എട്ടുപേര്‍ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊലക്കേസില്‍ പ്രത്യേക കോടതി വിട്ടയച്ച 76 പ്രതികളില്‍ 24 പേര്‍ക്ക് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച ഹൈക്കോടതി ഇതിന് പിന്നിലുള്ള ഗൂഢാലോചന തെളിഞ്ഞിട്ടില്ലെന്നും എന്തായിരുന്നു ഗൂഢാലോചന, ആരായിരുന്നു യഥാര്‍ത്ഥ ഗൂഢാലോചകര്‍ എന്നത് വെളിച്ചത്തു കൊണ്ടുവരണമെന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇവര്‍ നിയമവിരുദ്ധമായി സംഘം ചേര്‍ന്നു എന്നും അതിക്രമത്തില്‍ പങ്കെടുത്തു എന്നും വിലയിരുത്തിയാണ് ജസ്റ്റിസുമാരായ എം.ശശിധരന് നമ്പ്യാരും പി.ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരോളില്ലാത്ത ജീവിതാവസാനം വരെയുള്ള തടവു ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. മാറാട് നടന്ന കൂട്ടക്കൊല തികച്ചും നിഷ്ഠുരവും പൈശാചികവുമാണെന്നും സാമുദായിക വികാരത്തിനടിപ്പെട്ടവരാണ് കൊല നടത്തിയതെന്നും കോടതി വിലയിരുത്തി. കേസന്വേഷണം നടത്തിയത് തൃപ്തികരമായില്ലെന്ന് ക്രൈം ബ്രാഞ്ചിനെ വിമര്‍ശിച്ച ഹൈക്കോടതി എന്തെങ്കിലും കാരണങ്ങളാല്‍ ഇത് മനഃപൂര്‍വം വിട്ടു കളഞ്ഞതാവാം എന്നും ഇതേപ്പറ്റി ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ല. ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷെ മാറാട് കടപ്പുറത്തെ ജുമാ മസ്ജിദില്‍ നിന്ന് പോലീസ് കുറെ ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇവിടെനിന്ന് പോയവരാണ് അരയ സമാജം അംഗങ്ങളെ ആക്രമിച്ചതെന്നാണ് കേസ്.
അക്രമികളുടെ സംഘത്തില്‍ ഉള്‍പ്പെട്ട അസ്ഗര്‍ അലിയെ പള്ളിയിലെത്തിച്ചതായും എത്തിച്ചവരുടെ വസ്ത്രത്തില്‍ രക്തം ഉണ്ടായിരുന്നു എന്നും അവിടുന്ന് കണ്ടെത്തിയ കലണ്ടറില്‍ മെയ് രണ്ട് പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു എന്നതുമാണ് ഗൂഢാലോചനയ്ക്ക് തെളിവായി പ്രോസിക്യൂഷന് ഹാജരാക്കിയത്. ഇതും തെളിയിക്കപ്പെട്ടിട്ടില്ല. വലിയ ആസൂത്രണമാണ് നടന്നതെങ്കിലും ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തിയില്ല. സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവും പ്രായോഗികമായില്ല. ഈ കേസില്‍ മാറാട് പ്രത്യേക കോടതി ജഡ്ജി മാത്യു പി. ജോസഫ് 62 പേര്‍ക്ക് ജീവപര്യന്തവും കാല്‍ലക്ഷം രൂപ പിഴക്കും പുറമെ മതസ്ഥാപനം ദുരുപയോഗം ചെയ്ത ഒരാള്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷയും വിധിച്ചിരുന്നു. ഗൂഢാലോചന, കലാപത്തിനുപയോഗിച്ച പണത്തിന്റെ സ്രോതസ്സ് മുതലായവയും കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. സിബിഐ അന്വേഷണത്തിനുള്ള ആവശ്യം അന്നേ ഉയര്‍ന്നിരുന്നു. ഈ കലാപത്തില്‍ തീവ്രവാദ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇത് തെളിയിക്കാനാണ് സിബിഐ ശ്രമിക്കേണ്ടത്. മാറാട് കടപ്പുറത്ത് കാറ്റുകൊള്ളാനിരുന്ന ഗോപാലന്, സന്തോഷ്, പുഷ്പരാജന്‍, ചന്ദ്രന്, കൃഷ്ണന്, ദാസന്, മാധവന്, പ്രജി എന്നിവരെയാണ് 2003 മേയ് രണ്ടിന് പ്രതികള്‍ വെട്ടി കൊലപ്പെടുത്തിയത്.
അക്രമി സംഘത്തിലുണ്ടായിരുന്ന അസ്കറും കൊല്ലപ്പെട്ടു. കേസില്‍ ആകെ 148 പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പ്രതികളും കൊലപാതക ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ട അസ്ക്കറും ഒഴിവാക്കപ്പെട്ടു. മാറാട് കൂട്ടക്കൊലക്കേസ് അട്ടിമറിക്കാന്‍ ഗൂഢനീക്കങ്ങള്‍ നടന്നുവെന്ന് വ്യക്തമാണ്. കൊല്ലപ്പെട്ട പുഷ്പരാജന്റെ അമ്മ ശ്യാമളയുടെ ഹര്‍ജിയില്‍ പറയുന്നത് യാതൊരു പ്രാധാന്യവുമില്ലാത്ത പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നതെന്നാണ്. യഥാര്‍ത്ഥ ഗൂഢാലോചനക്കാരെ മറികടന്നായിരുന്നു അന്വേഷണം. ടി.പി.ചന്ദ്രശേഖരന്റെ വധത്തിന്റെ പശ്ചാത്തലത്തിലും എം.എം.മണി നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലും ഇന്ന് തെളിയുന്നത് രാഷ്ട്രീയക്കാര്‍ കൊടുക്കുന്ന പ്രതികളുടെ ലിസ്റ്റാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ്. വണ്‍-ടു-ത്രി ഫോര്‍ എന്ന ലിസ്റ്റ് തയ്യാറാക്കി ആ ക്രമത്തില്‍ കൊന്ന് നിരപരാധികളെ പ്രതികളാക്കി അയയ്ക്കുന്നത് അവരുടെ കുടുംബം സംരക്ഷിച്ചു കൊള്ളാമെന്ന വാഗ്ദാനത്തിലായിരുന്നു. ഇത് ഇന്ന് പരസ്യ അറിവായ പശ്ചാത്തലത്തില്‍ മാറാട് കൂട്ടക്കൊലക്ക് പ്രേരിപ്പിച്ചവര്‍ ഇപ്പോഴും തിരശീലക്ക് പിന്നിലാണെന്ന് തെളിയുന്നു. ഇതുമൂലം ഗൂഢാലോചന നടത്തിയ പ്രമുഖരെ പുറത്തുകൊണ്ടുവരണമെന്ന കോടതി വിധി സ്വാഗതാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: