ്രസിദ്ധീകരണത്തിനായി മാധ്യമങ്ങള്‍ക്ക് കൊടുക്കുകയും ചെയ്തു.
പണ്ട് 60-70 എന്നൊരു കാലമുണ്ടായിരുന്നു. ‘ചെമ്മീന്‍’ പോലുള്ള ക്ലാസിക്കുകള്‍ ഈ കാലഘട്ടത്തിലാണ് സൃഷ്ടിക്കപ്പെട്ടത്. തന്റെ വിശ്വസ്തനായ ഓഫീസ് ബോയ് ചെറിയാന് ഫിലിപ്പുമായി ‘ന്യൂ’വില്‍നിന്ന് ‘പത്മനാഭ’യിലേക്കും തിരിച്ചും എത്രയെത്ര തവണ നടന്നാണ് ഷീലയുടെയും നസീറിന്റെയും “ട്രീ ഓര്‍ബിറ്റിംഗ്” (മരം ചുറ്റല്) കണ്ടിട്ടുള്ളത്. ആന്റണിക്കൊപ്പം പഴയ ഓഫീസ്ബോയ് ഇന്നില്ല. അറുപത് കഴിഞ്ഞ എല്ലാ ചെറുപ്പക്കാര്‍ക്കും ഷീലാമ്മ ഇന്നും ‘ഹാര്‍ട്ട് ത്രോബ്’-നാഡിമിടിപ്പാണ്. ആന്റണിക്കും ചെറിയാന് ഫിലിപ്പിനും അങ്ങനെതന്നെ. ആ ഷീലാമ്മയാണ് അവസാന ആശ്രയം തേടി തന്റെയടുത്ത് വന്നിരിക്കുന്നത്. എങ്ങനെ അഭയം കൊടുക്കാതിരിക്കാനാവും, എങ്ങനെ ത്രില്ലടിക്കാതിരിക്കും?
പക്ഷേ ഷീലാമ്മയുടെ കോണ്‍ഗ്രസ് പ്രവേശം അത്രയ്ക്ക് സുഗമമാകുമെന്ന് രാമന് നായര്‍ കരുതുന്നില്ല. പ്രായം എഴുപത് പിന്നിട്ടു. കൂടെക്കൂടെ തോന്നുന്ന മുട്ടുവേദനയ്ക്ക് ‘കൊട്ടം ചുക്കാദി’ ഇട്ട് തിരുമ്മാന്‍ ആളെ നിയമിക്കാമെന്നു വെച്ചാല്‍ തന്നെ യൂത്തന്മാരായ ആരാധകരുടെ ശല്യം എങ്ങനെ നിയന്ത്രിക്കും?
കോണ്‍ഗ്രസില്‍ എന്നും കൂട്ടപ്പൊരിച്ചിലാണ്. സര്‍പ്പയജ്ഞക്കാരന്റെ റോളിലാണ് മുഖ്യനെന്ന് യോഗം സെക്രട്ടറിതന്നെ പറഞ്ഞിട്ടുണ്ട്. ഗ്രീന്‍ പൊളിറ്റിക്സ് ഗ്രീഡി പൊളിറ്റിക്സ് എന്നുപറഞ്ഞ് തമ്മിലടി വേറെ. ഗോദ്റേജ് ഡൈകൊണ്ട് മുടി കറുപ്പിച്ച മുതുക്കന്മാരാണ് കോണ്‍ഗ്രസിലെ ഊത്തന്മാരെന്ന് ‘ചീപ്പ് വിപ്പ്’. പുത്തന്‍ സാമ്പത്തിക ക്രമത്തില്‍ മഹാത്മാഗാന്ധിപോലും സ്വാധീനിക്കപ്പെടുമെന്ന് യുവ എംഎല്‍എ ബലറാം. ബലറാമിന് ബുദ്ധിയുണ്ട്- സോണിയാഗാന്ധി സ്വാധീനിക്കപ്പെടുമെന്ന് പറഞ്ഞില്ലല്ലോ?
ശരിയാണ്, കറുത്തമ്മയുടെ റെക്കോഡ് ആരും തകര്‍ക്കില്ലെന്നുറപ്പ്. ‘നിത്യഹരിത’നുമൊത്ത് 110 സിനിമ, മൊത്തം 450. മറ്റേതൊരു നടിക്കും അസാധ്യമായ കാര്യം. ഏറെ ശ്രദ്ധിക്കപ്പെട്ട റോളുകള്‍ കൈകാര്യം ചെയ്തെങ്കിലും നാഷണല്‍ അവാര്‍ഡ് നല്കി ആദരിച്ചില്ല. നിര്‍ത്താതെ കരയുന്നവര്‍ക്കും മണങ്ങുമാര്‍ക്കുകള്‍ക്കും ആയിരുന്നു അന്ന് അവാര്‍ഡ്. കവിളുതുടുത്തതും പട്ടിണി കിടന്ന മട്ടില്ലാത്തതും അവാര്‍ഡ് നിഷേധിക്കാന്‍ കാരണമായി. അതിനൊക്കെ പകരം ചോദിക്കണം. കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അതിന് കഴിഞ്ഞേക്കും. പക്ഷേ, ശോഭനാ ജോര്‍ജ്, പത്മജാ വേണുഗോപാല്‍, സിന്ധു ജോര്‍ജ് എന്നീ സുന്ദരികള്‍ വിലങ്ങുതടിയാകുമോ എന്നൊരു സംശയം. ഇവരുടെ ഇടയില്‍ ഈ എഴുപതാം വയസില്‍ പിടിച്ചുനില്‍ക്കുക അല്‍പ്പം ശ്രമകരമാണ്.
സ്ത്രീകളുടെ രക്ഷ, മദ്യനിരോധനം ഇതൊക്കെയാണ് ആഗമനോദ്ദേശ്യം എന്നുകേട്ടു. ആദ്യത്തേത് നടക്കും, രണ്ടാമത്തേത് സംശയകരമാണ്. മദ്യം വിറ്റുകിട്ടുന്ന 6000 കോടികൊണ്ടാണ് എമര്‍ജിംഗ് കേരളം, വിമാനത്താവളം, മെട്രോ എന്നൊക്കെ വിളിച്ചു കൂവുന്നത്. അതില്‍ തൊട്ടുകളിക്കാനാണ് ഭാവമെങ്കില്‍ സത്യം പറയാം കോണ്‍ഗ്രസില്‍ ഭാവിയില്ല.
പാവം കൊച്ചുമുതലാളി പരീക്കുട്ടി. കടാപ്പുറത്ത് ഇനിയും പാടിപ്പാടി നടക്കാനാണ് യോഗം. കറുത്തമ്മയെ കോണ്‍ഗ്രസിലെ കൊച്ചുമുതലാളിമാര്‍ അടിച്ചുകൊണ്ടുപോയി!
കെ.എ.സോളമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: