കൊച്ചി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി ഇന്ന് പതാകദിനം ആചരിക്കും. ബാലഗോകുലം കൊച്ചിമഹാനഗര്‍ സമിതിയുടെയും ബാലദിനാഘോഷസമിതിയുടെയും നേതൃത്വത്തില്‍ ജില്ലയിലെ 500 കേന്ദ്രങ്ങളിലും 5000 ഭവനങ്ങളിലും ഇന്ന് രാവിലെ 7 മണിക്ക് കാവി പതാക ഉയര്‍ത്തും. നൂറിലേറെ കേന്ദ്രങ്ങളില്‍ ഗോപൂജ ചടങ്ങ്, സാംസ്കാരിക സമ്മേളനം, കുടുംബസംഗമം, കലാകായികമത്സരങ്ങള്, ഭജനസന്ധ്യ എന്നീ വിവിധപരിപാടികള്‍ സംഘടിപ്പിക്കും. 5ന് വൈകിട്ട് 6ന് എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ 2012 വര്‍ഷത്തെ ജന്മാഷ്ടമി പുരസ്കാരം സംഗീതജ്ഞന് കെ.ജി.ജയന് സമര്‍പ്പിക്കും. അഷ്ടമിരോഹിണിനാളായ 8ന് നൂറിലേറെ കേന്ദ്രങ്ങളില്‍ നഗര/ ഗ്രാമസങ്കീര്ത്തനങ്ങളും ആയിരക്കണക്കിനു രാധാകൃഷ്ണവേഷധാരികള് പങ്കെടുക്കുന്ന ഭക്തിസാന്ദ്രമായ ശോഭായാത്രകളും നടക്കുമെന്ന് ശ്രീകൃഷ്ണജയന്തിബാലദിനാഘോഷസമിതിയും ബാലഗോകുലം കൊച്ചിമഹാനഗര്‍ സമിതിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ബാലഗോകുലം തൃപ്പൂണിത്തുറ താലൂക്കിന്റെ കീഴിലുള്ള ഉദയംപേരൂര്‍, തൃപ്പൂണിത്തുറ, എരൂര്‍, തിരുവാങ്കുളം, തിരുവാണിയൂര്‍, ചോറ്റാനിക്കര, അമ്പലമേട് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന ഇരുപതോളം പ്രദേശങ്ങളില്‍ രൂപം കൊണ്ടിട്ടുള്ള ബാലദിനാഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ നൂറിലേറെ പ്രധാന കേന്ദ്രങ്ങളിലും ക്ഷേത്രകവാടങ്ങളിലും ആയിരം ഭവനങ്ങളിലും കാവി പതാക ഉയര്‍ത്തും. ഇന്ന് മുതല്‍ അഷ്ടമിരോഹിണി നാള്‍വരെയും പ്രസ്തുത കേന്ദ്രങ്ങളില്‍ സാംസ്കാരിക സമ്മേളനം, കലാകായിക മത്സരം, ഉറിയടി, നഗര/ ഗ്രാമസങ്കീര്‍ത്തനങ്ങള്‍ എന്നിവ അരങ്ങേറും. പതിനഞ്ചോളം കേന്ദ്രങ്ങളില്‍ ഗോമാതാവിനെ ആദരിക്കുന്ന ചടങ്ങ് നടക്കും. ഇന്ന് വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ശാസ്താ കല്യാണ മണ്ഡപത്തില്‍ സാംസ്കാരികസമ്മേളനം നടക്കും. ഡോ.ലക്ഷ്മിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: