കേരളം കണ്ട ഏറ്റവും വലിയ ടാങ്കര്‍ ലോറി ദുരന്തമാണ് കഴിഞ്ഞ തിങ്കളാഴ്ച കണ്ണൂരിലെ ചാലയിലുണ്ടായത്. ഓണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഉറങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് ആകസ്മികമായി ദുരന്തമെത്തുന്നത്. ആദ്യ ദിവസം ജീവന് നഷ്ടപ്പെട്ട വാര്‍ത്ത ഉണ്ടായില്ലെങ്കിലും പിന്നെപ്പിന്നെ മരണ നിരക്കാണ് വാര്‍ത്തയായത്. ഇതു വരെ 19 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അഞ്ചു കുടുംബത്തില്‍ പെട്ടവരെയാണ് മൂന്നു തവണ പൊട്ടിത്തെറിച്ചുണ്ടായ തീ ഗോളം നക്കിത്തുടച്ചത്. സാരമായി പൊള്ളലേറ്റ നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും കൂടരുതേ എന്നു പ്രാര്‍ഥിക്കാം. കത്തിക്കരിഞ്ഞ വീടുകളും കെട്ടിടങ്ങളും മൃഗങ്ങളും മരങ്ങളും ചാലയിലെ ദുരന്തത്തിന്റെ ഭീകരത വിളിച്ചോതുന്നതാണ്. ഒരിക്കലും മറക്കാനും മായ്ക്കാനും കഴിയാത്ത വേദനകളും അടയാളങ്ങളും ടാങ്കര്‍ ലോറി ദുരന്തം കണ്ണൂര്‍ ചാലയിലും കേരളത്തിനാകെയും നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംസ്ഥാന കേന്ദ്രമന്ത്രിമാരും എല്ലാ രാഷ്ട്രീയ നേതാക്കളും സാമൂഹ്യസാംസ്കാരിക പ്രവര്ത്തകന്മാരും പോലീസ് മേധാവികളുമൊക്കെ സംഭവസ്ഥലം കാണാനെത്തി. കണ്ണീരു വറ്റി ദുഃഖം ഘനീഭവിച്ച കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പോലും വാക്കുകളില്ലാത്ത അവസ്ഥയാണ് എല്ലാവര്ക്കും. സംസ്ഥാന സര്‍ക്കാര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും അന്വേഷണത്തിരക്കിലാണ്. കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്താന്‍ ആലോചിക്കുകയാണത്രെ. എല്ലാ അന്വേഷണങ്ങളും നിരപരാധികളും നിര്‍ദോഷികളുമായ ദുരന്തം നേരിട്ടവര്‍ക്ക് ആശയും ആശ്വാസവും നല്കാന് സഹായകമാകേണ്ടതാണ്. അല്ലാതെ ബലിയാടുകളെ കണ്ടെത്തി ഉത്തരവാദപ്പെട്ടവര്‍ക്ക് ഒഴിഞ്ഞു മാറാന്‍ ഉതകുന്നതാകരുത്. ചാല സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭ പ്രത്യേക യോഗം ചേരുകയാണ്. അതേതായാലും നന്നായി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം വീതം സഹായധനം നല്‍കുമെന്നും ചികിത്സാ ചെലവെല്ലാം സര്‍ക്കാര്‍ വഹിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും പ്രസ്താവിച്ചിട്ടുണ്ട്.
അഞ്ചു കോടി ചെലവു കണക്കാക്കുന്ന ഒരു പാക്കേജ് ജില്ലാ ഭരണകൂടം സമര്‍പ്പിച്ചിട്ടുണ്ട്. ഇതുകൊണ്ടൊന്നും പറ്റിയ നഷ്ടത്തിന് തെല്ലും പരിഹാരം കാണാനോ വിടവുകള്‍ നികത്താനോ സാധിക്കുന്നതല്ല. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച സംഖ്യ തീര്‍ത്തും അപര്യാപ്തമാണ്. സംസ്ഥാന സര്‍ക്കാര്‍ ചുരുങ്ങിയത് 25 ലക്ഷം വീതമെങ്കിലും നല്‍കേണ്ടതാണ്. ദുരന്തം നേരിട്ട എല്ലാവരുടെയും കുടുംബത്തില്‍ കഴിവും യോഗ്യതയും അനുസരിച്ച് ഉടനടി ജോലി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. അതോടൊപ്പം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പങ്ക് നിസ്സാരമല്ല. കാലപ്പഴക്കമുള്ള ടാങ്കറാണ് വാതകം കടത്താന്‍ ഉപയോഗിച്ചതെന്ന സംശയമുണ്ട്. അതുകൊണ്ടു തന്നെ സംഭവത്തിലെ ഒന്നാം പ്രതി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്. പരമാവധി നഷ്ടപരിഹാരം നല്കാന് ബാധ്യത ഐ ഒ സിക്കാണ്. കേന്ദ്രസര്‍ക്കാര്‍ കാഴ്ചക്കാരായി നിന്നാല്‍ പോര. മൂന്നു വര്‍ഷം മുമ്പ് കരുനാഗപ്പള്ളിയില്‍ സമാനമായ ദുരന്തമുണ്ടായപ്പോള്‍ 12പേര് അന്ന് വെന്തു മരിച്ചു. അതിനെ തുടര്‍ന്ന് ശക്തവും ഫലപ്രദവുമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല. ഇമ്മാതിരി അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇന്ധനങ്ങള്‍ കൊണ്ടു പോകുന്നതിന് ദേശീയ തലത്തില്‍ തന്നെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ആ ചുമതല നിര്‍വഹിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്നത്. അതു കൊണ്ടു തന്നെ ചാലയിലെ അതീവ ദുഃഖകരമായ സംഭവം ദേശീയ ദുരന്തമായി തന്നെ കണ്ട് നടപടി സ്വീകരിക്കാനുള്ള ബാധ്യത കേന്ദ്രത്തിനുള്ളതാണ്. പ്രധാനമന്ത്രി നേരിട്ടിടപെട്ട് വേദന അനുഭവിക്കുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. പ്രധാനമന്ത്രി പ്രതിനിധികളെ എത്രയും വേഗം സംഭവസ്ഥലത്തേക്ക് അയയ്ക്കണം. ഇത്രയും ദിവസമായിട്ടും ദുഃഖം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രിയോ വകുപ്പു മന്ത്രിയോ കൂട്ടാക്കിയില്ലെന്നത് ഗൗരവപൂര്‍വം കാണണം. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പരമാവധി സഹായം നേടിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
റോഡുകളുടെ കിടപ്പും അപകടങ്ങള്‍ക്കു കാരണമാണെന്ന ആക്ഷേപം നിലവിലുണ്ട്. അശാസ്ത്രീയമായി നിര്‍മ്മിച്ചിരിക്കുന്ന ഡിവൈഡറുകള്‍ എന്നും അപകടകാരികളാണ്. ദേശീയപാത വണ്‍വേ കഴിയുന്നതോടെ ഇടുങ്ങിയ റോഡായി കയറ്റവും ഇറക്കവും കൊടുംവളവുകളും ഉള്ളതായി കാണാന്‍ കഴിയും. അവിടെ അപകടസാധ്യത അറിയിക്കുന്ന ബോര്‍ഡുകളോ ലൈറ്റുകളോ സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ മെനക്കെട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇന്ധനങ്ങളുമായി പോകുന്ന ടാങ്കറിന്റെ സൈഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന വാല്‍വുകള്‍ മുകളില്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല. വാല്‍വ് മുകളിലായാല്‍ വാതകച്ചോര്‍ച്ച തടയാന്‍ കൂടുതല്‍ എളുപ്പമാണ്. സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ പിഡബ്ല്യൂഡിയും ശ്രമിച്ചിട്ടില്ല. സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെയും മറ്റും നിര്‍ദ്ദേശപ്രകാരം ഡിവൈഡര്‍ അവിടെ മാത്രം പൊളിച്ചു മാറ്റി. ഇപ്പോള്‍ മാത്രമാണ് അപകടകാരിയായ ഈ ഡിവൈഡറില്‍ റിഫ്ലക്ടര്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. വന്‍ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിശോധന കര്‍ശനമാക്കി നടപടികള്‍ വാഗ്ദാനംചെയ്യാറുണ്ടെങ്കിലും അവ പ്രാവര്‍ത്തികമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശുഷ്കാന്തി കാണിക്കാറില്ല. അതിവേഗം തീപിടിക്കാന്‍ സാധ്യതയുള്ള വാതകങ്ങളും ദ്രാവകങ്ങളും രാസവസ്തുക്കളും കയറ്റി പായുന്ന അനേകം ടാങ്കറുകളാണ് കേരളത്തലുടനീളം സഞ്ചരിക്കുന്നത്. അപായകരമായ വസ്തുക്കള്‍ കയറ്റിക്കൊണ്ടുപോകുന്ന ടാങ്കര്‍ലോറികളുടെ വേഗം, പ്രധാന റോഡുകളില്‍ ഓടേണ്ട രീതി, ഡ്രൈവര്‍മാരുടെ യോഗ്യത തുടങ്ങിയ കാര്യത്തില്‍ നിബന്ധനകളുള്ളതാണ്. പക്ഷെ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ടോ? കേരളത്തില്‍ ടാങ്കര്‍ലോറി ഗതാഗതം അനുദിനം വര്‍ധിച്ചുവരുന്നുണ്ട്. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതും അമിതവേഗത്തില്‍ പോകുന്നതും ദുരന്തം ക്ഷണിച്ചുവരുത്തുന്നു. ഇതെല്ലാം പരിശോധിക്കാനും പരിഹാരനടപടികള്‍ സ്വീകരിക്കാനും ഫലപ്രദമായ തീരുമാനങ്ങളും നടപടികളും കൂടിയേ തീരൂ. ഈ വക കാര്യങ്ങളും മന്ത്രിസഭയുടെ ചര്‍ച്ചയ്ക്കു വരുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: