സ്വന്തം ആത്മാവ് പരമാത്മാവ് തന്നെയാണെന്നും അനശ്വരവും പുണ്യവും പവിത്രവും ദിവ്യവുമായ ചൈതന്യമാണെന്നും ഉള്ളില്‍ ഉറപ്പായി വിശ്വസിക്കുക. ആ വിശ്വാസം നിങ്ങള്‍ക്ക് പതറാത്ത ധൈര്യവും നിലയ്ക്കാത്ത ശക്തിയും നല്‍കും. എന്നും എല്ലാവരേയും സ്നേഹിക്കാനും ബഹുമാനിക്കാനും ശീലിക്കുക. ഏത് തരക്കാരേയും ഏത് ബാലിശമായ അഭിപ്രായത്തേയും ഏത് പ്രത്യേകതയേയും ഏത് വിലക്ഷണസ്വഭാവത്തേയും സഹിക്കാന്‍ ശ്രമിക്കുക. ഉടനുടന്‍ പ്രതികരിക്കാനൊരുങ്ങുന്നതു ദൗര്‍ബല്യത്തിന്റെ ലക്ഷണമാണ്. അന്യരുമായുള്ള ബന്ധം സ്നേഹത്തില്‍ അധിഷ്ഠിതമാക്കുക ഭയത്തെ കീഴടക്കുക. സര്‍വോപരി നല്ലവനും സത്യസന്ധനും സല്സ്വഭാവിയുമാവുക. അങ്ങനെയായാല്‍പ്പിന്നെ ആരെ എന്തിന് ഭയപ്പെടണം?
ഹൃദയത്തിന്റെ തിരിയില്‍ ദിവ്യപ്രേമത്തിന്റെ തീനാളം കൊളുത്തുക. അത്യാഗ്രഹം, അസൂയ തുടങ്ങിയ ഈയാംപാറ്റകള്‍ അതിന്റെ ജ്വാലയില്‍ ചിറകു കരിഞ്ഞുവീഴേണ്ടെങ്കില് എങ്ങോ പറന്നകലട്ടെ. ശുദ്ധമായ പ്രേമം നിങ്ങളെ വിനയസമ്പന്നനാക്കും. മഹത്വത്തിന്റെ മുമ്പില്‍ തല കുനിക്കാന്‍ പഠിപ്പിക്കും. അഹന്തയുടെ ആധിക്യംമൂലം ചിലരുടെ കഴുത്ത് വളയുകയില്ല. ഓര്‍മ്മിക്കൂ. വിനയം മനുഷ്യനുമാത്രം വശമുള്ള വിശിഷ്ടഗുണമാണ്. ആ ഗുണം വലിയ നേട്ടങ്ങള്‍ക്ക് കാരണമാവും.
സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: