കൊച്ചി: ജില്ലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഡയറി ഫാമുകള്‍ സ്ഥാപിക്കുന്നതിനും മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതികള്‍ക്കുമായി 71 ലക്ഷം രൂപ ചെലവഴിക്കുമെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ വി.ഉണ്ണി അറിയിച്ചു. പുല്‍കൃഷി വ്യാപനത്തിന് 27.03 ലക്ഷം രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ഡയറി ഫാമുകള്‍ സ്ഥാപിക്കുന്ന പദ്ധതി പ്രകാരം രണ്ട്, അഞ്ച്, 10 പശുക്കള്‍, അഞ്ച്, 10, 20 കിടാരികള്‍ എന്നിവയുടെയും യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായം അനുവദിക്കും. കൂടാതെ 50 പേര്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായം, 80 ക്ഷീര കര്‍ഷകര്‍ക്ക് കറവയന്ത്രം മൂന്ന് ആധുനിക കാലിത്തൊഴുത്ത് നിര്‍മ്മാണം എന്നിവയ്ക്ക് പ്രത്യേക ധനസഹായവും അനുവദിക്കും.
ജില്ലയില്‍ മുന്‍വര്‍ഷം പാലുല്പാദനത്തില് 20.15 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും ഉല്പാദനത്തിന്റെ ഗ്രാഫ് താഴോട്ടായിരുന്നെങ്കില് കഴിഞ്ഞവര്‍ഷം ജില്ല ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും തൃത്താല പഞ്ചായത്തുകളുടെയും പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കിയതും പാല് വിലയിലെ ഗണ്യമായ വര്‍ധനവുമാണ് ഈ നേട്ടത്തിന് കാരണമായത്. കാര്‍ഷിക മേഖലയുടെ അടിസ്ഥാനമായ ക്ഷീര വികസന മേഖലയില്‍ വിവിധ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നതിന് അനുമതിയും ലഭിച്ചിട്ടുണ്ട്. ഗ്രാമീണ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് 6.75 ലക്ഷം രൂപ ചെലവഴിക്കും. പുല്കൃഷിത്തോട്ടങ്ങളില് ജലസേചന സൗകര്യം ഒരുക്കുന്നതിനും യന്ത്രവത്കരണത്തിനും 2.95 ലക്ഷം രൂപയും അസോളകൃഷി വ്യാപിപ്പിക്കുന്നതിന് 400 കര്‍ഷകര്‍ക്കായി രണ്ട് ലക്ഷവും അനുവദിക്കും. കൂടാതെ തീറ്റപ്പുല്വൃക്ഷവിളക്കുളള 5000 കുട തൈകള്‍ സൗജന്യമായി ക്ഷീര സംഘങ്ങള്‍ മുഖേന വിതരണം ചെയ്യും.
ക്ഷീര സഹകരണ സംഘങ്ങളുടെ നവീകരണ പദ്ധതിയില്‍പ്പെടുത്തി 40 ക്ഷീര സംഘങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 40,000 രൂപ വീതം അനുവദിക്കും. 250 ക്ഷീര സംഘം ജീവനക്കാര്‍ക്ക് ഫുഡ് സേഫ്റ്റി സംബന്ധിച്ച് പരിശീലനവും ഏഴ് ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് പാല് സംഭരണമുറി പണിയുന്നതിന് മൂന്ന് ലക്ഷം രൂപ വീതവും ധനസഹായം നല്‍കും. ഈയിനത്തില്‍ 30.26 ലക്ഷം രൂപയാണ് ഈവര്‍ഷം ചെലവഴിക്കുക. ഇന്‍ഷ്വര്‍ ചെയ്യാത്ത കറവമാടുകള്‍ ചത്തുപോകുന്നതു മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന ധനനഷ്ടം കുറയ്ക്കുന്നതിന് കണ്ടിജന്‍സി ഫണ്ടില്‍ നിന്നും 5000 രൂപ വീതം ധനസഹായം അനുവദിക്കും. നിലവില്‍ നടപ്പാക്കിവരുന്ന 153 ലക്ഷം രൂപയുടെ അധിക കേന്ദ്ര സഹായ പദ്ധതിക്ക് പുറമെയാണ് തുക അനുവദിച്ചിട്ടുളളത്.
ക്ഷീര കര്‍ഷക ക്ഷേമനിധി മുഖേന ക്ഷീര കര്‍ഷകര്‍ക്ക് പെന്ഷന്, കുടുംബ പെന്ഷന്, ബ്ലോക്ക് തലത്തില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍, വിവാഹ ധനസഹായം, ക്ഷീര സുരക്ഷ ഇന്‍ഷ്വറന്‍സ്, മരണാനന്തര ധനസഹായം എന്നീ പദ്ധതികളും കര്‍ഷക കുടുംബങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ക്ഷീര സംഘത്തില്‍ പാല് നല്കുന്നതില് 2000 കര്‍ഷകരുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
ക്ഷീര വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് താത്പര്യമുളളവര്് തൊട്ടടുത്ത ക്ഷീര സഹകരണ സംഘം മുഖേനയോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്ഷീര വികസന യൂണിറ്റാഫീസില് നേരിട്ടേ അപേക്ഷ സമര്‍പ്പിക്കണം. ജില്ലയില്‍ നടപ്പാക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ മുഖേന ജില്ലയില്‍ നടപ്പുവര്‍ഷം 15 ശതമാനം ഉല്പാദന വര്‍ധനവിനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: