വാഷിങ്ങ്ടണ്‍: ഇന്റര്‍നെറ്റ് സ്വാതന്ത്ര്യങ്ങള്‍ മാനിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് അമേരിക്ക. ആസാം വ്യാജ പ്രചാരങ്ങളുടെ പേരില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് നിരോധിക്കുവാനുള്ള തീരുമാനം മൗലികാവകാശലംഘനമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി വികോറിയ നുലന്റ് പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന പക്ഷക്കാരാണ് അമേരിക്കയെന്നും എന്നാല്‍ വിക്കീലിക്സ് വെളിപ്പെടുത്തലുകളുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്നും നുലന്റ് പറഞ്ഞു.
വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരെ വ്യാജ പ്രചാരണങ്ങളുടെ പേരില്‍ ആട്ടിപ്പായിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് സുരക്ഷ സംബന്ധിച്ച ആശങ്കയുളവാക്കുന്നു. സുരക്ഷ സംബന്ധിച്ച് അന്വേഷണം നടത്തി മതിയായ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനോട് യോജിപ്പില്ല. മനുഷ്യാവകാശങ്ങളും നിയമവാഴ്ച്ചയും പാലിക്കപ്പെടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാഷിങ്ങ്ടണില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായരുന്നു നുലന്റ്.
എന്നാല്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം സംബന്ധിച്ച് ജൂലിയന്‍ അസാഞ്ജിന്റെയും വിക്കീലിക്ക്സിയും കാര്യത്തില്‍ ബാധകമാക്കുമോയെന്ന ചോദ്യത്തിന് ആ വിഷയം വ്യത്യസ്തമാണെന്നായിരുന്നു മറുപടി. വിക്കീലിക്സ് വെളിപ്പെടുത്തലുകള്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല, രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്കിയ വിഷയമാണ് ഇത്. സുരക്ഷാ കാര്യങ്ങളില്‍ യുഎസ് വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്നും നുലന്റ് വ്യക്തമാക്കി.
ഭീഷണി സന്ദേശങ്ങള്‍ വെബ്സൈറ്റുകളില്‍ നിന്നും നീക്കം ചെയ്യുന്നതിന് അമേരിക്കയുടെ സഹായം ഇന്ത്യ തേടാനിരിക്കുമ്പോഴാണ് ഇത്തരത്തിലൊരു പ്രസ്താവന അവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാല്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൂഗിളിനോടും ട്വിറ്ററിനോടും ഫേസ്ബുക്ക് അക്കൗണ്ടിനോടും ഇന്ത്യയുടെ ആവശ്യത്തെക്കുറിച്ച് അന്വേഷിക്കാനും നുലന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ഇന്‍ര്‍നെറ്റ് ശൃംഖലയായ ഫേസ്ബുക്ക് അവരുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി.
ഭീതി പരത്തുന്ന ചിത്രങ്ങളും, സന്ദേശങ്ങളും പേജില്‍ നിന്നും നീക്കം ചെയ്യണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീഷണി സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ആവശ്യം മാനിച്ചാണ് ഈ നടപടിയെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്ത സന്ദേശങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക് സര്‍ക്കാരിനെ അറിയച്ചു. സന്ദേശങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു. തുടര്‍ന്നും തങ്ങളുടെ ടൂളുകള്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ കുറ്റകരമായ നടപടി ഉണ്ടാകുന്ന പക്ഷം അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. സന്ദേശങ്ങള്‍ അപ്ലോഡ് ചെയ്ത വെബ്സൈറ്റുകളും പേജുകളും ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അവര്‍ അറിച്ചു.
ഫേസ്ബുക്കിന് ഇന്ത്യയില്‍ 50 ലക്ഷം ഉപയോക്താക്കളാണ് ഉള്ളത്. എല്ലാ ഉപയോക്താക്കള്‍ക്കും കമ്പനി അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: