കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണം മറൈന്‍ഡ്രൈവില്‍ ഈ മാസം 13ന് രാവിലെ 10ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് അന്നേ ദിവസം 22 മെട്രോ സ്റ്റേഷന് പരിസരങ്ങളിലും മധുര പലഹാര വിതരണവും വിപുലമായ പ്രചരണ പരിപാടികളും സംഘടിപ്പിക്കും. ഫിഷറീസ് എക്സൈസ് മന്ത്രി കെ.ബാബുവിന്റെ അധ്യക്ഷതിയില്‍ ഗസ്തൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മെട്രോ റെയില്‍ പ്രദേശത്തെ ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പെടെ ജീവിതത്തിന്റെ നാനാതുറകളിലുമുള്ള 1200 ഓളം പേര് ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇവര്‍ക്കെല്ലാം നാളെ തന്നെ ക്ഷണക്കത്തുകള്‍ നല്കാന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി ഇതിനകം ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പധികൃതര്‍ അറിയിച്ചു. വൈറ്റില-കുണ്ടന്നൂര്‍ റോട്ടിലെ അറ്റകുറ്റപ്പണി ആരംഭിച്ചതായും ഇവിടെ തെരുവുവിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടി തുടങ്ങിയതായും അവര്‍ പറഞ്ഞു. കുണ്ടന്നൂര്‍ ജംഗ്ഷന്, അണ്ടര്‍പാസ്, എ.ടി.എസ് ജംഗ്ഷന് മുതല്‍ ഹാര്‍ബര്‍പാലം വരെയുള്ള പ്രദേശങ്ങളിലെല്ലാം വിളക്കുകള്‍ കത്തിക്കാന്‍ നടപടിയെടുക്കും.
യോഗത്തില്‍ മേയര്‍ ടോണി ചമ്മണി, എംഎല്‍എമാരായ ഹൈബി ഈഡന്, ബെന്നി ബെഹനാനന്‍, എസ്.ശര്‍മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ഐ.ജി കെ.പത്മകുമാര്‍, നഗരസഭാധ്യക്ഷന്മാരായ ആര്.വേണുഗോപാല്‍, ടി.കെ.ദേവരാജന്‍, പി.ഐ.മുഹമ്മദാലി, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജില്ല പോലീസ് ചീഫ് ഇന്‍ചാര്‍ജ് ഗോപാലകൃഷ്ണപിള്ള, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ്, എറണാകുളം സബ് കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, എ.ഡി.എം ബി.രാമചന്ദ്രന്, ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: