കേരളത്തിലെ നിയമ(നിര്‍മാണ) സഭക്ക് 125 വര്‍ഷം തികയുന്നു. ഇത്രയും പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു നിയമസഭയേ ഇന്ത്യയിലുള്ളു. അത് കര്‍ണാടകയിലെ നിയമസഭയാണ്. ഇന്ത്യയിലെ മറ്റ് നാട്ടുരാജ്യങ്ങളിലെല്ലാം, സ്വാതന്ത്ര്യാനന്തരമോ, അതിന് അല്‍പ്പം മുമ്പുമാത്രമോ ആണ് ഇത്തരം സംവിധാനങ്ങള്‍ രൂപപ്പെടുന്നത്. എന്നുമാത്രമല്ല, ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളായി അറിയപ്പെടുന്ന പാശ്ചാത്യനാടുകളില്‍ പോലും 125 തികയ്ക്കുന്ന നിയമസഭകള്‍ അധികമൊന്നുമുണ്ടാവില്ല. കേരളത്തിലെ നിയമനിര്‍മാണ സഭകള്‍, മൂന്ന് സമാന്തര മേഖലകളിലായാണ് വളര്‍ച്ച പ്രാപിച്ചത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളില്‍. തിരുവിതാംകൂറും കൊച്ചിയും രാജഭരണത്തിലായിരുന്നെങ്കില്‍, മലബാര്‍, മദ്രാസ് പ്രവിശ്യയുടെ ഒരു ജില്ലയായിരുന്നു. ഈ മൂന്ന് മേഖലകളും 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനമാകുംവരെ, അവിടങ്ങളില്‍ ഓരോ തരത്തിലുള്ള പരിഷ്കാരങ്ങളും ജനാധിപത്യ പരീക്ഷണങ്ങളും നടന്നുവന്നിരുന്നു എന്നത് അഭിമാനാര്‍ഹമായ ചരിത്രമാണ്.
സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരായുള്ള ശ്രീനാരായണ ഗുരുവിന്റെ മുന്നേറ്റങ്ങള്‍ ആരംഭിച്ച അതേ സമയത്തുതന്നെയാണ്, തിരുവിതാംകൂറിലെ നിയമനിര്‍മാണ സഭയുടെ ആദ്യ തുടിപ്പുകള്‍ ഉണ്ടായതെന്നത് യാദൃശ്ചികമായിരിക്കാം. ജനങ്ങളുടെ അധഃസ്ഥിതാവസ്ഥകള് പരിഹരിക്കുക എന്നതാണല്ലോ ഭരണ വ്യവസ്ഥിതികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിയമസഭയില്പ്രകടിപ്പിക്കാന്, അവരുടെതന്നെ പ്രതിനിധികള്‍ എത്തുന്നു. ജനാഭിലാഷത്തിനനുസരിച്ച് ഭരണത്തില്‍ മാറ്റങ്ങള്‍ വരുന്നു. ജനങ്ങള്‍ക്കുള്ള പുതിയ നിയമങ്ങള്‍ നിര്‍മിക്കപ്പെടുന്നു. അത്തരമൊരു മാറ്റത്തിന്റെ അവസ്ഥ വന്നുചേരുകയാണ് ഇത്തരം സംവിധാനങ്ങളിലൂടെ. 1888 ആഗസ്റ്റ് 23-നാണ് തിരുവിതാംകൂര്‍ കൗണ്‍സിലിന്റെ ആദ്യത്തെ സമ്മേളനം നടന്നത്. അന്നത്തെ രാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയാണ് ഇതിനുള്ള നിയമം നടപ്പാക്കിയത്. എട്ട് അംഗങ്ങളായിരുന്നു കൗണ്‍സിലിലുണ്ടായിരുന്നത്.
എല്ലാവരേയും രാജാവ് തന്നെ നാമനിര്‍ദ്ദേശം ചെയ്തു. ഇതില്‍ ആറ് പേര് ഔദ്യോഗികാംഗങ്ങളും രണ്ട് പേര് അനൗദ്യോഗികാംഗങ്ങളും ആയിരുന്നു. ദിവാന്റെ ആഫീസില്‍ ഉച്ചക്ക് 12 നാണ് ആദ്യയോഗം നടന്നത്. രാജാവിന്റെ സ്വന്തക്കാരെ മാത്രമാണ് അംഗങ്ങളാക്കിയത് എന്നതുകൊണ്ട് ഈ ചരിത്രസംഭവത്തിന്റെ പ്രാധാന്യം കുറയുന്നില്ല. രാജ്യത്തെ മറ്റൊരു രാജാവും ഇതുപോലൊരു പരീക്ഷണത്തിന് തയ്യാറായില്ല എന്നിടത്താണ് സാമാന്യം വലുപ്പം കുറവായ തിരുവിതാംകൂറില്‍ ഇങ്ങിനൊരു ഭരണസംവിധാനത്തിന് തുടക്കം കുറിക്കപ്പെട്ടത് എന്നത് ഓര്‍ക്കാവുന്നതാണ്. ദിവാന് ശങ്കരസുബയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യയോഗം, ഇനിവരാന്‍ പോകുന്ന സുപ്രധാന മാറ്റങ്ങളുടെ നാന്ദിയാണിതെന്ന് ഒരുപക്ഷേ, ഓര്‍ത്തു കാണില്ല.
ഉന്നത ഉദ്യോഗങ്ങളിലും ഭരണ നിര്‍വഹണത്തിലും അര്‍ഹമായ സ്ഥാനവും അവസരവും വേണമെന്നാവശ്യപ്പെട്ടുകൊണ്ട് 1891-ല്‍ പതിനായിരം പേര് ഒപ്പിട്ട് ഒരു നിവേദനം രാജാവിന് സമര്‍പ്പിക്കപ്പെട്ടു. ‘മലയാളി മെമ്മോറിയല്‍’ എന്നറിയപ്പെടുന്ന ഈ സംഭവം, ജനങ്ങളുടെ പ്രതികരണശേഷിയുടെ നിദര്‍ശനമായിരുന്നു. തങ്ങള്‍ക്കവകാശപ്പെട്ടത് നേടിയെടുക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നവര്‍ മനസ്സിലാക്കി. അതിനായി സംഘടിക്കാനും ശക്തരാകാനും അവര്‍ ഒത്തുചേരുകയും ചെയ്തു. ജനാധിപത്യ വളര്‍ച്ചയില്‍ ഈ സംഭവം അങ്ങനെ പ്രാധാന്യം നേടുകയുംചെയ്തു. തിരുവിതാംകൂറില്‍ പിന്നീട് ഉത്തരവാദപ്പെട്ട സര്‍ക്കാരുകള്‍ നിലവില്‍ വന്നത് ഇത്തരം പ്രക്ഷോഭങ്ങളുടെ വെളിച്ചത്തിലാണെന്ന് കാണാന്‍ സാധിക്കും.
ആരംഭകാലത്ത് കൗണ്‍സിലിന് വലിയ അധികാരങ്ങളൊന്നുമുണ്ടായിരുന്നില്ല. നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കി രാജാവിന്റെ അനുമതിക്ക് സമര്‍പ്പിക്കുക മാത്രമേയുണ്ടായിരുന്നുള്ളു ചുമതല. അതിന്റെ നടത്തിപ്പിനെപ്പറ്റി അന്വേഷിക്കാനുള്ള അവകാശവും ഉണ്ടായിരുന്നില്ല. 1898-ല്‍ പുതിയ ഉത്തരവനുസരിച്ച് കൗണ്‍സിലിന്റെ അംഗസംഖ്യ 15 ആയി ഉയര്‍ത്തി. ഇതില്‍ 9 പേര് ഔദ്യോഗികാംഗങ്ങളും 6 പേര് അനൗദ്യോഗികാംഗങ്ങളുമായിരുന്നു. അംഗങ്ങളുടെ ചുമതലകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഈ ഉത്തരവ് വഴി നടപ്പാക്കപ്പെട്ടു. പല പ്രധാന അധികാരങ്ങളും രാജാവിന്റെ കൈപ്പിടിയില്‍ത്തന്നെ ഒതുക്കിക്കൊണ്ടുള്ളതായിരുന്നു ഇത്തരമൊരു ഉത്തരവ് എങ്കിലും, ജനാധിപത്യ വളര്‍ച്ചയില്‍ ഇതിനും പ്രാധാനപ്പെട്ട സ്ഥാനമുണ്ട്. അതിന്റെ വളര്‍ച്ചയായി കാണാവുന്നതാണ് 1904-ലെ ശ്രീമൂലം പ്രജാസഭയുടെ രൂപീകരണം. ജനാഭിലാഷമനുസരിച്ച് രൂപംകൊള്ളുന്നതാവണം സഭകള്‍ എന്ന രീതിയിലേക്കുള്ള ചെറിയ ചുവടുവെയ്പാണിത്. നൂറ് അനൗദ്യോഗികാംഗങ്ങളും ‘തെരഞ്ഞെടുക്കപ്പെട്ട’വരായിരുന്നു എന്നുപറയാം. പക്ഷേ, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല. ഭൂപ്രഭുക്കളില്‍നിന്നും ധനിക വ്യാപാരികളില്‍നിന്നും ദിവാന് തിരഞ്ഞെടുക്കുന്നവരായിരുന്നു എന്നുമാത്രം. സാധാരണ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും, ഇവരിലൂടെ കുറേയേറെ ജനകീയ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍വന്നു എന്നതുതന്നെ ഈ സംവിധാനത്തിന്റെ വിജയമായി കണക്കാക്കാം. 1904 ഒക്ടോബര്‍ 22ന് തിരുവനന്തപുരം വി.ജെ.ടി. ഹാളിലാണ് ശ്രീമൂലം പ്രജാസഭയുടെ ആദ്യയോഗം ചേര്‍ന്നത്. 1905 മേയ് ഒന്നിലെ പുതിയ ഉത്തരവനുസരിച്ച്, ജനങ്ങള്‍ക്ക് വോട്ടവകാശം ലഭിച്ചു. പക്ഷേ, അത് എല്ലാവര്‍ക്കുമില്ല-ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്കുമാത്രം. 100 അംഗങ്ങളായിരുന്നു അസംബ്ലിയില്‍. അതില്‍ 77 പേരെ തെരഞ്ഞെടുക്കും. 23 പേരെ നാമനിര്‍ദ്ദേശം ചെയ്യും.
ഇവരുടെ കാലാവധി ഒരു വര്‍ഷംമാത്രം. പ്രതിവര്‍ഷം 50 രൂപയില്‍ കുറയാതെ നികുതിയടക്കുന്നവരും, 2000 രൂപയില്‍ കുറയാതെ വരുമാനമുള്ളവരും, സര്‍വകലാശാലാ ബിരുദമുള്ളവരും 10 വര്‍ഷമെങ്കിലും ഒരു സ്ഥലത്ത് തുടര്‍ച്ചയായി താമസിക്കുന്നവരും ഒക്കെയായവര്‍ക്കേ വോട്ടവകാശം ലഭിച്ചിട്ടുള്ളൂ!
ശ്രീമൂലം പ്രജാസഭ, എല്ലാവരേയും പ്രതിനിധീകരിക്കുന്ന സംവിധാനമായിരുന്നില്ലെങ്കിലും ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുവാനുള്ള ഒരു വേദിയായി വളര്‍ന്നിരുന്നു എന്നു കാണാം. ഓരോ അംഗത്തിനും രണ്ട് വീതം ഉപക്ഷേപങ്ങള്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. ലജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അധികാരവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പല നിവേദനങ്ങളും പ്രജാസഭയില്‍ അവതരിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായാവാം 1907-ല്‍ നാല് അംഗങ്ങളെ ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കാന്‍ അനുവാദം ലഭിച്ചു 1919-ല്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിന്റെ രൂപഘടനയില്‍ പരിണാമം സംഭവിച്ചു. ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം, കൂടുതല്‍ അധികാരം, കൂടുതല്‍ ചുമതലകള്‍ എന്നിങ്ങനെ ജനാധിപത്യത്തിന്റെ കാതലായ അംശങ്ങള്‍ ചേര്‍ത്തുകൊണ്ടായിരുന്നു പുനഃസംഘടന. കൗണ്‍സിലിന്റെ അംഗബലം 25 വരെയായി ഉയര്‍ത്തി. 11 അനൗദ്യോഗികാംഗങ്ങളില്‍ എട്ടെണ്ണവും പൊതുതെരഞ്ഞെടുപ്പിലൂടെ എന്നായി. ബഡ്ജറ്റ് ചര്‍ച്ചചെയ്യാനും ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള അധികാരവും ലഭിച്ചു. 1921 ഒക്ടോബറില്‍ വീണ്ടും മാറ്റങ്ങള്‍വന്നു. അംഗങ്ങള്‍ 50 ആയി. 28 പേര് തെരഞ്ഞെടുക്കപ്പെട്ടവരും 22 പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരും. നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരില്‍ ഏഴ് പേര് അനൗദ്യോഗികാംഗങ്ങളായിരിക്കുകയും വേണം. അങ്ങനെ ആദ്യമായി അനൗദ്യോഗികാംഗങ്ങള്‍ക്ക് സഭയില്‍ ഭൂരിപക്ഷം ലഭിച്ചു. സഭാസമ്മേളനം നിയന്ത്രിക്കാന്‍ ഒരു ഡെപ്യൂട്ടി പ്രസിഡന്റിനെ നിയമിച്ചു. അത് ഔദ്യോഗികാംഗം വേണമെന്നില്ല. ദിവാന്റെ അഭാവത്തില്‍ സഭയില്‍ അധ്യക്ഷനാവുന്നത് ഇദ്ദേഹമാണ്. അംഗങ്ങള്‍ക്ക് ധനാഭ്യര്ത്ഥനകളില് വോട്ട് ചെയ്യാനും ജനകീയപ്രശ്നങ്ങളില്‍ ശ്രദ്ധക്ഷണിക്കലുകള്‍ അവതരിപ്പിക്കാനും അടിയന്തരപ്രമേയങ്ങളവതരിപ്പിക്കാനും അനുമതി ലഭിച്ചു. 1930-ല്‍ സഭക്കുള്ളില്‍ പൂര്‍ണമായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ലഭിച്ചു. 1925-ലെ നായര്‍ റഗുലേഷനും ഈഴവ റഗുലേഷനും പാസായത് ഈ കാലഘട്ടത്തിലാണ് എന്ന് കാണാം.
1932-ല്‍ സമഗ്രമായ നിയമസഭാ പരിഷ്ക്കരണം മഹാരാജാവ് നടപ്പാക്കി.
ദ്വിമണ്ഡല സംവിധാനം നിലവില്‍വന്നു�1933 ജനുവരി ഒന്നിന്. ഇംഗ്ലണ്ടിലെ സഭാസംവിധാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ശ്രീമൂലം പ്രജാസഭ അധോമണ്ഡലമായും ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ ഉപരിമണ്ഡലമായും രൂപീകരിക്കപ്പെട്ടു. പരിമിതമായെങ്കിലും അധികാരങ്ങളും അവര്‍ക്ക് ലഭിക്കുകയുണ്ടായി. പ്രജാസഭയില്‍ 72 അംഗങ്ങളായിരുന്നു. 43 പേര് പൊതുമണ്ഡലം, അഞ്ച് പേര് പ്രത്യേക മണ്ഡലം, 14 പേര് അധഃസ്ഥിതവര്‍ഗക്കാര്‍ക്കുള്ള സംവരണമണ്ഡലം, 10 പേര് നാമനിര്‍ദ്ദേശം എന്നിങ്ങനെയായിരുന്നു 72 അംഗ തെരഞ്ഞെടുപ്പ്. കൗണ്‍സിലില്‍ 27 അനൗദ്യോഗികാംഗങ്ങള്‍ �16 പേര് പൊതുമണ്ഡലം, ആറ് പേര് പ്രത്യേക മണ്ഡലം, അഞ്ച് പേര് നാമനിര്‍ദ്ദേശം എന്നിങ്ങനെയും 10 പേര് ഔദ്യോഗിക രംഗത്തുനിന്നുള്ളവരും കൂടിയാകുമ്പോല്‍ 37 അംഗങ്ങള്‍.
അവകാശങ്ങള്‍ പൂര്‍ണമായും വിട്ടുകൊടുത്തിരുന്നില്ലെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ ഇവിടെ കണ്ടിരുന്നു. ധനാഭ്യര്‍ത്ഥനകള്‍ വോട്ടിനിട്ട് നിരാകരിക്കാനുള്ള അധികാരം ലഭിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പരിശോധിക്കുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി രൂപീകരിച്ചതും ഈ സഭയാണ്. അങ്ങനെ രാജ്യത്തിന്റെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് ആദ്യമായി അധികാരം ലഭിച്ചു. 1947 സപ്തംബര്‍ നാല് വരെ ഈ ദ്വിമണ്ഡല സംവിധാനം തുടര്‍ന്നു. തുടര്‍ന്ന് നിലവില്‍വന്ന ഭരണഘടനാ നിര്‍മാണ സഭയുടെ ആദ്യയോഗം 1948 മാര്‍ച്ച് 20-നായിരുന്നു. 120 അംഗങ്ങള്‍. ഇന്ത്യയിലാദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പാക്കിയത് ഈ തെരഞ്ഞെടുപ്പിനായിരുന്നു. ഒരു പ്രധാനമന്ത്രിയും രണ്ട് മന്ത്രിമാരുമുള്ള മന്ത്രിസഭക്ക് ഭരണം കൈമാറ്റം നടന്നു. മഹാരാജാവ് തന്നെയായിരുന്നു പ്രമുഖന്. 1948 മാര്‍ച്ച് 24ന് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി. ഒക്ടോബര്‍ 22ന് പറവൂര്‍ ടി. കെ. നാരായണപിള്ളയും. 1949 ജൂലൈ ഒന്നുവരെ അദ്ദേഹം തുടര്‍ന്നു. ജൂലൈ ഒന്നിനായിരുന്നല്ലോ തിരുവിതാംകൂര്‍�കൊച്ചി ലയനം.
ഇത്രയും സംഭവ ബഹുലമായിരുന്നില്ല കൊച്ചി രാജ്യത്തിലെ നിയമനിര്‍മാണ സഭയുടെ ചരിത്രം. അവിടെ 1925 ഏപ്രിലിലാണ് തുടക്കം കുറിച്ചത്. കൊച്ചിന് നിയമനിര്‍മാണ കൗണ്‍സിലില്‍ 45 അംഗങ്ങളായിരുന്നു. 30 പേര് തെരഞ്ഞെടുക്കപ്പെട്ടവരും 15 പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരും. സഭക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കാന് രാജാവ് തയ്യാറായത് എടുത്തുപറയേണ്ട കാര്യമാണ്. 1932-ല്‍ കൗണ്‍സിലിന്റെ അംഗസംഖ്യ 54 ആയി ഉയര്‍ത്തി. �36 പേര് തെരഞ്ഞെടുക്കപ്പെട്ടവരും 18 പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരും. നിയമനിര്‍മാണസഭയിലെ ഒരംഗത്തെ മന്ത്രിയാക്കിയത് 1938-ലാണ്. അമ്പാട്ട് ശിവരാമ മേനോന് അങ്ങനെ ആദ്യത്തെ ജനകീയമന്ത്രിയായി. 1942 ഫെബ്രുവരി 25-ല്‍ അദ്ദേഹം ഒഴിഞ്ഞു. പിന്നീട് ടി. കെ. നായരായിരുന്നു മന്ത്രി.
1946-ല്‍ മന്ത്രിമാരുടെ എണ്ണം 4 ആയി. ഓരോരുത്തര്‍ക്കും ഓരോ വകുപ്പുകള്‍ നല്കി. ആദ്യത്തെ ജനകീയ മന്ത്രിസഭ എന്ന് ഇതിനെ വിശേഷിപ്പിക്കാം. പനമ്പള്ളി ഗോവിന്ദമേനോന്, സി. ആര്. ഇയ്യുണ്ണി, കെ. അയ്യപ്പന്, ടി. കെ. നായര്‍ എന്നിവര്‍ 1946 സപ്തംബര്‍ 19-ന് അധികാരമേറ്റു. സ്വാതന്ത്ര്യദിനത്തിന് തൊട്ടുതലേന്ന് (1947 ആഗസ്റ്റ് 14) പരിപൂര്‍ണ ഉത്തരവാദ ഭരണം സ്ഥാപിക്കുവാനും രാജാവ് തയ്യാറായി.
തിരുവിതാംകൂറില്‍, ഉത്തരവാദ ഭരണം പ്രഖ്യാപിക്കാന്‍ പിന്നെയും 20 ദിവസം കാത്തിരിക്കേണ്ടി വന്നു എന്നത് ചരിത്രം. പനമ്പള്ളി പ്രധാനമന്ത്രിയായി 1947 സപ്തംബറില്‍ അധികാരത്തില്‍ വന്ന മന്ത്രി സഭ ഒക്ടോബര്‍ 22വരെ തുടര്‍ന്നു. തുടര്‍ന്ന് ടി. കെ. നായര്‍ പ്രധാമന്ത്രിയായി. 1948 സപ്തംബര്‍ 20 വരെ തുടര്‍ന്നു. 1948-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍വന്നു. കൗണ്‍സില്‍ നിയമസഭയായി മാറുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പിനുശേഷം 1948 സപ്തംബര്‍ 20ന് ഇക്കണ്ടവാര്യരുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു. ഈ മന്ത്രിസഭ തിരുവിതാംകൂര്‍�കൊച്ചി സംയോജനംവരെ തുടരുകയുംചെയ്തു. മലബാര്‍ പ്രദേശം, മദ്രാസ് പ്രവിശ്യയുടെ ഒരു ജില്ലയായിത്തന്നെ തുടരുകയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു. 1920 മുതല്‍, മദ്രാസ് നിയമസഭയില്‍ മലബാറിന്റെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. 1936-ലെ തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോംഗ്ങ്ങാട്ടില് രാമന് മേനോന്, മദ്രാസില്‍, രാജഗോപാലാചാരി മന്ത്രിസഭയില്‍ മന്ത്രിയുമായിട്ടുണ്ട്. 1951-ലെ പൊതുതെരഞ്ഞെടുപ്പില്‍ മലബാറില്‍നിന്നും 29 അംഗങ്ങള്‍ മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂര്‍ കൊച്ചി സംയോജനം 1949 ജൂലൈ ഒന്നിനായിരുന്നു. തിരുവിതാംകൂറിലേയും കൊച്ചിയിലേയും നിയമനിര്‍മാണ സഭകളും ഒന്നായി.
തിരുവിതാംകൂറിലെ പ്രധാനമന്ത്രി പറവൂര്‍ ടി. കെ. നാരായണപിള്ള പുതിയ തിരു-കൊച്ചി മുഖ്യനായി. കൊച്ചിയിലെ മുഖ്യനായിരുന്ന ടി. എം. വറുഗീസ് നിയമസഭാ സ്പീക്കറുമായി.
1951-ലെ പൊതുതെരഞ്ഞെടുപ്പില്‍ എ. ജെ. ജോണ്‍ മുഖ്യമന്ത്രിയായി.
1952 മാര്‍ച്ച് 12-നാണ് അദ്ദേഹം അധികാരമേറ്റത്. 1953 സപ്തംബര്‍ 23-ന് അവിശ്വാസപ്രമേയത്തിലൂടെ അദ്ദേഹം പുറത്തായി. പിറ്റേന്നുതന്നെ നിയമസഭയും പിരിച്ചുവിട്ടു.
തുടര്‍ന്ന് 1954 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും തനിയെ ഭൂരിപക്ഷം ലഭിച്ചില്ല. പട്ടം താണുപിള്ള കോണ്‍ഗ്രസ് സഹായത്തോടെ മന്ത്രിസഭയുണ്ടാക്കി. പട്ടത്തിന്റെ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 19ഉം കോണ്‍ഗ്രസ്സിന് 45ഉം അംഗങ്ങളുണ്ടായിരുന്നു. 1955 ഫെബ്രുവരിവരെ പട്ടം തുടര്‍ന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ പനമ്പിള്ളി ഗോവിന്ദമേനോന്
മുഖ്യമന്ത്രിയായി. 1956 മാര്‍ച്ച് 23വരെ ഇദ്ദേഹം തുടര്‍ന്നു. ഭരണകക്ഷിയിലെ ആറ് അംഗങ്ങള്‍ രാജിവെച്ചതിനാല്‍, അദ്ദേഹത്തിന് തുടരാനായില്ല. നിയമസഭയും പിരിച്ചുവിടപ്പെട്ടു. ആദ്യമായി പ്രസിഡന്റ് ഭരണം സ്ഥാപിക്കുന്നത് അന്നാണ്.
1956 നവംബര്‍ ഒന്നിന് കേരളം രൂപീകൃതമായി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സംയോജനത്തോടെയാണ് കേരളം രൂപീകൃതമായത്. കേരളപ്പിറവിയില്‍ നമുക്ക് നിയമസഭ നിലവിലില്ലായിരുന്നു എന്നത് കൗതുകകരമായ അനുഭവമാണ്. പ്രസിഡന്റ്് ഭരണമായിരുന്നു അപ്പോള്‍. കേരള സംസ്ഥാനത്തെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരുന്നു. 126 അംഗങ്ങള്‍. ഏപ്രില്‍ അഞ്ചിന് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറി. ആര്. ശങ്കരനാരായണന് തമ്പിയായിരുന്നു ആദ്യ സ്പീക്കര്‍. 1959 ജൂലൈ 31-ന് ഈ മന്ത്രിസഭയെയും നിയമസഭയെയും പ്രസിഡന്റ് പിരിച്ചുവിടുകയും പ്രസിഡന്റ് ഭരണം വീണ്ടും ഏര്‍പ്പെടുത്തുകയും ചെയ്തു.
1960 ഫെബ്രുവരിയിലായിരുന്നു അടുത്ത പൊതുതെരഞ്ഞെടുപ്പ്. പട്ടം മുഖ്യമന്ത്രിയായി. കെ. എം. സീതിഹാജിയായിരുന്നു സ്പീക്കര്‍. അദ്ദേഹം പെട്ടെന്ന് നിര്യാതനായതോടെ സി. എച്ച്. മുഹമ്മദ് കോയ സ്പീക്കറായി. അദ്ദേഹം ഇടക്കുവെച്ച് രാജിവെച്ചതോടെ അലക്സാണ്ടര്‍ പറമ്പിത്തറ സ്പീക്കറായി.
പഞ്ചാബ് ഗവര്‍ണറായി നിയമിതനായതോടെ പട്ടം സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് ആര്. ശങ്കര്‍ മുഖ്യമന്ത്രിയായി. 1964-ല്‍ ആര്. ശങ്കര്‍ മന്ത്രിസഭ അവിശ്വാസ പ്രമേയം പാസ്സായതിനെ തുടര്‍ന്ന് ഒഴിയുകയും സെപ്തംബര്‍ 10-ന് അസംബ്ലി പിരിച്ചുവിടുകയും വീണ്ടും പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. 1965-ല്‍ പൊതുതിരഞ്ഞെടുപ്പ് നടന്നെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍, അസംബ്ലി രൂപീകരിച്ചില്ല. പ്രസിഡന്റ് ഭരണം 1967 വരെ നീണ്ടു.
1967 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ തമ്മിലായി മത്സരം. വീണ്ടും ഇ.എം.എസ്. മുഖ്യമന്ത്രിയായി. ഡി. ദാമോദരന്‍ പോറ്റിയായിരുന്നു സ്പീക്കര്‍. 1969 നവംബര്‍ ഒന്നിന് മന്ത്രിസഭ രാജിവെച്ചു. തുടര്‍ന്ന് നിയമസഭാംഗമല്ലാതിരുന്ന, രാജ്യസഭാംഗമായിരുന്ന സി. അച്യുതമേനോന് മുഖ്യമന്ത്രിയായി. 1970 ജൂണ്‍ 26-ന് അസംബ്ലി പിരിച്ചുവിട്ട് പുതിയ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 17-നായിരുന്നു തിരഞ്ഞെടുപ്പ്. വീണ്ടും അച്യുതമേനോന് ഒക്ടോബര്‍ 4-ന് മുഖ്യമന്ത്രിയായി. മൊയ്ദീന്‍കുട്ടി ഹാജിയായിരുന്നു സ്പീക്കര്‍. സ്പീക്കര്‍ രാജിവെച്ചതോടെ ആദ്യം ഡപ്യൂട്ടി സ്പീക്കര്‍ ആര്. എസ്. ഉണ്ണി സ്പീക്കറുടെ ചുതമല വഹിച്ചു. തുടര്‍ന്ന്
ടി. എസ്. ജോണ്‍ സ്പീക്കറായി. അടിയന്തിരാവസ്ഥാ സമയമായതിനാല്‍, അഞ്ച് വര്ഷകാലാവധിക്കുശേഷം 18 മാസംകൂടി അച്യുതമേനോന് മന്ത്രിസഭ തുടര്‍ന്നു 1977 മാര്‍ച്ച് 22 വരെ. 1977 മാര്‍ച്ചിലെ തിരഞ്ഞെടുപ്പില്‍, കെ. കരുണാകരന് മുഖ്യമന്ത്രിയായി. ചാക്കീരി അഹമ്മദ് കുട്ടിയായിരുന്നു സ്പീക്കര്‍. ഏപ്രില്‍ 25-ന് കരുണാകരന് രാജിവെച്ചു.
എ. കെ. ആന്റണി മുഖ്യമന്ത്രിയായി. അദ്ദേഹം 1978 ഒക്ടോബര്‍ 27-ന് രാജിവെച്ചു. തുടര്‍ന്ന് പി. കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി. അദ്ദേഹം 1979 ഒക്ടോബര്‍ 7-ന് രാജിവെച്ചു. തുടര്‍ന്നുവന്ന സി.എച്ച്. മുഹമ്മദ് കോയ ഒക്ടോബര്‍ 12-ന് സ്ഥാനമേറ്റു. ഡിസംബര്‍ ഒന്നിന് രാജിവെക്കുകയും ചെയ്തു. അസംബ്ലി പിരിച്ചുവിടുകയും വീണ്ടും പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.
1980 ജനുവരി 21-ന് വീണ്ടും പൊതുതിരഞ്ഞെടുപ്പ് നടന്നു. ജനുവരി 25-ന് ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായി. എ. പി. കുര്യനായിരുന്നു സ്പീക്കര്‍. 1981 ഒക്ടോബര്‍ 20 വരെയേ അദ്ദേഹത്തിന് ഭരിക്കാനായുള്ളൂ. അദ്ദേഹം രാജിവെച്ചതോടെ വീണ്ടും പ്രസിഡന്റ് ഭരണമായി-നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. 1981 ഡിസംബര്‍ 28-ന് കെ. കരുണാകരന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചു. എ. സി. ജോസായിരുന്നു സ്പീക്കര്‍. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും 70 അംഗങ്ങള്‍ വീതമായിരുന്നു എന്നതാണിതിന്റെ പ്രത്യേകത. സ്പീക്കറുടെ വോട്ടിനായിരുന്നു പ്രാധാന്യം. ഈ മന്ത്രിസഭയും പെട്ടെന്ന് അവസാനിച്ചു-മാര്‍ച്ച് 17-ന്. വീണ്ടും പ്രസിഡന്റ് ഭരണത്തിലായി സംസ്ഥാനം.
1982 മെയ് 19-നായിരുന്നു അടുത്ത പൊതുതിരഞ്ഞെടുപ്പ്. കെ. കരുണാകരന് വീണ്ടും മുഖ്യമന്ത്രിയായി. വക്കം പുരുഷോത്തമനായിരുന്നു സ്പീക്കര്‍.
വക്കം, ലോക്സഭാംഗമായതോടെ 1985 മാര്‍ച്ചില്‍ വി. എം. സുധീരന് സ്പീക്കറായി. 1987 വരെ ഈ മന്ത്രിസഭ തുടര്‍ന്നു. അഞ്ച് വര്‍ഷവും തുടര്‍ച്ചയായി ഭരിക്കാന്‍ ഈ മന്ത്രിസഭക്ക് സാധിച്ചു.
അടുത്ത പൊതുതിരഞ്ഞെടുപ്പ് 1987 മാര്‍ച്ച് 23-നായിരുന്നു. എട്ടാം നിയമസഭയാണ് ഈ തിരഞ്ഞെടുപ്പിലൂടെ രൂപീകൃതമായത്. മാര്‍ച്ച് 26-ന് ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായി. വര്‍ക്കല രാധാകൃഷ്ണനായിരുന്നു സീപ്ക്കര്‍. 1991 ഏപ്രില്‍ 5-ന് കാലാവധി തീരുമുമ്പേ ഈ മന്ത്രി സഭയും മാറി. 1991 ജൂണ്‍ 12-നായിരുന്നു അടുത്ത തെരഞ്ഞെടുപ്പ്. ജൂണ്‍ 21-ന് കെ. കരുണാകരന് മുഖ്യമന്ത്രിയായി. ഒന്‍പതാം നിയമസഭയുടെ സ്പീക്കര്‍ പി. പി. തങ്കച്ചനായിരുന്നു. 1995 മാര്‍ച്ച് 16-ന് കെ. കരുണാകരന് രാജിവെച്ചു. തുടര്‍ന്ന് എ. കെ. ആന്റണി മുഖ്യമന്ത്രിയായി. പി. പി. തങ്കച്ചന് മന്ത്രിയായതോടെ തേറമ്പില്‍ രാമകൃഷ്ണന് സ്പീക്കറായി. 1996 മെയ് 9 വരെ ഈ മന്ത്രിസഭ തുടര്‍ന്നു.
പത്താം നിയമസഭ 1996 മെയ് 14-ന് നിലവില്‍വന്നു. ഇ. കെ. നായനാരായിരുന്നു മുഖ്യമന്ത്രി. മെയ് 20-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. എം. വിജയകുമാര്‍ സ്പീക്കറായി. 2001 മെയ് വരെ ഈ മന്ത്രിസഭ നിലവിലുണ്ടായിരുന്നു. തുടര്‍ന്ന് മെയ് 10-ന് പുതിയ തെരഞ്ഞെടുപ്പ് നടന്നു. പതിനൊന്നാം നിയമസഭ മെയ് 16-ന് നിലവില്‍ വന്നു. എ. കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. വക്കം പുരുഷോത്തമന് സ്പീക്കറായി. 2004 ആഗസ്റ്റ് 29-ന് എ. കെ. ആന്റണി രാജിവെക്കുകയും 31-ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവുകയും ചെയ്തു. വക്കും പുരുഷോത്തമന് മന്ത്രിയായതിനെ തുടര്‍ന്ന്, തേറമ്പില്‍ രാമകൃഷ്ണന് സ്പീക്കറായി. പന്ത്രണ്ടാം നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2006 ഏപ്രില്‍ 22, 29, മെയ് 3 എന്നീ ദിവസങ്ങളില്‍ നടന്നു. മെയ് 18-ന് വി. എസ്. അച്ചുതാനന്ദന് മുഖ്യമന്ത്രിയായി. കെ. രാധാകൃഷ്ണനായിരുന്നു സ്പീക്കര്‍.
പതിമൂന്നാം നിയമസഭയാണ് ഇപ്പോള്‍, നിലവിലുള്ളത്. പൊതുതിരഞ്ഞെടുപ്പ് 2011 ഏപ്രില്‍ 13-നായിരുന്നു. മെയ് 14-ന് പുതിയ നിയമസഭ നിലവില്‍ വന്നു.
മെയ് 18-ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. ജൂണ്‍ 2-ന് ജി. കാര്ത്തികേയന് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. വളരെ ചുരുങ്ങിയ കാലംകൊണ്ട് ഈ നിയമസഭ ചരിത്രത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ചരിത്രപ്രസിദ്ധമായേക്കാവുന്ന ‘സേവനാവകാശ നിയമം’ ഈ സഭയാണ് പാസ്സാക്കിയത്. മറ്റൊരു പ്രധാന മാറ്റം സഭാനടപടികളുടെ പൂര്‍ണ്ണമായ ‘വെബ്കാസ്റ്റിംഗ്’ സാധ്യമാക്കിയതാണ്.
ചോദ്യോത്തരസമയം മാത്രമേ ഇതുവരെ നേരിട്ടുള്ള സംപ്രേക്ഷണം ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ എല്ലാ നടപടികളും വെബ്സൈറ്റില്‍ ലഭ്യമാക്കുന്നു. കൂടാതെ, സഭാനടപടികള്‍ ആവശ്യാനുസരണം കാണുന്നതിനുള്ള ‘വീഡിയോ ഓണ്‍ ഡിമാന്റ്’ സംവിധാനവും നിലവില്‍ വന്നു. സഭാനടപടികള്‍ കൂടുതല്‍ സുതാര്യമാകുകയാണ് ഇതുമൂലം സാധിക്കുന്നത്.
അഭിമാനകരമായ അനേകം നേട്ടങ്ങള്‍ ഈ 125 വര്‍ഷത്തെ പ്രവര്‍ത്തനംമൂലം സംസ്ഥാനത്തിനുണ്ടായിട്ടുണ്ട്. ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാക്കുന്ന അനേകം നിയമങ്ങള്‍ ഈ സഭകള്‍ പാസാക്കിയിട്ടുണ്ട്. എല്ലാ സഭകളും ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലനമായിട്ടാണ് കാണപ്പെടുന്നത്. ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് എപ്പോഴും സഭ ശ്രമിച്ചിട്ടുള്ളത്. ജനങ്ങളുടെ വികാരം
പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സഭാസമ്മേളനം സാക്ഷ്യം വഹിക്കുക. ഓരോ സഭയും ജനകീയ മുന്നേറ്റങ്ങളുടെ കഥയാണ് പറയുന്നത്.
നിയമനിര്‍മ്മാണസഭക്ക് 125 വയസ്സാകുന്നു എന്നതുകൊണ്ട് അതിന്റെ ചെറുപ്പം ഒരിക്കലും മായുന്നില്ല. ഓരോ ഇടവേളകളില്‍ പുതിയതായി പുതിയ സഭ വരികയാണല്ലോ. അങ്ങിനെ എപ്പോഴും ചെറുപ്പം സൂക്ഷിക്കാന്‍ സാധിക്കുന്നു. ജനാധിപത്യത്തിന്റെ വിജയവും ഇവിടെയാണ്-ഒരിക്കലും പ്രായമാകാത്ത, ചെറുപ്പം സൂക്ഷിക്കുന്ന നിയമനിര്‍മ്മാണ സഭ. ഇനിയും അനേകം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നമുക്ക് കാത്തിരിക്കാം.
ജി. കാര്ത്തികേയന് (സ്പീക്കര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: