“മരണത്തെ അതിജീവിച്ച മനക്കരുത്ത്” പി.ജയരാജന് ഇഷ്ടക്കാര്‍ നല്കുന്ന വിശേഷണം അതാണ്. പക്ഷേ പോലീസ് കസ്റ്റഡിയിലായപ്പോള്‍ പതറി. ജയിലിലെത്തിയപ്പോള്‍ നെഞ്ചിടിപ്പു കൂടി. പിന്നെ ജയില്‍ ആശുപത്രിയില്‍ അഭയം. എവിടെപ്പോയി മനക്കരുത്ത് ? ജയിലില്‍ കയറും മുമ്പു തന്നെ പുറത്തിറങ്ങാന്‍ തിടുക്കം. അതിനായി ജാമ്യാപേക്ഷയും നല്കി. അതില്‍ തെറ്റൊന്നിമില്ല. പക്ഷേ താന്‍ നയിച്ച പാര്‍ട്ടിയിലെ, തന്നെ അനുഗമിച്ച പാര്ട്ടിക്കാര് എത്ര പേര് ജയില്‍ ശിക്ഷ നേടി, വിചാരണ തടവുകാരായി കഴിയുന്നു. കണ്ണൂര്‍ ജില്ലയില്‍ ജയിലില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുടെ കൃത്യങ്ങള്‍ക്ക് കടുകുമണിയോളം പോലും പ്രേരണയും പ്രചോദനവുമില്ലെന്നു പറയാന്‍ ജയരാജന് കഴിയില്ലല്ലോ. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ പാര്‍ട്ടിക്കു പങ്കേ ഇല്ലെന്ന അസത്യം സിപിഎം ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഷുക്കൂര്‍ വധക്കേസില്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്ന് ജയരാജനടക്കം ആരും പറഞ്ഞിട്ടില്ല. ജയരാജന് കുറ്റകൃത്യം തടയാന്‍ ശ്രമിച്ചിട്ടില്ലെന്നതിനാണ് പ്രതിപ്പട്ടികയിലായത്. തെളിവുമില്ലാതെ കള്ളക്കേസില്‍ പെടുത്തിയെന്ന് ഉറപ്പിച്ചു പറയുന്നു. അതാണു ശരിയെങ്കില്‍ നിരപരാധിത്വം തെളിയിക്കാന്‍ നിഷ്പ്രയാസം കഴിയുമായിരുന്നു. അഗ്നിശുദ്ധി വരുത്തി പുറത്തിറങ്ങാവുന്ന ഒരു കേസിന്റെ പേരില്‍ കേരളത്തെ കൊലക്കളമാക്കാന് സിപിഎം ആഹ്വാനം ചെയ്യേണ്ടിയിരുന്നോ ? നീതി ന്യായ വ്യവസ്ഥ അംഗീകരിക്കുന്ന ഒരു പാര്‍ട്ടി ഇങ്ങനെ പെരുമാറാമോ ? ഈ സംശയത്തിന് അവര്‍ക്കെന്നെങ്കിലും ഉത്തരം നല്‍കേണ്ടി വരില്ലേ ?
അറസ്റ്റ് ഉറപ്പായപ്പോള്‍ ജയരാജന് മാധ്യമങ്ങളോട് പറഞ്ഞത് “ഹിന്ദുവര്‍ഗീയതയെ എതിര്‍ത്തതിനാല്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു. മുസ്ലീം വര്‍ഗീയതയെ എതിര്‍ത്തതിനാല്‍ കള്ളക്കേസില്‍ പെടുത്തുന്നു.” എത്ര നിഷ്കളങ്കമായ വിലാപം ! വര്‍ഗീയത ഏതായാലും അതിനെ എതിര്‍ക്കണമെന്നതാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം. വര്‍ഗീയ ചേരിയില്‍ പെട്ടു പോയവരെ അതില്‍ നിന്നും മോചിപ്പിച്ച് ശരിയായ പാതയിലേക്ക് കൊണ്ടു വരണമെന്നാണ് ആചാര്യോവാച.
എന്നാല്‍ സംഭവിക്കുന്നത് ആശയപരമായ എതിര്‍പ്പാണോ ? ആയുധമേന്തിയുള്ള ഉന്മൂലനമല്ലേ ? കണ്ണൂര്‍ ജില്ലയില്‍ മാത്രം എത്രയെത്ര പേരെയാണ് കൊന്നു തള്ളിയത്. ജയരാജനെ പോലെ ഒരു ജില്ലാ സെക്രട്ടറി ആയിരുന്നല്ലോ ബിജെപിയുടെ പന്ന്യന്നൂര്‍ ചന്ദ്രന്. ചന്ദ്രന് മരിച്ചത് വിഷം തീണ്ടിയല്ല. കുടുംബങ്ങളുടെ മുന്നിലിട്ട് വെട്ടി നുറുക്കി കൊന്നു തള്ളുകയായിരുന്നു. ജയരാജന്റെ കിഴക്കേ കതിരൂര്‍ ഗ്രാമത്തില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്ത കുടുംബങ്ങള്‍ എന്ത് ഹിന്ദുവര്‍ഗീയതയാണ് അവിടെ സൃഷ്ടിച്ചത്. ആ കുടുംബങ്ങളുടെ വീടിനകത്ത് കുഴി കുത്തി തെങ്ങു വച്ച പാര്‍ട്ടിയല്ലേ ജയരാജന്റേത് ? അരുതെന്നു പറയാനല്ല ആക്കം കൂട്ടാനായിരുന്നില്ലേ ജയരാജന്മാരുടെ ആഹ്വാനം ? അതിന്റെ പ്രത്യാഘാതം ജയരാജനും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകാം. അത് ഹിന്ദു വര്‍ഗീയതയ്ക്ക് എതിരായ നിലപാട് എടുത്തതിനാലെന്ന വ്യാഖ്യാനം ഭീരുത്വം നിറഞ്ഞതാണ്.
ഷുക്കൂറിന്റെയോ മുസ്ലീംലീഗിന്റെയോ അവരുയര്‍ത്തുന്ന ഭീകരവാദവുമായോ ഒരു യോജിപ്പും ഉള്ളതു കൊണ്ട് പറയുകയല്ല. ആ കൊലപാതകം എങ്ങനെ ഉള്‍ക്കൊള്ളാനാകും ? ജയരാജനും ടി.വി.രാജേഷും അടക്കമുള്ള നേതാക്കളെ ആക്രമിച്ച സംഘത്തില്പ്പെട്ടവരെന്നാരോപിച്ച് പട്ടാപ്പകല്‍ പിന്തുടര്ന്ന് പിടികൂടുകയും രണ്ട് മണിക്കൂറോളം കസ്റ്റഡിയില്‍ വച്ച് വിചാരണ ചെയ്യുക. ഫോട്ടോ എടുത്ത് ചിലരെ കാണിച്ചശേഷം അക്രമികളെന്ന് വിലയിരുത്തുകയും ഒടുവില്‍ പാര്‍ട്ടിക്കോടതി വധശിക്ഷ വിധിക്കുകയും ജനക്കൂട്ടം നോക്കിനില്‍ക്കെ ജീവനെടുക്കുകയും ചെയ്യുക. ശരിക്കുമൊരു മൃഗയാ വിനോദം. അധോലോക സംഘടനകളുടെ കൊലപാതക ചരിത്രത്തില്‍പ്പോലും ഇടംപിടിക്കാത്ത രീതിയിലുള്ള അരുംകൊല. സംഭവമരങ്ങേറിയ കണ്ണപുരം കീഴറയിലെ വള്ളുവന് കടവ് ഗ്രാമം അഞ്ച് മാസം പിന്നിട്ടിട്ടും ഇതിന്റെ ആഘാതത്തില്‍ നിന്ന് വിമുക്തമായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 20ന് രാവിലെ പത്തോടെയായിരുന്നു സംഭവ പരമ്പരകളുടെ തുടക്കം. ജയരാജനും എംഎല്‍എയും സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലേറുണ്ടായതോടെ സിപിഎം പ്രവര്‍ത്തകര്‍ നിയന്ത്രണം വിടുകയായിരുന്നു.
കടത്തുകടന്ന് അക്കരെയെത്തിയപ്പോള്ത്തന്നെ മൂന്നുപേര്‍ ഇവരെ പിന്തുടരാന് തുടങ്ങി. കുറച്ചുകൂടി മുന്നോട്ടുനീങ്ങിയതോടെ പിന്നാലെ വരുന്നവരുടെ എണ്ണം കൂടി. ചിലരുടെ കൈകളില്‍ വടി കണ്ടതോടെ യുവാക്കള്‍ അപകടം മണത്തു. നടപ്പിന് വേഗം കൂട്ടി സമീപത്തു കണ്ട ആലയല് മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ വരാന്തയിലേക്ക് കയറി. ഷുക്കൂറും സംഘവും വരാന്തയില്‍ കയറിയതോടെ പിന്തുടര്ന്നെത്തിയവര് മിന്നല്‍പോലെ വീട് വളഞ്ഞു. അഞ്ച് പേരെയും പുറത്തിറക്കിവിടണമെന്ന് വീട്ടിലുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞിയോട് ആവശ്യപ്പെട്ടു. അഭയം തേടിയവരെ വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല.
തീവ്രവാദികളാണ് വീടിനുള്ളില്‍ കയറിയിരിക്കുന്നതെന്നായിരുന്നു അക്രമികളുടെ പ്രഖ്യാപനം. സിപിഎം നേതാക്കളെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചശേഷം കടത്തു കടന്ന് കീഴറയിലെത്തുകയായിരുന്നു ഇവരെന്നും പ്രചരിപ്പിച്ചു. ഇതിനിടെ അഞ്ച് യുവാക്കളുടെയും പടങ്ങള്‍ മൊബെയില്‍ ക്യാമറയില്‍ പകര്‍ത്തി ക്യാമറയുമായി ഒരാള്‍ പുറത്തേക്കുപോയി. ഇതിനിടെ പാര്‍ട്ടിയുടെ നേതാക്കളെന്ന് കരുതുന്നവരും മറ്റും മുഹമ്മദ്കുഞ്ഞിയുടെ വീട്ടിലേക്കെത്തിക്കൊണ്ടിരുന്നു. അവര്‍ യുവാക്കളുടെ വിലാസവും ജോലിയും അരിയിലില്‍ അക്രമം നടക്കുമ്പോള്‍ എവിടെയായിരുന്നുവെന്നും മറ്റും മാറിമാറിച്ചോദിച്ചു കൊണ്ടിരുന്നു. നേതാക്കളെ ആക്രമിച്ച സംഘത്തില്‍ തങ്ങളില്ലായിരുന്നുവെന്നും അരിയിലെ സിപിഎമ്മുകാരെ വിളിച്ച് ഇക്കാര്യം തിരക്കിക്കൊള്ളാനും കുറ്റക്കാരെങ്കില്‍ പോലീസില്‍ ഏല്‍പ്പിക്കാനും യുവാക്കള്‍ അഭ്യര്‍ഥിച്ചു.
ആരുടെയോ നിര്‍ദ്ദേശം കാത്തുനില്ക്കും പോലെയായിരുന്നു അക്രമികളുടെ നീക്കങ്ങള്‍. മൊബെയിലില്‍ ഫോട്ടോ എടുത്തയാള്‍ അത് ആര്‍ക്കൊക്കെയോ ഫോണ്‍വഴി അയച്ചു കൊടുത്തു. അധികം കഴിയും മുമ്പ് മറുപടി സന്ദേശമെത്തി. അഞ്ച് പേരില്‍ ഷുക്കൂറും സക്കറിയയും കുറ്റവാളികളാണെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഫോണ്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ട് കാര്‍ ആക്രമിച്ചവരില്‍ ഇവരുമുണ്ടായിരുന്നുവെന്ന് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ആരോ ചിലര്‍ ഉറപ്പിക്കുകയായിരുന്നു. ഇതോടെ വിധി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങി.
അക്രമികളെ ഭയന്ന് ജനങ്ങള്‍ കാഴ്ചക്കാരായിത്തന്നെ നിന്നു. എങ്ങനെ ഭയക്കാതിരിക്കും. ചോരയുടെ നിറമുള്ള കൊടി, വെട്ടുകത്തിയും ചുറ്റികയും കൊടിയടയാളവും അതിനെല്ലാം പുറമെ ഉന്മൂലനത്തിന്റെ സിദ്ധാന്തം പ്രചരിപ്പിക്കുകയും സംഘര്‍ഷവും സംഘട്ടനവും മുദ്രാവാക്യവും. പിന്നെങ്ങനെ അക്രമരാഷ്ട്രീയം ഒഴിവാക്കാനാവും. കമ്മ്യൂണിസ്റ്റാധിപത്യവും അമിതാധികാരവുമുള്ളിടത്ത് അനുദിനം അനുഭവിക്കുകയല്ലെ. ജനങ്ങള്‍ ഭയന്നില്ലെങ്കിലല്ലേ അദ്ഭുതം. “ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരം പേരുയരുന്നു….” കമ്മ്യൂണിസ്റ്റ് സമരഭടന്മാര് ആദ്യകാലങ്ങളില്‍ കേരളത്തില്‍ മുഴക്കിയ മുദ്രാവാക്യമായിരുന്നു ഇത്. എത്രമാത്രം ആവേശത്തോടെയായിരുന്നു അവരാ ശീലുകള്‍ ഏറ്റുവിളിച്ചത്! ചോരചിന്താനും ജീവന് വെടിയാനും കഴിയുന്ന, ഒരുതരം മനോരോഗമെന്നു തന്നെ വശേഷിപ്പിക്കാവുന്ന അവസ്ഥയിലേക്ക് അണികളെ തള്ളിവിടാനുള്ള എല്ലാ ചെപ്പടിവിദ്യകളും കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് അന്നറിയാമായിരുന്നു. ഇന്നും അത് വിജയകരമായി തുടരുകയും ചെയ്യുന്നു. കൂടുതലെന്തെങ്കിലും ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും സാവകാശവും ചെങ്കുപ്പായ സേനയ്ക്ക് അന്ന് ഉണ്ടായിരുന്നില്ല (ഇന്നും അതില്ല). നിലത്തിറ്റുവീഴുന്ന ഓരോ തുള്ളിച്ചോരയില്‍ നിന്നും നിരവധിയാളുകള്‍ ഉയിര്‍ത്തെഴുന്നേറ്റുവരും. തനിക്ക് സാധിക്കാത്ത കാര്യം അവര്‍ സാധിച്ചുകൊള്ളും.
തന്റെ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ള വിപ്ലവസ്വപ്നം അവര്‍ സാക്ഷാത്കരിച്ചു കൊള്ളും. ചെങ്കൊടിക്ക് മാറ്റു കൂട്ടുകയും ചെയ്യും – ഇതായിരുന്നു ഓരോ സഖാവിന്റെയും മനോരാജ്യം. അവര്‍ ഒരുങ്ങി. ചോരചീന്തി. അവരാഗ്രഹിച്ചതുപോലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആള്‍ബലം പതിന്മടങ്ങ് വര്‍ധിച്ചു. ചോരചീന്താന്‍ ആഹ്വാനം ചെയ്തവര്‍ വിയര്‍പ്പുപോലും ചീന്തിയില്ലെങ്കിലും പാര്‍ട്ടിക്ക് ലഭിച്ച അംഗീകാരവും സ്വീകാര്യതയും അവരെ നന്നായി സുഖിപ്പിച്ചു. വര്‍ഷാവര്‍ഷം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ചെന്നു നിന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാന്‍ അവര്‍ മത്സരിക്കുന്നു. നേതാക്കളുടെ പിന്നില്‍ തടിച്ചു കൂടിയ പുരുഷാരം കാണുമ്പോള്‍ പഴയതെല്ലാം അവര്‍ മറക്കുന്നു. ചോര ചീന്തിയാണ് ഈ ശക്തി സംഭരിച്ചതെന്ന് നന്നായി അറിയാവുന്ന അവര്‍ തങ്ങള്‍ക്കെതിരു നില്ക്കുന്നവന്റെ ചോരയ്ക്കായി കഠാരകള്‍ മൂര്‍ച്ച കൂട്ടുന്നു. വെടിമരുന്നും കുപ്പിച്ചില്ലുകളും ആസിഡും പാര്‍ട്ടി സങ്കേതങ്ങളില്‍ കുമിഞ്ഞുകൂടുന്നു. പ്രതിയോഗികളുടെ തലകളുരുളുന്നു. പഴയ മുദ്രാവാക്യത്തിന് അപ്പോള്‍ പ്രസക്തിയില്ലെന്ന് മൂഢാത്മാക്കള്‍ ധരിച്ചു വച്ചിരിക്കുന്നു. അതുകൊണ്ടാണ് മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കാര്‍ കേരളത്തിലങ്ങോളമിങ്ങോളം ചോരച്ചാലുകള്‍ തീര്‍ക്കുന്നത്. മാര്‍ക്സിസ്റ്റുകാരന്റേതല്ലാത്ത ചോരയൊക്കെ മണ്ണില്‍ വീണാലുടന്‍ ആവിയായിപ്പോകുമെന്നാകാം അവരുടെ കണക്കുകൂട്ടല്‍.
അതുകൊണ്ടാകാം കയ്യറപ്പില്ലാതെ ആരെയും കുത്തിമലര്‍ത്താനുള്ള മാനസികാവസ്ഥ ആര്‍ജിക്കാന്‍ അണികളെ അവര്‍ പരുവപ്പെടുത്തുന്നത്. ഈ പ്രാകൃതത്വത്തിന് ഇരയാകേണ്ടിവന്ന എത്രയെത്ര നിരപരാധികള്‍, അവരൊക്കെ എന്തെങ്കിലും അപരാധം ചെയ്തിട്ടാണോ മരണത്തെ പുല്‍കേണ്ടിവന്നത് ? ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നില്‍ വച്ച് വെട്ടേറ്റ് പിടഞ്ഞു മരിക്കേണ്ടിവന്ന ജയകൃഷ്ണന്‍മാസ്റ്റര്‍ എന്തു തെറ്റാണ് ചെയ്തതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. സദാനന്ദന് മാസ്റ്ററുടെ രണ്ടുകാലുകളും വെട്ടിയെടുത്ത് ആഹ്ലാദാരവം മുഴക്കിയവര്‍ എന്ത് നേടി ? ജയകൃഷ്ണന്മാസ്റ്ററെ, അതുപോലെ മറ്റനേകം ചെറുപ്പക്കാരെ ജീവിക്കാനനുവദിക്കാതെ കശാപ്പുചെയ്യാനുള്ള അധികാരം മാര്‍ക്സിസ്റ്റ് ക്രിമിനലുകള്‍ക്ക് ആരു നല്കി എന്ന് കേരളക്കാര്‍ക്ക് മനസ്സിലായിട്ടില്ല. ജയരാജന്റെ അറസ്റ്റിന് തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കൊണ്ട് കാസര്‍കോട് കീക്കാനത്ത് മനോജ് എന്ന രക്തസാക്ഷിയെ കിട്ടി എന്നതൊഴിച്ചാല്‍ നേടിയതെന്താണ് ? ഒരു നേതാവിനെ പിടിച്ചാല്‍ പാര്‍ട്ടി തീപ്പന്തമാകുമെന്ന പ്രഖ്യാപനം ശിരസാവഹിക്കാന്‍ മഹാഭൂരിപക്ഷം അണികളും രംഗത്തിറങ്ങിയില്ലെന്ന സത്യം നേതൃത്വം തിരിച്ചറിയുമോ ? നിയമവാഴ്ചയെ വെല്ലുവിളിച്ച് പോലീസ് സ്റ്റേഷനുകളും കോടതികളെയും അക്രമിക്കുക, പോലീസുകാരുടെ വീടുകളില്‍ മുഖംമൂടി അക്രമം നടത്തുക. ഇതൊരു പാര്‍ട്ടിക്ക് ചേരുന്നതാണോ ?
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: