ഗുജറാത്തിലെ നരോദാപാട്യ കേസിന്റെ വിചാരണക്കോടതി വിധി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ശിക്ഷിക്കപ്പെട്ടവര്‍ ഏതു ജയിലില്‍ പോകുന്നു എന്നല്ല, നരേന്ദ്രമോഡി എങ്ങോട്ടു പോകുമെന്നാണ് എല്ലാവരുടെയും അന്വേഷണം. ഗുജറാത്തില്‍ ഒരു ദശാബ്ദം മുമ്പു നടന്ന സംഘര്‍ഷത്തില്‍ നരേന്ദ്രമോഡിക്കെതിരെ ഒരു പെറ്റിക്കേസു പോലുമില്ല. നടന്ന എല്ലാ അന്വേഷണ കമ്മീഷനുകളും നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. എന്നിട്ടും നരേന്ദ്രമോഡിയുടെ ചോരയ്ക്കു വേണ്ടി നാക്കും നീട്ടി ഓടി നടക്കുകയാണ് ചിലര്‍. അതും കേരളത്തില്‍.
ചാനല്‍ ചര്‍ച്ചയിലെ പാനലുകള്‍ വര്‍ഗീയ വിഷം ചീറ്റുകയാണ്. “ഗുജറാത്തില്‍ മുസ്ലീങ്ങളെ തിരഞ്ഞു പിടിച്ച് കൊന്നു. ലക്ഷക്കണക്കിന് കാറുകളില്‍ മുസ്ലീങ്ങളുടെത് മാത്രം ചാമ്പലാക്കി. മുസ്ലീം വീടുകള്‍ മാത്രം ചുട്ടുകരിച്ചു. മാത്രമല്ല ത്രിശൂലം ഗര്‍ഭിണികളായ മുസ്ലീം സ്ത്രീകളുടെ വയറ്റില്‍ കുത്തിയിറക്കി കുഞ്ഞിനെ പുറത്തെടുത്ത് തീ കുണ്ഡത്തില്‍ എറിഞ്ഞു” എന്നാണ് ഒരു വിരുതന് ചര്‍ച്ചയില്‍ സങ്കോചമെന്യേ തട്ടിമൂളിച്ചത്. ഇത്രയും പ്രകോപനപരമായ പ്രസ്താവന പൊതുയോഗത്തില്‍ നടത്തിയാല്‍ വര്‍ഗീയ വൈരം വളര്‍ത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കും. എന്നാല്‍ കോടിക്കണക്കിന് പ്രേക്ഷകരിലെത്തിയ പ്രസ്താവന നടത്തുമ്പോള്‍ അതിനു തടയിടാന്‍ പോലും ചാനല്‍ അവതാരക മഹോദയന്മാര്‍ക്ക് സന്മനസ്സുണ്ടായില്ല. യഥാര്‍ഥത്തില്‍ സംഭവിച്ചതായാല്‍ പോലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ സാധ്യതയുള്ള വാര്‍ത്തകളും പ്രസ്താവനകളും ഒഴിവാക്കുന്നതാണ് മാധ്യമധര്‍മം. മാധ്യമങ്ങള്‍ ധര്‍മം ഉപേക്ഷിച്ച് വ്യാവസായിക കര്‍മങ്ങളില്‍ മുഴുകുമ്പോള്‍ ഇമ്മാതിരി തലതിരിഞ്ഞവര്‍ക്കും അവസരം നല്‍കുന്നത് സ്വാഭാവികം. ‘മാധ്യമം’ പത്രത്തിനു പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വര്‍ഗീയ വെറി പിടിച്ച കോമാളികളെ ‘നിര്‍ഭയം നിരന്തരം’ അവതരിപ്പിക്കുവാന്‍ തന്നെ സാമാന്യതയില്‍ കവിഞ്ഞ കച്ചവട ലക്ഷ്യം കൂടിയേ തീരൂ.
ഗര്‍ഭിണിയെ ശൂലം കൊണ്ട് കുത്തിയെന്ന പ്രചാരണം വ്യാപകമായി നടന്നെങ്കിലും അങ്ങനെയൊരു സംഭവമേ ഗുജറാത്തിലുണ്ടായില്ലെന്ന് വ്യക്തമാക്കപ്പെട്ടതാണ്. അതു പറഞ്ഞത് നരേന്ദ്രമോഡിയല്ല. സുപ്രീംകോടതി നിശ്ചയിച്ച് സൂക്ഷ്മമായി നിരീക്ഷിച്ച് സിബിഐ ഡയറക്ടറായിരുന്ന വ്യക്തി വര്‍ഷങ്ങളെടുത്ത് കണ്ടെത്തിയ വസ്തുതയാണത്. എന്നിട്ടും നിര്‍ലജ്ജം നിഷ്കരുണം ഹിന്ദുക്കളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് മഹാ അപരാധമാണെന്നറിയുന്നതേയില്ല. എന്താണവരുടെ ലക്ഷ്യം ? ഹിന്ദുക്കളെയും മുസ്ലീങ്ങളെയും നിത്യശത്രുക്കളും നിരന്തര വൈരികളുമാക്കി നിലനിര്‍ത്തുക മാത്രം. നേരത്തെ അയോധ്യയുടെ പേരിലായിരുന്നു കുപ്രചരണം. ശ്രീരാമക്ഷേത്രം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങളെടുത്ത് ഒരു കെട്ടിടം പണിതതില്‍ തെറ്റില്ല. ശ്രീരാമജന്മസ്ഥാനത്ത് നിലനിന്നിരുന്ന ക്ഷേത്രം നവീകരിക്കാനുള്ള പ്രയത്നങ്ങളുടെ ഭാഗമായുള്ള സമരത്തെ വര്‍ഗീയമെന്നാക്ഷേപിക്കുക, അതിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുക, ഇല്ലാത്ത പള്ളി പൊളിച്ചേ എന്നു പറഞ്ഞ് നിജസ്ഥിതി അറിയാത്ത മതവിശ്വാസികളുടെ മനസ്സില്‍ നെരിപ്പോട് നിറയ്ക്കുക, അതിനായി ബാബര്‍ കെട്ടിപ്പൊക്കിയ മകുടം തകര്‍ന്നു വീഴുന്നതിന്റെ ചിത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിക്കുക കുറേക്കാലമായി തുടരുന്ന അഭ്യാസം മടുത്തതു കൊണ്ടാകാം ഒരു ദശാബ്ദമായി ഗുജറാത്തില്‍ കയറി പിടിച്ചിരിക്കുന്നു.
ഗുജറാത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഒരു സംഘര്‍ഷവുമില്ല. ഒരു സംഘട്ടനവുമില്ല. ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ല. അതിനു മുമ്പുള്ള ഗുജറാത്തിന്റെ ചരിത്രം അതാണോ ? നൂറ്റാണ്ടുകളായി ഇന്നത്തെ ഗുജറാത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ സംഘര്‍ഷം ഒഴിഞ്ഞ കാലമില്ല. കലാപം അവിടെ വാര്‍ഷികോത്സവം പോലെയായിരുന്നു. നൂറുകണക്കിനല്ല ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ക്ഷേത്രങ്ങള്‍ കൊള്ള ചെയ്യാറുണ്ട്. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത് പെട്രോള്‍ ഒഴിച്ച് ചുട്ടുകരിച്ച സംഭവങ്ങള്‍ നിരവധിയാണ്. സ്വാതന്ത്ര്യം നേടി കോണ്‍ഗ്രസ് ഭരണം തുടര്‍ന്നപ്പോഴെല്ലാം ഇതാവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും സ്ഥിതി മറിച്ചല്ല. ഈദ് നമസ്കാരത്തിന്റെ പേരില്‍, ഹോളി നടക്കുമ്പോള്‍, സോമനാഥ ക്ഷേത്രത്തിലെ ഉത്സവം നടക്കുമ്പോള്‍ എന്തിനേറെ ഒരു പശു ചാണകമിട്ടാല്‍ പോലും ഹിന്ദുക്കളുടെ പുറം പാളീസാകുന്ന സംഭവങ്ങള്‍ അവിടെ പതിവായിരുന്നില്ലേ ?
നെഹ്രു മന്ത്രിസഭയുടെ തീരുമാനപ്രകാരം അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നേതൃത്വം നല്കി പുനരുദ്ധരിച്ചതാണ് സോമനാഥ ക്ഷേത്രം. എത്ര തവണ ക്ഷേത്രം തകര്‍ത്തു ? എത്ര കോടിയുടെ സ്വത്തു വഹകള്‍ കൊള്ളയടിച്ചു ? ഒടുവില്‍ ഗുജറാത്തികളുടെ, ഇന്ത്യാക്കാരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ നെഹ്രു മന്ത്രിസഭ കണ്ട ഉപാധി ക്ഷേത്രം പുനരുദ്ധരിക്കുക എന്നതായിരുന്നു. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച ക്ഷേത്രമാണത്. സൗരാഷ്ട്രയിലെ ഏറ്റവും പുണ്യമായി കരുതിയ ക്ഷേത്രം. ദ്വാദശ ജ്യോതിര്‍ ലിംഗങ്ങളില്‍പ്പെട്ട പവിത്രമായ ക്ഷേത്രം. ഗംഗയില്‍ നിന്ന് അഭിഷേക ജലവും കാശ്മീരില്‍ നിന്ന് പൂജാപുഷ്പങ്ങളും എത്തിച്ചിരുന്ന ക്ഷേത്രം. ഗസ്നിയിലെ മുഹമ്മദിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ആക്രമണം. പതിനായിരക്കണക്കിന് കോടിയുടെ വസ്തുക്കള്‍ കൊള്ളയടിച്ചു. ഔറംഗസീബ് പല തവണ കൊള്ളയടിച്ച ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഓരോ തവണ കൊള്ള നടത്താന്‍ വരുമ്പോഴും വാള്‍ത്തല ചുവപ്പിക്കാന്‍ കൊന്നുതള്ളിയവരുടെ എണ്ണത്തിന് കയ്യും കണക്കുമുണ്ടോ ? ഓരോ അക്രമവും കൊള്ളയും നടക്കുമ്പോഴും പുനര്‍നിര്‍മാണം നടത്തിപ്പോന്നു.
അതൊക്കെ പഴയ കഥ. അതെല്ലാം പൊറുക്കാം. മറക്കാന്‍ കഴിയുമോ ? ഗുജറാത്തിലെ ഏറ്റവും ഒടുവിലത്തെ കലാപത്തിന് കാരണമെന്താണ് ? ഗോധ്രയിലെ കൂട്ടക്കുരുതി. അയോധ്യയില്‍ നിന്നും മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസിന് തീയിട്ടു. 59 തീര്‍ഥാടകര്‍ തീവണ്ടിക്കകത്ത് രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെ കത്തിച്ചാമ്പലായി. ആ സംഭവത്തില്‍ ദുഃഖം പ്രകടിപ്പിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അത് വലിയ കുറ്റമെന്നു പ്രചരിപ്പിക്കുന്നമലയാളികളുടെ തൊലിക്കട്ടി അപാരമല്ലേ ? കൊലക്കേസില്‍ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ പോലീസ് ആദരപൂര്‍വം സ്റ്റേഷനില്‍ വിളിപ്പിച്ചാല്‍ ഹര്‍ത്താല്‍ നടത്തുന്ന സംസ്ഥാനമല്ലേ കേരളം. ജില്ലാ സെക്രട്ടറിയെ കൊലക്കേസുമായി ബന്ധപ്പെട്ടു പിടിച്ചാല്‍ സംസ്ഥാനത്തുടനീളം ഹര്‍ത്താല്‍ മാത്രമല്ല ഹനുമാന് ലങ്കയില്‍ ചെയ്തതു പോലെ എല്ലാം തച്ചുടയ്ക്കുന്ന സംസ്കാരം വളര്‍ത്തിയവര്‍, അതിനെയും ന്യായീകരിക്കുന്നവര്‍ 59 പേരുടെ ചാരത്തിന് ഒരു വിലയും കാണുന്നില്ല. ഹര്‍ത്താലിനെ തുടര്‍ന്ന് നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. അതൊന്നും പ്രചരിപ്പിക്കുംപോലെ ഏകപക്ഷീയവുമല്ല. കുറേ ഹിന്ദുക്കള്‍ മരിച്ചു. അതിലേറെ മുസ്ലീങ്ങള്‍ക്കും ജീവനാശമുണ്ടായി. ഗോധ്ര സംഭവിച്ചില്ലെങ്കില്‍ ഗുജറാത്ത് സംഭവമില്ല. ഗോധ്രയെ മറന്ന് ഗുജറാത്തിനെ ഓര്‍ക്കുന്നവരുടെ മനസ്സ് ഒട്ടും ശുദ്ധമല്ല. ഒരു ജീവനും മനുഷ്യന് നശിപ്പിക്കാനുള്ളതല്ല. അത് മറ്റാരെക്കാളും തിരിച്ചറിഞ്ഞിരിക്കുന്നു നരേന്ദ്രമോഡി. അതുകൊണ്ടാണ് 10 വര്‍ഷമായി നരേന്ദ്രമോഡിയുടെ ഭരണത്തില്‍ വര്‍ഗീയ മരണങ്ങള് നടക്കാത്തത്. നരേന്ദ്രമോഡി ചെയ്തു കൊണ്ടിരിക്കുന്നത് ഗോധ്രയിലും ഗുജറാത്തിലും നടന്ന സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയല്ല ‘സദ്ഭാവന’ ജനങ്ങളില്‍ വളര്‍ത്താനുള്ള ഉത്സവങ്ങളും ഉപവാസങ്ങളുമായി മുന്നോട്ടുപോകുകയാണ്. നീതിയും ന്യായവും സ്വതന്ത്രമായി ഗുജറാത്തില്‍ നടക്കുന്നു എന്നതിന്റെ തെളിവാണ് ഗുജറാത്തില്‍ നടന്ന വിചാരണയില്‍ ഭരണകക്ഷി എംഎല്‍എക്കെതിരെ കോടതി വിധി വന്നത്. ഗുജറാത്തില്‍ വിചാരണ നടന്നാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രചാരണത്തിന്റെ കാറ്റു പോയില്ലേ. ശിക്ഷ വിധിച്ച കോടതിക്കെതിരെ അവിടെ ആക്രോശങ്ങളുണ്ടായോ ? അക്രമങ്ങള്‍ നടന്നോ ? ജഡ്ജിക്കു വധഭീഷണി ഉണ്ടായോ ? കേരളത്തില്‍ ഇതൊക്കെ സര്‍വസാധാരണമല്ലേ ?
നരേന്ദ്രമോഡിയെ കുന്തമുനയില്‍ നിര്‍ത്താന്‍ മത്സരിക്കുന്നവരെന്തേ തരുണ്‍ ഗോഗോയിയെ കാണുന്നില്ല. ഒന്നര മാസത്തിലധികമായി ആസാമില്‍ കലാപം ഇടതടവില്ലാതെ തുടരുകയല്ലേ ? പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനം. കോണ്‍ഗ്രസ് ഭരിക്കുന്ന ആസാം. അവിടത്തെ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. കലാപം അടിച്ചമര്‍ത്താന്‍ സഹായിക്കുന്നില്ലെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് അങ്ങനെയാണ്. തറവാട്ടില്‍ കാരണവര്‍ക്ക് അടുപ്പിലും കാഷ്ഠിക്കാം എന്നു പറഞ്ഞതു പോലെയാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണല്ലോ നാലായിരത്തിലധികം സിക്കുകാരെ കശാപ്പ് ചെയ്തത്. കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുമ്പോഴല്ലേ മാറാട് ഏകപക്ഷീയമായി എട്ടു മത്സ്യത്തൊഴിലാളികളെ അരിഞ്ഞു തള്ളിയത്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടുമെന്ന് വീമ്പടിക്കുന്ന ഇന്നത്തെ ഭരണക്കാരും മാറാട് എന്ന് കേള്‍ക്കുമ്പോള്‍ മട്ട് മാറ്റുകയാണ്. ഹൈക്കോടതിയും ജുഡീഷ്യല്‍കമ്മീഷനും കണ്ടെത്തിയത് ഗുരുതരമായ വിഷയങ്ങളല്ലേ ? അവയെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചതല്ലേ ? ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ നിഗമനവും മാറാട് സംഭവത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ്. അതൊന്നും കേരളത്തില്‍ സജീവ ചര്‍ച്ചയായില്ല. ചാനലുകളില്‍ പാനലുകള്‍ നിരന്നില്ല. തീപാറുന്ന വാഗ്വാദങ്ങളുമില്ല. ബുദ്ധിജീവികളെല്ലാം നിര്‍ജീവം. ഇതെന്തുകൊണ്ടാണ്? ഇതിനും ലഭിക്കണമല്ലോ ഉത്തരം. ഗുജറാത്തിലെ ജീവന് പൊന്നുവിലയും മാറാട്ടെ ചോരയ്ക്ക് പുല്ലുവിലയുമാണോ ?
കെ കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: