2013 ഏപ്രില്‍ മുതല്‍ സര്‍ക്കാരില്‍ ജോലി ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നിലവിലുള്ള പെന്ഷന് സ്കീം ബാധകമാവില്ല. പുതിയ തീരുമാനമനുസരിച്ച് പെന്ഷന് ഫണ്ടില്‍ മാസശമ്പളത്തിന്റെ പത്ത് ശതമാനം ജീവനക്കാരനും തത്തുല്യമായ തുക സര്‍ക്കാരും നിക്ഷേപിക്കും. അതില്‍നിന്ന് പ്രസ്തുത ജീവനക്കാരന് പെന്ഷന് പറ്റി പിരിയുമ്പോള്‍ നിശ്ചിത തുക പെന്ഷനായിലഭിക്കും. ഈ തുക വിപണിയടക്കം എവിടെ നിക്ഷേപിക്കണമെന്ന് ജീവനക്കാരന് തീരുമാനിക്കാം. ഓഹരിയില്‍ നിക്ഷേപിച്ചാല്‍ നിക്ഷേപിക്കുന്ന സര്‍ക്കാരും ജീവനക്കാരനും കുത്തുപാളയെടുക്കും. ഊഹാപോഹങ്ങള്‍ക്ക് വിധേയവും വമ്പന്‍സ്രാവുകള്‍ക്ക് വെട്ടിവിഴുങ്ങുവാനുമുള്ള ഇടമായ വിപണിയില്‍ ജീവനക്കാരന് നിക്ഷേപിക്കുവാന്‍ മടിക്കുമെന്നതിനാല്‍ തുക കുറഞ്ഞാലും വിശ്വസ്ഥ സ്ഥാപനങ്ങളെ ധൈര്യമായി ആശ്രയിക്കാം എന്ന് കരുതി ജീവനക്കാരന് നിക്ഷേപം ഒരു ദേശസാല്‍കൃത ബാങ്കില്‍ (വിശ്വസ്ത സ്ഥാപനത്തില്‍) ഫിക്സഡ് ഡെപ്പോസിറ്റായി ഇടുവാനുള്ള ഓപ്ഷന് സ്വീകരിക്കുന്നുവെന്ന് കരുതുക. ബാങ്ക് പത്ത് ശതമാനം പലിശ നിശ്ചയിക്കുന്നു എന്നും കരുതുക. ജീവനക്കാരന് പത്ത് വര്‍ഷം കഴിഞ്ഞാല്‍ സര്‍വ്വീസില്‍നിന്നും പിരിഞ്ഞുപോകും എന്നും കരുതുക. ജീവനക്കാരന്റെ ശമ്പളം പ്രതിവര്‍ഷം 10 ശതമാനം വര്‍ധിക്കുന്നു എന്നും കരുതുക. ജീവനക്കാരന് പത്ത് വര്‍ഷം കഴിഞ്ഞ് പിരിയുമ്പോള്‍ 50 ശതമാനം തുക പിന്‍വലിക്കുവാന്‍ വ്യവസ്ഥയുണ്ടെന്നും കരുതുക. ബാക്കി തുകയ്ക്ക് 10 ശതമാനം പലിശ ബാങ്ക് നല്‍കുകയും ആ പലിശ തുക പ്രതിമാസം പെന്‍ഷനായി ജീവനക്കാരനും സ്വീകരിക്കാം എന്ന വ്യവസ്ഥയും ഉണ്ടെന്ന് കരുതുക. പ്രസ്തുത ജീവനക്കാരന് പെന്ഷണര് ആകുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന പെന്‍ഷനും മറ്റും നമുക്ക് വിചിന്തനം ചെയ്യാം. താഴെ ചേര്‍ത്ത പട്ടിക ശ്രദ്ധിക്കുക.
പത്താം വര്‍ഷത്തെ, അതായത് പെന്ഷന് പറ്റി പിരിയുമ്പോള്‍, ലഭ്യമാകുന്ന തുക 11,31,814. പകുതി പിന്‍വലിച്ചാല്‍ ബാക്കി 5,65,907 രൂപയ്ക്ക് പത്ത് ശതമാനം പലിശ നിരക്കില്‍ ബാങ്ക് പെന്ഷന് പണം നല്കിയാല് മരണംവരെ പെന്‍ഷണര്‍ക്ക് 565907ഃ10/100ഃ1/12=4715 രൂപ പ്രതിമാസം ലഭിക്കും. നിലവില്‍ പെന്ഷന് തുക 47,159 ന്റെ പകുതി 23,580 രൂപ ലഭിക്കുന്നിടത്ത് 4715 രൂപ പെന്‍ഷനായി ലഭിക്കും. അഞ്ചിലൊന്ന് തുക!
പെന്ഷണര് മരിച്ചാല്‍ സ്വാഭാവികമായും സര്‍ക്കാര്‍ നിക്ഷേപതുക സര്‍ക്കാരില്‍ ലയിക്കുമോ? അതിനാണ് സാധ്യത. കാരണം പകുതി തുകയേ ജീവനക്കാരന്റേതായി നിക്ഷേപമുള്ളൂ. ബാക്കി തുക സര്‍ക്കാര്‍ നിക്ഷേപമാകുന്നു. സര്‍ക്കാരിനിത് യുക്തംപോലെ ചെയ്യാം. പെന്ഷണര് പെന്ഷന് പറ്റിയതിന്റെ പിറ്റേന്ന് മരിച്ചാല്‍ മരണമടഞ്ഞ ജീവനക്കാരന്റെ വിധവയടക്കമുള്ള കുടുംബത്തിന് ഫാമിലി പെന്ഷന് ലഭ്യമാകുമോ? ഇതെല്ലാം ഭരിക്കുന്ന സര്‍ക്കാരിന്റെ തത്സമയ മനോഭാവത്തിനനുസരിച്ചിരിക്കും. കേരളത്തില്‍ അഞ്ച് കൊല്ലം കൂടുമ്പോള്‍ ഭരണത്തിന്റെ രീതി മാറാറുള്ളത് അനുഭവമാണല്ലോ?
2013 ഏപ്രില്‍ മുതല്‍ പിഎസ്സി മുഖേന സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുവാന്‍ നിയുക്തരാവുന്നവരെ കാത്തിരിക്കുവാന് സാധ്യതയുള്ള ദുര്‍മുഖമാണ് മേല്‍ വിവരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സേവനമനോഭാവം വെടിയുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് കേരളത്തില്‍ നടപ്പിലാവാന്‍ പോകുന്ന പെന്ഷന് ഫണ്ട് പദ്ധതി.
ആശുപത്രിയിലുണ്ടായിരുന്ന സേവന മനോഭാവം വെടിഞ്ഞതിന്റെ ഫലമാണ് ദാരിദ്ര്യത്തിന്റെ പരകോടിയില്പ്പെട്ട കുടുംബങ്ങളിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യാ ഭീഷണിയുമായി സമരരംഗത്ത് പുതിയ മുഖം പെട്ടെന്ന് വെട്ടിത്തുറന്നത്. സര്‍ക്കാര്‍ പോലും പ്രതീക്ഷിച്ചതല്ല ഈ പുതിയ സമരായുധം. അള മുട്ടിയാല്‍ ചേരയും തിരിഞ്ഞു കടിക്കും. സമരം ഒത്തുതീര്‍ന്നിട്ടും സമരം ചെയ്തവര്‍ക്ക് നേരെ നിയമദണ്ഡ് ആഞ്ഞ് വീശുമ്പോള്‍ സര്‍ക്കാരിന്റെ പതര്‍ച്ച പ്രത്യേകം ശ്രദ്ധിക്കുക. സമരം ജീവനക്കാരും മാനേജ്മെന്റും തമ്മിലാണ്. സര്‍ക്കാര്‍ ഇതില്‍ കക്ഷിയല്ല എന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ആത്മഹത്യാ ഭീഷണി മുഴക്കി കാര്യം നേടിയെടുക്കാന്‍ തുടങ്ങിയാല്‍ ലോകം എവിടെ ചെന്നവസാനിക്കും എന്നതാകുന്നു മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ കേസെടുക്കാനുള്ള കാരണമായി പറയപ്പെടുന്നത്. ഈ കേസെടുക്കലില്‍ മനം നൊന്ത് പെണ്കുട്ടികളിലാരെങ്കിലുമോ അവരുടെ ബന്ധുമിത്രാദികളോ ആത്മഹത്യ ചെയ്താല്‍ ആര് സമാധാനം പറയും? മാനേജ്മെന്റോ സര്‍ക്കാരോ?
സര്‍ക്കാരുകള്‍ സേവനമനോഭാവം കൈവെടിഞ്ഞതിന്റെ പരിണിത ഫലമല്ലേ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചു കയറുന്നതിന് കാരണം? നിത്യോപയോഗ സാധനങ്ങളുടേതടക്കം എല്ലാ വസ്തുക്കളുടേയും വിലക്കയറ്റത്തിന് അടിസ്ഥാന ഘടകം പെട്രോളിന്റേയും ഡീസലിന്റെയും വില വര്‍ധനവാണെന്ന് ഏവര്‍ക്കുമറിയാം. ഈ വിലക്കയറ്റം കര്ഷകന് ഗുണപ്രദമെന്ന് പുതിയ ഭാഷ്യം.
മഞ്ഞും മഴയും വെയിലും വകവെക്കാതെ വയലേലകളില്‍ വേലയെടുത്ത് ആത്മഹത്യ ചെയ്യാന്‍ വിധിക്കപ്പെട്ട കര്‍ഷകന്റെ ദാരുണമുഖം സര്‍ക്കാര്‍ നയകോവിദന്മാര്‍ സ്വപ്നത്തിലെങ്കിലും കണ്ടിരുന്നെങ്കില്‍! കാര്‍ഷിക രംഗത്തുനിന്നും സര്‍ക്കാരിന്റെ സേവനമനോഭാവം പിന്‍വലിഞ്ഞതിന്റെ പരിണിതഫലമാണ് കര്‍ഷക ആത്മഹത്യകള്‍. കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍ക്ക് നല്കുന്ന ശ്രദ്ധയും കാരുണ്യവും കാര്‍ഷികരംഗത്ത് നല്കിയെങ്കില്!
വിദ്യാഭ്യാസ രംഗത്തുനിന്നും സര്‍ക്കാരിന്റെ സേവനമനോഭാവം പിന്‍വലിഞ്ഞതിന്റെ പരിണാമമല്ലേ എഞ്ചിനീയറിംഗ്-മെഡിക്കല്‍ കോളേജുകളിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ അധഃപതനത്തിന് കാരണം? പതിനായിരക്കണക്കിന് അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടേയും കുടുംബാംഗങ്ങളുടേയും ഭാവി എന്താകുമെന്ന് സര്ക്കാര്ചിന്തിക്കേണ്ടതല്ലേ? ലക്ഷക്കണക്കിന് രൂപ ഇവര്‍ നിക്ഷേപമായി നല്കിയതല്ലേ? സേവന മനോഭാവത്തില്‍നിന്നും സര്‍ക്കാര്‍ നിഷ്ക്രമിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തിന്റെ ഭയാനക രൂപത്തിന് ഉദാഹരണമാണ് എഞ്ചിനീയറിംഗ്-മെഡിക്കല്‍ രംഗത്തുണ്ടായ ലജ്ജാവഹമായ നിലവാരത്തകര്‍ച്ച.
ഒരു മനുഷ്യായുസ്സിന്റെ വലിയൊരു ഭാഗം വിദ്യാഭ്യാസത്തിനും ശിഷ്ടഭാഗം സര്‍ക്കാര്‍ സേവനത്തിനും നീക്കിവെച്ചശേഷം വാര്‍ദ്ധക്യത്തില്‍ രോഗവും അവശതയും ഏകാന്തതയും സമ്മാനിക്കുന്ന ക്ലേശഭുയിഷ്ടമായ ബാക്കി പത്രത്തില്‍ സര്‍ക്കാര്‍ നാളിതുവരെ നല്‍കിയിരുന്ന സേവന മനഃസ്ഥിതി തുടച്ചുമാറ്റപ്പെടുമ്പോഴുണ്ടാകുന്ന സന്നിഗ്ദ്ധാവസ്ഥ കേവലം വ്യക്തികളെ മാത്രമല്ല കുടുംബങ്ങളേയും തദ്വാരാ സമാജജീവിതത്തേയും ദാരുണമായി ബാധിക്കും എന്ന് വിവേകത്തോടെ ഓര്‍ക്കുക. സര്‍ക്കാര്‍ ജീവനക്കാരന് നല്കുന്ന ശമ്പളവും പെന്‍ഷനും ഈ കൊച്ചു കേരളത്തിലെ വിപണന ശാലയില്‍ അവര്‍ തിരിച്ചു നല്കുന്നു. അതുവഴി വാണിഭം തൊഴിലാക്കിയവര്‍ക്കും കാര്ഷികവൃത്തിയില്പ്പെട്ടവര്ക്കും തിരികെ ലഭിക്കുന്നു. ഇതൊരു ചാക്രിക വ്യവസ്ഥയാണ്. ചക്രത്തിന്റെ ഈ കണ്ണിയില്‍ ഒരെണ്ണം ദുര്‍ബലമാകുമ്പോള്‍ സംഭവിച്ചേക്കാവുന്ന ചിത്രം ശോഭനമാവുകയില്ല; ഓര്‍ക്കുക.
അതുകൊണ്ട് സമയം വൈകിയിട്ടില്ല. പ്രഖ്യാപിത പെന്ഷന് ഫണ്ട് സ്കീമില്‍നിന്നും സര്‍ക്കാര്‍ പിന്മാറണം. നിലവിലെ പെന്ഷന് സ്കീം സര്‍ക്കാരിന്റെ സേവനമനോഭാവത്തിന്റെ പ്രകടിത രൂപമാകുന്നു. സര്‍ക്കാര്‍ ജീവനക്കാരുടേയും പരോക്ഷമായി സമൂഹത്തിന്റേയും ഭാവി ജീവിതം പന്താടരുത്. ഊഹാപോഹക്കാരുടെ കൈകളിലേക്ക് തള്ളിവിടരുത്. ലക്ഷക്കണക്കിന് കുടുംബാംഗങ്ങളുടെ ഭാവി വഴിയാധാരമാക്കരുത്. തത്തുല്യമായ പ്രാധാന്യമര്‍ഹിക്കുന്ന പ്രതിപക്ഷ നിലപാടിനും. അവര്‍ പുതിയ സ്കീമിനെ അംഗീകരിക്കുന്നുവോ അതോ അപലപിക്കുന്നുവോ? ഉണ്ടെങ്കില്‍ ഏതുവരെ? അവര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രഖ്യാപിത സ്കീം വേണ്ടെന്ന് വെയ്ക്കുമോ? പഴയ സ്ഥിതി തുടരുമോ? പൊതുജനങ്ങള്‍ക്ക് അറിയുവാന്‍ താല്‍പ്പര്യമുണ്ടാവും; തീര്‍ച്ച.
കെ.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: