പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പണിയാളുകളെ പടയാളികളാക്കി മാറ്റി സാമൂഹ്യപരിവര്‍ത്തനത്തിന് പാതയൊരുക്കിയ ധീരദേശാഭിമാനി. മഹാത്മാ അയ്യന്‍കാളി. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന് കുറ്റപ്പെടുത്തേണ്ടി വന്ന സാമൂഹ്യാവസ്ഥയില്‍നിന്നും കേരളത്തെ തീര്ഥാലയമാക്കുന്നതില് നിര്‍ണായക പങ്കു വഹിച്ച ത്യാഗി. കേരളത്തിലെ പ്രത്യേകിച്ച് തിരുവിതാംകൂറിലെ സാമൂഹ്യമാറ്റത്തിന് ഊടും പാവും നെയ്ത ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികള്‍ക്കും ഒപ്പമാണ് അയ്യന്‍കാളിയുടെയും സ്ഥാനം. മനുഷ്യവര്‍ഗത്തിനാകെ പ്രതീക്ഷാ മുകുളങ്ങള്‍ വിരിയിച്ച സൂര്യതേജസ്സുകളായ മൂന്നു പേരുടെയും ജന്മം കൊണ്ട് പവിത്രമായ പ്രദേശങ്ങള്‍ കേവലം 50ല്‍ താഴെ കിലോമീറ്റര്‍ ചുറ്റളവിലാണ്.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ പെരുങ്കാട്ടുവിള പ്ലാവറത്തില്‍ വീട്ടില്‍ 1863 ഓഗസ്റ്റ് 28നാണ് (കൊല്ലവര്‍ഷം 1039, ചിങ്ങം 14) അയ്യന്‍കാളി ജനിച്ചത്. ഈ 28ന് അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികം ആരംഭിക്കുകയാണ്. ചിങ്ങമാസത്തിലെ അവിട്ടമാണ് അയ്യന്‍കാളിയുടെ ജന്മനക്ഷത്രം. അച്ഛന് അയ്യന്. അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അയ്യന്‍കാളിയായി. എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായമായിരുന്നു അയ്യന്‍കാളിയുടേത്. പറയര്, പുലയര്‍ തുടങ്ങിയ അധഃസ്ഥിതര്‍ക്ക് തിരുവിതാംകൂറിലും കേരളത്തിന്റെ ഇതരഭാഗങ്ങളിലും പാടത്തു പണിയെടുക്കുന്ന കന്നിന്റെ വിലയേ പ്രമാണിമാര്‍ നല്കിയിരുന്നുള്ളൂ. ദാരിദ്ര്യവും അവഗണനയും അപമാനങ്ങളും മാത്രമായിരുന്നു കാളിയുടെ മാതാപിതാക്കളുടെയും സമുദായാംഗങ്ങളായ മറ്റുള്ളവരുടെയും സമ്പാദ്യം. അക്കാലത്ത് പുലയ, പറയ സമൂഹത്തെ മനുഷ്യരായപ്പോലും പരിഗണിച്ചിരുന്നില്ല.
സമൂഹത്തില്‍നിന്നും എല്ലാത്തരത്തിലും ബഹിഷ്കൃതരായിരുന്നു ഈ വിഭാഗങ്ങള്‍. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്ക് വേണ്ട ഉപകരണം മാത്രമായാണ് അതുവരെ പുലയ, പറയ സമുദായത്തെ കണ്ടിരുന്നത്. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിക്കാനും വിദ്യ നേടുന്നതിനും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല.
അധഃസ്ഥിതര്‍ രോഗബാധിതരായാല്‍ വൈദ്യന്മാര് തൊട്ടുപരിശോധിക്കില്ല. ഗുളികകള്‍ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാല്‍ ദുരിതപൂര്‍ണമായിരുന്നു അയ്യന്‍കാളി ഉള്‍പ്പെടുന്ന അധഃസ്ഥിതരുടെ ജീവിതം. ഇവയ്ക്കു പുറമെ ജാതിയുടെ അടയാളമായ കല്ലുമാലകള്‍ കഴുത്തിലണിഞ്ഞു നടക്കാനും അവര്‍ നിര്‍ബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങള്‍ അനുവദിച്ചില്ല. അക്ഷരാഭ്യാസം നേടിയില്ലെങ്കിലും അധഃകൃത ചുറ്റുപാടുകള്‍ അയ്യന്‍കാളിയെ അസ്വസ്ഥനാക്കി.
ഇത്തരം ഉച്ചനീചത്വങ്ങള്‍ക്കെതിരെ അധഃസ്ഥിതരുടെ ഇടയില്‍നിന്നും ആദ്യമുയര്‍ന്ന സ്വരമായിരുന്നു അയ്യന്കാളിയുടെത്. സ്വസമുദായത്തില്‍നിന്നുതന്നെ ഉണ്ടായ എതിര്‍പ്പുകള്‍ അവഗണിച്ച് മുപ്പതാം വയസില്‍ ദുരാചാരങ്ങള്‍ക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തില്‍ കൂടെ ആരുമുണ്ടായിരുന്നില്ല. പിന്നീട് കുറെ ചെറുപ്പക്കാരെ കിട്ടി. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാന്‍ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകള്‍ പരിശീലിപ്പിച്ചു.
വിശേഷ വസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയില്‍ ചെന്നുപെടുന്ന കീഴാളര്‍ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗര്‍വിനെ അതേ നാണയത്തില്‍ നേരിടാന്‍ അയ്യന്‍കാളി തീരുമാനിച്ചു. അദ്ദേഹം തമിഴ്നാട്ടില്‍നിന്നും 1898ല്‍ ഒരു കാളവണ്ടി വാങ്ങി, മുണ്ടും മേല്‍മുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. വെങ്ങാനൂരില്‍നിന്നും കല്ലിയൂര്‍ വരെയായിരുന്നു ഇത്.
ആവേശഭരിതരായ അനുയായികള്‍ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. സ്വന്തം സമുദായത്തിലുള്ളവര്‍ ആദരപൂര്‍വം അദ്ദേഹത്തെ അയ്യന്‍കാളി യജമാനന് എന്നു വിളിക്കുവാന്‍ തുടങ്ങി. ഹിന്ദുസമൂഹത്തിലെ നീച ആചാരങ്ങള്‍ അവസരമാക്കി മതംമാറ്റാന്‍ തക്കം പാര്‍ത്തിരുന്നവരുടെ ദുഷ്ട നീക്കങ്ങളെ പരാജയപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം ശ്രീചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും നടത്തിയ കാലം. അയ്യന്‍കാളിയുടെ നീക്കവും സമുദായത്തെ ശക്തിപ്പെടുത്തി ഹിന്ദു സമൂഹത്തിലെ അനാചാരങ്ങളെ ഉന്മൂലനം ചെയ്യുന്നതിലേക്കു തന്നെയാണ് നീങ്ങിയിരുന്നത്. സമുദായോന്നമനത്തിന് അക്ഷരാഭ്യാസം അനിവാര്യമെന്നദ്ദേഹം തിരിച്ചറിഞ്ഞു.
അയിത്തജാതിക്കാരായ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കാത്തതിനെത്തുടര്‍ന്ന് 1904ല്‍ വെങ്ങാനൂര്‍ ചാവടിനടയില്‍ സ്വന്തമായി ഒരു നിലത്തെഴുത്തു പള്ളിക്കൂടം സ്ഥാപിച്ചു. എന്നാല്‍ അന്നുരാത്രിതന്നെ, തീവച്ചു നശിപ്പിക്കപ്പെട്ട സ്കൂള്‍ അദ്ദേഹം വീണ്ടും നിര്‍മിച്ചു. ഇത് പലതവണയാവര്‍ത്തിച്ചപ്പോള്‍, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരടക്കമുള്ളവരുടെ, കൃഷിയിടങ്ങളില്‍ സ്വസമുദായംഗങ്ങള്‍ ജോലി നിര്‍ത്തിവെയ്ക്കാന്‍ വെങ്ങാനൂര്‍ ഏലായില്‍ വച്ച് പ്രഖ്യാപിച്ചു. അങ്ങനെ ആരംഭിച്ച കാര്‍ഷിക സമരം 1907 വരെ നീണ്ടു. ഒടുവില്‍ കണ്ടല നാഗന്‍പിള്ളയുടെ നേതൃത്വത്തില്‍ വിദ്യാലയ പ്രവേശനം അനുവദിച്ചുകൊണ്ട് ഒത്തുതീര്‍പ്പിന് തയ്യാറായി. അതോടെ 1907ല്‍ അതിനുള്ള സര്‍ക്കാര്‍ ഉത്തരവുംവന്നു. അതേവര്‍ഷംതന്നെ സമുദായോല്‍ക്കര്‍ഷത്തിനായി സാധുജനപരിപാലനസംഘം’ ആരംഭിച്ചു.
1911ല്‍ ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളിയെ നാമനിര്‍ദേശം ചെയ്തുകൊണ്ട് വിജ്ഞാപനം വന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി നിയമനിര്‍മാണ സഭയിലെത്തുന്ന ആദ്യത്തെ അധഃസ്ഥിത പ്രതിനിധിയായി അയ്യന്‍കാളി. 1912 ഫെബ്രുവരിയില്‍ അയ്യന്‍കാളി തന്റെ കന്നിപ്രസംഗം നടത്തി. പ്രജാസഭയില്‍ അയ്യന്‍കാളി ആദ്യം ആവശ്യപ്പെട്ടത് അയിത്ത ജാതിക്കാര്‍ക്കായി പുതുവല്‍ ഭൂമിയും അവരുടെ കുട്ടികള്‍ക്ക് വിദ്യാലയ പ്രവേശനവുമായിരുന്നു. കൂടാതെ ഫീസില്‍ ആനുകൂല്യവും ഡിപ്പാര്‍ട്ടുമെന്റിലെ താഴ്ന്ന തരത്തിലുള്ള തൊഴിലും വേണമെന്നും.
1912ല്‍ നെടുമങ്ങാട് ചന്തയില്‍ അയിത്ത ജാതിക്കാര്‍ക്കെതിരെ മുസ്ലീം മാടമ്പിമാര്‍ മര്‍ദ്ദനം അഴിച്ചുവിട്ടു. അയ്യന്‍കാളിയും സംഘവും നിജസ്ഥിതി അറിയാന്‍ അവിടെയെത്തി. ഒരു പ്രകോപനവും കൂടാതെ അയ്യന്‍കാളിയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. അയ്യന്‍കാളി അവിടെ ഒറ്റയ്ക്ക്നിന്ന് പൊരുതി ജയിച്ചു. കഴക്കൂട്ടത്ത് സാധുജന പരിപാലന സംഘത്തിന്റെ യോഗത്തിനെത്തിയ അയ്യന്‍കാളിയെ മര്‍ദ്ദിച്ചൊതുക്കുവാന്‍ മുസ്ലീം മാടമ്പിമാര്‍ രംഗത്തെത്തിയെങ്കിലും അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ബാലരാമപുരം ചാലിയതെരുവിലും ആറാലുംമൂട് ചന്തയിലും അയ്യന്‍കാളി സംഘത്തെ മര്‍ദ്ദിച്ചൊതുക്കാന്‍ ഇതേ രീതിയില്‍ ശ്രമം നടന്നു. ഇതിനിടെ സ്കൂള്‍ പ്രവേശനം വീണ്ടും സംഘര്‍ഷത്തിലെത്തുകയും 1914ല്‍ സര്‍ക്കാര്‍ കര്‍ശനമായി ഉത്തരവു പാലിക്കുവാന്‍ നിര്‍ബന്ധിക്കുകയും അല്ലാത്ത സ്കൂളുകളുടെ പേരില്‍ ശിക്ഷണ നടപടി സ്വീകരിക്കുമെന്ന് ഉത്തരവിറക്കുകയും ചെയ്തു. അതിനു നിര്‍ബന്ധിതമായതും അയ്യന്‍കാളിയുടെ കരുത്തുറ്റ സമരവീര്യം മാത്രമാണ്.
അങ്ങനെ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവുമായി പഞ്ചമിയെന്ന പെണ്‍കുട്ടിയെയും കൂട്ടി അയ്യന്‍കാളിയും സംഘവും ഊരൂട്ടമ്പലം സ്കൂളിലെത്തി. പഞ്ചമിയെ സ്കൂളിലെ ബഞ്ചില്‍ കൊണ്ടിരുത്തിയതോടെ ചിലര്‍ സംഘട്ടനം ആരംഭിച്ചു. തിരിച്ച് അയ്യന്‍കാളിയും സംഘവും അടിതുടങ്ങി. തുടര്‍ന്ന് ചിലര്‍ ഊരൂട്ടമ്പലം സ്കൂള്‍ ചുട്ടു ചാമ്പലാക്കി. പഞ്ചമിയെന്ന ആ പെണ്‍കുട്ടി ഇരുന്ന ബഞ്ച് ഒഴിച്ച് മേറ്റ്ല്ലാം കത്തിച്ചാമ്പലായ ആ ലഹളയുടെ സ്മാരകമായി ഇന്നും ആ ബഞ്ച് സ്കൂളില്‍ സൂക്ഷിക്കുന്നു.
ഒരുവശത്ത് ജാതിക്കോമരങ്ങളുടെ ഭീഷണിയും മര്‍ദനവും. മറുവശത്ത് അധഃസ്ഥിത നേതൃത്വത്തെയാകെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തുവന്ന മിഷണറിമാരെയും കൂട്ടാളികളെയും സമര്‍ഥമായി നേരിട്ട് സമുദായത്തെ യോജിപ്പിച്ചു നിര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചു. 1926ല്‍ മാത്തന് തരകന് എന്നയാള്‍ അയ്യന്‍കാളിയെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ തേവന് സ്വാമിയെയും മതപരിവര്‍ത്തനം ചെയ്യാന്‍ നിരന്തരം ശ്രമിച്ചു. അയ്യന്‍കാളിയുടെയും തേവന് സ്വാമിയുടെയും ചോദ്യ ശരങ്ങള്‍ക്കു മുമ്പില്‍ മാത്തന് തരകന് തോറ്റു പിന്‍വാങ്ങുകയും മതപരിവര്‍ത്തന ശ്രമം ഉപേക്ഷിക്കുകയും ചെയ്തതായി തേവന് സ്വാമി പില്ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകളായി അടിമത്തം പേറി അസമത്വങ്ങള്‍ അനുഭവിച്ച് ജീവിച്ച ജനസാമാന്യത്തെ സമൂഹത്തോടൊപ്പം കൂട്ടിയിണക്കുവാന്‍ കാലത്തിന്റെ ഉള്‍വിളി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച മഹാനായ അയ്യന്‍കാളിയാണ് തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത്. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാന്‍ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളില്‍ അധഃസ്ഥിത വിഭാഗങ്ങളില്‍പ്പെട്ടവര്‍ പണിക്കിറങ്ങിയില്ല. തുടക്കത്തില്‍ സ്വയം കൃഷിയിറക്കി പിടിച്ചുനില്ക്കാന് മാടമ്പിമാര്‍ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവില്‍ പ്രതികാരബുദ്ധിയോടെ അവര്‍ പാടങ്ങള്‍ തരിശിട്ടു.
തൊഴിലില്ലാതെ കര്‍ഷകത്തൊഴിലാളികള്‍ ദുരിതക്കയത്തിലായി. എന്നാല്‍ മാടമ്പിമാര്‍ക്കെതിരെയുള്ള സമരത്തില്‍നിന്നും പിന്‍വലിയാന്‍ അവര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ജന്മിമാര് കീഴടങ്ങി. തൊഴില്‍ ചെയ്യുന്നവരുടെ അവകാശങ്ങള്‍ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905ല്‍ സമരം ഒത്തുതീര്‍പ്പായി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കര്‍ഷത്തൊഴിലാളി മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നത്. വര്‍ഗ സിദ്ധാന്തവും പ്രത്യയശാസ്ത്ര പൊലിമയുമൊന്നും കടന്നു വരാത്ത കാലത്താണ് അയ്യന്‍കാളി ചരിത്രം സൃഷ്ടിച്ചത്.
ജാതീയമായ ഉച്ചനീചത്തങ്ങളുടെ ഭാഗമായി അധഃസ്ഥിത സ്ത്രീകള്‍ മാറുമറച്ചുകൂടാ എന്നൊരു വിചിത്ര നിയമം കേരളത്തില്‍ നിലനിന്നിരുന്നു.
കര്‍ഷകത്തൊഴിലാളി സമരത്തില്‍ നിന്നും ലഭിച്ച ഊര്‍ജ്ജവുമായി അയ്യന്‍കാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകള്‍ മുലക്കച്ചയണിഞ്ഞു നടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ തിരസ്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കള്‍ ഇതു ധിക്കാരമായി കരുതി. അയ്യന്‍കാളിയെ അനുസരിച്ച സാധുജനങ്ങളെ അവര്‍ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകള്‍ മാടമ്പിമാര്‍ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകള്‍ അറുത്തുകളഞ്ഞു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഏറ്റവും ക്രൂരമായ മര്‍ദ്ദനമുറകള്‍ അരങ്ങേറിയത്. അവരില്‍ നിന്നും പ്രത്യാക്രമണവുമുണ്ടായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങള്‍ കലാപഭൂമികളായി.
രക്തച്ചൊരിച്ചില്‍ ഭീകരമായതിനെത്തുടര്‍ന്ന് ജനവിഭാഗങ്ങള്‍ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാന്‍ അയ്യന്‍കാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് നാടും വീടും വിട്ടവര്‍ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി. 1915ല്‍ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസഭയില്‍വച്ച് ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയര്‍ന്ന ജാതിക്കാര്‍ മാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അയ്യന്‍കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകള്‍ ആവേശത്തോടെ കല്ലുമാലകള്‍ അറുത്തുമാറ്റി. കീഴാള ജനവിഭാഗങ്ങള്‍ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.
അയിത്ത ജാതിക്കാരായ പുലയന്റെയും പറയന്റെയും കുട്ടികളുടെ വിദ്യാലയ പ്രവേശനം സാധ്യമാക്കുന്നതിന് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ അയ്യന്‍കാളി അന്ത്യകാലത്ത് വെങ്ങാനൂരില്‍ കാണാന്‍ വന്ന ഗാന്ധിജിയോടാവശ്യപ്പെട്ടത് തന്റെ സമുദായത്തില്‍നിന്ന് 10 ബിഎക്കാരെയാണ്.
ഇന്ന് ഈ സമുദായങ്ങളില്‍ ബിഎക്കാരും ബിഎസ്സിക്കാരും എംഎക്കാരും എംഎസ്സിക്കാരും എംബിബിഎസ് തുടങ്ങി ഐഎഎസ്, ഐപിഎസ് നേടിയവര്‍വരെ വളരെയധികം ഉണ്ട്. അച്ഛനോടൊപ്പം കൃഷിപ്പണി പഠിച്ച അയ്യന്‍കാളിയുടെ ദര്‍ശനം സാര്‍ഥകമായി.
അയിത്തമനുഭവിച്ചിരുന്ന കുട്ടികള്‍ക്ക് വേണ്ടി സ്വന്തം കൈകൊണ്ട് നിര്‍മ്മിച്ച വെങ്ങാനൂര്‍ ചാവടിനടയിലുള്ള സ്കൂളിനോടു ചേര്‍ന്ന മുറിയില്‍ 1941 ജൂണ്‍ 18ന് ദിവംഗതനാകുമ്പോള്‍ അദ്ദേഹത്തിന് 77 വയസ്സായിരുന്നു. തിളക്കമാര്‍ന്ന ഓര്‍മകള്‍ ബാക്കിയാക്കിപ്പോയ അയ്യന്‍കാളിയെക്കുറിച്ച് മലയാളികള്‍ പോലും നന്നായി അറിഞ്ഞിട്ടില്ല, പിന്നെയല്ലേ മറുനാട്ടുകാര്‍. ആ കുറവ് നികത്താന്‍ ബിജെപി പദ്ധതി ആവിഷ്കരിച്ചത് ഏറെ പ്രശംസ ഏറ്റുവാങ്ങുന്നതാണ്. 1967ല്‍ ശ്രീനാരായണ ഗുരുദേവനെ ഭാരതത്തിനു പരിചയപ്പെടുത്താന്‍ ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളന നഗറിന് ഗുരുദേവന്റെ പേര് നല്കി. ചരിത്രം ആവര്‍ത്തിക്കുന്നു. ഇപ്പോള്‍ അയ്യന്‍കാളിയെയും. കുടുംബ മഹിമയോ കലാലയ ബിരുദങ്ങളോ അവകാശപ്പെടാനില്ലാത്ത ഈ മഹാത്മാവിനെ കാലമെത്ര കഴിഞ്ഞാലും ആദരപൂര്‍വം ഓര്‍മിക്കപ്പെടുമെന്നു തീര്‍ച്ച.
കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: