വിഷത്തില്‍ വീണ്ടും ‘വിഷം’ ചേര്‍ത്ത് വിറ്റ് കൊള്ളലാഭം ഉണ്ടാക്കുന്നതിനെ എന്തു പേരിട്ട് വിളിക്കാം. തല്ക്കാലം നമുക്ക് ബിവറേജസ് കോര്പറേഷന് എന്നുവിളിക്കേണ്ടിവരും. കാരണം അത്തരം തീവെട്ടിക്കൊള്ളയാണ് സര്‍ക്കാരിന്റെ ഈ ‘പണംകായ്ക്കുന്ന മരം’ എന്ന് കുപ്രസിദ്ധിയുള്ള വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ വ്യാപകമായി നടന്ന വിജിലന്‍സ് റെയ്ഡും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചതിയുടെയും കള്ളത്തരത്തിന്റെയും മറ്റും അറിയാക്കഥകള്‍ പുറത്തുകൊണ്ടുവന്നത്.
ഈ വകുപ്പില്‍ എന്ത് നടന്നാലും അത്രമാത്രം ജനരോഷം ഉയരില്ല എന്ന ബോധ്യമാണ് ഇതിന് അവസരമൊരുക്കിയതെന്ന് വ്യക്തം.സര്‍ക്കാരിന് വന്‍ലാഭം കിട്ടുന്ന കോര്പറേഷന് ഒരര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് വിഷം തന്നെയാണ് വിളമ്പുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. കുടുംബം കുളംതോണ്ടാന്‍ പോന്ന സാധനമാണല്ലോ അഞ്ഞൂറും ആയിരവും ഇരട്ടിവിലയ്ക്ക് കോര്പ്പറേഷന് അവരുടെ ചില്ലറ വില്‍പ്പനശാലകളിലൂടെ നല്‍കുന്നത്. ഓണം, ക്രിസ്മസ് തുടങ്ങിയ പുണ്യദിവസങ്ങളുടെ ശോഭകെടുത്തിപ്പോലും ബിവറേജസ് കോര്പ്പറേഷന് തടിച്ചുകൊഴുക്കുന്നു. എന്നാല്‍ ഇങ്ങനെ വിഷം വിതരണം നടത്തുമ്പോള്‍പോലും അതില്‍ മാന്യത പുലര്‍ത്തുന്നില്ല എന്നതാണ് കഷ്ടം.
കാലാകാലങ്ങളായി കോര്‍പ്പറേഷന്റെ ചില്ലറവില്‍പ്പനശാലകളില്‍ അന്വേഷണം നടക്കാറില്ലത്രേ. അതിനാല്‍ എന്തുചെയ്താലും ആരും ചോദിക്കാനില്ലാത്ത അവസ്ഥ. സര്‍ക്കാര്‍തന്നെ ഉല്‍പ്പാദിപ്പിക്കുന്ന വിലകുറഞ്ഞമദ്യം വില്ക്കാന് ചില്ലറവില്‍പ്പനകേന്ദ്രങ്ങള്‍ മടിക്കുകയാണത്രേ. കാണാത്ത ഇടങ്ങളില്‍ ഈ മദ്യം വെക്കുക, അന്വേഷിക്കുന്നവരോട് മറ്റ് മദ്യത്തിന്റെ ഗുണഗണങ്ങള്‍ പറഞ്ഞ് അത് എടുപ്പിക്കുക തുടങ്ങിയവയാണ് അരങ്ങേറുന്നത്. ഫലത്തില്‍ സര്‍ക്കാറിന്റെ മദ്യംവില്‍ക്കാന്‍ കഴിയാതാവുകയും കാലാവധി തീരുമ്പോള്‍ കൂട്ടത്തോടെ നശിപ്പിക്കുകയും ചെയ്യുന്നു. ഫലത്തില്‍ കോടികളുടെ നഷ്ടമാണ് ഇതുമൂലമുണ്ടാകുന്നത്.
സര്‍ക്കാര്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മദ്യമാണ് ജവാന്റം. ഗുണമേന്മയുള്ളതും താരതമ്യേന വിലകുറവുള്ളതുമാണത്രേ ഇത്. എന്നാല്‍ വില്‍പ്പനശാലകളില്‍ ഈ റം രഹസ്യമായിവെക്കുകയാണ് പതിവ്. പകരം സ്വകാര്യ ഉല്‍പ്പാദകരുടെ മദ്യം നല്കുന്നു. ഇങ്ങനെ ചെയ്യുന്നതുവഴി ബന്ധപ്പെട്ടവര്‍ക്ക് കൂടുതല്‍ കമ്മീഷന് കിട്ടുന്നു. വലിയ തുകതന്നെ മദ്യക്കമ്പനികള്‍ മാസാമാസം ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. നാളിതുവരെ അന്വേഷണം നടക്കാത്തതുമൂലം കോടികള്‍ തന്നെ സര്‍ക്കാറിന് നഷ്ടം വന്നിട്ടുണ്ട്. നിശ്ചയമായും ഉപഭോക്താക്കള്‍ക്കും അങ്ങനെ സംഭവിച്ചു. ഇതുവഴി മാത്രമല്ല, ചില്ലറ ബാക്കിനല്കാത്തിരിക്കുന്നതുവഴി ഓരോ ദിവസവും ആയിരങ്ങള്തന്നെ മേശയില്‍ വന്നുനിറയും. ഒടുവില്‍ കണക്കുകൂട്ടുമ്പോള്‍ നല്ലൊരുതുക മിച്ചം കാണും. ഇത് ജീവനക്കാര്‍ പങ്കിട്ടെടുക്കുകയാണ് പതിവ്. സാധാരണദിവസങ്ങളില്പോലും ഒരു ജീവനക്കാരന് ഇങ്ങനെ ആയിരത്തില്കുറയാതെ പോക്കറ്റ് മണി കിട്ടും. ഇതുള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന കൊള്ളരുതായ്മകളാണ് ചില്ലറ വില്‍പ്പനശാലകളില്‍ നടക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷനില്‍ നടക്കുന്ന ഇത്തരം തീവെട്ടിക്കൊള്ളകള്‍ ഉന്നതങ്ങളിലുള്ളവരുടെ അറിവോടെ തന്നെയാണ് നടക്കുന്നതെന്ന ആരോപണമുണ്ട്. ജീവനക്കാരോട് പണം പിരിച്ച് പോവുക എന്ന ഒറ്റക്കാര്യമേ വിജിലന്‍സ് ചെയ്യാറുള്ളൂവെന്നും കേള്‍ക്കുന്നു.
നാട്ടുകാരെ കുടിപ്പിച്ച് കുലംമുടിയ്ക്കാന്‍ ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ ബിവറേജസ് കോര്പ്പറേഷന് എന്തും ചെയ്യാന്‍ അധികാരം നല്‍കിയിരിക്കുകയാണെന്ന് കരുതേണ്ടിവരും. പാവപ്പെട്ടവരുടെ പേരില്‍ ഊറ്റംകൊള്ളുന്ന സര്‍ക്കാറും അങ്ങനെയല്ലാത്തവരും ഈ തീവെട്ടികൊള്ളയ്ക്ക് അരുനിന്നുഎന്നുവേണം ധരിക്കാന്‍. മദ്യത്തില്‍ നിന്ന് സംസ്ഥാനത്തെ മുക്തമാക്കാന്‍ വിവിധ പദ്ധതികളും ഫണ്ടും ഉണ്ടെന്ന് അവകാശപ്പെടുമ്പോള്‍പോലും മദ്യപാനികളെ കുത്തുപാളയെടുപ്പിക്കുന്ന സമീപനംവെച്ചു പുലര്ത്തുന്നവര്ക്കുനേരെ ചെറുവിരല്‍ അനക്കാത്തത് എന്തുകൊണ്ടാകും. താഴത്തെ തട്ടില്‍നിന്ന് വസൂല്‍ ചെയ്തെടുക്കുന്ന പണത്തിന്റെ ഒരു പങ്ക് മേല്‍ത്തട്ടിലും എത്തുന്നതാവുമോ കാരണം? മദ്യപാനികളെ പൊതുവെ വെറുക്കുന്ന സമൂഹം അത്തരക്കാരോട് എങ്ങനെ പെരുമാറിയാലും പ്രതിഷേധം ഉയരില്ല എന്നു കരുതുന്നുണ്ടാവുമോ?
മദ്യത്തിന്റെ കുത്തൊഴുക്ക് സൃഷ്ടിക്കാനുള്ള സുവര്‍ണാവസരമായാണ് അധികൃതര്‍ ഓണക്കാലത്തെ കാണുന്നത്. കഴിഞ്ഞ ഓണക്കാലത്ത് മലയാളി കുടിച്ചുവറ്റിച്ചത് 268 കോടി രൂപയുടെ മദ്യമാണെന്നറിയുമ്പോള് ഈ ചൂഷണത്തിന്റെ ഭീകരമുഖം വ്യക്തമാവും. ഇക്കുറിയും ഓണത്തെ ലഹരിയിലാഴ്ത്തുന്ന രീതിക്ക് മാറ്റമൊന്നുമുണ്ടാവില്ല. കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇക്കാര്യത്തില്‍ മലയാളി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കും.
ഏതായാലും രണ്ട്മൂന്ന് ദിവസമായി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കിട്ടിയ വിവരങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ തന്നെ കണക്കിലെടുക്കണം. സമൂഹത്തില്‍ വിഷം വില്ക്കാന് തീരുമാനിച്ച സ്ഥിതിക്ക് അതില്‍ ചില്ലറവില്‍പ്പനക്കാര്‍ പിന്നെയും വിഷം കലര്‍ത്താന്‍ ഇടവരുത്തരുത്. മദ്യപാനികളെ കൊള്ളയടിക്കുന്ന ഒരു സംവിധാനം സര്‍ക്കാര്‍ തന്നെ നിലനിര്‍ത്തുമ്പോള്‍ മറ്റ് മേഖലകളിലെ തീവെട്ടിക്കൊള്ളക്കെതിരെ വിരല്‍ ചൂണ്ടാന്‍ ധാര്‍മികമായി സാധിക്കുമോ? വന്‍ക്രമക്കേടുകള്‍ നടത്തിയ ചില്ലറ വില്‍പ്പനശാലകളിലെ ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ഭാവിയില്‍ നിതാന്തജാഗ്രത പുലര്‍ത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും വേണം. എങ്കില്‍ മാത്രമേ സര്‍ക്കാറിന്റെ കോടികള്‍ നടഷ്ടപ്പെടാതിരിക്കൂ; കൊടിയചൂഷണം അവസാനിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: