കേരളത്തിന് ശുഭകരമാകുന്ന ഒരു സംഭവവികാസത്തിന് നാന്ദികുറിച്ചിരിക്കുകയാണ്. ശ്രീനാരായണഗുരുദേവന്റെ ദര്ശനപ്പെരുമയും മന്നത്ത് പത്മനാഭന്റെ ദൂരക്കാഴ്ചയും സമന്വയിച്ച് ഒരു ഐക്യപാത രൂപപ്പെടാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. അതിന്റെ തുടക്കമാണ് കഴിഞ്ഞദിവസം മധ്യകേരളത്തില്‍ നടന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ഒപ്പുവെച്ച നയരേഖ ശ്രദ്ധേയമായിരിക്കുകയാണ്. കേരളത്തിന്റെ ബഹുമുഖമായ വളര്‍ച്ചയില്‍ ഭാഗഭാക്കായി ഇരു സമുദായവും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നാളിതുവരെ കാഴ്ചവെച്ചത്. ഒന്ന് മറ്റൊന്നിനേക്കാള്‍ മേലെയെന്നോ താഴെയെന്നോ കരുതിക്കൊണ്ടുള്ള നിലപാടുകള്‍ ഇരു പ്രസ്ഥാനത്തിന്റെയും നേതൃനിര ഇന്നോളം കൈക്കൊണ്ടിരുന്നില്ല. എന്നാല്‍ അങ്ങനെയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കുത്സിത ശ്രമം വ്യാപകമായുണ്ടായിരുന്നു. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ അതിന് വേണ്ടി അക്ഷീണം പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതുവഴി നേട്ടം കൊയ്തവര്‍ ഈ പ്രസ്ഥാനങ്ങളെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.
കടുത്ത ശത്രുതയുടെ വൈറസുകള്‍ സമൂഹത്തില്‍ പടര്‍ത്താന്‍ നോമ്പുനോറ്റിരിക്കുന്നവര്‍ക്ക് ഇരു പ്രസ്ഥാനങ്ങളും അടുക്കുന്നത് ഏറെ വിഷമം സൃഷ്ടിച്ചിരുന്നു. ഭൂരിപക്ഷം വരുന്ന ജനസമൂഹത്തെ പുറമ്പോക്കില്‍ നിര്‍ത്തി നേട്ടം കൊയ്യുന്നവര്‍ എന്‍എസ്എസ്- എസ്എന്‍ഡിപി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അര്‍ഹിക്കുന്നത് പോലും കിട്ടാതിരിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. അതിലവര്‍ വലിയൊരളവ് വരെ വിജയിക്കുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ ഇത്തരം ക്ഷുദ്രപ്രവര്‍ത്തനങ്ങളുടെ അടിവേര് കണ്ടെത്താനും പിഴുതെറിയാനും വേണ്ടത്ര ശ്രദ്ധിച്ചില്ല. അതുതന്നെയായിരുന്നു നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ വിജയവും.
അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനുള്ള ഇരു സമുദായമുന്നണികളുടെയും തീരുമാനത്തെ സാക്ഷരകേരളം സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നേരത്തെ സൂചിപ്പിച്ച ശക്തികള്‍ക്കാണ് പുതിയ തുടക്കം ഏറെ വിഷമം സൃഷ്ടിക്കുക. നാളിതുവരെ തങ്ങളുടെ ദുശ്ശാഠ്യസമീപനത്തില്പ്പെട്ട് നിസ്സംഗരായിരിക്കുന്നവര്ക്ക് പുതിയ കര്മ്മചൈതന്യമാണ് ലഭ്യമായിരിക്കുന്നത്. ഇത് ഉണര്‍വിന്റെ ഊര്‍ജസ്രോതസ്സായി അവരുടെ മുമ്പില്‍ അവതീര്ണമായിരിക്കുകയാണ്. ദുഷ്ടലാക്കോടെ സമുദായത്തെ കളിപ്പാട്ടമാക്കിയ രാഷ്ട്രീയ ശക്തികള്‍ക്കും പുതിയ തുടക്കം സംഭ്രമജനകമായ മാനസികാവസ്ഥയായിരിക്കും സമ്മാനിക്കുക. കാലത്തിന്റെ അനിവാര്യതയിലേക്ക് അടിവെച്ചടിവെച്ച് മുന്നേറാനുള്ള ഒരു ശക്തി പ്രകൃത്യാതന്നെ ഇരുസംഘടനകള്‍ക്കും കിട്ടിയത് ഒരര്‍ത്ഥത്തില്‍ ഭാഗ്യമാണ്.
തങ്ങളുടെ നേട്ടത്തിനുവേണ്ടി ഏതറ്റം വരെയും പോകാനുള്ള രാഷ്ട്രീയ കക്ഷികളുടെ സൃഗാലതന്ത്രത്തിനു മുന്നില്‍ നിസ്സഹായമായിപ്പോവുന്ന ഒരന്തരീക്ഷമാണ് മുമ്പുണ്ടായിരുന്നത്. ഓരോ തെരഞ്ഞെടുപ്പിനു മുമ്പും സമുദായ നേതാക്കളെ ഒളിഞ്ഞും തെളിഞ്ഞും കാണുന്ന രാഷ്ട്രീയ നേതൃനിര, തങ്ങള്‍ക്ക് അധികാരം കിട്ടുന്നതോടെ അത് മറക്കുകയാണ് പതിവ്. കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ തള്ളാന്‍ സൗകര്യമാണ് എന്നതു തന്നെ കാരണം. സംഘടിച്ച് ശക്തരാവുക എന്ന മുദ്രാവാക്യം ഹൃദയത്തിലുണ്ടെങ്കിലും അത് പ്രായോഗികതലത്തില്‍ എത്തിക്കുന്നതിന് ഒട്ടേറെ പ്രയാസങ്ങളുണ്ടായിരുന്നു. ഭൂരിപക്ഷ സമുദായത്തെ അകറ്റിനിര്‍ത്താന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് എന്നും കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം. അവരുടെ നേട്ടത്തിന്റെ വഴിയില്‍ കരുത്തായി നിന്ന സാമുദായിക സംഘടനകള്‍ ഒടുവില്‍ ഒറ്റപ്പെട്ടുപോവുന്ന അവസ്ഥ വന്നു ചേരുകയും ചെയ്തു.
ഇത്തരം ഒരുപാട് ദുരനുഭവങ്ങള്‍ ഏല്‍പ്പിച്ച പൊള്ളലില്‍ നിന്ന് വിമുക്തി നേടാനുള്ള ശ്രമങ്ങള്‍ എന്‍എസ്എസ്സും എസ്എന്‍ഡിപിയും നടത്തിയിരുന്നെങ്കിലും അത് പൂര്‍ണമായും ഫലവത്തായിരുന്നില്ല. അതിന്റെ പ്രധാനകാരണം ഇരുസംഘടനകളും ഒറ്റക്കാണ് അത്തരം നീക്കങ്ങള്‍ നടത്തിയിരുന്നത് എന്നതിനാലാണ്. ഇത് രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരു തരത്തില്‍ ഗുണകരമാവുകയും ചെയ്തു. ദൂരക്കാഴ്ചയില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങളുടെ അപഹാസ്യമായ പിത്തലാട്ടങ്ങളില്‍ നിന്ന് കേരളത്തെ രക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായി ഇരു പ്രസ്ഥാനങ്ങളും കരുതിയതോടെയാണ് പുതിയ മാറ്റം ദൃശ്യമായിത്തുടങ്ങിയത്. അതിന്റെ പ്രതീക്ഷാഭരിതമായ ചുവടുവെപ്പാണ് ദീര്‍ഘദര്‍ശികളായ സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളി നടേശന്റെയും ഭാഗത്തുനിന്നുണ്ടായത്. കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്കും പ്രീണനമനശ്ശാസ്ത്രത്തിനും കെടുകാര്യസ്ഥതയ്ക്കും താക്കീതായി നില്ക്കാന് കെല്‍പ്പുള്ള സമാജശക്തിയായി ഈ മുന്നേറ്റം മാറുമെന്നത് തര്‍ക്കമറ്റ വസ്തുതയത്രെ.
ഭൂരിപക്ഷ സമുദായങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്കെതിരായാണ് ഈ നീക്കമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിക്കഴിഞ്ഞു. ഇരു സമുദായ നേതാക്കളും വേദി പങ്കിടുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് യോഗം ജനറല്‍ സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. ഫലത്തില്‍ രാഷ്ട്രീയ-സാമൂഹികമാറ്റത്തിന് വഴി തുറക്കുന്ന ഐക്യമാണ് ഇരുവരും തമ്മില്‍ ഒപ്പുവെച്ച നയരേഖയിലൂടെ സംഭവിക്കാന്‍ പോകുന്നത്. ഇതുവരെ വിറകുവെട്ടികളും വെള്ളം കോരികളുമായി ഇരുസമുദായത്തെയും മാറ്റിനിര്‍ത്തിയവര്‍ ഇനി രണ്ടുവട്ടം ആലോചിച്ചേ എന്തെങ്കിലും തീരുമാനമെടുക്കൂ.
ചവിട്ടിയരയ്ക്കപ്പെട്ട ആത്മാഭിമാനം സടകുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ അപകടം സംഭവിക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇരുസമുദായങ്ങളുടെയും ചരിത്രമറിയുന്നവര്‍ അത്തരം കുപ്രചാരണങ്ങളില്‍ വീഴില്ല. സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് ഒന്നിച്ച് മുന്നേറുകയെന്ന സത്യദീപ്തമായ പാതയാണ് ഇരുപ്രസ്ഥാനങ്ങളുടെയും മുന്നിലുള്ളത്. അര്‍ഹിക്കുന്നത് അവസാന ശ്വാസം വരെ പോരാടി നേടിയെടുക്കുക, അര്‍ഹിക്കാത്തതിന്റെ അരികില്‍ പോലും പോകാതിരിക്കുക എന്ന നയമാവും അവര്‍ സ്വീകരിക്കുക. അതിനേ അവര്‍ക്കാവൂ. വെളിച്ചം വിതറി കടന്നുപോയ തേജസ്വികളായ ആചാര്യന്മാരുടെ മാര്ഗനിര്ദ്ദേശമാണല്ലോ അവരെ നയിക്കുന്നത്. അതുകൊണ്ടു തന്നെ മുന്നേറ്റത്തിന്റെ മുന്നണിപ്പടയാളികളായി സമുദായത്തെയും അതുവഴി സമൂഹത്തെയും മാറ്റാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇരു പ്രസ്ഥാനങ്ങളും ഇനി കൈകോര്‍ക്കുക. പ്രീണനവും അതുവഴി അനാശാസ്യമായ ഒട്ടുവളരെ കീഴ്വഴക്കങ്ങള്‍ക്കും ഇടവെച്ച സര്‍ക്കാരിന്റെ ദുഷിച്ച നിലപാടുകള്‍ക്കെതിരെ കരുത്തിന്റെ കാവലാളാകാന്‍ ഈ ഐക്യത്തിന് കഴിയും; കഴിയണം. ശോഭനമായ ഭാവി സ്വപ്നം കാണുന്ന സമൂഹത്തിന് ആഹ്ലാദജനകമായ ഒരനുഭവമായി മാറാന്‍ ഈ ഐക്യത്തിന് കഴിയുമാറാകട്ടെ എന്നാണ് ഞങ്ങള്‍ക്ക് ആശംസിക്കാനുള്ളത്. പക്വതയും അനുഭവസമ്പത്തുമുള്ള എത്രയെത്രയോ നേതാക്കള്‍ ഇരു സമുദായത്തിലുമുള്ളതുകൊണ്ട് അതിലൊരു സംശയവുമില്ല. ശ്രീനാരായണഗുരുദേവനും മന്നത്താചാര്യനും വിഭാവനം ചെയ്ത കെട്ടുറപ്പും, ശാന്തിയും, സാമ്പത്തിക-വിദ്യാഭ്യാസ ഭദ്രതയും ഉള്ള ഒരു സമാജത്തെ വാര്‍ത്തെടുക്കാനുള്ള പരിശ്രമത്തിന് മേല്‍സൂചിപ്പിച്ച നയരേഖ കെടാവിളക്കായി തീരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: