കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തും കോഴിക്കോട്ടെ പുല്ലൂരാംപാറക്ക് സമീപവും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആറുപേര്‍ മരിച്ചതും മൂന്നുപേരെ കാണാതായതുമായ വാര്‍ത്ത കേട്ടപ്പോള്‍, അതിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടപ്പോള്‍ ഇടുക്കി ജില്ലയില്‍ എണ്‍പതുകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരും അവര്‍ താമസിച്ചിരുന്ന വീടും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അപ്രത്യക്ഷമായത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയത് ഞാന്‍ ഓര്‍മ്മിച്ചു.
തോരാത്ത മഴയില്‍ ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ അപൂര്‍വമല്ല. അന്നും തദ്ദേശവാസികള്‍ ഉരുള്‍പൊട്ടലിന് മുമ്പ് ഭൂമിയില്‍നിന്നുയരുന്ന ശബ്ദങ്ങളും ചലനങ്ങളും ശ്രദ്ധിച്ച് വീടുകള്‍ വിട്ടുപോയിരുന്നു. ഈ കുടുംബത്തിനോടും തങ്ങള്‍ക്കൊപ്പം വരാന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ “വരുമ്പോലെ വരട്ടെ”യെന്ന മനോഭാവത്തോടെ വീട്ടില്‍ തങ്ങുകയായിരുന്നു. വിധിയുടെ ക്രൂരത എന്നല്ലാതെ എന്ത് പറയാന്‍, അവരുടെ മുംബൈയിലുണ്ടായിരുന്ന മകളും ആ ദിവസം വീട്ടില്‍ മടങ്ങിയെത്തിയിരുന്നു. രാത്രി ഭയങ്കര ശബ്ദത്തോടെ വന്ന വെള്ളപ്പാച്ചിലില്‍ ആ കുടുംബത്തിലെ അഞ്ചുപേരും അപ്രത്യക്ഷരായി. “മരിക്കാന്‍ വേണ്ടി ആ കുട്ടി മുംബൈയില്‍നിന്നും തിരിച്ചുവന്നു” എന്ന് സ്ഥലവാസികള്‍ വീട് നിന്നിരുന്ന സ്ഥലം ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞത് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു. സമാനമായ ദൃശ്യങ്ങളാണ് ഇരിട്ടിയിലേതും.
കേരളത്തിലിന്ന് ഭൂമിയില്‍ മാത്രമല്ല ഉരുള്‍പൊട്ടല്‍. മോശമായ രാഷ്ട്രീയ കാലാവസ്ഥയില്‍ രാഷ്ട്രീയപാര്‍ട്ടികളിലും ഉരുള്‍പൊട്ടുന്ന കാഴ്ചയാണ് കാണുന്നത്. ടി.പി. ചന്ദ്രശേഖരന് വധത്തിനുശേഷം സിപിഎമ്മില്‍ നടക്കുന്ന ഉരുള്‍പൊട്ടലുകളില്‍ ആരൊക്കെയാണ് അപ്രത്യക്ഷരാകാന്‍ പോകുന്നത്? ഏറ്റവും മുതിര്‍ന്ന നേതാവായ വി.എസ്. അച്യുതാനന്ദനോട് കേന്ദ്രനേതൃത്വം തെറ്റുകള്‍ പരസ്യമായി ഏറ്റുപറയണമെന്ന് ആവര്ത്തിച്ചുപറഞ്ഞിട്ടും അത് കേട്ട ഭാവം പോലുമില്ലാതെ അക്ഷോഭ്യനായി അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നു. സിപിഎമ്മില്‍ ഇനിയും ഉരുള്‍പൊട്ടുമോ? വിഎസ് എന്ന വടവൃക്ഷം വീഴുമോ? എങ്കില്‍ പ്രത്യാഘാതം എന്തായിരിക്കും? വിഎസിന്റെ ഇപ്പോഴത്തെ മൗനത്തിന്റെ ആയുസ്സ് എത്രനാള്‍?
ടിപി വധത്തിനുശേഷം മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭൂകമ്പത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ടിപിക്കുണ്ടായിരുന്ന കടബാധ്യതകള്‍ തീര്‍ത്ത് അദ്ദേഹത്തിന്റെ വീടുപണി പൂര്‍ത്തീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സുഗ്രീവാജ്ഞ ലംഘിച്ച് സുമനസ്സുകളായ സിപിഎം സഖാക്കള്‍ ഫണ്ട് ശേഖരിച്ച് ടിപിയുടെ വിധവയായ രമക്ക് നല്‍കിയിരിക്കുകയാണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം സിപിഎമ്മിന് വരുത്തിവെച്ച അസ്പൃശ്യത സിപിഐയെ ആ പാര്‍ട്ടിയില്‍നിന്ന് അകറ്റിക്കഴിഞ്ഞു. പി. ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ പോലും മറ്റ് ഇടതുകക്ഷികള്‍ സഹകരിച്ചില്ലെന്ന് കാണാം. തീര്‍ത്തും മനുഷ്യത്വരഹിതമായ ഒരു മുഖമാണ് സഖാവ് പിണറായി വിജയന്റെ നേതൃത്വം സിപിഎമ്മിന് ചാര്‍ത്തി നല്‍കിയിരിക്കുന്നതെന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ പോലും കുറ്റപ്പെടുത്തുകയാണ്. “കൊല്ലാന്‍ സാധിക്കും, പക്ഷെ തോല്‍പ്പിക്കാന്‍ സാധിക്കില്ല” എന്ന് പ്രതികരിച്ച് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയായ രമയുടെ പിതാവും പാര്‍ട്ടിയുടെ പടിയിറങ്ങിക്കഴിഞ്ഞു.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം വിഎസ്സിന് പുതിയൊരു പ്രഭാവലയം നല്‍കിയത് അദ്ദേഹം ടിപിയുടെ മൃതദേഹത്തില്‍ റീത്ത്വയ്ക്കാനും രമയെ സാന്ത്വനിപ്പിക്കാനും തയ്യാറായതിനാലാണ്. ഇത് അച്ചടക്കലംഘനമായാണ് സിപിഎം കേന്ദ്രനേതൃത്വം കാണുന്നത്. ടിപി വധത്തില്‍ പാര്‍ട്ടി നിരപരാധിയാണെന്ന് അവകാശപ്പെട്ടും പാര്‍ട്ടിയിലാര്‍ക്കെങ്കിലും പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടാല്‍ നടപടിയെടുക്കുമെന്ന് ഒഴുക്കന്‍ പ്രസ്താവന നടത്തിയും പിണറായിയും പ്രകാശ് കാരാട്ടും സ്വന്തം പ്രതിഛായ മിനുക്കുകയാണ്.
ഇടതുപക്ഷത്ത് പൊട്ടിയ ഉരുള്‍ കാരണമാണ് സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് വര്‍ധനവിലും നെല്ലിയാമ്പതി വിവാദത്തിലും മറ്റനേകം ജനകീയ പ്രശ്നങ്ങളിലും പ്രതികരിക്കാനാവാതെ പ്രതിപക്ഷം നിഷ്പ്രഭമായി നില്‍ക്കുന്നത്. വകുപ്പുകള്‍ കുടുംബസ്വത്താക്കി മുസ്ലീംലീഗ് വര്‍ഗീയ പ്രീണനം നടത്തുന്നതിനെതിരെയും ഇടതുപക്ഷത്തിന്റെ പ്രതികരണം കാണുന്നില്ല.
കോണ്‍ഗ്രസിലും യുഡിഎഫിലും ഉരുള്‍പൊട്ടല്‍തന്നെയാണ് സംഭവിക്കുന്നത്. അത് ചീഫ് വിപ്പിന്റെ രൂപത്തില്‍ക്കൂടി ആണെന്ന് മാത്രം. കോണ്‍ഗ്രസിന്റെ പ്രതിഛായ അമ്പേ തകര്‍ക്കുന്നതാണ് നെല്ലിയാമ്പതിയിലെ ഭൂമികയ്യേറ്റം തടയാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം. ഭൂമാഫിയക്ക് കര്‍ഷക പരിവേഷം നല്കി അവര്‍ക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്ന പി.സി. ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സംരക്ഷിക്കുന്നു.
കേരളത്തില്‍ നെല്‍വയലുകള്‍ അപ്രത്യക്ഷമാകുന്നതും തണ്ണീര്‍തടങ്ങള്‍ നികന്നുപോകുന്നതും കായല്‍ത്തീരങ്ങളും പുഴയോരങ്ങളും അന്യാധീനപ്പെടുന്നതും അങ്ങേയറ്റത്തെ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമ്പോഴും അധികാരത്തിന്റെ പിന്‍ബലത്തില്‍ ഭൂമാഫിയ ശക്തമായ മുന്നേറ്റം തുടരുകയാണ്. ഇടതുഭരണത്തില്‍ അച്യുതാനന്ദന്റെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടന്ന ശ്രമമാണല്ലോ വണ്‍-ടൂ-ത്രീ പറഞ്ഞ് കൊലചെയ്യുന്ന എം.എം. മണിയെ പിണറായിവിഭാഗത്തോടടുപ്പിച്ചത്. രാഷ്ട്രീയം അധികാരത്തിനാണെന്നും അധികാരം അഴിമതിക്കാണെന്നും ഇതിന്റെ പിണിയാളുകള്‍ മാഫിയകളാണെന്നുമുള്ളത് രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്.
കോണ്‍ഗ്രസിലെ ഉരുള്‍പൊട്ടലിലെ സ്വാഗതാര്‍ഹമായ പ്രതിഭാസം അതില്‍നിന്നും ഉല്‍ഭവിച്ച ഹരിതരാഷ്ട്രീയമാണ്. ഒറ്റയാള്‍ ഭരണമോ ഒരു ഗ്രൂപ്പ് ഭരണമോ ഇന്ന് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നില്ല എന്ന് തെളിയിക്കുന്നത് ടി.എന്‍. പ്രതാപന് എംഎല്‍എക്കും വനംമന്ത്രി ഗണേഷ്കുമാറിനും ചീഫ് വിപ്പ് നല്കിയ ചാട്ടവാറടികളാണ്. അതിലൂടെ ഉണര്‍ന്നത് ഒരു ഹരിതവിപ്ലവമാണ്. ഇതിനായി സംഘടിച്ചത് കോണ്‍ഗ്രസിലെ പുത്തന്‍ യുവതുര്‍ക്കികളായ ടി.എന്‍. പ്രതാപനും വി.ഡി. സതീശനും ഹൈബി ഈഡനും വി.ടി. ബല്‍റാമും. ഒരു ഹരിതധാര കരിഞ്ഞുണങ്ങുന്ന കേരളത്തിന് ആശ്വാസകരംതന്നെയാണ്. ഈ യുവതുര്‍ക്കികള്‍ ഒരു പുതിയ പോര്‍മുഖം മണ്ണും വനവും വെള്ളവും സംരക്ഷിക്കുവാന്‍ വേണ്ടി തുറന്നിരിക്കുകയാണ്! പി.സി. ജോര്‍ജിന് നന്ദി!!
പാട്ട കാലാവധി തീര്‍ന്ന, പാട്ടക്കരാര്‍ ലംഘിക്കപ്പെട്ട വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിലപാടിലാണ് ഹരിത രാഷ്ട്രീയക്കാര്‍. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിന്റെ കസ്റ്റഡില്തന്നെ 59623 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ 834.53 ഏക്കര്‍ തിരിച്ചുനല്‍കാമെന്ന് അവര്‍ കോടതിയെ അറിയിച്ചിരിക്കുന്നു!
കോണ്‍ഗ്രസിലെ പ്രശ്നം യുവതുര്ക്കികളോ ഹരിതരാഷ്ട്രീയമോ മാത്രമല്ല, കെപിസിസി പുനഃസംഘടനകൂടിയാണ്. രാഷ്ട്രീയപാര്‍ട്ടികളില്‍ സ്ഥാനമോഹികളുടെ പ്രളയമാണല്ലോ. അധികാരത്തിലിരിക്കുന്നവര്‍ സ്ഥാനം വിട്ടൊഴിയാന്‍ ഒരുക്കമല്ലാത്തത് പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് ഒരു ഏകശിലാ സംവിധാനമല്ല, വിവിധ ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ്. അച്യുതാനന്ദന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ കളിക്കുന്ന റോള്‍ കോണ്‍ഗ്രസില്‍ ഏറ്റെടുത്തിരിക്കുന്നത് വി.എം. സുധീരനാണ്. ആദര്ശധീരന് തന്റെ അനുവാദമില്ലാതെ നടക്കുന്ന എന്തിനെയും തുറന്നെതിര്‍ക്കുകയാണ്. പാര്‍ട്ടിയിലെ പ്രതിപക്ഷനേതാവായി അദ്ദേഹം മാറിയിരിക്കുന്നു. സുധീരന്റെ ആദര്‍ശപരിവേഷം അദ്ദേഹത്തിനും ഒരു ധാര്‍മ്മികാധികാരം നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ കെപിസിസി പുനഃസംഘടനയും തന്നോട് പറയാതെയാണ് എന്നത് സുധീരനെ ക്ഷുഭിതനാക്കിയിരിക്കുകയാണ്.
കേരളത്തില്‍ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും ചേരികളിലായിരുന്ന കോണ്‍ഗ്രസ് ഇന്ന് നാല് ഗ്രൂപ്പുകള്‍ ആയി മാറിയിരിക്കുന്നു. അവസാനനിമിഷം വയലാര്‍ രവി സ്വന്തം ഗ്രൂപ്പുമായി രംഗപ്രവേശം ചെയ്തതോടെ പുനഃസംഘടന ദല്‍ഹിയില്‍ എന്ന സ്വപ്നവും പൊലിഞ്ഞു. ചര്‍ച്ചകളില്‍ നേതാക്കള്‍ക്കൊപ്പം സ്ഥാനമോഹികളും രാജ്യതലസ്ഥാനത്ത് തമ്പടിച്ചു. കരുണാകര ഗ്രൂപ്പിന്റെ പ്രതിനിധിയായ കെ. മുരളീധരനും വി.എം.സുധീരനും എതിര്‍പ്പ് പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ പുനഃസംഘടനാ പ്രശ്നം പിന്നെയും കേരളത്തിന്റെ കോര്‍ട്ടില്‍ ആയിരിക്കുകയാണ്. എ, ഐ വിഭാഗങ്ങള്‍ ജില്ലാ കമ്മറ്റികള്‍ തുല്യമായി വീതിച്ചെടുക്കാന്‍ നടത്തിയ ശ്രമം അങ്ങനെ പാളി.
കേരളം പ്രശ്നങ്ങളുടെ നടുവില്‍ നട്ടംതിരിയുമ്പോഴും ഭരണപക്ഷം അധികാരത്തിന്റെയും പ്രതിപക്ഷം പാര്‍ട്ടി രാഷ്ട്രീയത്തിന്റെയും ചുഴികളിലാണ്. കാലവര്‍ഷം അമ്പത് ശതമാനം കുറഞ്ഞ് കേരളം വരള്‍ച്ചയുടെ പിടിയിലമരാന്‍ പോകുകയാണ്. കുടിവെള്ളം മലിനമാകുക മാത്രമല്ല, അതിന്റെ ലഭ്യതയും കുറയുന്നു. നാളികേര ശേഖരണവും നെല്ലുസംഭരണവും നടക്കുന്നില്ല. സംഭരിച്ച നെല്ലിന്റെ വില ലഭിക്കുന്നുമില്ല. അണക്കെട്ടുകളില്‍ വെള്ളമില്ലാതെ വൈദ്യുതി ഉല്പാദനം തകരാറിലായി. വൈദ്യുതിക്കുവേണ്ടി പരക്കംപായുകയാണ്. ഓണം അടുക്കാറായപ്പോള്‍ തമിഴ്നാട്ടില്‍ അരിവില കൂട്ടിയത് മലയാളികളുടെ വയറ്റത്തടിച്ചിരിക്കുന്നു. ശാസ്ത്രീയ-പാരിസ്ഥിതിക മാര്‍ഗത്തിലൂടെ സര്‍ക്കാര്‍ ജലസംഭരണ മാര്‍ഗങ്ങള്‍ തേടുന്നില്ല. മഴവെള്ള സംഭരണം പോലും സര്‍ക്കാര്‍ അജണ്ടയിലില്ല. ഇതിനെല്ലാം പുറമെ ‘എമര്‍ജിംഗ് കേരള’ എന്നൊരു മുസ്ലീം ലീഗ് ബോംബും ഭീഷണിയുയര്‍ത്തുന്നു.
കേരളത്തില്‍ ഭരണം നിശ്ചലമാണ്. പ്രതിപക്ഷം നിഷ്ക്രിയമാണ്. ഭരണകൂട-മാഫിയാ ബന്ധം സാമൂഹിക വിപത്തായി മാറുന്നു. മദ്യോപയോഗത്തിലും കുറ്റകൃത്യങ്ങളിലും കേരളം ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ്. ഇവിടെ ഒരു ഭരണമുണ്ടോ?
ദശാബ്ദങ്ങളായി കേരളം മാറിമാറി ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരവടംവലിയില് മുഴുകുമ്പോള്‍ ജനം ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും രോഗങ്ങളുടെയും പടുകുഴിയിലേക്ക് എടുത്തെറിയപ്പെടുന്നു. ജനക്ഷേമം വാഗ്ദാനംചെയ്ത് അധികാരത്തിലേറുന്ന രാഷ്ട്രീയനേതാക്കള്‍ ഓരോ തെരഞ്ഞെടുപ്പിലും തങ്ങളുടെ വര്‍ധിച്ച ആസ്തികളുടെ കണക്ക് ബോധിപ്പിക്കുമ്പോള്‍ നിയമസഭയും ലോക്സഭയും കോടിപതികളെക്കൊണ്ട് നിറയുന്നു. ശരാശരി മലയാളിയുടെ കോടിപതി രാത്രി എട്ട് മണിക്ക് ടിവിയിലാണ് പ്രത്യക്ഷപ്പെടുന്നത്.
മനുഷ്യന്റെ മനസ്സില്‍ ആശ ഒരിക്കലും മരിക്കുന്നില്ല. അതുതന്നെയാണ് അവന്റെ ആശ്വാസവും.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: