സമൂഹത്തിന്റെ സ്മൃതി നാശമാണ് പലപ്പോഴും രാഷ്ട്രീയത്തിന്റെ ജഢിലതയ്ക്ക് ഇന്ധനമായിത്തീരുന്നത്. ചന്ദ്രശേഖരന് വധത്തിലും സമൂഹത്തിന്റെ ജാഗ്രത വറ്റിവരുംതോറും വിരുദ്ധ രാഷ്ട്രീയങ്ങള്‍ വികലമായ നീക്കുപോക്കുകളിലേക്ക് നീങ്ങുന്ന കാഴ്ച കാണാം. സിപിഎമ്മിലെ വമ്പന്‍സ്രാവുകളും കൊമ്പന് സ്രാവുകളുമൊക്കെ കുടുങ്ങുമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോള്‍ത്തന്നെ പാര്‍ട്ടിയിലെ ചീര്‍ത്ത ചില ചീങ്കണ്ണികള്‍ പോലീസിന്റെ വല പൊട്ടിച്ചു കടന്നു എന്നുവേണം കരുതാന്‍. കടന്നത് പോലീസിന് വലവീശാനറിയാഞ്ഞിട്ടല്ല. ഭരണകൂടം വലക്കണ്ണികളെ ദുര്ബലമാക്കിയതുകൊണ്ടാണ്.
ക്രമസമാധാനപാലന സംവിധാനത്തോടുള്ള പുച്ഛത്തോടെയും നിത്യാഭ്യാസത്തിന്റെ ഉദാസീനതയോടെയുമാവണം പാര്‍ട്ടി ടിപിവധം നടപ്പാക്കിയത്. കാരണം അതുവരെയും നടത്തിയ ഒരരും കൊലയിലും പാര്‍ട്ടിക്ക് പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വന്നില്ല. കൊലകളുടെ ഗൂഢാലോചനയിലേക്കോ യഥാര്‍ത്ഥ പ്രതികളിലേക്കോ അന്വേഷണം നീണ്ടിട്ടില്ല. കേരളാ പോലീസിന്റെ അന്വേഷണ പരിധി അന്നൊക്കെ സ്വന്തം നട്ടെല്ലിന്റെ ചുറ്റളവിലേക്ക് ചുരുങ്ങിക്കിടക്കുകയായിരുന്നു. മൂന്ന് കാരണങ്ങളാലാണ് ഇത് സംഭവിച്ചത്. ഒന്ന് സമൂഹമനസ്സാക്ഷിയുടെ ഏകീകരണമില്ലായ്മ. രണ്ട് ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ. മൂന്ന് പോലീസിലെ ഒരു വിഭാഗത്തിന്റെ അക്ഷന്തവ്യമായ രാഷ്ട്രീയ വിധേയത്വം.
പാര്‍ട്ടിക്ക് തോന്നിയവരെയത്രയും പാര്‍ട്ടി മടികൂടാതെ കൊന്നു. അതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ അഹന്തകൊണ്ടും അണികളെക്കൊണ്ടും ഇരകളുടെ സ്വഭാവഹത്യകൊണ്ടും നേരിട്ടു. പാര്‍ട്ടി നല്‍കിയവരെ പ്രതികളാക്കി. അവര്‍ യഥാര്‍ത്ഥ പ്രതികളല്ലാത്തതിനാല്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടു. ചിലപ്പോള്‍ ചില വിട്ടുവീഴ്ചകള്‍ക്കായി കൃത്യം ചെയ്ത ചില പാര്‍ട്ടി ഗുണ്ടകളെത്തന്നെ പ്രതികളായി നല്കി. ശിക്ഷ സുഖവാസമാക്കിയും കാലാവധി ഇളവു ചെയ്തും അനധികൃത പരോള്‍ നല്‍കിയും നാട്ടില്‍ വീരപരിവേഷം സൃഷ്ടിച്ചും ഗുണ്ടകളെ സംരക്ഷിച്ചു. അപൂര്‍വം വേളകളില്‍ ലോക്കല്‍ നേതാക്കളെ പ്രതികളാക്കി നക്ഷത്ര ഗുണ്ടകളേയും പാര്‍ട്ടിയിലെ ഉന്നതരേയും മറച്ചുനിര്‍ത്തി. കൊലയാളികളെന്നു കണ്ട് സുപ്രീംകോടതി ശിക്ഷിച്ചവരെക്കൂടി പാര്‍ട്ടിയുടെ പോരാളികളാക്കി അവതരിപ്പിച്ച് നാടുചുറ്റിച്ചു സ്വീകരിച്ചു. പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്കി ആദരിച്ചു. പാര്‍ട്ടി പ്രതികളാക്കിക്കുടുക്കിയ നിരപരാധികള്‍ സത്യം പുറത്തുപറയുമെന്ന ഘട്ടത്തില്‍ പാര്‍ട്ടിതന്നെ അവരെ നിര്‍ദ്ദാക്ഷിണ്യം വകവരുത്തി. എന്നിട്ടത് ആത്മഹത്യയാക്കി മാറ്റി. കൊലകള്‍ നടത്തി അത് മറ്റുള്ളവരുടെ മേല്ചുമത്തി വര്‍ഗീയ കലാപത്തിന് കളമൊരുക്കി. ശത്രുവിന്റെ ശത്രുവിനെ ഒപ്പം കൂട്ടി പൊതുശത്രുവിനെ വകവരുത്തി. ഇതിനൊക്കെ കാരണമായ പാര്‍ട്ടിയിലെ നേതൃനിര ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ, മരണഭീതിയെന്തെന്നറിയാതെ, കണ്ണുനീരിന്റെ ഉപ്പുണ്ണാതെ, ശിക്ഷിക്കപ്പെടുമെന്ന ഭയാശങ്കകളില്ലാതെ സസുഖം വിരാജിച്ചു. ഇങ്ങനെ കാലങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ഹുങ്കിന്റെയും ദുര്യോധനബുദ്ധിയുടേയും പാരമ്യത്തിലാവണം പാര്‍ട്ടിയിലെ നരഭോജികളുടെ ലോബി ടിപി വധം നടപ്പിലാക്കുന്നത്.
ചന്ദ്രശേഖരന് ഒരു ശരാശരി സഖാവ് മാത്രമായിരുന്നു. ഏതാനും പഞ്ചായത്തുകളില്‍ മാത്രം സ്വാധീനമുള്ള ഒരു കൊച്ചു പാര്‍ട്ടിയായിരുന്നു അദ്ദേഹത്തിന്റേത്. സിപിഎമ്മിനോടെന്നപോലെതന്നെ കോണ്‍ഗ്രസിനോടും ബിജെപിയോടും അകലം പാലിക്കുന്നതായിരുന്നു അവരുടെ രാഷ്ട്രീയ നിലപാട്. അതുകൊണ്ട് സമഗ്രവും ശക്തവുമായൊരു പ്രതിഷേധം കേരളത്തിലുരുത്തിരിയുമെന്ന് സിപിഎം കരുതിയില്ല. ഒരുപക്ഷെ ജയകൃഷ്ണന് മാഷിന്റെ വധത്തിലുണ്ടായതിന്റെ പത്തിലൊന്ന് പ്രതിഷേധം പോലും പ്രതീക്ഷിച്ചിരിയ്ക്കില്ല. ഉയരുന്ന ദുര്‍ബലമായ പ്രതിഷേധങ്ങളെ ചെറുക്കാനുള്ള ചെപ്പടി വിദ്യകളും പാര്‍ട്ടി കരുതിവച്ചിരുന്നു. വാഹനത്തില്‍ അറബിസ്റ്റിക്കര് പതിച്ച് അന്വേഷണം മുസ്ലീം തീവ്രവാദ സംഘടനകളിലേക്ക് തിരിച്ചുവിടുക. കെ.സുധാകരനേയും പി.സി.ജോര്‍ജ്ജിനേയും മുല്ലപ്പള്ളി രാമചന്ദ്രനേയും സംഭവത്തിലേക്ക് വലിച്ചിഴച്ചും വാഹന ഉടമയുടെ തുമ്മിയാല്‍ തെറിക്കുന്ന കോണ്‍ഗ്രസ് ബന്ധം പ്രചരിപ്പിച്ചും ആശയക്കുഴപ്പം സൃഷ്ടിക്കുക. പ്രതികളില്‍ ആര്‍എസ്എസുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൈരളിയിലൂടെ പ്രചരിപ്പിക്കുക. വളം വിതരണത്തില്‍ ക്രമക്കേടു കാട്ടിയ ആളാണ് ചന്ദ്രശേഖരന് എന്ന നുണപ്രചാരണം നടത്തി സ്വഭാവഹത്യ ചെയ്യുക. തുടങ്ങിയ തന്ത്രങ്ങളൊക്കെ പാര്‍ട്ടി പതിവുപോലെ നടപ്പാക്കി.
ടിപി വധം, സമൂഹമനഃസാക്ഷിയെ ഉണര്‍ത്തിക്കാന്‍ വേണ്ടി കാലം തന്റെ കയ്യൊപ്പ് ചാര്ത്തിവിട്ട ഒന്നായിരുന്നു. മരിച്ച ടിപി അജ്ഞേയമായ ചില കാരണങ്ങളാല്‍ ജീവിച്ചിരുന്ന ടിപിയെക്കാള്‍ ആയിരമിരട്ടി വേഗത്തില്‍ ആഞ്ഞടിക്കുന്ന തീക്കറ്റാവുകയായിരുന്നു. കടിഞ്ഞാണയഞ്ഞ കുതിരകളെപ്പോലെ അന്വേഷണ സംഘം കുതിച്ചുപാഞ്ഞു. പാര്‍ട്ടിയുടെ പ്രതിരോധവും ശ്രദ്ധ തിരിക്കല്‍ ശ്രമങ്ങളും കുടില തന്ത്രങ്ങളും ഒന്നൊന്നായി തകര്‍ന്നടിഞ്ഞു. ബാഹ്യവും ആഭ്യന്തരവുമായ ജനരോഷം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി. പത്തിവിരിച്ച വി.എസ്.വീണുകിട്ടിയ ഭാഗ്യം വിനിയോഗിച്ചു. എഴുത്തുകാരും സാംസ്ക്കാരിക ലോകവും മുഖ്യമായി സിപിഎമ്മിനെതിരെ തിരിഞ്ഞു. വാഗ്വിലാസംകൊണ്ട് മാധ്യമശ്രദ്ധ തിരിക്കാന്‍ നിയുക്തനായ എം.എം.മണി വികടസരസ്വതിയാല് പാര്‍ട്ടിയുടെ വെളുക്കാന്‍ തേച്ച വെള്ളപ്പാണ്ടായി. പലയിടങ്ങളില്‍ പലപ്പോഴായി ചെയ്ത പാതകങ്ങള്‍ കല്ലുമഴ പൊഴിയുംപോലെ പാര്‍ട്ടിയുടെ മണ്ടയിലേക്ക് പൊഴിഞ്ഞുവീഴാന്‍ തുടങ്ങി. തലയില്‍ മുണ്ടിട്ടും പര്‍ദ്ദ ധരിച്ചും മുന്‍കൂര്‍ ജാമ്യം ധ്യാനിച്ച് ഒളിവിടങ്ങളില്‍ തപസ്സിരുന്നും സഖാക്കള്‍ മടുത്തു. അതിനിടയില്‍ ഫസല്‍ വധവുമായി സിബിഐയും ഷുക്കൂറിന്റെ കൊലയുമായി സംസ്ഥാന പോലീസും സിപിഎമ്മിന്റെ ഇരുപുറവും ചെകുത്താനും കടലുംപോലെ നിലകൊണ്ടു. അച്യുതാനന്ദനൊപ്പം ഘടകകക്ഷികളും കൈവിട്ട കണ്ണൂര്‍ലോബി പിണറായിയുടെ നേതൃത്വത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ അഭയം തേടി. കൈവിട്ടാല്‍ ഒരു സംസ്ഥാന സെക്രട്ടറിയേറ്റ് അപ്പാടെ അഴിയെണ്ണുമെന്ന ഘട്ടത്തില്‍ കേന്ദ്ര നേതൃത്വത്തിന് മറ്റു പോംവഴികളില്ലാതായി.
രാഷ്ട്രപതി തെരഞ്ഞെടുപ്പെന്ന പച്ചബള്‍ബ് മണ്ടയില്‍ കത്തിയ കാരാട്ട് പ്രണബിനുള്ള പിന്തുണ താമസംവിനാ സോണിയാ മാഡത്തെയറിയിച്ചു. സാമ്രാജ്യത്വത്തോടും നവലിബറല്‍ നയങ്ങളോടുമുള്ള എതിര്‍പ്പ് തല്‍ക്കാലത്തേക്ക് പാര്‍ട്ടി സെന്ററില്‍ വച്ചു പൂട്ടിയ സിപിഎം പ്രണബിനെ പിന്തുണയ്ക്കുന്നതിന് ഒരാള്‍ക്കും ദഹിയ്ക്കാത്ത കാരണങ്ങള്‍ കണ്ടെത്തി. ഉദ്ദിഷ്ട കാര്യത്തിന്റെ ഉപകാര സ്മരണ കേരളത്തിലെ കോണ്‍ഗ്രസിലും കണ്ടുതുടങ്ങി. കുതിച്ചുപാഞ്ഞിരുന്ന അന്വേഷണരഥം കടിഞ്ഞാണിട്ടുനിന്നു. അറസ്റ്റുകള്‍ ഏതാണ്ടവസാനിച്ചു. ചോദ്യം ചെയ്ത പലരേയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. തൈലവും കുഴമ്പും പുരട്ടി മുങ്ങി നടന്ന കെ.കെ.രാഗേഷ് പൊടുന്നനെ ചോദ്യം ചെയ്യലിന് ഹാജരായി തന്റെ നിയമവിധേയത്വം പ്രകടമാക്കി. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി.മോഹനനെ ചോദ്യം ചെയ്താലുടന്‍ ഉന്നതരുടെ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞ അന്വേഷണ സംഘം പുതിയ തെളിവുകള്‍ ലഭിച്ചാലേ അറസ്റ്റുണ്ടാകൂ എന്ന് അഭിപ്രായം മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനെപ്പറ്റി ‘ദേശാഭിമാനി’യില്‍ വാര്‍ത്ത വന്ന സംഭവത്തില്‍ ചോദ്യം ചെയ്യലും അറസ്റ്റും അമാന്തിപ്പിച്ചു. കാരായി രാജനെ ചോദ്യം ചെയ്യുന്നതിന്റെ തലേദിവസം കൈരളിയുടെ വാഹനത്തില്‍ ഒളിച്ച് ജയിലിലെത്തിയ പിണറായി വിജയനെ രാജനുമായി സംസാരിയ്ക്കാന്‍ അനധികൃതമായി അനുവദിച്ചു. ജയകൃഷ്ണന് വധം സിബിഐക്ക് വിടണമെന്ന ആവശ്യത്തിനുനേരെ കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയും കണ്ണടച്ചു. പാര്‍ട്ടി അനുഭാവിയായ മകനെ പാര്‍ട്ടി തന്നെ വകവരുത്തിയെന്ന അമ്മയുടെ പരാതിയിലും തുടരന്വേഷണം ആഭ്യന്തരവകുപ്പ് കാര്യമായി നടത്തിയില്ല. ടിപി വധത്തില്‍ പ്രതികളിലൊരാളെ കൃത്യത്തിനുശേഷം സഹായിച്ചു എന്ന കുറ്റം മാത്രം ആരോപിക്കപ്പെട്ടിരുന്ന കാരായി രാജന് ഒരു പ്രഭാതത്തില്‍ ഗൂഢാലോചനയിലും പങ്കാളിയാണെന്ന് വിശ്വാസയോഗ്യമല്ലാത്ത തരത്തില്‍ പോലീസ് വെളിപ്പെടുത്തലുണ്ടായി. അങ്ങനെ കണ്ണൂരിലെ വിഖ്യാത ലോബിയും സംസ്ഥാന നേതൃത്വവും ഒന്നും അറിയാതെ തന്നെ ടിപി വധം ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ പര്യാപ്തരായവര്‍ പ്രതികളിലുള്പ്പെട്ടിട്ടുണ്ടെന്ന് പോലീസിന് കുറ്റപത്രത്തിലൂടെ വാദിക്കാമെന്നായി.
എം.മോഹനന്, പി.കെ.കുഞ്ഞനന്തന്, കാരായി രാജന് എന്നിവര്‍ ചേര്ന്നാലോചിച്ചിട്ടാണ് കൊല നടത്തിയത് എന്ന കണ്ടെത്തലിലേക്ക് കാര്യങ്ങള്‍ ചുരുങ്ങുകയാണ്. രണ്ട് ജില്ലയിലെ ഏതാനും സെക്രട്ടറിയേറ്റംഗങ്ങള്‍ വിചാരിച്ചാല്‍ ഒരു ജില്ലയില്‍നിന്ന് പാര്‍ട്ടിയുടെ സ്വകാര്യ ഗുണ്ടകളെ കൊണ്ടുവന്ന് മറ്റൊരു ജില്ലയില്‍ കൊലപാതകം നടത്താനാവില്ലെന്ന് സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തെപ്പറ്റി സാമാന്യമറിയാവുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. കണ്ണൂരിലെ ഒരു മുതിര്‍ന്ന നേതാവിന്റെ ‘സ്വകാര്യ അഹങ്കാര’മായിരുന്ന ടി.കെ.രജീഷിനെ പങ്കെടുപ്പിക്കുന്നതും ആ നേതാവിന്റെ സമ്മതമില്ലാതെ സാധ്യമല്ല.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പൂര്‍ണമായും കോഴിക്കോട് സെക്രട്ടറിയേറ്റിലെ ചില അംഗങ്ങളും പങ്കെടുത്തു എന്ന് പോലീസ് സമ്മതിച്ചാല്‍ പോലും അത് വിശ്വാസയോഗ്യമല്ല. സംസ്ഥാന നേതൃത്വത്തിന്റെ അറിവും അനുഗ്രഹവുമില്ലാതെ രണ്ടു ജില്ലകളെ സംയോജിപ്പിച്ചുള്ള ആസൂത്രണവും കൊലപാതകവും സാധ്യമല്ല. സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലാകുമെന്ന് പറഞ്ഞുകൊണ്ടിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ നിശബ്ദരാണ്, ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും നിശബ്ദരാണ്. അന്വേഷണം അതിന്റെ വഴിക്കുപോകും എന്നാവും ഒരുപക്ഷെ ഇനി അവര്‍ പറയുക. ആ വഴി പെരുവഴിയാണെന്ന് ആര്‍ക്കാണറിയാത്തത്. അരിവാള്‍ പിടിപ്പിച്ചനാക്കുകൊണ്ട് പോലീസിനെതിരെ കയര്‍ത്തുകൊണ്ടിരിക്കുന്ന ജയരാജന്മാരും പിണറായിയും കോടിയേരിയും എളമരവുമൊക്കെ ഇപ്പോള്‍ നാക്കിനുള്ള സുഖചികിത്സയിലാണ്. മൗനം ആര്‍ക്കൊക്കെയോ ഭൂഷണമാകുന്നുണ്ടെന്ന് സാരം.
കേരളത്തിലെ പിണറായി പക്ഷത്തിനൊപ്പം മാത്രമേ കേന്ദ്രനേതൃത്വത്തിന് നില്‍ക്കാനാവൂ. കാരണം ഇവിടത്തെ വലത് വ്യതിയാനങ്ങളുടെ വികസിത രൂപമാണ് ദല്‍ഹിയില്‍ അവര്‍ നടപ്പാക്കുന്നത്. അച്യുതാനന്ദനും പല്ലുകൊഴിഞ്ഞ ഏതാനും ബംഗാള്‍ കടുവകളും കൂടി വിടവാങ്ങിയാല്‍ പിന്നെ ഇന്ത്യയില്‍ സിപിഎം കോണ്‍ഗ്രസിന്റെ വികസ്വരമായ ഒരു പ്രതിബിംബമായി മാറാവുന്നതേയുള്ളൂ. അതുകൊണ്ട് ഒരു സിബിഐ അന്വേഷണത്തില്‍ക്കൂടി പോലും കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടാകുന്നതുവരെ കെ.കെ.രമയ്ക്കും റവല്യൂഷണറിയ്ക്കും നീതി ലഭിയ്ക്കാനിടയില്ല. മനഃസാക്ഷിയുള്ള സമൂഹം ഒന്നിച്ചുചേര്‍ന്ന് പ്രക്ഷോഭം നയിക്കേണ്ട സമയമാണിത്. നീതി ലഭിക്കാന്‍ ഇപ്പോള്‍ അതുമാത്രമാണ് പോംവഴി. അല്ലെങ്കില്‍ ലോക്സഭാ ഇലക്ഷന്‍വരെ കാത്തിരിയ്ക്കേണ്ടി വരും. ജനമുന്നേറ്റത്തിന് മുതിരാതെയുള്ള ഓരോ കാത്തിരിപ്പും ജനാധിപത്യത്തിന്റെ അപഹാസ്യമായ ചരിത്രമാണ്. കേരളത്തിന്റെ എണ്ണിയാല്‍ത്തീരാത്ത രക്തസാക്ഷികളില്‍ ഒരുവനായൊടുങ്ങണോ ചന്ദ്രശേഖരന്; അതോ കേരളത്തിന്റെ രാഷ്ട്രീയ സംസ്ക്കാരത്തെ സംശുദ്ധമാക്കിക്കൊണ്ട് അതിന്റെ ആയുധം വലിച്ചെറിയിച്ച ആദര്‍ശത്തിന്റെ നാഴികക്കല്ലാകണോ? തീരുമാനിക്കുക.
വിനയന് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: