ഇന്ന് നാം രാജ്യത്തിന്റെ 66-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. എന്നു വെച്ചാല്‍ ബ്രിട്ടീഷുകാരന്റെ കാലടിച്ചുവട്ടില്‍ നിന്ന് ഭാരതത്തിന്റെ സ്വത്വം നെഞ്ചിലേറ്റി അതിന്റെ വായുവും വെള്ളവും സ്വീകരിക്കാന്‍ ഒരു തടസ്സവുമില്ലാത്ത അവകാശം നമുക്ക് കൈവന്നതിന്റെ 65-ാം വാര്‍ഷികം. അടിമത്തത്തിന്റെ കരാളതകളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ സ്വച്ഛസുന്ദരമായ അന്തരീക്ഷത്തിലേക്ക് ഒരു പാതിരാത്രിയില്‍ നാം പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നമുക്ക് വെളിച്ചമായി പ്രൗഢപാരമ്പര്യത്തിന്റെ, കറയറ്റ ദേശസ്നേഹത്തിന്റെ, വിജ്രംഭരിതമായ അഭിമാനബോധത്തിന്റെ, ആര്‍ദ്രമായ സ്നേഹത്തിന്റെ, അനുപമമായ മാനവികതയുടെ ദീപസ്തംഭങ്ങള്‍ ഏറെയുണ്ടായിരുന്നു. അതിന്റെ പ്രഭയില്‍ തപ്പിത്തടയാതെ, തടസ്സങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകാന്‍ നമുക്കു സാധിച്ചിരുന്നു. അത് ഈ രാഷ്ട്രത്തിന്റെ അസ്മിതയുടെ നിദര്‍ശനമായിരുന്നു. ആര്‍ക്കും അപഹരിച്ചുകൊണ്ടു പോകാനാവാത്ത അക്ഷയ ഖാനിയാണ് ആ അസ്മിത.
സ്വാതന്ത്ര്യം നേടുകയും രാഷ്ട്രീയാധികാരത്തിന്റെ തേനൂറും വഴികളിലൂടെ നാം സഞ്ചാരം തുടങ്ങുകയും ചെയ്തപ്പോള്‍ പണ്ടത്തെ അടിമത്താനുഭവത്തേക്കാള്‍ കൊടിയവേദനയായിരിക്കുന്നു. ലോകത്തിന് വെളിച്ചം പകരാന്‍ പോന്ന സംസ്കാരധന്യതയുടെ പ്രൗഢോജ്വല വശങ്ങളൊക്കെ എത്രവേഗം കൊട്ടിയടയ്ക്കാമെന്ന ചിന്താഗതിയായിരുന്നു അധികാരം കിട്ടിയവര്‍ക്കുണ്ടായത്. അതുകൊണ്ടുതന്നെ ദൂരക്കാഴ്ചയില്ലാത്ത, അപഹാസ്യമായ രീതിവിന്യാസങ്ങളുണ്ടായി. സര്‍വധര്‍മ സമഭാവനയെന്ന പൂമരക്കൊമ്പിന്റെ സൗന്ദര്യം ദര്‍ശിച്ച് കൂടുതല്‍ മാനവികതയിലേക്ക് ഉയരുന്നതിനുപകരം ആ കൊമ്പുതന്നെ വെട്ടി വീഴ്ത്തുകയായിരുന്നു. പകരം സ്വാര്‍ത്ഥതയുടെ തുരുത്തുകളുണ്ടാക്കുകയും അവിടെ വന്‍ മാളികകള്‍ പണിതുയര്‍ത്തുകയും ചെയ്തു. ഓരോ മാളികയിലും ഉള്ളവര്‍ സ്വന്തം സുഖത്തിന് വേണ്ടിയുള്ള അക്ഷീണ പരിശ്രമത്തില്‍ ഏര്‍പ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞു.
ഇന്ത്യയെന്ന വികാരം കേവലം വാക്കുകളിലും ചുമരെഴുത്തുകളിലും മുദ്രാവാക്യങ്ങളിലും മാത്രമാവുകയും അത് ഹൃദയത്തില്‍ പടര്‍ത്താതിരിക്കുകയും ചെയ്തപ്പോള്‍ പണ്ടത്തെ അടിമത്തത്തേക്കാള്‍ മ്ലേച്ഛമായ അനുഭവങ്ങളായി. ആര്‍ക്കും യഥേഷ്ടം എന്തും ചെയ്യാനുള്ള അവകാശമാണ് സ്വാതന്ത്ര്യം എന്നതിലേക്കും വ്യാഖ്യാനങ്ങള്‍ നീണ്ടു. ഇന്ത്യയെ എങ്ങനെ ഇന്ത്യയല്ലാതാക്കി മാറ്റാം എന്നായി ചിന്ത. തരംപാര്‍ത്തു കഴിയുന്ന വിദ്രോഹ ശക്തികള്‍ക്ക് എളുപ്പത്തില്‍ കയറിക്കൂടാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടു. രാഷ്ട്രഗാത്രത്തെ തിന്നുതീര്‍ക്കുന്ന വൈറസുകള്‍ക്കെതിരെ ശക്തിയുക്തം പ്രതികരിക്കാനുള്ള ആന്റിബോഡി നിര്‍മാണത്തിന് തുനിയുന്നവരെ എങ്ങനെയും ഒതുക്കാനാണ് ശ്രമിച്ചത്; ഇപ്പോഴും ശ്രമിക്കുന്നതും. സ്വാതന്ത്ര്യം നേടിത്തന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് കൊടിയും പിടിച്ച് നടക്കുന്ന രാഷ്ട്രീയ കക്ഷിക്കാണ് ഏറിയകൂറും ഇതിന്റെ ഉത്തരവാദിത്തം.
ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം മുഴക്കിയവര്‍ പിന്നീട് കിറ്റുകളില്‍ ധനസമാഹരണം വര്‍ധിപ്പിക്കാനും രാജ്യത്തെ തച്ചുതകര്ക്കാന് വെമ്പല്‍കൊള്ളുന്നവരുടെ ചങ്ങാതിമാരാകാനും പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. രാജ്യത്തിന്റെ യഥാര്‍ത്ഥചരിത്രം പഠിക്കാനോ, അത് പിന്‍തലമുറയ്ക്ക് കൈമാറാനോ തയ്യാറായില്ല. എന്നു മാത്രമല്ല അതിന് ശ്രമിക്കുന്നവരെ ക്ഷുദ്രതാല്‍പ്പര്യങ്ങളുടെ വക്താക്കള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കാനും തയ്യാറായി. ഇടത്-വലത് രാഷ്ട്രീയ ശക്തികള്‍ ഇക്കാര്യത്തില്‍ അഹമഹമികയാ മുമ്പിലെത്താനും ശ്രമിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുണ്ടായ നേട്ടമെന്താണ്. രാജ്യത്തിന്റെ ഓരോ അതിരിലും വിഘടനവാദികളും രാജ്യദ്രോഹികളും അവകാശം സ്ഥാപിച്ചികൊണ്ടിരുന്നു. അവരുടെ ദുര്‍വൃത്തികള്‍ അറിഞ്ഞുകൊണ്ടുതന്നെ വോട്ടര്പട്ടികയിലുള്പ്പെടുത്തുകയും റേഷന്‍കാര്‍ഡ് നല്‍കുകയും ചെയ്തു. അതിന്റെ ആത്യന്തികഫലം അസമിലും മുംബയിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നിരപരാധികളായ ലക്ഷങ്ങള്‍ വഴിയാധാരമാവുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ, അഭിമാനം നഷ്ടപ്പെട്ട് അവര്‍ യാചിക്കാന്‍ പോലും കഴിയാതെ കഷ്ടപ്പെടുന്നു. രാഷ്ട്രീയ മേലാളന്മാര് അത്തരം കാര്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്നു. സുഖകരമായ മൗനത്തിന്റെ വാല്മീകങ്ങളില് ഉറങ്ങുന്ന അവര്‍ക്ക് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ അഭിമാനിക്കാന്‍ അവകാശമുണ്ടോ?
അഴിമതിയും അരാജകത്വവും മറ്റൊരു ഭാഗത്ത് ചുടലനൃത്തം നടത്തുന്നു. രാജ്യത്തിന്റെ ആത്മാവ് കണ്ടറിഞ്ഞ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ പിന്മുറക്കാര്ക്ക് ആ പേരു കേള്‍ക്കുന്നതു തന്നെ അലര്‍ജിയായിരിക്കുന്നു. തന്നെ പഠിക്കാന്‍ വന്നലൂയിഫിഷറോട് ഗാന്ധിജി പറഞ്ഞത് നിങ്ങള്‍ തിരിച്ചുപോവുമ്പോള്‍ പൂര്‍ണ തൃപ്തനായെന്ന് നിങ്ങള്‍ക്കവകാശപ്പെടാന്‍ കഴിയില്ലെന്നാണ്. മറ്റൊന്നു കൂടി ആ മഹാവ്യക്തിത്വം അഭിപ്രായപ്പെട്ടു: “ഞാന്‍ പൂര്‍ണനായ മനുഷ്യനാണെന്ന് നിങ്ങള്‍ പറഞ്ഞുവല്ലോ. എന്റെ കൂടെ കുറച്ചുകൂടി കഴിയാന്‍ നിങ്ങള്‍ക്കു സാധിച്ചാല്‍ എന്റെ പോരായ്മകള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും. അഥവാ നിങ്ങള്‍ക്കതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങളെ ഞാനത് ബോധ്യപ്പെടുത്തും” എന്നാണ്. ഇങ്ങനെ പറയാന്‍ കെല്പ്പുള്ളതിനാലാണല്ലോ മഹാത്മാവ് എന്ന് അദ്ദേഹത്തെ ലോകം ആദരപൂര്‍വ്വം വിശേഷിപ്പിക്കുന്നത്. ഈ ദൈവതുല്യമായ മാനസികാവസ്ഥയുള്ള മനുഷ്യന്റെ പേരില്‍ ഊറ്റംകൊള്ളുന്ന ആര്‍ക്കു സാധിക്കും ഇങ്ങനെ പറയാന്‍. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ കാരാഗൃഹത്തിലടച്ചും തോക്കിന്മുനയില് തീര്‍ക്കാന്‍ ഒത്താശ ചെയ്തും തന് പ്രമാണിത്തം കാണിക്കുന്ന രാഷ്ട്രീയക്കോമരങ്ങള്‍ ആ ഗാന്ധിജിയുടെ സ്വഭാവ നൈര്മല്യത്തിന്റെ ഇത്തിരിയെങ്കിലും സ്വാംശീകരിക്കുന്നതല്ലേ 66-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കരണീയം.
ശതകോടീശ്വരന്മാരെ സംരക്ഷിക്കാനും അവര്‍ക്കു വിയര്‍ക്കുമ്പോള്‍ ഓടിക്കൂടി അധികൃതമായും അനധികൃതമായും എല്ലാം ചെയ്തുകൊടുത്തും തടിച്ചുകൊഴുക്കുന്നവര്‍ ഒരു മാത്ര രാജ്യത്തെ ദരിദ്രകോടികളെ ഓര്‍ത്താല്‍ അതല്ലേ ഏറ്റവും മഹത്തായ സ്വാതന്ത്ര്യദിന സന്ദേശം. രാജ്യത്തെ നിഘണ്ടുവില്‍ നിന്ന് ദാരിദ്ര്യം എന്ന വാക്ക് തുടച്ചുനീക്കുമെന്ന് അഭിപ്രായപ്പെട്ടതുകൊണ്ടോ ബിപിഎല്‍ കുടുംബത്തിന് മൊബെയില്‍ നല്കിയതുകൊണ്ടോ നാട് പരംവൈഭവത്തിലെത്തുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ രാജ്യവാസികള്‍. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, നടക്കാത്തവയൊക്കെ പ്രഖ്യാപിക്കാന്‍ കാണിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്കിന്റെ കൊമ്പൊടിക്കാന്‍ പ്രാപ്തിയുള്ള ഒരു ജനാധിപത്യസംവിധാനം രാജ്യത്ത് ശക്തി പ്രാപിക്കണം. എങ്കില്‍ മാത്രമേ ഉദയസൂര്യന്റെ നാട് എന്ന് അഭിമാനപൂര്‍വ്വം പറയുന്ന ജപ്പാനെപ്പോലെയോ അതിലും മികച്ച രീതിയിലോ മുന്നേറാന്‍ നമുക്കാവൂ. ഒളിംപിക്സില്‍ ആറ് മെഡല്കിട്ടിയതാണ് ഏറ്റവും വലിയ കാര്യമെന്ന് പറഞ്ഞ് ഞെളിഞ്ഞ് നില്ക്കുമ്പോള് നമ്മള് ഓര്‍ക്കണം പൈതൃകസമ്പന്നവും സാംസ്കാരിക പ്രബുദ്ധവുമായ ഒരു രാജ്യത്തിന് എന്തുകൊണ്ട് ഒരു സ്വര്‍ണം നേടാനായില്ല എന്ന്. ദൂരക്കാഴ്ചയില്ലാത്ത രാഷ്ട്രീയ സംവിധാനത്തിന്റെ നിരര്‍ഥകമായ പ്രഖ്യാപനങ്ങളില്‍ ഭ്രമിച്ച് സ്വത്വവും അസ്മിതയും നഷ്ടപ്പെട്ട ഒരു സമൂഹമായി നാം അധപ്പതിക്കുകയാണ്. അങ്ങനെ നശിക്കാനുള്ളതല്ല നമ്മളെന്ന തിരിച്ചറിവിലേക്ക് ഉണരാനുള്ള സമയമാണിത്. നമുക്ക് പിന്നില്‍ കൊഴിഞ്ഞു വീഴുന്ന സ്വാതന്ത്ര്യദിനങ്ങളുടെ ഓര്‍മകളില്‍ നിന്ന് ശക്തിയാര്‍ജിച്ച് കൂടുതല്‍ കരുത്തോടെ നമുക്കു മുന്നേറാന്‍ കഴിയണം. സ്വന്തം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാലും തിരുത്താതെ ധിക്കാരപൂര്‍വ്വം മുന്നോട്ടുപോവുന്നവര്‍, തന്റെ പോരായ്മകള്‍ കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് അത് കണ്ടെത്തി ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ തയ്യാറായിരുന്ന ഗാന്ധിജിയെ ഓര്‍ക്കണം; ഏറ്റവും ചുരുങ്ങിയത് ഭാരതമാതാവിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ ദിനത്തിലെങ്കിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: