ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപകലോകത്തെ ആകര്‍ഷിക്കുവാനായി 2012 സെപ്തംബറില്‍ എറണാകുളത്തെ ലെമെറിഡിയന്‍ ഹോട്ടലില്‍ നടത്തുവാന്‍ പോകുന്നത് വന്സംരംഭക മേളയാണ്. ഇതില്‍ കേരളത്തിലേയ്ക്ക് നിക്ഷേപകരെ ആകര്ഷിക്കുവാനുള്ള ബൃഹത്തായ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. ജിമ്മില്‍ പറ്റിയ പാളിച്ചകള്‍ ഒഴിവാക്കിയാവണം എമര്‍ജിംഗ് കേരള നിക്ഷേപകരെ ആകര്‍ഷിക്കേണ്ടത് എന്നുമാത്രം. കേരളം വളരണം. നിക്ഷേപസൗഹൃദമായി, പരിസ്ഥിതി സൗഹൃദമായി ജനസൗഹൃദമായി തന്നെ വേണം അത്. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയ കുന്നുകളും മലകളും കാടുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും പുഴകളും ചതുപ്പുകളും കാവുകളും തോടുകളും ഇടതോടുകളും മണ്ണും വെള്ളവും വായുവും കാലാവസ്ഥയും നഷ്ടപ്പെടാതെ എല്ലാം നിലനിര്‍ത്തിക്കൊണ്ട് നശിപ്പിക്കാതെ വികസനം കൊണ്ടുവരാന്‍ കഴിയണം. അത് ഭാരതത്തിന് മാതൃകയാകണം.
ജിമ്മില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടിവന്നത് ഒരുപക്ഷെ കൊച്ചി വ്യവസായ ജലവിതരണ പദ്ധതിയ്ക്കാണ്. പെരിയാര്‍ നദിയിലെ ജലമെടുക്കുവാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുവാനും ജല അതോറിറ്റിയുടെ പൈപ്പുകളും മറ്റു സ്ഥാവരജംഗമവസ്തുക്കളും അടിസ്ഥാന സൗകര്യങ്ങളും വിദേശ കുത്തക കമ്പനിയ്ക്ക് അടിയറവ് വയ്ക്കാനും കുടിവെള്ളത്തിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം സ്വകാര്യവല്‍ക്കരിക്കുവാനും സര്‍ക്കാര്‍ തുനിഞ്ഞതു മൂലമായിരുന്നു ജനങ്ങള്‍ പദ്ധതിയെ ശക്തിയായി എതിര്‍ത്തത്. ഇത് ജിമ്മിന്റെ മൊത്തം ആകര്‍ഷണീയതയാണ് നഷ്ടമാക്കിയത്. അതുകൊണ്ട് ഇക്കുറി സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കുന്നതോ പാട്ടത്തിന് കൊടുക്കുന്നതോ ആയ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ആകരുത് എമര്‍ജിംഗ് കേരള എന്ന് അഭ്യര്‍ത്ഥനയുണ്ട്. പരിപാടികളും സുതാര്യമായിരിക്കണം. മുതല്‍മുടക്കുന്നവന്റെ അടിമപ്പണിയെടുക്കുന്ന രീതിയോ സമീപനമോ സര്‍ക്കാര്‍ സ്വീകരിക്കരുത്. കേരളത്തിന്റെ തന്ത്രപ്രധാനമായ അനുകൂലഘടകങ്ങള്‍ തുറന്നു കാണിക്കുവാന്‍ സര്‍ക്കാരിനാകണം. സര്‍ക്കാര്‍ ചുമതലയിലുള്ള പ്രകൃതി വിഭവങ്ങള്‍ വിറ്റ് തുലയ്ക്കുവാനും എഴുതി നല്‍കാനുമുള്ള മാമാങ്കമാകരുത് എമര്‍ജിംഗ് കേരള എന്നതാണ് ജനതാല്‍പ്പര്യം.
സംസ്ഥാനത്തിന് പോസിറ്റീവ് ആയ ഒട്ടനവധി മേഖലകളുണ്ട്. ആയുര്‍വേദം, മനുഷ്യ വിഭവശേഷി, കപ്പല്‍ നിര്‍മാണ വൈദഗ്ദ്ധ്യവും പോര്‍ട്ടുകളും പരമ്പരാഗത വ്യവസായങ്ങളായ കയര്‍, ക്ഷീരാധിഷ്ഠിത വ്യവസായങ്ങള്‍, സുഗന്ധവ്യഞ്ജന ഉല്‍പ്പാദനം, മത്സ്യ-മാംസാധിഷ്ഠിത വ്യവസായങ്ങള്‍, പനമ്പ്-ഈറ്റ വ്യവസായങ്ങള്‍ കളിമണ്‍ വ്യവസായങ്ങള്‍, വിനോദസഞ്ചാരം, ആരോഗ്യമേഖല വൃത്തിയും വെടിപ്പുമുള്ള ജനങ്ങള്‍, വിവര-ജൈവ സാങ്കേതിക മേഖലയിലെ മികവ്, നാനോ ടെക്നോളജിയിലെ വിപുലമായ ഗവേഷണ പാരമ്പര്യം, ഉള്‍നാടന്‍ ഗതാഗത ഹൈവേകള്‍, വിദ്യാഭ്യാസ രംഗം, റോഡ്-റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കേരളത്തിന്റെ മാത്രം പ്രത്യേകതകളാണ്. ഇതെല്ലാം വേണ്ടവിധത്തില്‍ എമര്‍ജിംഗ് കേരളയില്‍ സാധ്യതകളായി അവതരിപ്പിക്കുവാന്‍ കഴിയണം. കാറ്റില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുവാനുള്ള സാഹചര്യങ്ങള്‍. ചെറുകിട പരിസ്ഥിതി സൗഹൃദ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുവാനുള്ള അനന്ത സാധ്യതകള്‍. മാലിന്യത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദനം, അക്വാ കള്‍ച്ചര്‍ മേഖലയിലെ സാധ്യതകള്‍ എന്നിവ എമര്‍ജിംഗ് കേരളയില്‍ വന്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കണം.
കേരളത്തില്‍ നിര്‍മാണത്തിലിരിക്കുന്ന വന്‍ മുതല്‍മുടക്ക് നിക്ഷേപപദ്ധതികളായ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍, എല്‍പിജി വിതരണ ശൃംഖല, ഗെയില്‍ വാതക പൈപ്പ് ലൈന്‍ പ്രോജക്ട്, കൊച്ചി മെട്രോ റെയില്‍ പദ്ധതി, വിഴിഞ്ഞം ആഴക്കടല്‍, ട്രാന്‍ഷിപ്മെന്റ് പ്രോജക്ട്, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനസ്സിന്റെ രണ്ടാംഘട്ട വികസനം, സ്മാര്‍ട്ട് സിറ്റി പ്രോജക്ട് എന്നിവയെല്ലാം സംസ്ഥാനത്തിന്റെ വന്‍ വികസന കുതിച്ചു ചാട്ടത്തിനുള്ള അവസരങ്ങളാണ്. സംസ്ഥാനത്തെ വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി റിഫൈനറീസ്, ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, കൊച്ചിയിലെ സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍, എക്സ്പോര്‍ട്ട് പ്രോസസ്സിംഗ് സോണുകള്‍ എന്നിവയെല്ലാം ഉയര്ത്തിക്കാട്ടുവാന് എമര്‍ജിംഗ് കേരളയ്ക്ക് കഴിയണം. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികളായ തിരുവനന്തപുരം കോഴിക്കോട് മോണോ റെയില്‍ പദ്ധതികള്‍, തലസ്ഥാനത്തെ ലൈഫ് സയന്‍സ് പാര്‍ക്ക്, കൊച്ചിയിലെ ഇലക്ട്രോണിക് ഹബ്, ഓഷ്യാനോറിയം, സംസ്ഥാനത്തെ ഹൈസ്പീഡ് റെയില്‍ കോറിഡോര്‍, പാലക്കാട്ടെ നിംസ് പദ്ധതികളെല്ലാം പറക്കുവാന്‍ തയ്യാറെടുക്കുന്ന സംസ്ഥാനത്തിന്റെ മികവുറ്റ പദ്ധതികളാണ്. ഇക്കോ ടൂറിസത്തിന്റെ അനന്തസാധ്യതകളുള്ള സംസ്ഥാനത്തിന് വിദേശ-സ്വദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാവുന്ന പദ്ധതികള്‍ വേണം. ആയുര്‍വേദത്തിന്റെ മറവില്‍ നടക്കുന്ന സെക്സ് ടൂറിസം ഒഴിവാക്കുകയും വേണം.
നമ്മുടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് നാട്ടില്‍ തൊഴിലവസരങ്ങള്‍, സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കല്‍, ദാരിദ്ര്യനിര്‍മാര്‍ജ്ജനം, കാര്‍ഷിക മേഖലയുടേയും പരമ്പരാഗത തൊഴില്‍ മേഖലകളുടേയും ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങിയ ലക്ഷ്യങ്ങള്‍ എമര്‍ജിംഗ് കേരളയ്ക്ക് ഉണ്ടാകണം. മറ്റേതൊരു സംസ്ഥാനത്തിനും അവകാശപ്പെടുവാനില്ലാത്തവിധം വലിയ മനുഷ്യശേഷിയാണ് നമുക്കുള്ളത്. അടിസ്ഥാന സൗകര്യങ്ങളും കുറവല്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന് തന്റേടത്തോടെ നിക്ഷേപകരെ അഭിമുഖീകരിക്കാനാകൂം. കേരളം പല കാര്യങ്ങള്‍ക്കും ഭാരതത്തിന് മാതൃകയാണ്. ഇന്ത്യയുടെ പല സുപ്രധാന ദൗത്യങ്ങളും മലയാളിയുടെ കൈകളില്‍ സുരക്ഷിതവുമാണ്. ഈ പ്രതിഛായയുള്ളപ്പോള് നിലവിലുള്ള നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാതെയും വലിയ സൗജന്യങ്ങള്‍ പ്രഖ്യാപിക്കാതെയും വന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെയും നിക്ഷേപങ്ങളും പുതിയ സംരംഭങ്ങളും തുടങ്ങുവാന്‍ എമര്‍ജിംഗ് കേരള വഴിയൊരുക്കും. സംസ്ഥാനത്തിന്റെ ശരിയായ വികസനം ആത്മാര്‍ത്ഥതയോടെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നുണ്ടെങ്കില്‍ പുതിയ വ്യവസായങ്ങളെ കേരള സാഹചര്യങ്ങള്‍ക്കൊത്ത് നേടുവാന്‍ എമര്‍ജിംഗ് കേരളയ്ക്ക് അവസരമൊരുക്കാനാകും. ഏതു വിധേനയും വ്യവസായം തുടങ്ങണമെന്നും എങ്ങനെയെങ്കിലും നിക്ഷേപം നടത്തുവാന്‍ സംരംഭകര്‍ക്ക് അനുവാദം നല്‍കുകയും ചെയ്താല്‍ ഒരുപക്ഷെ നമ്മുടെ പല പൈതൃക സ്വത്തുക്കളും അന്യാധീനപ്പെട്ടുപോകും. വ്യവസായവകുപ്പിന്റെ അമിതാവേശത്താല് പ്രകൃതി വിഭവങ്ങള്‍ വിറ്റഴിക്കുവാനുള്ള വേദിയാക്കി എമര്‍ജിംഗ് കേരള മാറരുത്.
2012 ആഗസ്റ്റ് തുടക്കത്തില്‍ എമര്‍ജിംഗ് കേരളയുടെ ഭാഗമായി ഉണ്ടാക്കിയിട്ടുള്ള ലാന്റ് ബാങ്കില്‍ ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവ തുടങ്ങുവാന്‍ കുട്ടനാട്ടിലെ കൈനകരിയിലും മീനച്ചിലാറിന്റെ വൃഷ്ടിപ്രദേശമായ വാഗമണ്ണിലും കൊച്ചിയിലെ അരൂക്കുറ്റിയിലും കോട്ടയത്തെ കുമരകത്തും മറ്റും സ്ഥലങ്ങള്‍ ഡെപ്പോസിറ്റ് ചെയ്തതായി വെബ്സൈറ്റിലുണ്ട്. ആഗസ്റ്റ് രണ്ടുവരെ 98.08 ഏക്കര്‍ സ്ഥലം ലാന്റ് ബാങ്കില്‍ ഉണ്ട്. നെടുമങ്ങാട്, വിതുര, ആലുവ, കൃഷ്ണപുരം, കാഞ്ഞിരപ്പള്ളി, പട്ടിമറ്റം, കിഴക്കമ്പലം, കോട്ടുവള്ളി എന്നിവിടങ്ങളിലെയും മറ്റും ലഭ്യമായ സ്ഥലങ്ങള്‍ ലാന്റ് ബാങ്കിലുണ്ട്. എന്നാല്‍ സ്ഥലത്തിന്റെ സ്വഭാവം ലിസ്റ്റിലില്ല. ചതപ്പാണോ, നെല്‍വയലാണോ വെള്ളക്കെട്ടാണോ വനഭൂമിയാണോ, പട്ടയഭൂമിയാണോ മരുഭൂമിയാണോ എന്നൊന്നും കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ലാന്റ് ബാങ്കില്‍ നല്കുന്ന ഭൂമി നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ പെടുന്നതാണോ എന്ന് സര്‍ക്കാര്‍ വസ്തുനിഷ്ഠമായി പരിശോധിക്കണം. അതിനുശേഷം മാത്രമേ എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്താവൂ. സ്ഥലങ്ങള്‍ നിയമലംഘനം കൂടാതെ വ്യവസായത്തിന് പറ്റിയതാണോ എന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.
2012 ഫെബ്രുവരിയില്‍ തിരക്കിട്ട് കൂടിയ മന്ത്രിസഭായോഗ തീരുമാനത്തിന്റെ വെളിച്ചത്തില്‍ 2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തില്‍ കാതലായ മാറങ്ങള്‍ വരുത്തി 2005 ന് മുമ്പ് നികത്തിയ വയലുകള്‍ക്ക് കരഭൂമി സ്റ്റാറ്റസ് നല്കുന്നതില് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഭൂമികള്‍ എമര്‍ജിംഗ് കേരളയില്‍ വലിച്ചിഴച്ച് പ്രശ്നം കൂടുതല്‍ വഷളാക്കാതിരിക്കുവാന് സര്‍ക്കാര്‍ പരിശ്രമിക്കണം. എമര്‍ജിംഗ് കേരളയില്‍ വിവാദഭൂമികള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് വിലങ്ങ് തടി സൃഷ്ടിക്കരുത്. ലാന്റ് ബാങ്കിലെ ഭൂമിയുടെ നിജസ്ഥിതി പരിശോധിച്ച് നിയമ ലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം. വ്യവസായം തുടങ്ങുവാന്‍ പറ്റിയ ഭൂമികള്‍ മാത്രമേ ലാന്റ് ബാങ്കില്‍ ഉള്‍പ്പെടുത്താവൂ. 40 ലക്ഷം ടണ്‍ അരി സംസ്ഥാനത്ത് ആവശ്യമുള്ളപ്പോള്‍ കഷ്ടിച്ച് ആറ് ലക്ഷം ടണ്‍ മാത്രമാണ് നമ്മുടെ ഉല്‍പ്പാദനം. ഈ സാഹചര്യത്തില്‍ എമര്‍ജിംഗ് കേരള വയല്‍ നികത്തി വ്യവസായം വരുത്തുന്ന പദ്ധതിയായി മാറരുത്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മനുഷ്യന്റെയും പക്ഷിമൃഗാദികളുടേയും ഭക്ഷണ സ്രോതസ്സുകളും കുടിവെള്ള സ്രോതസ്സുകളുമാണ്. ഭൂഗര്‍ഭ ജല റീചാര്‍ജിംഗ്, മണ്ണൊലിപ്പ് തടയല്‍, ജലശുചീകരണം, വെള്ളപ്പൊക്ക നിയന്ത്രണം തുടങ്ങി ഒട്ടനവധി സേവനങ്ങളാണിവ ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇവ പ്രവര്‍ത്തിക്കുന്നു. ഇന്ന് സംസ്ഥാനത്ത് നിലവിലുള്ള 160590 ഹെക്ടര്‍ നീര്‍ത്തടങ്ങളും 234000 ഹെക്ടര്‍ നെല്‍വയലുകളും 122868 കോടി രൂപ വിലമതിക്കുന്ന സേവന സംസ്ഥാനത്തിന് നല്‍കുന്നുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ എന്തിന്റെ പേരിലായാലും ഒരിഞ്ച് പാടശേഖരവും തണ്ണീര്‍ത്തടങ്ങളും നികത്തപ്പെടുവാന്‍ അനുവദിക്കരുത്. പരമാവധി ആളുകളുടെ തൊഴില്‍ ഉറപ്പാക്കുകയായിരിക്കണം എമര്‍ജിംഗ് കേരളയുടെ ലക്ഷ്യം. വ്യവസായത്തിനായി കൃത്യം തരംതിരിച്ച സ്ഥലത്തു മാത്രമേ വ്യവസായം ആരംഭിക്കാവൂ. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ തദ്ദേശീയരായ സംരംഭകര്‍ക്ക് നല്‍കുക. ഐടി മേഖലയില്‍ ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിംഗ്, കമ്മ്യൂണിക്കേഷന്‍, ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയ ഉന്നത മൂല്യമുള്ള തൊഴില്‍ മേഖലയിലെ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, പ്രകൃതി വിഭവങ്ങളുടെ വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വിനിയോഗം ഭൂമിയുടെ സുസ്ഥിരത തകരാറിലാക്കുന്ന വിധമാകരുത്. ഏറ്റവും കുറവ് ഊര്‍ജ്ജം ആവശ്യമായി വരുന്നതും പരമാവധി പുതുക്കാവുന്നതുമായ ഊര്‍ജ്ജം ഉപയോഗിക്കുന്നതുമായ വ്യവസായ സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.
നമ്മുടെ പരമ്പരാഗത വ്യവസായങ്ങള്‍ നിലനിര്‍ത്തുവാനും വികസിപ്പിക്കുവാനും ഉതകുന്ന വ്യവസായങ്ങള്‍ക്ക് കൂടി മുന്‍ഗണന നല്‍കണം. മത്സ്യസംസ്ക്കരണത്തിലും സംഭരണത്തിലും ശാസ്ത്രീയവും ആരോഗ്യത്തിന് ഹാനികരവുമല്ലാത്ത സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം. സംസ്ഥാനത്തിന്റെ സാമൂഹികവും പരമ്പരാഗതവും പരിസ്ഥിതി സവിശേഷതകളെ പ്രതികൂലമായി ബാധിക്കാത്തതുമായ വിനോദസഞ്ചാരത്തെ മാത്രമേ അനുവദിക്കാവൂ. ലൈംഗിക വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ടൂറിസത്തെ ഉപയോഗപ്പെടുത്തുന്നതരത്തിലുള്ള വ്യവസായങ്ങള്‍ എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തരുത്. സംസ്ഥാനം വന്‍ വ്യാവസായിക കുതിപ്പിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ അതിനുവേണ്ടി കേട്ടുകേള്‍വിപോലുമില്ലാത്ത സൗജന്യങ്ങള്‍ മുതല്‍മുടക്കുകാര്‍ക്ക് വേണ്ടി പ്രഖ്യാപിക്കരുത്. സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ വേണ്ടിയാണ് കാലാകാലങ്ങളില്‍ നിയമനിര്‍മാണം നടത്തിവന്നിരിക്കുന്നത്. എമര്‍ജിംഗ് കേരള വഴിവരുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലകം വഴി അതിവേഗം തുടങ്ങുവാനുള്ള അനുമതിയും സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നത് നിയമത്തില്‍ ഇളവ് വരുത്തിയിട്ടാകരുത്. സാങ്കേതികത്വത്തിന്റെ പേരില്‍ ചുവപ്പു നാടയില്‍ കുരുങ്ങാതെ ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്ന സംവിധാനമായ ഏകജാലകത്തെ നിയമം നോക്കുകുത്തിയാക്കുന്ന ജാലകമാക്കി മാറ്റരുത്. ഈ തലമുറയ്ക്ക് അവകാശപ്പെട്ട കാര്യങ്ങളെ ഈ തലമുറ ചെയ്യാവൂ. എമര്‍ജിംഗ് കേരളയുടെ പേരില്‍ വരുംതലമുറയുടെ അവകാശത്തില്‍ കടന്നാക്രമണം നടത്തുവാന്‍ വ്യവസായവകുപ്പും സര്‍ക്കാരും തയ്യാറാകരുത്. കേരളത്തിന്റെ വ്യാവസായിക കുതിച്ചു ചാട്ടത്തിനായി 2012 സെപ്തംബറിലെ എമര്‍ജിംഗ് കേരളയ്ക്കായി നമുക്ക് തയ്യാറെടുക്കാം. അത് ശോഭനമായ വ്യവസായ കേരളത്തിന് വേണ്ടിയാകട്ടെ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: