കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാര്‍ കഴിഞ്ഞ 114 ദിവസമായി തുടരുന്ന സമരം മാനേജ്മെന്റിന്റെ പിടിവാശി മൂലം പരിഹാരം കാണാതെ വന്ന പശ്ചാത്തലത്തില്‍ സമരം ചെയ്യുന്നവരില്‍ മൂന്ന് നഴ്സുമാര്‍ ആശുപത്രി കെട്ടിടത്തിന്റെ ഏഴാം നിലയിലെ ടെറസ്സില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി നിരാഹാരം അനുഷ്ഠിക്കുകയാണ്. ആത്മഹത്യാഭീഷണി മുഴക്കിയ വാര്‍ത്ത കേട്ട് ആശുപത്രിയിലേയ്ക്ക് പ്രവഹിച്ച വന്‍ ജനക്കൂട്ടം ദേശീയപാത ഉപരോധിക്കുകയും ചെയ്തു. രംഗത്തെത്തിയ പോലീസും നാട്ടുകാരും തമ്മില്‍ ഉണ്ടായ വന്‍ സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. കോതമംഗലത്ത് വ്യാഴാഴ്ച ഹര്‍ത്താല്‍ ആയിരുന്നു. ഈ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ നടത്തിയ ശ്രമം മാനേജ്മെന്റിന്റെ കടുംപിടിത്തം മൂലം പരാജയപ്പെട്ടു. ബോണ്ടുള്ള, പരിശീലനം പൂര്‍ത്തിയാക്കിയ നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്നാണ് സമരം ചെയ്യുന്ന നഴ്സുമാര്‍ ആവശ്യപ്പെടുന്നത്. കവളങ്ങാട് സ്വദേശി പ്രിയ, കുറുപ്പംപടി സ്വദേശി വിദ്യ, ഉപ്പുകണ്ടം സ്വദേശി അനു എന്നിവരാണ് ആത്മഹത്യാ ഭീഷണി മുഴക്കി മഴയും വെയിലും കൊണ്ട്, വെള്ളം പോലും കുടിക്കാതെ നിരാഹാരത്തിലിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ താഴോട്ട് ചാടി മരിക്കുമെന്ന് അവര്‍ ഭീഷണി മുഴക്കുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയ പെണ്‍കുട്ടികളുടെ ആരോഗ്യനില മോശമായിട്ടും സമരത്തില്‍നിന്നും അവര്‍ പിന്മാറില്ലെന്ന വാശിയിലാണ്. വിദ്യാഭ്യാസ വായ്പ എടുത്ത് തുക തിരിച്ചടക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് അനുവിന്റെ വീട് ജപ്തി ചെയ്യാന്‍ നോട്ടീസ് നല്‍കിയിരുന്നു. അനു നിര്‍ദ്ധന കുടുംബാംഗമാണ്. നഴ്സുമാരില്‍ പലരും ദരിദ്രപശ്ചാത്തലത്തില് നിന്നും വന്നവരാണ്. ഈ വിധം വന്‍തുക വായ്പ എടുത്തു പഠിച്ച് പാസായി കടം വീട്ടാം എന്ന പ്രതീക്ഷ തുച്ഛമായ ശമ്പളം നല്കുന്ന മാനേജ്മെന്റ് തുലച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ നഴ്സുമാര്‍ ചൂഷണ വിധേയരാണ്. നഴ്സുമാരുടെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ നഴ്സുമാര്‍ ഇന്ത്യന്‍ നഴ്സിന്റെ 80 ശതമാനം വരും. ഇവരില്‍ 90 ശതമാനവും ദരിദ്രരാണ്. നാലുകൊല്ലം പഠിച്ചശേഷം ഒരു ആശുപത്രിയില്‍ ട്രെയിനി ആയി ചേരുന്നത് ബോണ്ട് കൊടുത്താണ്. ട്രെയിനിംഗ് കഴിഞ്ഞ് ജോലിയില്‍ കയറിയാലും തുച്ഛമായ ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. 1500 രൂപയോ രണ്ടായിരം രൂപയോ ലഭിക്കാന്‍ 12 മണിക്കൂര്‍ ജോലി ചെയ്യണം. കൂടുതല്‍ സമയം ജോലി ചെയ്താലും അതിന് ശമ്പളമില്ല. ഒരു നഴ്സിന് ഒരേസമയം ആറ് രോഗികളെ ശുശ്രൂഷിക്കുകയും വേണം. ഈ പശ്ചാത്തലത്തിലാണ് നഴ്സുമാരുടെ സമരം ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ടത്. മുംബൈയിലും ദല്‍ഹിയിലും കൊല്‍ക്കത്തയിലും നഴ്സുമാര്‍ സമരം ചെയ്തിരുന്നു. ഇപ്പോള്‍ ഇത് കേരളത്തിലേയ്ക്കും വ്യാപിച്ചിരിക്കുകയാണ്. അമൃത ആശുപത്രി, പൈങ്കുളത്തെ എസ്എച്ച് ആശുപത്രി മുതലായവയിലും സമരം നടന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ശമ്പളം 9000 രൂപയാണെങ്കിലും പലപ്പോഴും പല ആശുപത്രികളും കൊടുക്കുന്നത് ആയിരം രൂപ മാത്രമാണ്. ബോണ്ട് വ്യവസ്ഥയില്‍ ചേരുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കുന്നതിനാല്‍ ഇവര്‍ക്ക് വിട്ടുപോരാന്‍ സാധ്യമല്ല. രാജിവെച്ചാല്‍ 50,000 രൂപ കൊടുക്കണം എന്നാണ് ബോണ്ട് വ്യവസ്ഥ. ഇങ്ങനെ രാജിയ്ക്ക് തയ്യാറായ മുംബൈ ആശുപത്രിയിലെ നഴ്സിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ അധികൃതര്‍ വിസമ്മതിച്ച് 50,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുണ്ടായി. ഇത്ര ദുരിതപൂര്‍ണമായ പശ്ചാത്തലത്തില്‍ നിലനില്‍പ്പിനുവേണ്ടി സമരമുഖത്തിറങ്ങുന്ന നഴ്സുമാര്‍ക്ക് നേരെ ‘എസ്മ’ പ്രയോഗിക്കണമെന്നായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം.
മിനിമം ശമ്പളം, രാത്രി ഷിഫ്റ്റിനും ഓവര്‍ ടൈമിനും പ്രത്യേക ശമ്പളം, ബോണ്ട് വ്യവസ്ഥ ഒഴിവാക്കല്‍, നഴ്സിങ് വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത സൗജന്യ സേവനം എന്നിവയാണ് നഴ്സുമാര്‍ ചോദിക്കുന്നത്. നഴ്സിങ് വിദ്യാര്‍ത്ഥികളെ ഐസിയുവിലും മറ്റും നിയോഗിക്കുന്നത് രോഗികളുടെ സുരക്ഷയ്ക്ക് അപകടമാണെന്ന് തിരിച്ചറിഞ്ഞിട്ടും സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വെയ്ക്കുന്ന മാനേജ്മെന്റുകള്‍ ഇത് ചെയ്യാന്‍ തയ്യാറാകുന്നു. ഈ സമരത്തില്‍ പരിഹാസ്യമാകുന്നത് സേവനത്തിന് പകരം ചൂഷണം മുഖമുദ്രയാക്കുന്ന ആശുപത്രി മാനേജ്മെന്റുകളാണ്.
കോതമംഗലത്തും സമരം ഈ വിധം കൊടുമ്പിരി കൊള്ളുമ്പോഴും മുഖ്യമന്ത്രി നിശ്ശബ്ദനും നിസ്സംഗനുമാണ്. കളക്ടര്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ഇപ്പോള്‍ ആരോഗ്യമന്ത്രി ലേബര്‍ കമ്മീഷണറെ നിയോഗിച്ചിരിക്കുകയാണ്. പക്ഷെ അദ്ദേഹത്തിന്റെ കാര്‍ സമരാനുകൂലികളായ നാട്ടുകാര്‍ കല്ലെറിഞ്ഞ് തകര്‍ത്തു. സമരം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് ആരോഗ്യമന്ത്രി ശിവകുമാര്‍ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ സമരം ഏറ്റെടുത്ത് മുന്‍നിരയിലേയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത് ബിജെപിയും നിയമസഭാ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമാണ്. പക്ഷെ ബോണ്ടുള്ള നഴ്സുമാരെ സ്ഥിരപ്പെടുത്തണം എന്ന നഴ്സുമാരുടെ ആവശ്യം ഒരുതരത്തിലും അംഗീകരിക്കില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. മാനേജ്മെന്റ് പിടിവാശി തുടരുമ്പോഴും നിരാഹാരം അനുഷ്ഠിക്കുന്ന നഴ്സുമാരുടെ ആരോഗ്യനില വഷളാകുന്നു എന്ന വസ്തുത അങ്ങേയറ്റം ആശങ്കാജനകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: