മലയാളിയുടെ മനസ്സില്‍ പൂക്കളം വിരിയിച്ച് വീണ്ടും തിരുവോണമെത്തുകയാണ്. രാഷ്ട്രീയവും മതപരവും മാനസികവുമായ വിഭാഗീയത നിലനില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ മതനിരപേക്ഷമായി ആഘോഷിക്കുന്ന ദേശീയ ഉത്സവമാണ് തിരുവോണം. മറുനാടന്‍ മലയാളികള്‍ ഗൃഹാതുരത്വത്തോടെ വീടണയുന്ന ഇടവേള. തൃപ്പൂണിത്തുറയിലെ പണ്ടത്തെ അത്തച്ചമയം സാമുദായിക ഐക്യത്തിന്റെ പ്രതീകമായത് അതില്‍ നെട്ടൂര്‍ തങ്ങളും കരിങ്ങാച്ചിറ കത്തനാരും ചെമ്പില്‍ അരയനും പങ്കെടുത്തിരുന്നതിനാലാണ്.
തിരുവോണം മലയാളിക്ക് മാവേലിയുടെ ഉത്സവമാണ്. “മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ, കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം”. ഐതിഹ്യമനുസരിച്ച് ഇങ്ങനെ നാടുവാണിരുന്ന അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ പ്രഭാവത്തില്‍ അസൂയ പൂണ്ട ദേവന്മാരുടെ ആഗ്രഹപ്രകാരം മഹാവിഷ്ണു വാമനനായി അവതരിച്ചു. ദാനശീലനായ, ആര്‍ക്കും ഒന്നും നിരസിക്കാത്ത മഹാബലിയോട് മൂന്നടി മണ്ണ് ചോദിച്ച്, ഭൂമിയും സ്വര്‍ഗ്ഗവും അളന്നു. മൂന്നാമത്തെ അടിക്ക് സ്ഥലമില്ലെന്ന് കണ്ട് തന്റെ സ്വന്തം ശിരസ്സ് കുനിച്ചുകൊടുത്ത മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുകയായിരുന്നുവത്രെ. കൊല്ലത്തിലൊരിക്കല് തന്റെ പ്രജകളെ കാണാന്‍ അനുവാദം ലഭിച്ച മഹാബലി കേരളത്തില്‍ വരുന്ന ദിവസം തന്റെ ഭരണത്തില്‍ നിലനിന്നിരുന്ന സമൃദ്ധി ഇപ്പോഴുമുണ്ടെന്ന് വരുത്താനാണ് ഓണം.
കേരളത്തില്‍ മാത്രമാണത്രെ ഓണം മഹാബലിയുടെ ഉത്സവമാകുന്നത്. തിരുപ്പതിയില്‍ മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരത്തെ ബാലാജിയായിട്ട് സങ്കല്‍പ്പിച്ച് ശ്രാവണമാസത്തിലാണ് വൈഷ്ണവ ചടങ്ങായ ശ്രാവണ ഉത്സവം നടത്തുന്നത്. പ്രസിദ്ധ ചരിത്രകാരന് എം.ജി.എസ്.നാരായണന് പറയുന്നത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന “കാരാളന്മാര്” (കുടിയാന്മാര്) ആണ് തങ്ങളുടെ ശോച്യാവസ്ഥ തുടച്ചുനീക്കുന്ന, എല്ലാവരെയും ഒരുപോലെയാക്കുന്ന മഹാബലി സങ്കല്പ്പത്തിന് രൂപം നല്കി ഓണം കൊയ്ത്തുത്സവമാക്കി മാറ്റിയത് എന്നാണ്. അവരുടെ ദൈന്യാവസ്ഥയും പരാതികളും തിരിച്ചറിയുന്ന മഹാബലി ഒരു ശൈവസങ്കല്പ്പമാണ്. മഹാബലി കടുത്ത ശിവഭക്തനായിരുന്നല്ലോ.
പ്രാചീന മലയാളി അടിയാളര്‍ മാലോകരെല്ലാവരെയും ഒന്നുപോലെ കാണുന്ന മഹാബലി സങ്കല്‍പ്പം സൃഷ്ടിച്ചെടുത്തെങ്കില്‍ അവര്‍ കാള്‍മാര്‍ക്സിന്റെ മുന്ഗാമികളാവണമല്ലോ! മാര്‍ക്സ് കമ്മ്യൂണിസം വിഭാവനം ചെയ്യുന്നതിന് മുമ്പ് മലയാളി മഹാബലി സങ്കല്‍പ്പത്തില്‍ക്കൂടി മാലോകരെല്ലാവരും ഒന്നുപോലെയായിരുന്ന കാലം വിഭാവനം ചെയ്തിരുന്നു. ഇങ്ങനെയൊരു വാദമുന്നയിച്ചിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് പക്ഷേ മഹാബലി രാജാവായിരുന്നുവെന്ന കാര്യം മറന്നുപോയി. മഹാബലി എന്നത് ബ്രാഹ്മണരുടെ വൈഷ്ണവ സങ്കല്‍പ്പത്തെ വെല്ലുവിളിച്ച ശൈവസങ്കല്പ്പമായിരുന്നു. എം.ജി.ശശിഭൂഷണ്‍ എന്ന ചരിത്ര ഗവേഷകനും പറയുന്നത് അന്ന് ഗുജറാത്തില്‍നിന്നും ഹരിയാനയില്‍നിന്നും കേരളത്തിലെത്തി പരശുരാമ പാരമ്പര്യം പുലര്‍ത്തിയിരുന്ന ബ്രാഹ്മണരെ വെല്ലുവിളിച്ചായിരുന്നു ഈ ശൈവ മഹാബലിസങ്കല്പ്പം രൂപംകൊണ്ടത് എന്നാണ്.
മാലോകരെല്ലാവരും ഒരിക്കലും ഒന്നുപോലെയാകില്ലെന്നും ഉച്ചനീചത്വം ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്നും തെളിയിച്ചാണ് ഇന്ന് മാര്‍ക്സിസ്റ്റുകളിലും പ്രഭുക്കന്മാരും നിര്ധനരുമുള്ളത്. മാഫിയകളും രാഷ്ട്രീയ പ്രഭുക്കളും അനിവാര്യരാണെന്നും സമത്വം സ്വപ്നം മാത്രമാണെന്നും കൊലപാതക രാഷ്ട്രീയം പയറ്റുന്ന പാവങ്ങളുടെ പാര്‍ട്ടി തെളിയിച്ചുകഴിഞ്ഞു. കോണ്‍ഗ്രസില്‍ എന്നും മേലാളരും കീഴാളരുമുണ്ട്. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെയാണെന്ന് പട്ടയത്തിനുവേണ്ടി കെഞ്ചുന്നവരും റേഷന്‍കാര്‍ഡിനുവേണ്ടി ക്യൂ നില്‍ക്കുന്നവരും തെളിയിക്കുന്നു. റേഷന്‍ അരിയും പഞ്ചസാരയും ഗോതമ്പും ഇന്ന് ഒഴുകുന്നത് കരിഞ്ചന്തയിലേക്കാണ്. മഹാബലിയുടെ കാലത്ത് വെള്ളിക്കോല് (തൂക്കുന്ന സാധനം)ഉണ്ടായിരുന്നില്ല. ഇന്ന് തൂക്കം നോക്കാന്‍ സംവിധാനമുണ്ടെങ്കിലും അതിലും വെട്ടിപ്പാണ്. ഈ ഓണവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. ഒാണം സമ്പന്നരുടെ ഉത്സവമായി മാറുമ്പോള്‍ എല്ലാ വലിയ വ്യാപാര സ്ഥാപനങ്ങളിലും ആദായ വില്‍പ്പനയും റിബേറ്റും വിലക്കിഴിവുമെല്ലാം പ്രഖ്യാപിച്ച് ഓണം കൊഴുപ്പിക്കുന്നു. ഐശ്വര്യറായ് കല്ല്യാണ്‍ ജ്വല്ലറി ഉദ്ഘാടനം ചെയ്തത് പത്ത് കോടി രൂപ പ്രതിഫലം വാങ്ങിയാണെന്ന് എന്നോട് പറഞ്ഞത് ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. സമ്പന്നരുടെ ആഘോഷം കണ്ടുള്ള ആഘോഷം മാത്രമാണ് പാവങ്ങളുടേത്.
കേന്ദ്ര ഉരുക്കുമന്ത്രി ബേനി പ്രസാദ് വര്‍മ്മ വിലക്കയറ്റവും പണപ്പെരുപ്പവും കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും ഉല്‍പ്പാദകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുമെന്നും പറയുന്നതും ഇതാണ് തെളിയിക്കുന്നത്. പാചകവാതകവില കുതിച്ചുയരുന്നത് സാരമില്ല എന്ന് അദ്ദേഹം പറയുന്നത് കര്‍ഷകര്‍ക്ക് അത് ആവശ്യമില്ലാത്തതിനാലാണത്രെ. ഭരിക്കുന്നവര്‍ ഭരിക്കപ്പെടുന്നവരേക്കാള്‍ എത്രയോ ഉയരത്തിലാണെന്ന യാഥാര്‍ത്ഥ്യബോധം ഭരണാധികാരികള്‍ക്കില്ലെന്ന് തെളിയിക്കുന്നതാണ് നാണ്യപ്പെരുപ്പവും വിലക്കയറ്റവും കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന ബേനി പ്രസാദ് വര്‍മ്മയുടെ പ്രസ്താവന.
യഥാര്‍ത്ഥത്തില്‍ ഈ ഓണം പൊള്ളുന്ന ഓണമാണ്. പാചകവാതകത്തിനും ഡീസലിനും വില കൂടിയതുകൊണ്ട് മാത്രമല്ല, ഭക്ഷ്യധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുതിച്ചുയരുന്നതുകൊണ്ടുമാണ്. ക്ഷാമമില്ലാതെ ഓണക്കാലത്ത് ലഭിക്കുന്ന ഏക വസ്തു മദ്യമാണ്. കേരളത്തില്‍ ഓണലഹരി എന്നു വച്ചാല്‍ മദ്യലഹരിയാണ്. കഴിഞ്ഞ ഓണത്തിന് മലയാളി കുടിച്ചുതീര്‍ത്തത് 268 കോടി രൂപയുടെ മദ്യമായിരുന്നെങ്കില്‍ ഈ ഓണം ആ റിക്കോര്‍ഡ് തകര്‍ക്കും എന്ന് പ്രതീക്ഷിക്കാം.
കേരളത്തില്‍ ഓണം ആഘോഷിക്കുമ്പോള്‍ ലാഭം കൊയ്യുന്നത് തമിഴ്നാടാണ്. നമുക്ക് പൂക്കളമിടാന്‍, സദ്യക്ക് പച്ചക്കറി നല്കാന് തമിഴര്‍ നേരത്തെ തയ്യാറെടുപ്പ് നടത്തുന്നു. പക്ഷേ ഇക്കുറി തമിഴ്നാടിനെ മഴ ചതിച്ചുവെങ്കിലും അതിനും പിഴ ഒടുക്കേണ്ടത് മലയാളിയാണ്. പൂക്കളമിടാനുള്ള പൂക്കള്‍ക്ക്, നാടന്‍ പൂക്കള്ക്കുപോലും പൊള്ളുന്ന വിലയാണ്. കര്‍ഷകര്‍ക്ക് തുഛവില നല്കി പച്ചക്കറി വാങ്ങുന്നത് തമിഴ്നാട്ടില്‍നിന്നുള്ള ഇടനിലക്കാരാണത്രെ. അവര്‍ ആ പച്ചക്കറി മലയാളിക്ക് വില്‍ക്കുന്നത് തീ വിലയ്ക്കും.
ഇതെല്ലാം കാലാകാലങ്ങളായി നടന്നുവരുന്ന രീതിയാണ്. ഓണവിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹോര്‍ട്ടി കോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍, കണ്‍സ്യൂമര്‍ ഫെഡ് മുതലായവയ്ക്ക് സാധനങ്ങള്‍ വാങ്ങി സംഭരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ ഏറെക്കുറെ നിഷ്ക്രിയമാണ്. പുതിയ ഔട്ട്ലെറ്റുകള് തുടങ്ങുന്നതുപോലും രാഷ്ട്രീയം നോക്കിയാണ്. കണ്‍സ്യൂമര്‍ ഫെഡ് റംസാന്-ഓണവിപണിക്കായി 4475 ഔട്ട്ലെറ്റുകള് ആരംഭിച്ചിട്ടുണ്ടത്രെ. ഇവിടെ നിത്യോപയോഗസാധനങ്ങള്‍ 18 മുതല്‍ 52 ശതമാനം വരെ കുറച്ചുനല്‍കുമെന്നാണ് പ്രഖ്യാപനമെങ്കിലും സംഭരണശേഷിയുടെ അഭാവത്തില്‍ ഇവ പ്രവര്‍ത്തനസജ്ജമല്ലെന്ന ആരോപണം ശക്തമാണ്. ഹോര്ട്ടികോര്പ്പല്ല ഇടനിലക്കാരാണ് പഴം-പച്ചക്കറി വിപണി കീഴടങ്ങുന്നതെന്ന് ഉല്‍പ്പാദകര്‍ സാക്ഷ്യം വഹിക്കുന്നു. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലും ഹോര്‍ട്ടികോര്‍പ്പും കര്‍ഷകര്‍ക്കിടയില്‍ സാന്നിധ്യം അറിയിക്കുന്നില്ലെന്നാണ് ഉല്‍പ്പാദകര്‍ പറയുന്നത്.
ഓണം-റംസാന് മുതലായവ കൃത്യമായ സമയത്ത് വരുന്ന ഉത്സവങ്ങളാണ്. പക്ഷേ കാലാകാലങ്ങളില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇൗ ഉത്സവാഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ ആരംഭിക്കുന്നതില്‍ പരാജയപ്പെടുന്നതായാണ് കാണുന്നത്. സംഭരണശേഷി എന്നും പ്രശ്നമായി അവശേഷിക്കെ സംഭരിക്കുന്ന സാധനങ്ങള്‍ ചീഞ്ഞുപോകുന്നതായി വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ മേധാവികള്‍ സമ്മതിക്കുന്നു. ഇന്ന് ന്യായവിലയ്ക്കല്ല ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭിക്കുന്നത്, മോഹവിലയ്ക്കാണ്.
കാര്‍ഷികവൃത്തി നിലനിന്നിരുന്ന കാലത്ത് പൂക്കള്‍ തൊടിയില്‍നിന്നും ശേഖരിച്ചിരുന്നു. ഇന്ന് വയലുകളും തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമായി കോണ്‍ക്രീറ്റ് വനം രൂപീകൃതമാകുമ്പോള്‍ പണ്ട് ഓണപ്പൂക്കളത്തില് ഇട്ടിരുന്ന പൂക്കളുടെ പേരുപോലും ഈ തലമുറയിലെ കുട്ടികള്‍ക്കറിയില്ല. പൂവിന് പകരം പ്ലാസ്റ്റിക് പൂക്കളിട്ട് പൂക്കളം തീര്‍ക്കുന്ന കാലം വിദൂരമല്ല.
ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒരു ഹരിത രാഷ്ട്രീയധാര രൂപംകൊള്ളുന്നത് എല്ലാംകൊണ്ടും സ്വാഗതാര്‍ഹമാണ്. മലകളും കാടുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും വൃക്ഷങ്ങളും നശിച്ച് മഴ അപ്രത്യക്ഷമാകുമ്പോള്‍, അണക്കെട്ടുകള്‍ ചിങ്ങമാസത്തില്പ്പോലും നിറയാതിരിക്കുമ്പോള്‍ ഭൂമാഫിയ കേരളത്തിന് വരുത്തിവച്ച ദുരന്തത്തിന്റെ ആഴം തിരിച്ചറിയേണ്ടതാണ്. പക്ഷേ ഇവിടെ കൊഴുക്കുന്നത് കക്ഷി രാഷ്ട്രീയവും വിവാദങ്ങളും ആണ്. മലയാള പത്രങ്ങള്‍ വായിക്കുന്നവര്‍ക്ക് ഇവിടെ രാഷ്ട്രീയരംഗം മാത്രമാണ് സജീവമെന്ന് തിരിച്ചറിയാം. ജനങ്ങള്‍ വോട്ടുദാതാക്കള് മാത്രമാണ്. അവകാശമില്ലാത്ത, അധികാരമില്ലാത്ത, ഉത്സവങ്ങള്‍പോലും അപഹരിക്കപ്പെടുന്ന ഒരു പാവം ജനത. ശുദ്ധം എന്ന വാക്കുപോലും ഇന്ന് നിഘണ്ടുവില്‍ ഒതുങ്ങുന്നത് കുടിക്കുന്ന ജലംപോലും ശുദ്ധമല്ലാതായത് കാരണമാണ്. ഇവിടെ എന്തോണം!
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: