അധഃസ്ഥിത സമുദായക്കാര്‍ ഹിന്ദുത്വം പറഞ്ഞാലോ, ഹിന്ദുവായി ജീവിച്ചാലോ അതിലെന്തോ പൊരുത്തക്കേടുണ്ടെന്നാണ് ചിലര്‍ ഉറപ്പിച്ചു പറയുന്നത്. അധഃസ്ഥിതര്‍ക്ക് എങ്ങനെ ഹിന്ദുവാകാന്‍ കഴിയും? അവര്‍ ക്രിസ്ത്യാനിയോ മുസ്ലീമോ ആകണം. ഇങ്ങനെ ചിന്തിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്. ഹിന്ദുമതത്തില്‍ അയിത്തവും തൊട്ടുകൂടായ്മയും ഉണ്ട്. ക്രിസ്തുമതത്തിലും ഇസ്ലാമിലും അയിത്തവും തൊട്ടുകൂടായ്മയും ഇല്ല. ക്ഷേത്രങ്ങളില്‍ അധഃസ്ഥിതര്‍ക്ക് ആരാധനാ സ്വാതന്ത്ര്യമില്ല. ഇതെല്ലാം കാലഹരണം സംഭവിച്ചുകൊണ്ടിരിക്കുന്ന വസ്തുതകളാണ്. എന്നാലും അധഃസ്ഥിതര്‍ക്ക് ചേക്കാറാവുന്ന സ്ഥലം ക്രിസ്ത്യന്‍ മുസ്ലീം ജനക്കൂട്ടമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം.
അയ്യങ്കാളിയെ മതംമാറ്റാനുള്ള ശക്തമായ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. സാല്‍വേഷന്‍ ആര്‍മിയുടെ ടെറിട്ടോറിയല്‍ കമാണ്ടറായിരുന്ന ക്ലാറ കീസാണ് അയ്യങ്കാളിയെ മതംമാറ്റാന്‍ ശ്രമിച്ചവരില്‍ പ്രമുഖ. ഇക്കാലത്ത് അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്. 1905 മുതല്‍ 1917 വരെ തിരുവിതാംകൂര്‍ ടെറിട്ടോറിയല്‍ കമാണ്ടറായിരുന്നു ക്ലാര കീസ്. അവര്‍ കവടിയാറില്‍ വിളിച്ചുചേര്‍ത്ത പ്രാര്‍ത്ഥനാ യോഗത്തില്‍ അയ്യങ്കാളിയെ ക്ഷണിച്ചു. പ്രലോഭിപ്പിച്ച് അയ്യങ്കാളിയെ മതംമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. പ്രാര്‍ത്ഥനയോഗത്തില്‍ അയ്യങ്കാളി തന്റെ അനുഭവവും നിലപാടും വ്യക്തമാക്കി. ഈ സംഭവം അയ്യങ്കാളിയെ ഗാഢമായി ചിന്തിപ്പിച്ചു. പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ക്രിസ്തുമതം സ്വീകരിക്കണോ; ഹിന്ദുവായി തുടര്‍ന്ന് അവകാശപ്രക്ഷോഭങ്ങള്‍ നടത്തി തന്റെ ജനതയെ സ്വതന്ത്രരാക്കണോ? അയ്യങ്കാളി സ്വയം ചോദിച്ച ചോദ്യങ്ങളായിരുന്നു ഇത്. ഒരു വിപ്ലവകാരിയുടെ മുഴുവന്‍ ഖ്യാതിയും ഇക്കാലത്ത് അയ്യങ്കാളിക്കുണ്ടായിരുന്നു. അയ്യങ്കാളി വിപ്ലവകാരിയുടെ മാര്‍ഗ്ഗം തെരഞ്ഞെടുത്തു. മതം മാറുകയില്ല; മതംമാറ്റത്തെ എതിര്‍ക്കുകയും ചെയ്യും.
കവടിയാറിലെ പ്രാര്‍ത്ഥനാപരിപാടിയില്‍ വെച്ച് മതം മാറാന്‍ അയ്യങ്കാളിയെ നിര്‍ബന്ധിച്ചതിന്റെ പിറ്റേദിവസം തന്നെ അദ്ദേഹം ഒരു നിവേദനം തയ്യാറാക്കി ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിച്ചു. അതില്‍ തന്നെ നിര്‍ബന്ധിച്ചു മതംമാറ്റാന്‍ ശ്രമിച്ചുവെന്നും തെറ്റായ ഇത്തരം നടപടിയെ രാജകീയ വിളംബരം വഴി തടയണമെന്നും അഭ്യര്‍ത്ഥിച്ചു. ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിളിക്കപ്പെടുന്ന 1857 ലെ പ്രക്ഷോഭത്തിനുശേഷം വിക്ടോറിയ രാജ്ഞി പാശ്ചാത്യ മിഷണറിമാരുടെ മതംമാറ്റ പ്രവര്‍ത്തികളെ തന്റെ വിളംബരത്തിലൂടെ തടഞ്ഞിട്ടുണ്ടെന്ന് അയ്യങ്കാളി മഹാരാജാവിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അയ്യങ്കാളിയുടെ നിവേദനത്തിനു ലഭിച്ച മറുപടിയില്‍ മിഷണറിമാര്‍ ആരേയും നിര്‍ബന്ധിച്ച് മതംമാറ്റം നടത്തരുതെന്നും സ്വയമേവ ഉള്ള മതംമാറ്റത്തെ ആരും തടയരുതെന്നും പറഞ്ഞു. ഈ രാജകീയ അനുശാസനം ഇന്നും പ്രസക്തമല്ലേ? മിഷണറിമാര്‍ ആരേയും മതംമാറാന്‍ നിര്‍ബന്ധിക്കുന്നില്ല; എല്ലാവരും സ്വയമേവ മതം മാറിക്കൊണ്ടിരിക്കുന്നു! മതം മാറ്റത്തിനെതിരായ ഒരധഃസ്ഥിത വര്‍ഗ്ഗ നേതാവിന്റെ ശബ്ദം അയ്യങ്കാളിയില്‍നിന്നുമാണ് ആദ്യമായി ഉണ്ടായത്.
അയ്യങ്കാളി തന്റെ ജനതയുടെ മാനുഷികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ക്ക് മതംമാറ്റം പരിഹാരമാവുമെന്ന് വിശ്വസിച്ചിരുന്നില്ല. അധഃസ്ഥിതരുടെ പ്രശ്നങ്ങള്‍ ഹിന്ദുമതത്തില്‍നിന്നും ഉണ്ടായിട്ടുള്ളതാണ്. അതുകൊണ്ട് പ്രശ്നപരിഹാരം ഹിന്ദുമതത്തില്‍ തന്നെയാണ്. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ ഇല്ലാതാക്കിയാല്‍; അടിച്ചമര്‍ത്തലുകളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍, ഹിന്ദുമതം ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ഈ വിശ്വാസം കേവലം ദിവാസ്വപ്നമായിരുന്നില്ല. അയ്യങ്കാളി തന്റെ ജീവിതംകൊണ്ട് തെളിയിക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുള്ളതാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമാണ് അയ്യങ്കാളി ലക്ഷ്യമിട്ട ഹിന്ദുസമൂഹത്തിന്റെ മുഖമുദ്ര. ഈ ആദര്‍ശത്തില്‍ അയ്യങ്കാളിയുടെ അനുയായികള്‍ക്കും യാതൊരു വിശ്വാസക്കുറവും ഉണ്ടായിരുന്നതായി തോന്നുന്നില്ല. അതുകൊണ്ടായിരുന്നല്ലോ വിശാഖന് തേവനെ ക്രിസ്ത്യാനിയാക്കിയാല്‍ താനും ക്രിസ്തുമതം സ്വീകരിക്കാമെന്ന് പാറായി തരകനോട് അയ്യങ്കാളി പറഞ്ഞത്. മൃഗങ്ങളേക്കാള്‍ മോശമായ രീതിയില്‍ പരിഗണിക്കപ്പെടുന്ന പുലയന് ക്രിസ്തുമതത്തിലോ ഇസ്ലാം മതത്തിലോ ചേര്‍ന്നു കഴിഞ്ഞാല്‍ ഈവിധത്തിലുള്ള പരാധീനതകള്‍ പെട്ടെന്ന് മാറുന്നു എന്നു അയ്യങ്കാളി പ്രസംഗത്തില്‍ പരാമര്‍ശിച്ചത് വിശദീകരണമാവശ്യപ്പെടുന്നു. ഈ മാറ്റം ഹിന്ദുക്കളിലാണ് കാണുന്നത്.
മതംമാറിയ പുലയനുമായോ പറയനുമായോ ഹിന്ദുക്കള്‍ സ്ഥായിയായ സമ്പര്‍ക്കം ഉണ്ടാക്കിയെന്നുവരാം. എന്നാല്‍ പഴയ ക്രിസ്ത്യാനികള്‍ പുതു ക്രിസ്ത്യാനികളുമായി ണ്ടാക്കുന്ന ബന്ധം അസമത്വത്തിന്റേയും വിവേചനത്തിന്റെയും അടിസ്ഥാനത്തിലാണ്. പൊയ്കയല്‍ യോഹന്നാന്റെ അനുഭവങ്ങള്‍ ഉത്തമദൃഷ്ടാന്തമാണ്. അയ്യങ്കാളിയുടെ ഓരോ വാക്കിലും പ്രവര്‍ത്തിയിലും ഹിന്ദുത്വചിന്ത പ്രകടമായിരുന്നു. എന്നാല്‍ അദ്ദേഹം ഹിന്ദുക്കള്‍ക്ക് വിടുപണി ചെയ്തിട്ടില്ല. സുഭാഷിണി പത്രാധിപര്‍ പി.കെ.ഗോവിന്ദപിള്ള, ചങ്ങനാശ്ശേരി പരമേശ്വരന് പിള്ള, മന്നത്തു പത്മനാഭന് തുടങ്ങി ഒട്ടേറെ ഉത്കൃഷ്ടരായ ഹിന്ദുക്കള്‍ അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കിയിട്ടുള്ളവരാണ്. മറ്റേതൊരു മതത്തേക്കാളും വേഗത്തില്‍ മാറ്റത്തെ അംഗീകരിക്കാന്‍ ഹിന്ദുമതത്തിന് കഴിയുന്നു. അതാണ് സ്വാതന്ത്ര ഭാരതത്തിന്റെ ഭരണഘടനയുടെ അന്തഃസത്ത.
ശ്രീമൂലം പ്രജാസഭയിലെ പ്രസംഗങ്ങളില്‍ തന്റെ ജനതയ്ക്ക് ക്ഷേത്രങ്ങളില്‍ ആരാധനാസ്വാതന്ത്ര്യമില്ലെന്നും സ്വന്തമായി ക്ഷേത്രങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിവില്ലെന്നും അയ്യങ്കാളി ആവലാതിപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരമായി ക്ഷേത്രനിര്‍മാണത്തിനുള്ള വസ്തുക്കള്‍, കല്ലും മരവും സര്‍ക്കാര്‍ കൊടുത്ത് ക്ഷേത്രം നിര്‍മിക്കാന്‍ അധഃസ്ഥിതരെ സഹായിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചിട്ടുണ്ട്. വൈക്കം സത്യഗ്രഹം (1924), ഗുരുവായൂര്‍ സത്യഗ്രഹം (1931 നവംബര്‍ 1) എന്നീ പ്രക്ഷോഭങ്ങളില്‍ അയ്യങ്കാളി സജീവ താല്‍പ്പര്യം കാണിച്ചിട്ടുണ്ട്. 1936 ലെ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിച്ചത് അയ്യങ്കാളി ആയിരിക്കുമെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഉള്‍പ്പെടെ തിരുവിതാംകൂറിലെ 1500 ക്ഷേത്രങ്ങള്‍ അയിത്ത ജാതിക്കാര്‍ക്ക് ആരാധനയ്ക്ക് തുറന്നുകൊടുത്തു. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ ഇതിനോട് സമാനമായ മറ്റൊരു സംഭവം ചൂണ്ടിക്കാണിക്കാനില്ല. അഥവാ, അത് ഫ്രഞ്ച് വിപ്ലവത്തിന് സമാനമായിരുന്നുവെന്ന് നെഹ്റു അഭിപ്രായപ്പെട്ടു.
പെരിനാടു കലാപത്തെ (1915) തുടര്‍ന്ന് തിരുവിതാംകൂറിലെ പ്രത്യേകിച്ച് കൊല്ലത്തിന് വടക്കുഭാഗങ്ങളിലെ സാമൂഹികാന്തരീക്ഷം വളരെ സംഘര്‍ഷഭരിതമായി. മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഹിന്ദുക്കളെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയായിരുന്നു അത്. ചേര്‍ത്തല ഭാഗത്ത് പാറായി തരകന് എന്നൊരാള്‍ മതംമാറ്റ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇതില്‍ അസ്വസ്ഥത തോന്നിയ ഹിന്ദുത്വാഭിമാനികളായ കാട്ടിയാട്ട് ശിവരാമപ്പണിക്കര്‍, പാണാവള്ളി കൃഷ്ണന് വൈദ്യര് തുടങ്ങിയവര്‍ തരകന്റെ പ്രവര്‍ത്തികള്‍ക്കുവേണ്ടി അയ്യങ്കാളിയെക്കൊണ്ട് തടയിടാന്‍ തീരുമാനിച്ചു. സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തകരോട് അയ്യങ്കാളിയെ ചേര്‍ത്തല സന്ദര്‍ശിക്കാന്‍ ശട്ടംകെട്ടി. അയ്യങ്കാളിയെ കാണുകയും ചേര്‍ത്തല സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അയ്യങ്കാളി ക്ഷണം സ്വീകരിച്ചു. ആവേശകരവും ആര്ഭാടപൂര്ണവുമായ ഒരു സ്വീകരണം അയ്യങ്കാളിക്കു നല്കി. പൂച്ചാക്കല്‍ എന്ന സ്ഥലത്താണ് സ്വീകരണയോഗം ചേര്‍ന്നത്. യോഗത്തില്‍ ആദ്യമായി സംസാരിച്ചത് അയ്യങ്കാളിയുടെ ശ്രേഷ്ഠനായ അനുയായി വിശാഖന് തേവനായിരുന്നു.
മതപരിവര്‍ത്തനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടും അപലപിച്ചുകൊണ്ടും ക്രിസ്തുമത തത്വങ്ങളെ ഖണ്ഡിച്ചുകൊണ്ടുമുള്ള വിശാഖന് തേവന്റെ പ്രസംഗം യോഗത്തില്‍ സംബന്ധിച്ചിരുന്ന പാറായി തരകനെ ചൊടിപ്പിച്ചു. അയാള്‍ തേവനുമായി തര്‍ക്കിച്ചു. തര്‍ക്കം മൂത്തപ്പോള്‍ അയ്യങ്കാളി ഇടപെട്ടു. അയ്യങ്കാളി നിര്‍ദ്ദേശിച്ചു ‘വാദപ്രതിവാദത്തിന് അടുത്ത ദിവസം തന്നെ കളമൊരുക്കാ’മെന്ന്. അയ്യങ്കാളി പ്രസംഗം അവസാനിപ്പിച്ചത് വിശാഖന് തേവനെ മതം മാറ്റിയാല്‍ താനും മതംമാറാമെന്ന ഉറപ്പ് പറഞ്ഞുകൊണ്ടായിരുന്നു. അയ്യങ്കാളി നിശ്ചയിച്ചതുപോലെ പിറ്റേ ദിവസം തന്നെ വാദപ്രതിവാദം നടന്നു. നാനാജാതി മതസ്ഥരും ഉപദേശിമാരും പങ്കെടുത്ത ആ സംവാദം, വാദങ്ങളും പ്രതിവാദങ്ങളുംകൊണ്ട് നീണ്ടുപോയി. വീണ്ടും സംവദിക്കാം എന്ന നിശ്ചയം നടപ്പാക്കപ്പെടാതെയും വന്നു. ചേര്‍ത്തലയിലെ അയ്യങ്കാളിയുടെ സ്വീകരണവും അനന്തര സംഭവങ്ങളും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. പാറായി തരകന്റെ മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് അത് ശക്തമായ തടയിട്ടു.
കെ.വി. മദനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: