മാറാട് കൂട്ടക്കൊലക്കേസ് സിബിഐക്ക് വിടാനുള്ള യുഡിഎഫ് തീരുമാനം വൈകിയുദിച്ച വിവേകവും പ്രത്യക്ഷത്തില്‍ സ്വാഗതാര്‍ഹവുമാണ്. മാറാട് കൂട്ടക്കൊലക്കേസില്‍ കീഴ്കോടതി വെറുതെ വിട്ട പ്രതികളില്‍ 24 പേര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം കഠിനശിക്ഷയാണ് വിധിച്ചത്. എട്ട് പേര് കൊല്ലപ്പെട്ട മാറാട് കേസില്‍ 139 പേര് വിചാരണ ചെയ്യപ്പെട്ടിരുന്നു. ഈ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി പറഞ്ഞത് മാറാട് കൊലക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിനെപ്പറ്റി സമഗ്ര അന്വേഷണം അനിവാര്യമാണെന്നുമായിരുന്നു. മാറാട് സംഭവത്തില്‍ മുസ്ലീം ലീഗും എന്‍ഡിഎഫും സംശയത്തിന്റെ നിഴലിലായിരുന്നു. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിലും മുസ്ലീം ലീഗ് നേതാക്കളായ പി.പി.മൊയ്തീന് കോയയും മായിന്‍ ഹാജിയും ഇടം നേടിയിരുന്നു. ഈ ജുഡീഷ്യല്‍ അന്വേഷണവും സിബിഐ അന്വേഷണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. പക്ഷെ അതിനെ എതിര്‍ത്തത് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിയും പി.കെ.കുഞ്ഞാലിക്കുട്ടിയുമായിരുന്നു. സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടായിനിന്ന് മുസ്ലീംലീഗിനെ സംരക്ഷിക്കാനായിരുന്നു ശ്രമിച്ചത്. ഇപ്പോള്‍ ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ സിബിഐ അന്വേഷണ ആവശ്യം ശക്തമായതോടെ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ ഗൂഢാലോചന, തീവ്രവാദബന്ധം, സാമ്പത്തിക സ്രോതസ്സ്, ആയുധങ്ങളുടെ ഉറവിടം എന്നിവയെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ശുപാര്‍ശകള്‍ മരവിപ്പിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണവും കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, വര്‍ഗീയ കലാപത്തിന് പ്രേരണ എന്നീ കുറ്റങ്ങള്‍ മുസ്ലീംലീഗ് നേതാക്കളില്‍ ചുമത്തിയെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടു.
സിപിഎം സെക്രട്ടറി പിണറായി വിജയന് സിബിഐ അന്വേഷണം അനിവാര്യമാണെന്നും മാറാട് വധത്തിലെ ഗൂഢാലോചനയുടെ വേരുകള്‍ വിദേശത്തും ഉള്ളതിനാല്‍ സംസ്ഥാന ഏജന്‍സി പോര എന്നും പ്രസ്താവിക്കുകയുണ്ടായി. യുഡിഎഫ് സഖ്യകക്ഷിയായ മുസ്ലീംലീഗ് കേന്ദ്രഭരണത്തെ സ്വാധീനിച്ച് അന്വേഷണം വരുന്നത് തടയുകയായിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണത്തിനുത്തരവിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസ് നേതൃത്വം കാണിക്കേണ്ടതാണെന്നാണ് പിണറായി പറഞ്ഞത്. ഇതേ പിണറായിതന്നെയാണ് മാറാട് ജുഡീഷ്യല്‍ കമ്മീഷനില്‍ ഹാജരായി സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞത്. മാറാട് കൊന്നവരെ കണ്ടെത്തിയ പോലീസിന് കൊല്ലിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് അരയസമാജവും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു.ഇതുവരെ ഉത്തരവിറക്കാത്ത സര്‍ക്കാര്‍ നടപടി നിശിത വിമര്‍ശനത്തിന് വിധേയമായിരുന്നു. മുസ്ലീംലീഗും സിപിഎമ്മും ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് അനുകൂല നിലപാടെടുത്തിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞിട്ടുള്ളത് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം ആകാമെന്നാണ്. മാറാടിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഗൂഢാലോചനയ്ക്ക് വിദേശത്തുപോലും വേരോട്ടമുണ്ടെന്ന തിരിച്ചറിവില്‍ ഇനി എങ്കിലും കോടതിയും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്ന സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്രയും വേഗം ഉത്തരവിടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: