2012 ആഗസ്റ്റ് 8 കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും മേഖലയിലെ കറുത്ത ദിനമായിരുന്നു. അന്നാണ് കേരള നിയമസഭയില്‍ ഇതുവരെ നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി പെന്ഷന് സമ്പ്രദായത്തിനു പകരം 2013 മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പാക്കിക്കൊണ്ടുള്ള നിയമം പാസ്സാക്കിയത്. ഈ പദ്ധതി കേരളത്തിലെ ജീവനക്കാരുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയായി പെന്ഷന് സമ്പ്രദായത്തിന്റെ അടിവേരറുക്കുന്നതാണ്. മാത്രവുമല്ല സ്റ്റാറ്റ്യൂട്ടറി പെന്ഷന് സമ്പ്രദായമാണ് കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. അതുകൊണ്ടാണ് സര്‍ക്കാര്‍ ഉദ്യോഗത്തിനും അദ്ധ്യാപക ജോലിക്കു മിടുക്കരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്നത്. ഇത് സിവില്‍ സര്‍വീസിന്റേയും വിദ്യാഭ്യാസമേഖലയുടേയും ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ പദ്ധതി നിര്‍ത്തലാക്കി പുതിയ പെന്ഷന് പദ്ധതികൊണ്ടുവരുന്നതോടെ ഈ ആകര്‍ഷണീയത ഇല്ലാതാവുകയും മിടുക്കരായ ഉദ്യോഗാര്‍ത്ഥികള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോവുകയും ചെയ്യും. ഇത് സിവില്‍ സര്‍വീസ് മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത് സമൂഹം തിരിച്ചറിയണം. പുതുതായി ചേരുന്നവര്‍ക്കാണ് നടപ്പിലാക്കുന്നത് എങ്കിലും ഭാവിയില്‍ ഇതുണ്ടാക്കാവുന്ന പ്രതിസന്ധിയും ഭീഷണിയും മനസ്സിലാക്കി ഈ തീരുമാനത്തെ ശക്തിയായി എതിര്‍ക്കേണ്ടത് നിലവില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും പൊതു സമൂഹത്തിന്റെയും ബാധ്യതയാണ്.
നിലവില്‍ കേരളത്തില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി പെന്ഷന് ആനുകൂല്യമായി നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിപ്രകാരം എത്രയാണ് വിരമിക്കുമ്പോള്‍ ലഭിക്കുന്ന പെന്ഷന് എന്ന് പറയാന്‍ കഴിയില്ല. അടിസ്ഥാന ശമ്പളവും ഡിഎയും ചേരുന്ന തുകയുടെ നിശ്ചിത ശതമാനം ജീവനക്കാര്‍ അടക്കണം. അതിന് തുല്യമായ തുക സര്‍ക്കാരും അടക്കണം. എന്നാല്‍ ഈ തുക ദേശീയ വിദേശീയ ഓഹരിക്കമ്പോളങ്ങളില്‍ നിക്ഷേപിക്കും എന്നാണ് പറയുന്നത്.
ഓഹരിക്കമ്പോളങ്ങളിലെ കയറ്റിറക്കങ്ങള്‍ ക്കനുസൃതമായി ജീവനക്കാരന്റെ പെന്‍ഷനില്‍ മാറ്റം വരുന്നു. ഓഹരി കമ്പോളത്തിന്റെ തകര്‍ച്ച ജീവനക്കാരന്റെ പെന്ഷന് നയാപൈസപോലും ലഭിക്കാത്ത ഒരു സാഹചര്യത്തിലെത്തിക്കും. കൃത്യമായി എത്ര രൂപ ലഭിക്കുമെന്ന് യാതൊരുറപ്പുമില്ല. വിരമിക്കല്‍ ദിവസം വരെ മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെടുന്ന ജീവനക്കാരും അദ്ധ്യാപകരും തന്റെ ജോലികളില്‍ പൂര്‍ണ്ണ സംതൃപ്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നും തന്നെ പെന്ഷന് നല്കാന് കഴിയാത്ത സാഹചര്യമാണുള്ളത്. മാത്രവുമല്ല ജീവനക്കാരുടെയും അദ്ധ്യാപകരുടേയും ജീവിതം ഓഹരി കമ്പോളങ്ങളില്‍ പന്താടാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. ഭാവിയില്‍ സര്‍വീസ് മേഖലയില്‍ രണ്ടുതരം പെന്‍ഷന്‍കാരുണ്ടാവും. ഒരു പത്ത് വര്‍ഷം കഴിയുമ്പോഴേക്കും സര്‍വീസ് മേഖലയിലും അധ്യാപക മേഖലയിലും ഇത് രണ്ട് തരം പെന്‍ഷന്‍കാരെ സൃഷ്ടിക്കുകയും ജീവനക്കാര്‍ക്കിടയിലും ഭിന്നതയുണ്ടാകുകയും ഇന്നുളള ഐക്യം തകര്‍ക്കപ്പെടുകയും ചെയ്യും. ഇത് ചെറുക്കപ്പെടേണ്ടതാണ്.
ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് ഇപ്പോള്‍ യാതൊരു നേട്ടവുമില്ലെന്നും അധിക ബാധ്യതയുമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെന്തിന് ഈ പദ്ധതി നടപ്പാക്കണം? ഇതിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മറ്റൊരു വാദം സര്‍ക്കാര്‍ ജീവനക്കാരെക്കാള്‍ പെന്‍ഷന്‍കാര്‍ ഉണ്ടെന്നുള്ളതാണ്. അത് കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടമായിട്ടല്ലേ കാണേണ്ടത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ഇത് കേരളം ആരോഗ്യരംഗത്ത് കൈവരിച്ച വലിയ മുന്നേറ്റമാണ്. അതിനെ ന്യൂനതയായി കാണുന്നത് കേരളീയ സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കേരളത്തിലൊഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെന്‍ഷന്‍പ്രായം 58 ഓ 59 വോ ആണ്. കേരളത്തിലും പെന്‍ഷന്‍പ്രായം 60 ആക്കി ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടത്. ഇന്ന് പുതുതായി ചേരുന്നവര്‍ക്ക് പങ്കാളിത്ത പെന്ഷന് നടപ്പിലാക്കിയ സര്‍ക്കാര്‍ നാളെ നിലവിലുളളവര്ക്കും ഇത് നടപ്പാക്കില്ല എന്നുള്ളതിന് യാതൊരുറപ്പുമില്ല. ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. പത്തുവര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലും അധ്യാപകരിലും 40 ശതമാനമെങ്കിലും പങ്കാളിത്ത പെന്ഷന് വാങ്ങാത്തവരുണ്ടാവും. അത്തരമൊരു സാഹചര്യത്തില്‍ നിലവിലുള്ള ജീവനക്കാര്‍കൂടി പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്തിയാല്‍ പകുതിയോളം വരുന്ന പുതിയ ജീവനക്കാര്‍ ഇതിനെ എതിര്‍ക്കില്ല. ആ സമയത്ത് വലിയ എതിര്പ്പുകളീല്ലാതെ നിലവിലുള്ള ജീവനക്കാര്‍ക്കും പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്തില്ല എന്ന് ഉറപ്പിച്ചുപറയാന്‍ നമുക്ക് കഴിയില്ല. ജീവനക്കാര്‍ക്കിടയിലെ ഐക്യം തകര്‍ക്കാന്‍ ഇത് സാഹചര്യമൊരുക്കുകയും ചെയ്യും.
കേരളത്തിലെ ജീവനക്കാരുടെ പെന്‍ഷന്‍പദ്ധതി അട്ടിമറിക്കുക മാത്രമല്ല യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. തസ്തികകള്‍ വെട്ടിക്കുറച്ച് യുവാക്കളുടെ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നുമില്ല. ജീവനക്കാരുടെ പെന്ഷന് ക്രമേണ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നല്കുന്ന പെന്ഷന് ആനുകൂല്യത്തെക്കുറിച്ച് മൗനം പാലിക്കുന്നു. ലക്ഷക്കണക്കിന് പേര് ജോലി ചെയ്യുന്ന പ്രതിരോധ മേഖലയില്‍ എന്തുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കുന്നില്ല. ഇവിടെ കാര്യം വ്യക്തമാണ്. ലക്ഷ്യം ജീവനക്കാരുടെ നന്മയല്ല മറിച്ച് ജീവനക്കാരോടും അധ്യാപകരോടും ഉള്ള ശത്രുതാമനോഭാവമാണ്. മുമ്പ് ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ പറഞ്ഞിരുന്നു; ‘അധ്യാപകരും ജീവനക്കാരും പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവരാണ്’ എന്ന്. അതേ നിലപാട്തന്നെയാണ് ഉമ്മന്‍ചാണ്ടിയും തുടരുന്നത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് നഗ്നമായ വര്‍ഗീയവല്‍ക്കരണം നടക്കുന്നു.
പൊതുസമൂഹത്തില്‍ ഭരണസ്വാധീനം ഉപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ പിടിമുറുക്കുന്നു. കേരളം ഒരു വലിയ വിപത്തിലേക്ക് നീങ്ങുന്നു. ഇത് തിരിച്ചറിഞ്ഞ് ഈ ഭീഷണികളില്‍നിന്നും കേരളത്തെ രക്ഷിക്കാന്‍ ഈ വരുന്ന ആഗസ്റ്റ് 21 ന് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. ഇത് ജീവനക്കാരുടെയും അധ്യാപകരുടെയും നിലനില്‍പ്പിന്റെ, ജീവന്മരണ പോരാട്ടമാണ്. ഇത് മനസിലാക്കി മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഈ പണിമുടക്കില്‍ പങ്കുചേരണമെന്ന് ആഹ്വാനം ചെയ്യുന്നു. ഈ സമരത്തിന് പൊതുസമൂഹത്തിന്റെ പൂര്ണപിന്തുണയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വി. ഉണ്ണികൃഷ്ണന് (എന്‍ടിയു, സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: