ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6-6.2 ശതമാനമായിരിക്കുമെന്ന് സര്‍വെ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്കായ 6.5 ശതമാനത്തേക്കാള്‍ താഴെയായിരിക്കും 2012-13 വര്‍ഷത്തെ വളര്‍ച്ചാ നിരക്ക്. ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു 2011-12 സാമ്പത്തിക വര്‍ഷത്തിലേത്. അസോചം നടത്തിയ സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വ്യാവസായിക വളര്‍ച്ചയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇടിവും മണ്‍സൂണ്‍ മഴ കുറഞ്ഞതും ആഗോള സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിയും മൊത്ത ആഭ്യന്തര ഉത്പാദനം കുറയുന്നതിന് കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരും വ്യാവസായിക പ്രമുഖരും വിലയിരുത്തുന്നത്.
6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമാനം. എന്നാല്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇതിലും താഴെയായിരിക്കുമെന്ന് അസോചം വിലയിരുത്തുന്നു. ജിഡിപി വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തിനടുത്ത് മാത്രമായിരിക്കുമെന്നാണ് ആസൂത്രണ കമ്മീഷന് ഡപ്യൂട്ടി ചെയര്മാന് മോണ്ടേക് സിംഗ് ആലുവാലിയ പറയുന്നത്. 110 ഓളം വ്യവസായ പ്രമുഖരും സാമ്പത്തിക വിദഗ്ധരുമാണ് അസോചം നടത്തിയ സര്‍വെയില്‍ പങ്കെടുത്തത്.
കേന്ദ്രസര്‍ക്കാര്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം എത്രയും വേഗം മെച്ചപ്പെടുത്തണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 80 ശതമാനത്തോളം പേരും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: