“ഇന്ത്യയിലേയ്ക്കുള്ള പ്രത്യേകിച്ച് ആസ്സാമിലേയ്ക്കുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയോടെ കേന്ദ്രസര്‍ക്കാരും ആസ്സാം സര്‍ക്കാരും കരുതലോടെയുള്ള നടപടികള്‍ എടുത്തിരുന്നെങ്കില്‍ ഈ ദുരന്തം (ആസ്സാം കലാപം) ഒഴിവാക്കാനാവുമായിരുന്നു. ഏകദേശം 10,000 ചതുരശ്ര കിലോമീറ്റര്‍ കയ്യടക്കിക്കഴിഞ്ഞ കുടിയേറ്റക്കാര്‍ ഇപ്പോള്‍ മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയാണ്. ഇത്തരം കടന്നുകയറ്റവും കയ്യേറ്റവും തദ്ദേശീയ ജനവിഭാഗങ്ങളില്‍ ഭീതി വിതയ്ക്കുകയും അവരെ നിസ്സഹായരാക്കുകയും തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും.”
ആര്‍എസ്എസിന്റെ അഖിലഭാരതീയ പ്രതിനിധി സഭയോ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയോ വിശ്വഹിന്ദുപരിഷത്തിന്റെ മാര്‍ഗദര്‍ശക് മണ്ഡലോ അംഗീകരിച്ച പ്രമേയത്തിലേതല്ല ഈ വരികള്‍. നാഷണല്‍ ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എന്‍സിസിഐ)യുടെ ജനറല്‍ സെക്രട്ടറി റോജര്‍ ഗയ്ക്വാഡ് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരത്തിന് എഴുതിയ കത്തിലാണ് ഈ കുറ്റപ്പെടുത്തലും ആശങ്കയുമുള്ളത്.
ഉത്തരേന്ത്യയിലോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലോ ഉണ്ടാകുന്നതും തങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമായ ഏത് നിസ്സാരമായ സംഭവവികാസങ്ങളോടുമുള്ള ക്രൈസ്തവ സഭകളുടേയും സംഘടനകളുടേയും പ്രതികരണങ്ങള്‍ അതേപടി പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്യുന്ന പല മാധ്യമങ്ങളും ആസ്സാമില്‍ ഇക്കഴിഞ്ഞ ജൂലൈ 19 ന് പൊട്ടിപ്പുറപ്പെട്ട കലാപത്തെക്കുറിച്ചുള്ള എന്‍സിസിഐയുടെ ഈ പ്രതികരണം പ്രസിദ്ധീകരിച്ചില്ല. പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങള്‍ അതിന് യാതൊരു പ്രാധാന്യവും നല്‍കിയില്ല. എന്തുകൊണ്ട് ഇങ്ങനെ എന്ന് ആലോചിക്കുമ്പോള്‍ ആസ്സാമിലെ നുഴഞ്ഞുകയറ്റക്കാരുടെ മതവും അവര്‍ സൃഷ്ടിച്ചിട്ടുള്ള വോട്ട് ബാങ്കിനെ ആപല്‍ക്കരമായി ആശ്രയിക്കുന്ന കേന്ദ്ര-സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വിവേകശൂന്യമായ നയവുമാണ് കാരണമെന്ന് കണ്ടെത്താനാവും. ആസ്സാമില്‍ ആവര്‍ത്തിക്കപ്പെടുന്ന കലാപങ്ങളുടെ യഥാര്‍ത്ഥ കാരണവും മറ്റൊന്നല്ല.
കൊക്രജാര്‍ ജില്ലയില്‍ തുടങ്ങി ചിരാംഗ്, ധുബ്രി,ബോണ്‍ഗായ്ഗാവ് എന്നീ ജില്ലകളിലേയ്ക്ക് വ്യാപിച്ച് ഏഴ് ദിവസം നീണ്ടുനിന്ന കലാപം റിപ്പോര്‍ട്ട് ചെയ്യാനും സംപ്രേഷണം ചെയ്യാനും പരസ്പ്പരം മത്സരിച്ച മാധ്യമങ്ങള്‍ ആരൊക്കെ തമ്മിലാണ് കലാപം, അവര്‍ക്കിടയിലെ ശത്രുതയ്ക്ക് കാരണമെന്താണ് എന്നൊന്നും വിശദീകരിച്ചില്ല. കലാപത്തിന്റെ ഒരുപക്ഷത്ത് ബോഡോ വര്‍ഗക്കാരാണെന്നും മറുപക്ഷത്ത് ഒരു ന്യൂനപക്ഷമാണെന്നും മാത്രം പറഞ്ഞുകൊണ്ടിരുന്ന് ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയായിരുന്നു. ബോഡോകളെ അക്രമകാരികളായി ചിത്രീകരിച്ച് ‘ന്യൂനപക്ഷത്തെ’ മാത്രം കലാപത്തിന്റെ ഇരകളായി അവതരിപ്പിക്കാനും ശ്രമം നടന്നു.
കലാപം തുടങ്ങി ആറ് ദിവസം പിന്നിട്ട ജൂലൈ 26 ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ.സിംഗ് ഒരു പ്രസ്താവന നടത്തി. കലാപത്തില്‍ ബംഗ്ലാദേശിന് പങ്കില്ലെന്നായിരുന്നു അത്. “അതിര്‍ത്തി വേലിയുള്ളതിനാല്‍ സംഘടിതവിഭാഗങ്ങള്ക്ക് ഇന്ത്യയിലേയ്ക്ക് കടന്നുകയറാന്‍ സാധ്യമല്ല. കൃത്യമായി പറഞ്ഞാല്‍ കലാപത്തില്‍ ബാഹ്യശക്തിയുടെ ഇടപെടല്‍ കാണാനാവുന്നില്ല”. ഇതൊരു മരമണ്ടന്‍ പ്രസ്താവനയെന്നതുപോലെ നുഴഞ്ഞുകയറ്റമെന്ന മഹാവിപത്തിനുനേര്ക്ക് കണ്ണടയ്ക്കുന്നതുമാണ്. കലാപത്തില്‍ ബംഗ്ലാദേശിന്റെ കരങ്ങള്‍ ഇല്ലെന്ന് പറഞ്ഞ ആഭ്യന്തര സെക്രട്ടറി ആസ്സാമുമായി അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശിന് കലാപത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് പറയാതിരുന്നത് ബോധപൂര്‍വമാണ്.
ബ്രഹ്മപുത്രാ നദിയുടെ വടക്കന്‍ കരയിലുള്ള കോക്രജാര്‍, ബക്സ, ചിരാംഗ്, ഉദല്‍ഗരി എന്നീ ജില്ലകളാണ് ബോഡോലാന്റ് എന്നറിയപ്പെടുന്നത്. ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ (ബിടിസി)ആണ് ഇവിടെ ഭരണം നടത്തുന്നത്. ഇവിടെയിപ്പോള്‍ 81 ലക്ഷത്തിലേറെ മുസ്ലീങ്ങളുണ്ട്. ഇത് ജനസംഖ്യയുടെ 31 ശതമാനത്തിലധികം വരും. ഈ മുസ്ലീങ്ങളില്‍ ഏറിയകൂറും ബംഗ്ലാദേശില്‍നിന്ന് നുഴഞ്ഞുകയറിയവരാണ്. ഭൂമി കയ്യേറ്റം, കവര്‍ച്ച, നിര്‍ബന്ധിത മതംമാറ്റം, കൊലപാതകങ്ങള്‍ എന്നിവ നിത്യസംഭവങ്ങളായി മാറിയിരിക്കുന്ന ഇവിടം ഒരു സംഘര്‍ഷമേഖലയാണ്. അക്രമികളും കയ്യേറ്റക്കാരുമായ ബോഡോലാന്റിലെ മുസ്ലീങ്ങള്‍ക്ക് മുസ്ലീം ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് ആസ്സാം (എംയുഎല്ടിഎ) എന്ന ഭീകര സംഘടനയുടേയും ഓള് മൈനോറിറ്റി സ്റ്റുഡന്റ്സ് യൂണിയന് (എംഎംഎസ്യു) എന്ന സംഘടനയുടെയും പിന്തുണ ലഭിക്കുന്നു. എംഎംഎസ്യുവില്നിന്ന് പിരിഞ്ഞ് ‘ബോഡോലാന്റി’ലെ മുസ്ലീങ്ങള്‍ക്ക് മാത്രമായി രൂപംകൊണ്ട സംഘടനയാണ് ഓള് ബോഡോലാന്റ് മൈനോറിറ്റി സ്റ്റുഡന്റ്സ് യൂണിയന് (എബിഎംഎസ്യു). നുഴഞ്ഞുകയറ്റക്കാരുടെ പിന്‍ബലത്തില്‍ ഈ സംഘടന നടത്തുന്ന അവകാശവാദങ്ങളും അതിക്രമങ്ങളും ബോഡോലാന്റില്‍ നിരന്തരം അസ്വസ്ഥത വിതക്കുകയാണ്. എബിഎംഎസ്യുവിന്റെ പ്രേരണയില്‍ അക്രമികളായ മുസ്ലീം സംഘം ബോഡോ സമുദായത്തില്‍പ്പെട്ട നാലുപേരെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ബോഡോകള്‍ തിരിച്ചടിക്കുകയും അത് കലാപമായി പടരുകയുമായിരുന്നു.
കലാപസാധ്യത സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കാത്തതിനും കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തെ അയയ്ക്കുന്നതില്‍ കാലതാമസം വരുത്തിയതിനും കോണ്‍ഗ്രസ് നേതാവായ ആസ്സാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഒരു പരിധിവരെ ഇത് സ്വന്തം വീഴ്ച മറച്ചുവെയ്ക്കാനായിരുന്നു. ബോഡോലാന്റിലെ ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് കാരണം നുഴഞ്ഞുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശുമായുള്ള അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടണമെന്ന് (വേലി കെട്ടിയിട്ടുള്ളതിനാല്‍ നുഴഞ്ഞുകയറ്റമില്ല എന്ന കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ വാദം അസത്യമാണെന്ന് ഇവിടെ തെളിയുന്നു). ബോഡോലാന്റ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ (ബിടിസി) അധ്യക്ഷന്‍ ഹഗ്രാമ മൊഹിലാരി ആവശ്യപ്പെട്ടപ്പോള്‍ “അങ്ങനെയെന്തെങ്കിലും (നുഴഞ്ഞുകയറ്റം) ഉള്ളതായി ഞാന്‍ കരുതുന്നില്ല” എന്നാണ് തരുണ്‍ ഗോഗോയ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.
ആസാമില്‍ ആകെയുള്ള 24 ജില്ലകളില്‍ ആറെണ്ണം ഇന്ന് മുസ്ലീം ഭൂരിപക്ഷ ജില്ലകളായിരിക്കുന്നു. ധുബ്രി, ബാര്‍പേട്ട, ഹയ്ലകണ്ടി, നഗാവ്, ഗോല്‍പാറ, കരിംഗഞ്ച് എന്നിവയാണിത്. മറ്റ് ആറ് ജില്ലകളില്‍ 40 ശതമാനത്തിലേറെയാണ് മുസ്ലീം ജനസംഖ്യ. ആകെയുള്ള 125 നിയമസഭാ മണ്ഡലങ്ങളില്‍ 54 എണ്ണത്തിലെയും വിജയം നിര്‍ണയിക്കുന്നത് മുസ്ലീം വോട്ടുബാങ്കാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് “ബംഗ്ലാദേശികള്‍ ആസാമിലെ കിംഗ്മേക്കര്മാരാവുന്നു” എന്ന് 2008 ജൂലൈ 23 ന് ഗുവാഹതി ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
ഇന്നത്തെ ആസാമാണ് നാളത്തെ കേരളം. ഇതുവരെ മലപ്പുറം മാത്രമായിരുന്നു മുസ്ലീം ഭൂരിപക്ഷ ജില്ല. 2001 ലെ സെന്‍സ് അനുസരിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ മുസ്ലീങ്ങളാണ് രണ്ടാംസ്ഥാനത്ത്. എന്നാല്‍ ഈ കണക്ക് മുസ്ലീം ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് 1.4 ശതമാനവും ജനസംഖ്യ 24.7 ശതമാനവും ആയിരുന്നപ്പോഴാണ്. പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ ഈ വളര്‍ച്ചാ നിരക്ക് 2.5 ശതമാനവും മുസ്ലീം ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 27 ശതമാനവും കടന്നിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴത്തെ നില പരിശോധിക്കുമ്പോള്‍ മുസ്ലീങ്ങള്‍ രണ്ടാം സ്ഥാനത്തുള്ള പല ജില്ലകളും മുസ്ലീം ഭൂരിപക്ഷ ജില്ലകളോ അതിന് തൊട്ടടുത്തോ എത്തിയിരിക്കും. 1951-2011 കാലയളവില്‍ മലബാര്‍ മേഖലയിലെ ഹിന്ദുക്കളുടെ ജനസംഖ്യ 65.3 ശതമാനത്തില്‍നിന്ന് 52.7 ശതമാനമായാണ് കുറഞ്ഞത്. നുഴഞ്ഞുകയറ്റക്കാരല്ല എന്നതു മാത്രമാണ് കേരളത്തിലെ മുസ്ലീം വോട്ട് ബാങ്കിനെ ആസ്സാമിലേതില്നിന്ന് വ്യത്യസ്തമാക്കുന്നത്.
ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റമാണ് ആസാമില്‍ ഭീഷണമായ സ്ഥിതി വരുത്തിയിട്ടുള്ളത്. 2004 ജൂലായ് 14 ന് പാര്‍ലമെന്റിലെ ഒരു ചോദ്യത്തിന് മറുപടിയായി യുപിഎ സര്‍ക്കാരിലെ അന്നത്തെ ആഭ്യന്തരസഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ പറഞ്ഞത് “2001 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഒരുകോടി ഇരുപത് ലക്ഷത്തിലേറെ (1,20,53,950) നിയമവിരുദ്ധ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുള്ളതില് 50 ലക്ഷം ആസാമിലാണ്. പശ്ചിമബംഗാളില്‍ ഇക്കൂട്ടര്‍ 57 ലക്ഷമുണ്ട്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്” എന്നാണ്. 1997 മെയ് ആറിന് അന്നത്തെ ആഭ്യന്തരമന്ത്രിയും സിപിഐ നേതാവുമായിരുന്ന ഇന്ദ്രജിത്ഗുപ്ത പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത് “പത്ത് ദശലക്ഷത്തിലേറെ നിയമവിരുദ്ധരായ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയെ സ്വന്തം ആവാസകേന്ദ്രമാക്കിക്കഴിഞ്ഞു” എന്നായിരുന്നു. ജയ്സ്വാളിന്റെ കണക്കുപ്രകാരം നാലുവര്‍ഷം കൊണ്ട് നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന 20 ലക്ഷത്തിലേറെ. 2001 ല്‍ത്തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണക്കാക്കിയത് അനുസരിച്ച് “1971 മുതല്‍ 150-170 ലക്ഷം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട്”. പശ്ചിമബംഗാളില്‍ ഒരു കോടി, ആസ്സാമില്‍ 55 ലക്ഷം, ത്രിപുരയില്‍ നാല് ലക്ഷം, ബീഹാറിലെ മൂന്ന് ജില്ലകളിലും (കത്തിഹാര്‍, പൂര്‍ണിയ, കിഷന്‍ഗഞ്ച്) ഝാര്‍ഖണ്ഡിലെ സാഹേബ് ഗഞ്ച് ജില്ലയിലുമായി അഞ്ച് ലക്ഷം. എന്നിങ്ങനെയാണ് മുസ്ലീം നുഴഞ്ഞുകയറ്റക്കാരുടെ കണക്ക്. ഇന്റലിജന്‍സ് ബ്യൂറോ വൃത്തങ്ങള്‍ നല്കുന്ന വിവരമനുസരിച്ച് ഇപ്പോള്‍ നാല് കോടിയോളം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയിലുണ്ട്. എന്നിട്ടാണ് തരുണ്‍ ഗൊഗോയ് പറയുന്നത് ഒരൊറ്റ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ പോലും ആസാമിലില്ലെന്ന്!
ചീഫ്ജസ്റ്റിസ് എ.എസ്. ആനന്ദും ജസ്റ്റിസുമാരായ ആര്.സി. ലാഹിരിയും ബ്രജേഷ്കുമാറും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് 2001 ഫെബ്രുവരി 26 ന് നിരീക്ഷിച്ചത് ഇങ്ങനെ: “നിയമവിരുദ്ധരായ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിന്നുതീര്‍ക്കുകയാണ്. ഇത് വലിയൊരളവോളം സുരക്ഷാഭീഷണിയാണ്. ബംഗ്ലാദേശില്‍നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ ഒട്ടും വൈകാതെ സര്‍ക്കാര്‍ നടപടിയെടുക്കണം. ഇതുണ്ടായില്ലെങ്കില്‍ പ്രശ്നം ഗുരുതരമാവും.” പരമോന്നത കോടതി ഇത്ര രൂക്ഷമായി പ്രതികരിച്ചിട്ടും യുപിഎ സര്‍ക്കാര്‍ നടപടി വെച്ചു താമസിപ്പിച്ചു. 2005 ജൂലൈയില്‍ ജസ്റ്റിസുമാരായ ലഹോട്ടി, മാത്തൂര്‍, ബാലസുബ്രഹ്മണ്യന് എന്നിവരുടെ ബെഞ്ച് നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരെ വേഗത്തില്‍ തിരിച്ചയക്കണമെന്ന് മന്മോഹന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശവും അനുസരിക്കാത്ത കേന്ദ്രസര്‍ക്കാരിനെ 2006 ഡിസംബര്‍ അഞ്ചിന്റെ വിധിന്യായത്തിലൂടെ എസ്.ബി. സിന്‍ഹ, പി.കെ. ബാലസുബ്രഹ്മണ്യന് എന്നിവരുടെ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.
നുഴഞ്ഞുകയറുന്നവരുടെ മതമാണ് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും പരിഗണിക്കുന്നത്. ബംഗ്ലാദേശില്‍നിന്ന് നുഴഞ്ഞുകയറുന്നവര്‍ മുസ്ലീങ്ങളായതിനാല്‍ അവര്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായി മാറുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തും റേഷന്‍കാര്‍ഡ് നല്‍കിയും നുഴഞ്ഞുകയറ്റക്കാരെ ‘ഇന്ത്യന്‍ പൗരന്മാരാ’ക്കുന്നു. മാനുഷിക പരിഗണന എന്ന മറയാണ് ഇതിന് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പരിഗണന മുസ്ലീം മതമൗലികവാദത്തിന്റെ ഇരകളായി ബംഗ്ലാദേശില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും അഭയാര്‍ത്ഥികളായെത്തുന്നവര്‍ക്ക് ലഭിക്കുന്നില്ല. അവരോട് യഥാര്‍ത്ഥ നുഴഞ്ഞുകയറ്റക്കാരോടെന്നപോലെ പെരുമാറുകയും ചെയ്യുന്നു. ബംഗ്ലാദേശിലെ ചിറ്റഗോംഗ് മലനിരകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട് അതിര്‍ത്തി സംസ്ഥാനമായ ത്രിപുരയില്‍ ദുരിതപൂര്‍ണമായ ചുറ്റുപാടില്‍ കഴിയുന്ന 55,000 ‘ചക്മ’കളുടെ ജീവിതം ഇതിന് തെളിവാണ്. ‘ചക്മ’കളുടെ ദുരിത കാരണം വ്യക്തമാണ്, വോട്ട്ബാങ്ക് ആവാന്‍ സാധ്യതയില്ലാത്ത ഹിന്ദുക്കളാണ് അവര്‍. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ‘പച്ചപ്പരവതാനി’ വിരിയ്ക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ‘ചക്മ’കളുടെ ആവലാതികള്‍ കേട്ടില്ലെന്ന് നടിക്കുന്നു. തങ്ങളെ പുനരധിവസിപ്പിക്കണമെന്ന ‘ചക്മ’കളുടെ ആവശ്യം ബംഗ്ലാദേശ് ഭരണകൂടവും നിഷ്ക്കരുണം തള്ളുകയാണ്.
1947 ലെ വിഭജനകാലത്ത് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍നിന്ന് മൂവായിരത്തോളം ഹിന്ദുക്കള്‍ ജമ്മുകാശ്മീരിലേക്ക് കുടിയേറുകയുണ്ടായി. ഉധംപൂര്‍ ജില്ലയില്‍ കഴിയുന്ന ഇവരില്‍ പ്രായമായ പലരും ഇതിനകം മരിച്ചു. പിന്മുറക്കാര് ഇന്ന് ഏകദേശം 20,000 പേര് വരും. നീണ്ട 65 വര്‍ഷം കഴിഞ്ഞിട്ടും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണഘടന അതിനനുവദിക്കുന്നില്ല എന്നാണ് പറയുന്നത്. പ്രശ്നം പരിശോധിക്കാമെന്ന് നാല് വര്‍ഷം മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കൊടുത്ത ഉറപ്പിനുശേഷവും ഒന്നും സംഭവിച്ചിട്ടില്ല.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: