മാതൃഭാഷകളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് ലോകവ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന് എതിരെ ഉയര്‍ന്നുവന്ന സ്വത്വബോധമാണ് മിക്ക സ്ഥലങ്ങളിലും ഇതിന്റെ ഊര്‍ജ്ജസ്രോതസ്സ്. അതേസമയത്തുതന്നെ രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്ന സാംസ്ക്കാരിക ജാഗരണത്തിന്റെ ഭാവാത്മക ചിന്തയാണ് ഭാരതത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയൊരുക്കുന്നത്. മാതൃഭാഷ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന ഭാരതത്തിലെ പ്രദേശം മലയാളികളുടെ കേരളമാണ്. അതിനാല്‍ മാതൃഭാഷ സംരക്ഷണ പ്രസ്ഥാനങ്ങളാലും പ്രഖ്യാപനങ്ങളാലും കേരളം സജീവവുമാണ്. ഭാഷാ സംരക്ഷണം സംസ്ക്കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണം കൂടിയാണ്. അതുകൊണ്ടുതന്നെയാണ് മലയാള പുതുവത്സര ദിനമായ ചിങ്ങം ഒന്ന് മലയാളഭാഷാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും സാഹിത്യ അക്കാദമിയുടേയും ഈ വര്‍ഷത്തെ പ്രഖ്യാപനത്തിലൂടെ ഇതിന് ഔദ്യോഗിക മാനവും അംഗീകാരവും ഇപ്പോള്‍ കൈവന്നിരിക്കുകയാണ്.
പുതുതലമുറയില്‍ മലയാളഭാഷയോട് സ്നേഹവും അഭിമാനവും ജനിപ്പിക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം. ഭാഷ നിലനില്ക്കുന്നതും പുഷ്ടിപ്പെടുത്തുന്നതും പ്രയോഗത്തിലൂടെയാണ്. നമ്മുടെ അപകര്‍ഷതാബോധം കൊണ്ടും സര്‍ക്കാരിന്റെ വികലമായ നയങ്ങളാല്‍ ഇംഗ്ലീഷിന് വന്നുഭവിച്ച അമിതപ്രാധാന്യംകൊണ്ടും നമ്മുടെ മാതൃഭാഷ വികലമായി കഴിഞ്ഞിരിക്കുന്നു. മലയാളം അനുഭവിച്ചുകൊണ്ടിരിക്കുന്ന നിന്ദയും അവഗണനയും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കേരള സര്‍ക്കാരുകള്‍ പുലര്‍ത്തിയ കടുത്ത മാതൃഭാഷാവഗണനയും സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കാന്‍ ബാധ്യസ്ഥരായ ജനപ്രതിനിധികളുടേയും മാധ്യമങ്ങളുടേയും സാംസ്ക്കാരിക നായകന്മാരുടേയും ഉത്തരവാദിത്തരാഹിത്യവുമാണ് ഈ സ്ഥിതി വരുത്തിത്തീര്‍ത്തത്. ഇന്നത്തെ ഈ സ്ഥിതിയില്‍നിന്നും മലയാള ഭാഷയേയും നമ്മുടെ തനിമയാര്‍ന്ന സംസ്കൃതിയേയും സംരക്ഷിച്ചും വികസിപ്പിച്ചും അടുത്ത തലമുറക്ക് കൈമാറേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. കൂടാതെ, രാഷ്ട്രപുനഃനിര്മാണ പ്രവര്‍ത്തനത്തിലെ അവിഭാജ്യഘടകമാണ് നമ്മുടെ ഭാഷകളുടെ സംരക്ഷണം. ഈ തിരിച്ചറിവിലൂടെയാണ് നമ്മള് മലയാളദിനം ആചരിക്കുന്നത്.
വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, സര്‍വകലാശാലകള്‍, സര്‍ക്കാരാഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ ദിനം മലയാള പുതുവര്‍ഷ ദിനം കൂടിയായി, കേരളീയ തനിമയില്‍ തന്നെ അത്യുത്സാഹപൂര്‍വം കൊണ്ടാടുന്ന സ്ഥിതി വരുത്തണം. തെളിമയാര്‍ന്ന ഭാഷയും ലളിതമായ വസ്ത്രധാരണ രീതിയും തനിമയാര്‍ന്ന ആഹാരശീലവും തിരിച്ചുകൊണ്ടുവരണം. കുട്ടികളില്‍ മാതാവിനും മാതൃഭൂമിക്കും തുല്യമാണ് മാതൃഭാഷയെന്നും ഇവക്കൊന്നും പകരംവെക്കാന്‍ മറ്റൊന്നും ഇല്ലെന്ന സന്ദേശവും എത്തിക്കണം. അതിനായി സ്വന്തം കയ്യൊപ്പ് മലയാളത്തില്‍ തന്നെ രേഖപ്പെടുത്താന്‍ പ്രേരണയും പ്രോത്സാഹനവും നല്കാന് ദിനാചരണത്തിലൂടെ കഴിയണം. ദൈനംദിന വ്യവഹാരത്തില്‍ പരമാവധി ശുദ്ധമായ മലയാളഭാഷ പ്രയോഗത്തെ പ്രോത്സാഹിപ്പിക്കാനും ഇടപെടുന്ന രംഗങ്ങളിലെല്ലാം ഭാഷാഭിമാനം പ്രകടിപ്പിക്കാനും പുതുതലമുറക്ക് കഴിയണം. മലയാളത്തിന് അര്‍ഹവും മഹനീയവുമായ സ്ഥാനം പുനഃസ്ഥാപിച്ചു കിട്ടാന്‍ സമൂഹത്തിന്റെ ബോധമനസ്സിനെ ഉയര്‍ത്തേണ്ടതുണ്ട്. മലയാളദിന സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കിയും മഹത്തായ ജീവിത മാതൃകകളെ അവരുടെ മുമ്പിലവതരിപ്പിച്ചും കുട്ടികളിലൂടെ ഈ ദൗത്യം നേടിയെടുക്കാന്‍ കഴിയും.
സാമൂഹ്യപുരോഗതിക്കും സാമ്പത്തിക വികസനത്തിനും മാതൃഭാഷ വ്യവഹാരിക ഭാഷയായി സമൂഹം സ്വീകരിക്കണമെന്നതാണ് പണ്ഡിതമതം. ഔപചാരികമായ പ്രഖ്യാപനത്തേക്കാള്‍ ഭാഷയെ സ്നേഹിക്കുന്ന സമൂഹത്തിന്റെ മനോഭാവമാണ് ഇതിന് ശക്തിപകരുക. എന്നാല്‍ ഭരണതലത്തിലെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കാനും തിരുത്തിക്കാനും ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ്. പത്താംതരം വരെ മലയാളം നിര്‍ബന്ധിത പഠനവിഷയവും ഒന്നാം ഭാഷയുമായി പ്രഖ്യാപനം നടത്തിയിട്ട് വര്‍ഷം രണ്ടാവാറായി. അത് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, പൊതു വിദ്യാലയങ്ങളില്‍ ഇടക്കാലത്ത് തുടങ്ങിയ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ തുടരുകയും ചെയ്യുന്നു.
ഇത് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം ബോധന മാധ്യമ മാതൃഭാഷയായിരിക്കണം എന്നതാണ്. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥയും പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന വിദ്യാലയാന്തരീക്ഷവുമായിരുന്നു പൊതുവിദ്യാലയങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോകാന്‍ കാരണമായതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും അന്തരീക്ഷ നിര്‍മാണത്തിലും ഊന്നല്‍ നല്കിയ വിദ്യാലയങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലും വിദ്യാര്‍ത്ഥി പ്രവേശനത്തിലും വിജയശതമാനത്തിലും വന്‍ പുരോഗതിയാണ് കാട്ടുന്നത്. സമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യം ഗുണമേന്മയുള്ള മാതൃഭാഷ വിദ്യാഭ്യാസം തന്നെയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളില്‍ തുടരുന്ന സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കുട്ടികളില്‍ മലയാളത്തില്‍ പഠിക്കുന്നത് രണ്ടാംതരമാണെന്ന തോന്നലുണ്ടാക്കി തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ ഭാഷാ വിഭജനം അവസാനിപ്പിക്കാതെ സാര്‍വത്രിക വിദ്യാഭ്യാസത്തിന് അര്‍ത്ഥപൂര്‍ത്തി കൈവരിക്കാന്‍ കഴിയില്ല.
ഈ സമയത്ത് വിചിത്രമായ ചില ആശയങ്ങളുമായും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും ഇംഗ്ലീഷ് മീഡിയമാക്കാനും അവിടെ മലയാളം ഒരു നിര്‍ബന്ധ വിഷയമാക്കാനുമാണ് നിര്‍ദ്ദേശം വാസ്തവത്തില്‍ മുഴുവന്‍ വിദ്യാലയങ്ങളും മലയാള മാധ്യമമാക്കുകയും ഇംഗ്ലീഷിന്റെ പഠന-ബോധന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയുമാണ് വേണ്ടത്. ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര വിഷയങ്ങളിലെല്ലാം ഇംഗ്ലീഷില്‍ പഠിച്ചാല്‍ കൂടുതല്‍ പഠിച്ചു എന്ന ധാരണ ശുദ്ധ അസംബന്ധമാണെന്ന് കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തെ എസ്എസ്എല്‍എസി പരീക്ഷാഫലം അപഗ്രഥിച്ചാല്‍ ബോധ്യമാകും. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന സമൂഹത്തിന്റെ മിഥ്യാ ധാരണയുടെ സമ്മര്‍ദ്ദത്താല്‍ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറ്റപ്പെട്ട നിരവധി വിദ്യാലയങ്ങള്‍ ഇന്ന് ഗുണനിലവാരത്തകര്‍ച്ചയുടെ ഭീഷണിയിലാണ്. തിരിച്ചുപോക്കിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കയാണ്. ഉന്നത പ്രൊഫഷണല്‍ കോളേജുകളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചെന്നെത്തിനില്‍ക്കുന്നതും കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ബോധനമാധ്യമത്തിലാണ്. ഇംഗ്ലീഷിലെ ‘കമ്മ്യൂണിക്കേഷന്‍ സ്ക്കില്ലിലെ’ മേന്മയാല് ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ ഈ അടുത്തകാലത്ത് എത്തപ്പെട്ട പ്രൊഫഷണലുകളെല്ലാം ജോലിയില്‍ പ്രാഗത്ഭ്യം കാണിക്കാന്‍ കഴിയാതെ പിന്തള്ളുന്നതായുള്ള പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു.
മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ അഭിപ്രായങ്ങള്‍ ഈ മലയാള ഭാഷ ദിനാചരണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി നല്കുന്നു. കഴിഞ്ഞവര്‍ഷം പൂനയിലെ ഒരു വിദ്യാര്‍ത്ഥി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “ഭാരതത്തിന് ഇന്ന് മൗലിക പ്രതിഭകളെയാണ് ആവശ്യം. പ്രതിഭകള്‍ വളര്ന്നുവരളമെങ്കില് ഗണിതവും ശാബ്ദവും അടക്കം എല്ലാം അവരെ മാതൃഭാഷയില്‍ തന്നെ പഠിപ്പിക്കണം. കലാമിന്റെ അഭിപ്രായങ്ങള്‍ നാം ഗൗരവത്തോടെ എടുക്കണം. സിബിഎസ്ഇയുടെ കീഴില്‍ പഠിക്കുന്ന കുട്ടികള്‍ക്കും കൂടി മാതൃഭാഷയില്‍ പഠിക്കാനുള്ള അവസരം ഒരുക്കണം. മാതൃഭാഷയെ തള്ളിക്കളഞ്ഞ ഒരു രാഷ്ട്രവും ലോകത്ത് സാമ്പത്തിക പുരോഗതി കൈവരിച്ചിട്ടില്ല എന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിന് വലിയ ജനമുന്നേറ്റങ്ങള്‍ തന്നെ ആവശ്യമായി വരും. അതോടൊപ്പം തന്റെ ഭാഷ ഏത് വിജ്ഞാന മേഖലയും കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണെന്ന യാഥാര്‍ത്ഥ്യം കുട്ടികളെ ബോധ്യപ്പെടുത്താനും നമുക്ക് സാധിക്കണം. ഭാഷയുടെ ഇന്നത്തെ പോരായ്മകള്‍ പരിഹരിക്കാന്‍ ഭാഷാ വിദഗ്ദ്ധരും സാങ്കേതിക വിദഗ്ദ്ധരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. മലയാളത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. ആ ഒരു മാനം കൂടിയുണ്ട് ചിങ്ങം ഒന്നിലെ ഈ മലയാള ദിനത്തിന്. അര്‍ത്ഥശൂന്യമായ വാദപ്രതിവാദങ്ങള്‍ അവസാനിപ്പിച്ച്, അര്‍പ്പണ ബോധത്തോടെ അടിവച്ചടിവച്ച് മുന്നേറിയാല്‍ മലയാളത്തിനാണ് ഭാവി. നാം ഓരോത്തരും ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്ത് ഈ വലിയ യജ്ഞത്തില്‍ പങ്കാളികളാവുക. നമ്മുടെ കയ്യൊപ്പ് മലയാളത്തില്‍ രേഖപ്പെടുത്തുക. വീട്, കാര്യാലയങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പേര് നിര്‍ബന്ധമായും മലയാളത്തില്‍ എഴുതി വക്കുക. വിവാഹം, ഗൃഹപ്രവേശം, പിറന്നാള്‍, മറ്റ് മംഗള കാര്യങ്ങള്‍ക്കും വേണ്ടി തയ്യാറാക്കുന്ന ക്ഷണകത്തുകള്‍ മലയാളത്തില്‍ തന്നെയാക്കുക. കുട്ടികളെ മാതൃഭാഷ വിദ്യാലയത്തിന് തന്നെ പഠിപ്പിക്കുക. മലയാളം കലണ്ടറും തീയതിയും നിത്യോപയോഗത്തില് കൊണ്ടുവരിക, നിത്യവ്യവഹാരങ്ങളും കത്തിടപാടുകളും മലയാളത്തില്‍ തന്നെയാക്കുക. അങ്ങനെ മലയാളിയാവുക.
എ.വിനോദ് (വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: