കൊളംബോ: ശ്രീലങ്കയുടെ ഹൃദയ ഭാഗത്തെ നൂറ് കോടി വിലമതിക്കുന്ന സ്ഥലം ചൈന സ്വന്തമാക്കുന്നതില്‍ ഇന്ത്യക്ക് ആശങ്ക. ഗാലെ റോഡിലുള്ള ഈ സ്ഥലം സ്വകാര്യ കമ്പനിയുടേതാണ്. സ്ഥലം ഇന്ത്യ വാങ്ങുവാനുള്ള എല്ലാവിധ ഉടമ്പടികളും പൂര്‍ത്തിയാക്കിയിരിക്കുമ്പോഴാണ് ശ്രീലങ്ക ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്. സാംസ്കാരിക കേന്ദ്രം നിര്‍മ്മിക്കുവാനായിരുന്നു ഇന്ത്യയുടെ പദ്ധതി.
ചൈനയുടെ സ്വന്തം വിമാനക്കമ്പനി നിര്‍മ്മിക്കുവാനാണ് ശ്രീലങ്കയില്‍ നിന്നും ഈ സ്ഥലം വാങ്ങുന്നത്. ഈ ഏവിയേഷന്‍ കമ്പനിക്ക് പാക്കിസ്ഥാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന് വ്യക്തമാക്കുന്നത്. ഈ നടപടി ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു. ചൈനയുടെ സംരംഭത്തിനായി സ്ഥലം വില്‍ക്കുന്ന നടപടി അത്ഭുതകരമായാണ് ഇന്ത്യ കാണുന്നത്. പ്രാദേശിക മാധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്ത ശ്രീലങ്ക തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ പ്രസാദ് കാര്യവാസം അറിയിച്ചു. പ്രശ്നത്തില്‍ അദ്ദേഹം അസുന്തുഷ്ടിയും രേഖപ്പെടുത്തി.വാര്‍ത്ത സ്ഥിരീകരിച്ചാലും തള്ളിക്കളഞ്ഞാലും ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് ഒരു പ്രതികരണം ലങ്കന്‍ സര്‍ക്കാര്‍ നല്‍കണമെന്നും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചൈനക്ക് സ്ഥലം വിറ്റത് സംബന്ധിച്ച് ലങ്കന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണത്തിന് കാത്തിരിക്കുകയാണെന്നും പിന്നീട് തുടര്‍ നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിഷയം ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണന്‍ അറിയിച്ചു.
പ്രതിരോധകരാറിന്റെ ഭാഗമായാണ് വിമാനക്കമ്പനി ചൈന നിര്‍മ്മിക്കാനൊരുങ്ങുന്നത്. ജെ എഫ് -17 യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചൈനയും പാക്കിസ്ഥാനും സംയുക്തമായിട്ടാണ് പദ്ധതി ആരംഭിക്കുന്നതെന്നാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത. ശ്രീലങ്കയില്‍ ചൈന വിമാനക്കമ്പനി നിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയാക്കുകയാണെങ്കില്‍ ഇന്ത്യക്ക് കൂടുതല്‍ ഭീഷണി സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
തമിഴരുടെ പ്രശ്നത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ അനുകൂല വോട്ട് ചെയ്തത് ഇരു രാഷ്ട്രങ്ങള്‍ക്കിടയിലും വിള്ളലുണ്ടാക്കിയിരുന്നു. ഇന്ത്യയുടെ നിലപാടില്‍ അമര്‍ഷമുണ്ടെന്ന് പ്രസിഡന്റ് മഹീന്ദ രജപക്സെയും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ചൈനക്ക് സ്ഥലം വിറ്റതിനെക്കുറിച്ചോ ഇന്ത്യയോടുള്ള പ്രതിഷേധം ഇതിലൂടെ അറിയിച്ചതാണോ എന്നതു സംബന്ധിച്ചോ യാതൊരുവിധ പ്രതികരണത്തിനും രജപക്സെ തയ്യാറായില്ല. രാജ്യത്ത് ചൈനയുടെ വിദേശനിക്ഷേപം വര്‍ദ്ധിക്കുകയും, മൂന്ന് വര്‍ഷമായി ചൈനയുമായുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്തുവാനും സ്ഥലം വില്‍ക്കുന്നതിലൂടെ സാധിക്കുമെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: