ഖര്‍ത്തും : സുഡാനില്‍ വിഘടനവാദികളും സൈന്യവും തമ്മില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. ഏകദേശം 70ലധികം വിഘടനവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഡാര്‍ഫുര്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 32 വിഘടനവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു. എന്നാല്‍ സൈന്യത്തെ ഗ്രാമത്തില്‍ നിന്ന് തുരത്തിയെന്നാണ് വിഘടനവാദികളുടെ വാദം.
തെക്കന്‍ സുഡാന്റെ അതിര്‍ത്തി പ്രദേശമായ തെക്കന്‍ കോര്‍ഡോഫാനില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ നാല്‍പ്പത്തിയഞ്ചോളം വിഘടനവാദികളെ വധിച്ചതായി അധികൃതര്‍ അറിയിച്ചു. തെക്കന്‍ സുഡാനെ പിന്തുണക്കുന്ന ജസ്റ്റിസ് ഓഫ് ഇക്വാലിറ്റി മൂവ്മെന്റ് എന്ന സംഘടനയിലെ വിഘടനവാദികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ പിടിയില്‍ നിന്ന് ഗ്രാമത്തെ സ്വതന്ത്രമാക്കിയതായും ഒരു സൈനികനെ വധിച്ചതായും അവര്‍ അവകാശപ്പെട്ടു.
പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെതിരെ പോരാടാന്‍ കഴിഞ്ഞ വര്‍ഷമാണ് സുഡാനിലെ രണ്ടു സംസ്ഥാനങ്ങളിലെ വിഘടനവാദസംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതേസമയം തെക്കന്‍ സുഡാന് വിഘടനവാദികളെ പിന്തുണക്കുന്നു എന്ന ആരോപണം നിഷേധിച്ചു. സുഡാനും തെക്കന്‍ സുഡാനും തമ്മില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
സുഡാനില്‍ നടക്കുന്ന പ്രശനങ്ങള്‍ സംബന്ധിച്ച് സുരക്ഷാ കൗണ്‍സിലുമായി നടത്തിയ ചര്‍ച്ചയിലാണ് യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷമാണ് സുഡാനില്‍ നിന്ന് തെക്കന്‍ സുഡാന് സ്വാതന്ത്രമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: