ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം ഉത്തേജിക്കപ്പെടുമ്പോള്‍ ആനന്ദം ഉണ്ടാകുന്നു. നിങ്ങളുടെ ആത്മാവ് ഉത്തേജിക്കപ്പെടുമ്പോള്‍ സ്നേഹം ഉണ്ടാകുന്നു. സ്നേഹത്തിന് അവസാനമില്ല. പലപ്പോഴും ആനന്ദമാണ് സ്നേഹമെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അവ തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടത് ആവശ്യമാണ്.
ഭാഗ്യവാന്മാര്ക്ക് മാത്രമേ അത് മാനസിലാകൂ. നാവിലെ ഉത്തേജിപ്പിക്കാന്‍ സംഗീതം, കണ്ണിനെ ഉത്തേജിപ്പിക്കാന്‍ കാഴ്ചകള്‍. സാധന, സത്സംഗം ഇവയാണ് ആത്മാവിനെ ഉത്തേജിപ്പിക്കുന്നത്. ഒരാള്ക്കാവശ്യം അതാണ്. അതുമാത്രമാണ്. അതിനെക്കുറിച്ച് ചെറിയ, നേരിയ ഒരു അംശം അറിഞ്ഞാല്‍പോലും ജീവിതം നന്നായി മുന്നോട്ടുപോകും. മറ്റുള്ള ഉത്തേജനങ്ങള്‍ വെറും ഉപരിതലത്തില്‍ മാത്രമാണ്. ആത്മാവിന്റെ ഉത്തേജനം നമ്മില്‍ ഊര്‍ജ്ജം നിറയ്ക്കുമ്പോള്‍, ശരീരത്തിന്റെ (ബാഹ്യമായി) ഉത്തേജനം നമ്മെ ക്ഷീണിതരാക്കുന്നു. എല്ലാ ഉത്തേജനങ്ങളും ആത്മാവിലേക്ക് എത്തണം. അപ്പോള്‍ നിങ്ങള്‍ ശ്രവിക്കുന്ന സംഗീതം നിങ്ങളെ സംഗീതത്തിനപ്പുറത്തേക്ക് കൊണ്ടുപോകും. ജ്ഞാനം കേള്‍ക്കുമ്പോള്‍ അത് നിങ്ങളെ ആഴത്തിലുള്ള മൗനത്തിലേക്ക് നയിക്കും.
ആഗ്രഹങ്ങള്‍, സ്വത്വബോധം, പ്രവൃത്തികള്‍ ഇവ മൂന്നും നിങ്ങളാകുന്ന ഒരു ഊര്‍ജ്ജത്തിന്റെ പ്രതിരൂപങ്ങളാണ്. ഇതിലൊന്നുമാത്രമേ ഒരു സമയത്ത് ഉയര്ന്നുനില്ക്കുകയുള്ളൂ. ആഗ്രഹം മൂര്‍ദ്ധന്യാവസ്ഥയിലാണെങ്കില്‍ സ്വത്വബോധം ഏറ്റവും താഴത്തെ തട്ടിലായിരിക്കും. അതുകൊണ്ടാണ് ചിന്തകന്മാരും മറ്റും സന്യാസത്തേയും ആഗ്രഹങ്ങളെ കൈവിടേണ്ടതിന്റെ ആവശ്യകതയെയും ഊന്നിപ്പറഞ്ഞിട്ടുള്ളത്. സ്വത്വബോധം ഉയര്ന്നുനില്ക്കുമ്പോള് നിങ്ങളില്‍ ആനന്ദം നിറയുന്നു. ആഗ്രഹങ്ങള്‍ ഉയര്‍ന്നു നില്ക്കുമ്പോള് ദുഃഖവും പിരിമുറുക്കവും അനുഭവിക്കേണ്ടിവരുന്നു.
ഇനി പ്രവൃത്തികള്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴോ അസ്വസ്ഥതകളും അസുഖങ്ങളുമാണ് ഫലം. എന്നാല്‍ ആ പ്രവൃത്തികള്‍ ആത്മാര്‍ത്ഥമായി ദൈവികതയിലേക്കാണെങ്കില്, അല്ലെങ്കില്‍ സാമൂഹ്യ നന്മയ്ക്കുവേണ്ടിയാണെങ്കില്‍, നിങ്ങളുടെ ബോധം തന്നത്താന്‍ ഉയര്‍ത്തപ്പെടുന്നു. അതോടൊപ്പം ‘സ്വത്വ’ത്തെക്കുറിച്ചുള്ള ജ്ഞാനവും ലഭിക്കുന്നു. ഒരു വസ്തുവിനെ സ്നേഹിക്കുമ്പോള്‍, അതുമായി ഒരു അടുപ്പം നിങ്ങള്‍ അനുഭവിക്കുന്നു. നിങ്ങളോട് ആ അടുപ്പമുള്ളതുകൊണ്ടുമാത്രമാണ് നിങ്ങള്‍ക്കതിനെ സ്നേഹിക്കാന്‍ കഴിയുന്നത്. നിങ്ങളുടേതല്ലെങ്കില്‍ നിങ്ങള്‍ക്ക് സ്നേഹിക്കാനാകില്ല. സ്വത്വത്തിന്റെ നിഴലാണ് സ്നേഹം. സ്വത്വം എത്രയും വലുതാണോ അത്രയും വലുതാണ് സ്നേഹം.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: