തൃശൂര്‍ (പാവറട്ടി) : ഗുജറാത്തില്‍ പരിശീലനപറക്കലിനിടെ കോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് തൃശൂര്‍ അന്നകര സ്വദേശി മന്ദലത്ത് കൃഷ്ണന്‍കുട്ടിയുടെ മകന് ശ്രീജിത്ത്(23) ആണെന്ന് സ്ഥിരീകരിച്ചു. ജാംനഗറില്‍ സേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് മരിച്ചവരില്‍ ഫ്ലൈറ്റ് ലൈഫ്റ്റനന്റ് ശ്രീജിത്ത് ഉണ്ടെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് വ്യോമസേനയുടെ രണ്ട് മീ-5 ഹെലികോപ്റ്ററുകള്‍ ആകാശത്ത് കൂട്ടിയിടിച്ചത്.
വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതിരുന്ന ജോലിയായിരുന്നു ശ്രീജിത്ത് തെരഞ്ഞെടുത്തത്. എന്നാല്‍ തന്റെ താല്പര്യ പ്രകാരമാണ് എയര്‍ ഫോഴ്സില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റായി പരിശീലനം അഭ്യസിച്ചത്. ശ്രീജിത്ത് ചെറുപ്പത്തിലെ പെയിലറ്റാകാന് വലിയ കമ്പക്കാരനായിരുന്നു. മൂന്നു വര്‍ഷത്തോളം ശ്രീജിത്ത് പഠനം തുടര്‍ന്നു. ഒരു മാസം മുമ്പാണ് നാട്ടില്‍ വന്നു പോയത്. ഓണദിവസം ശ്രീജിത്ത് വീട്ടുകാരെയും അയല്‍വാസികളെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു ഞെട്ടലോടെയാണ് ആദ്യം അന്നകര ദേശം ശ്രീജിത്ത് ഹെലി കോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത അറിഞ്ഞത്. പാവറട്ടി അന്നകം സ്വദേശി മാലൂര്‍ വീട്ടില്‍ കൃഷ്ണന് കുട്ടിയുടെയും നന്ദിനിയുടെയും മകനാണ് ശ്രീജിത്ത്.
ഒരു സഹോദരിയുണ്ട് സിന്ധു. അച്ഛന് റെയില്‍വേ ഉദ്യോഗസ്ഥനാണ്. ശ്രീജിത്തിന്റെ വിവാഹത്തിനായി മോടി പിടിപ്പിക്കുന്ന തിരക്കിലായിരുന്നു മാതാപിതാക്കള്‍. പണി ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. ബാംഗ്ലൂരില്‍ പഠിച്ചു വളര്‍ന്ന ശ്രീജിത്തിന് നാട്ടില്‍ സുഹൃത്തുക്കള്‍ കുറവാണെങ്കിലും ഏറെ മതിപ്പായിരുന്നു ശ്രീജിത്തനെ കുറിച്ചു പറയുമ്പോള്‍. ഏറെ വിങ്ങലോടെയാണ് ഈ ഗ്രാമം.
ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളുമാണ് തകര്‍ന്നത്. ശ്രീജിത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൃതദേഹം എത്തുമെന്ന് പറഞ്ഞെങ്കിലും പോസ്റ്റ്മോര്‍ട്ടം ഏറെ വൈകിയാണ് നടന്നത്. ഇന്ന് മൃതദേഹം നാട്ടിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: