മാതാ അമൃതാനന്ദമയീദേവിയുടെ ദര്ശനവേദിയിലേയ്ക്ക് ഓടിക്കയറി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച ബീഹാര്‍ സ്വദേശി സത്നം സിംഗ്മാന്റെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകളുണ്ടായിരുന്നതായും അയാള്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായതായി കരുതപ്പെടുന്നതായും പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൈകൊണ്ടും ഇരുമ്പുവടികൊണ്ടും അടിച്ച കറുത്തതും നീലിച്ചതുമായ പാടുകളാണ് മൃതദേഹത്തിലുണ്ടായിരുന്നത്. മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്തു കഴിഞ്ഞു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. സത്നം സിംഗ്മാന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച ബിജെപി അയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന ദര്‍ശനത്തിനിടെയാണ് സംഭവം. വധശ്രമത്തിന് കേസെടുത്ത കോടതി ഇയാളെ കൊല്ലം ജയിലിലേയ്ക്ക് അയച്ചു. ജയിലില്‍ വച്ചാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതെന്നാണ് സത്നംസിംഗിന്റെ ബന്ധു ആരോപിക്കുന്നത്. രണ്ടാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിയായിരുന്ന സത്നം രണ്ടുവര്‍ഷമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നത്രെ.
കൊല്ലം സബ്ജയിലില്‍ വച്ച് അക്രമാസക്തനായ കാരണമാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് കൈയും കാലും ബന്ധിച്ച നിലയില്‍ സത്നം സിംഗിനെ എത്തിച്ചത്. ഇയാള്‍ തീവ്രവാദ പരിശീലനം ലഭിച്ച വ്യക്തിയാണെന്നും കൃത്യമായ ലക്ഷ്യത്തോടെയാണ് അമൃതാനന്ദമയിദേവിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്രമി മാനസിക രോഗിയാണെന്ന് സ്ഥാപിക്കാന്‍ തുടക്കം മുതല്‍ പോലീസിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായി എന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് അഭിപ്രായപ്പെടുന്നു. വിശദമായ അന്വേഷണം നടക്കും മുന്‍പുതന്നെ പ്രതിയെ മാനസികരോഗിയായി ചിത്രീകരിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യം വ്യക്തമാക്കണമെന്നും എങ്ങനെ, എന്തിന് കേരളത്തിലെത്തി, ഏതെങ്കിലും സംഘടനയുടെ പിന്തുണയുണ്ടോ മുതലായ വിഷയങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കാമെന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ നിലപാട്. സത്നംസിംഗ്മാന്റെ ദേഹത്തിലെ മുറിവുകളിലും മാനസികാരോഗ്യ കേന്ദ്രത്തിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിന്റെ പിന്നിലും ദുരൂഹതയുണ്ട്.
‘മാനസികരോഗി’യാണെന്ന് അറിഞ്ഞിട്ടും സത്നമിനെ കൊല്ലം സബ് ജയിലില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്. അവിടെ വച്ച് അയാള്‍ അക്രമാസക്തനായി. മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ മറ്റൊരു രോഗിയോടൊപ്പമാണ് സത്നമിനെ പ്രവേശിപ്പിച്ചത്. സത്നമിന്റെ ദേഹത്തിലെ മുറിവുകള്‍ സഹതടവുകാരില്നിന്നല്ല ജയിലില്‍നിന്ന് തന്നെയായിരിക്കണം ഉണ്ടായതെന്നാണ് സംശയം. ജയില്‍ അധികൃതര്‍ ഇത് നിഷേധിക്കുകയാണ്. സത്നംസിംഗ്മാന് എങ്ങനെ, ആരാല്‍ വധിക്കപ്പെട്ടു, അയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നോ മുതലായ വിഷയങ്ങള്‍ സമഗ്രാന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. മനോരോഗി എന്ന് മുദ്രകുത്തിയ ഒരാളെ അക്രമസ്വഭാവമുള്ള മറ്റൊരു മനോരോഗിക്കൊപ്പം സെല്ലില്‍ അടച്ചതിലെ നിസ്സംഗതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ജനനന്മ മാത്രം ആഗ്രഹിച്ച് സേവനം വ്രതമാക്കിയ മാതാ അമൃതാനന്ദമയീദേവിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടായിരുന്നോ എന്നും എങ്കില്‍ ഏതു സംഘടനയാണ് ഉള്പ്പെട്ടിരുന്നതെന്നുമുള്ള വിവരങ്ങള്‍ അറിയാന്‍ ലോകത്തെമ്പാടുമുള്ള അമ്മയുടെ ഭക്തര്‍ക്കും ആകാംക്ഷയുണ്ട്.
നെല്ലിയാമ്പതിയിലെ നേര്
നെല്ലിയാമ്പതി പ്രശ്നം വനം മന്ത്രി ഗണേഷ് കുമാറും ചീഫ് വിപ്പ് പി.സി.ജോര്‍ജും തമ്മിലുള്ള വാഗ് സംഘട്ടനത്തിനുപരി ഇന്ന് കോണ്‍ഗ്രസിലെ പ്രശ്നമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത് നെല്ലിയാമ്പതി വനമേഖലയെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്. നെല്ലിയാമ്പതി യുഡിഎഫില്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ആദ്യ അടയാളമാണ് ജോര്‍ജ് അടങ്ങുന്ന സമിതിയില്‍ നിന്നുള്ള എം.എം.ഹസന്റെ രാജി. തന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലാത്തതിനാലാണ് കോണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍ വേറെ സന്ദര്‍ശനം നെല്ലിയാമ്പതിയില്‍ നടത്തുന്നത് എന്ന് ഹസ്സന് ആരോപിക്കുമ്പോള്‍ നെല്ലിയാമ്പതി വനഭൂമി ചെറുകിട കര്‍ഷകരുടേതാണെന്ന് വാദിക്കുന്ന പി.സി.ജോര്‍ജ് അടങ്ങുന്ന സംഘത്തിന് എന്ത് വിശ്വാസ്യതയാണുള്ളത് എന്ന മറുചോദ്യവും ഉയരുന്നു. വനഭൂമിയും പരിസ്ഥിതിയും നശിപ്പിക്കുന്ന മാഫിയയെ വിമര്‍ശിച്ച ടി.എന്‍.പ്രതാപനെ മീന്‍പിടുത്തക്കാരനായി അധിക്ഷേപിച്ചത് അദ്ദേഹത്തിനെ കൂടുതല്‍ പ്രകോപിപ്പിച്ചതായി കാണാം. ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന പി.സി.ജോര്‍ജിനെതിരെ ടി.എന്‍.പ്രതാപനോടൊപ്പം വി.ഡി.സതീശനും ഹൈബി ഈഡനും മറ്റും അണി ചേര്‍ന്നാണ് നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്. നെല്ലിയാമ്പതിയില്‍ 52 എസ്റ്റേറ്റുകള്‍ ഉള്ളതില്‍ ഹസ്സന് സംഘം ചെറുനെല്ലി മാത്രമാണ് സന്ദര്‍ശിച്ചത്. വനം വെട്ടി റബര്നട്ട് തോട്ടഭൂമിയാണ്, വനഭൂമിയല്ല എന്ന വാദം ഉയര്‍ത്തുന്ന മാഫിയകളുടെ കയ്യിലാണ് നെല്ലിയാമ്പതി. പാട്ടക്കരാര്‍ ലംഘനം മാത്രമല്ല, വനഭൂമി പണയപ്പെടുത്തി കോടികള്‍ വായ്പ വാങ്ങുകയും സ്ഥലം അനധികൃതമായി കൈമാറ്റം നടത്തുകയും ചെയ്തതിനെ ചോദ്യംചെയ്ത് വനം തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയതിനെതിരെയാണ് കര്‍ഷകരുടെ മക്കളുടെ വക്താവായി പി.സി.ജോര്‍ജ്ജ് അവതരിച്ചത്.
സര്‍ക്കാരിന്റെ വനഭൂമി സ്വകാര്യ ഭൂമിയായി ബാങ്കിലെ പണയവസ്തുവുമായി. ചെറുനെല്ലി എസ്റ്റേറ്റ് മാത്രം പണയം വെച്ചിരിക്കുന്നത് 29 ലക്ഷം രൂപയ്ക്കാണ്. സര്‍ക്കാര്‍ വക ഭൂമിയുടെ ഈടിലാണ് കോടികളുടെ വായ്പ ഈ ഭൂമാഫിയ തട്ടിയെടുത്തത്. ടി.എന്‍.പ്രതാപന്, വി.ഡി.സതീശന്, ഹൈബി ഈഡന്, വി.ടി.ബലറാം, എം.വി.ശ്രേയാംസ് കുമാര്‍ എന്നിവരടങ്ങിയ സമാന്തര യുഡിഎഫ് സംഘം നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ചാണ് എം.എം.ഹസ്സന്റെ രാജി. ഈ സംഘം ഭൂമി കയ്യേറ്റത്തെക്കുറിച്ച് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തങ്ങളുടെ അജണ്ട പരിസ്ഥിതി സംരക്ഷണവും വനഭൂമി സംരക്ഷണവും ആണെന്ന് സംഘം വ്യക്തമാക്കിക്കഴിഞ്ഞു. ഭൂമാഫിയ തട്ടി എടുത്ത ഭൂമി തിരിച്ചുപിടിക്കല്‍ മാത്രമാണ് തങ്ങളുടെ ലക്ഷ്യം. സര്‍ക്കാര്‍ 300 ഏക്കര്‍ സ്ഥലമാണ് പാട്ടക്കാരുടെ കയ്യില്‍നിന്ന് തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിടുന്നത്. അത് പാട്ടക്കരാര്‍ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ്. ഭൂമി കയ്യേറിയവര്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വിവാദ എസ്റ്റേറ്റുകള്‍ പണയപ്പെടുത്തി 15 കോടി വായ്പ എടുത്തതിനെപ്പറ്റി വിജിലന്‍സും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: