വേണുക്കുറുപ്പ് എന്നും വേണുവേട്ടന് എന്നും മാതൃഭൂമിയിലെ ജൂനിയര്‍ സഹപ്രവര്ത്തകന് മാത്രമല്ല കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പൊതുവേയും ആദരപൂര്‍വ്വം വിളിക്കുന്ന ടി. വേണുഗോപാലിന്റെ മരണം ആകസ്മികം എന്നു പറഞ്ഞുകൂട. കുറച്ചുമാസങ്ങളായി രോഗശയ്യയിലായിരുന്നു അദ്ദേഹം. ആകസ്മികമെന്നോ അപ്രതീക്ഷിതമെന്നോ പറയാനാവില്ലെങ്കിലും അച്ചടി-ഇലക്ട്രോണിക് മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും നഷ്ടബോധമുണ്ടാക്കുന്നതാണ് അദ്ദേഹത്തിന്റെ വേര്‍പാട്.
ദീര്‍ഘകാലം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ച് അവിടെ ഡപ്യൂട്ടി എഡിറ്ററായിട്ടാണ് അദ്ദേഹം വിരമിച്ചത്. അദ്ദേഹം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചത്, കേരളത്തിന്റെ സാമൂഹിക സാംസ്കാരിക-രാഷ്ട്രീയമണ്ഡലങ്ങളില്‍ അഭൂതപൂര്‍വ്വമായ ഒരു പുത്തന്‍വെളിച്ചം ഉദിച്ച് പ്രകാശം പരത്തിയ കാലഘട്ടമായിരുന്നു. സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യത്തെ മൂന്ന് പതിറ്റാണ്ട് ഇന്ത്യയില്‍ മുഴുവന്‍ ആ മട്ടിലൊരു തിളക്കം ദൃശ്യമായിരുന്നുവെങ്കിലും ചില സവിശേഷ സാഹചര്യങ്ങളാല്‍ കേരളം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമൂഹികമായി പരക്കേ ഉണര്‍വ്, കലാ-സാംസ്കാരിക കാര്യങ്ങളില്‍ സര്‍ഗ്ഗാത്മകതയുടെ തെളിഞ്ഞ സാന്നിദ്ധ്യം, രാഷ്ട്രീയത്തിലും പുത്തന്‍ കാഴ്ചപ്പാടുകള്‍… 1950-80 കാലം എന്തൊക്കെ നിഷേധാത്മക പ്രവണതകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഔന്നത്യങ്ങള്‍ കീഴടക്കിയ സമയമായിരുന്നു.
ഈ മുന്നേറ്റത്തിനൊപ്പം, അത്യന്തം സ്വാഭാവികമായി, മാധ്യമരംഗവും നയിക്കപ്പെടേണ്ടതുണ്ടായിരുന്നു. ആ വെല്ലുവിളി ഏറ്റെടുക്കേണ്ടത്, ആ ആവശ്യം നിര്‍വ്വഹിക്കേണ്ടത് മാതൃഭൂമി, മലയാളമനോരമ, ദീപിക, കേരളകൗമുദി തുടങ്ങിയ അന്നത്തെ മുഖ്യധാരാപത്രങ്ങളുടെ ധര്‍മ്മമായിരുന്നു. ആ പത്രങ്ങള്‍ തങ്ങളുടെ ധര്‍മം കാര്യക്ഷമമായിത്തന്നെ സഫലമാക്കി എന്നതിന്റെ തെളിവാണ് അമ്പതുകള്‍ക്കുശേഷം, എണ്പതുകളിലെത്തുമ്പോഴേക്ക് മലയാളപത്രങ്ങള്‍ക്കു പൊതുവേ വന്ന ശ്രദ്ധേയമായ മാറ്റം.
ഈ മാറ്റത്തിന് സാഹചര്യങ്ങളുടെ പ്രത്യേകതകൊണ്ട്, മുന്‍പന്തിയില്‍ നിന്നത് മാതൃഭൂമിയും മലയാളമനോരമയും തന്നെ. മാതൃഭൂമിയില്‍ ഈ ദൗത്യത്തിന്റെ ചുക്കാന്‍പിടിച്ചത് വേണുഗോപാലും. എന്തായിരുന്നു ഈ മാറ്റത്തിന്റെ സ്വഭാവം? ഇത് ഒറ്റ വാക്കില്‍ ഉത്തരം പറയാവുന്ന ചോദ്യമല്ല. വാര്‍ത്തകളുടെ തിരഞ്ഞെടുപ്പ്, അവയുടെ വിന്യാസം, ചിത്രങ്ങള്‍ക്ക് നല്കുന്ന സ്ഥാനം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഇക്കാര്യത്തിലുണ്ട്. പത്രം ആകര്‍ഷകമായിരിക്കണം, സുഗമമായ വായന സാധിക്കണം, അന്നന്നത്തെ വാര്‍ത്തകളുടെ പ്രാധാന്യമനുസരിച്ചുള്ള ഗ്രേഡിംഗ് ഉണ്ടാവണം, മനുഷ്യന് താല്പര്യമുണ്ടാകാവുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചുമുള്ള അന്നന്നത്തെ വിവരങ്ങള്‍ നല്‍കണം. എല്ലാറ്റിനും പുറമെ പത്രം അതിന്റെ വ്യതിരിക്തമായ വ്യക്തിത്വം നിലനിര്‍ത്തുകയും വേണം.
ഇത് ഏറെക്കുറെ പൂര്‍ണമായി പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിന് മുഖ്യമായും വേണുഗോപാല്‍ മുന്‍നിരയില്‍ നിന്ന് നയിച്ച പത്രപ്രവര്‍ത്തകരുടെ ടീമിന് കഴിഞ്ഞുവെന്നത് കാലംകൊണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ട്. 1975-80 ആവുമ്പോഴേക്ക് കേരളത്തിലെ പത്രങ്ങള്‍ ഇന്ത്യയിലെന്നല്ല മുന്നിരവിദേശ രാജ്യങ്ങളില്‍പ്പോലും ഒന്നാംകിട ദിനപത്രങ്ങളോട് ഒപ്പത്തിനൊപ്പം നില്‍ക്കാനുള്ള പ്രൊഫഷണല്‍ പ്രാപ്തി നേടുകയുണ്ടായി എന്നത് ഈ രംഗത്തെ വിദഗ്ധര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്.
പത്രപ്രവര്‍ത്തനത്തില്‍ സവിശേഷ പഠനം നടത്തിയ ആദ്യകാല മലയാള പത്രപ്രവര്‍ത്തകരിലൊരാളായ വേണുഗോപാല്‍ ഭാവനാസമ്പന്നനായ ഒരു കവിയായിരുന്നു. എണ്ണത്തില്‍ ചുരുക്കമെങ്കിലും മികച്ച ചില കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യ സംഭാവനകളെ വിമര്‍ശിക്കുന്ന പ്രഭാഷകന്റെ വിമര്‍ശസാഹിത്യം, വേണുവിന്റെ ഉള്ളിലെ സാഹിത്യനിരൂപകന്‍ എത്രമാത്രം സൂക്ഷ്മദൃക്കും സഹൃദയനുമാണെന്ന് വ്യക്തമാക്കിത്തരുന്നു. ഗവേഷണകാര്യങ്ങളില്‍ എത്രമികവു പുലര്‍ത്തുന്നു എന്നു കാണിച്ചുതരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചുള്ള ബൃഹത്കൃതി. കല,കായികരംഗം എന്നിവയിലും അഗാധമായ ജ്ഞാനം വേണുക്കുറുപ്പിനുണ്ടായിരുന്നു. ഇതെല്ലാംതന്നെ പത്രപ്രവര്‍ത്തനരംഗത്ത് ഉചിതമായി പ്രയോഗിക്കാന്‍ കഴിഞ്ഞതാണ് ആധുനിക കാല പത്രപ്രവര്‍ത്തകരുടെ ആചാര്യനാവാന്‍ അദ്ദേഹത്തെ സമര്ത്ഥനാക്കിയത്.
മാതൃഭൂമിയില്‍ മാത്രമായി തന്റെ കഴിവ് അദ്ദേഹം ഒതുക്കിയില്ല. 1970 മുതല്‍ കേരള വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന് ഒരു തൊഴിലാളി സംഘടന എന്ന പോലെത്തന്നെ പത്രപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനക്കളരിയുമായി മാറിയതിന്റെ ബഹുമതി മുഖ്യമായും വേണുക്കുറുപ്പിന് തന്നെ. 1971ല്‍ മലമ്പുഴയില്‍ നടന്ന കീയുഡബ്ല്യൂജെയുടെ ആദ്യത്തെ പത്രപ്രവര്‍ത്തക പരിശീലന ക്യാമ്പില്‍ അദ്ദേഹം എടുത്ത ക്ലാസ് മാധ്യമ ലോകത്തു പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്നതായിരുന്നു. അന്ന് പോരായ്മകളും ദൗര്‍ബല്യങ്ങളും പത്രങ്ങള്‍ക്ക് കണ്ടെത്താനായി. പിന്നീട് കീയുഡബ്ല്യൂജെ കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് പ്രൊഫഷണലായി പരിശീലനം നല്‍കുന്നതിന് ഏറെക്കുറെ സ്ഥിരമെന്നുതന്നെ വിളിക്കാവുന്ന ഒരു സംവിധാനമുണ്ടാക്കിയതാണ് നമ്മുടെ പത്രപ്രവര്‍ത്തനരംഗത്തെ മികവിന് സാഹയകമായത്.
കീയുഡബ്ല്യൂജെയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഈ രംഗത്തെ സമരങ്ങളുടെ കുന്തമുനയായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പത്രപ്രവര്‍ത്തകര്‍ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങളില്പലതും നേടിയെടുക്കുന്നതില്‍ വേണുക്കുറുപ്പിന്റെ നേതൃത്വഗുണം നിര്ണായകമായിരുന്നിട്ടുണ്ട്.
മാതൃഭൂമിയില്‍ വി.എം. കൊറാത്ത്, വി.എം. ബാലചന്ദ്രന്(വിംസി), ടി.വേണുഗോപാല്‍ എന്ന ത്രയം ഒരു കാലത്ത് ഒരു ശക്തിയായിരുന്നു. മാതൃഭൂമി പത്രത്തിന്റെ ചരിത്രത്തില്‍ എല്ലാനിലയിലും മുദ്രപതിപ്പിച്ച ഒരു ശക്തി. മലയാള പത്രപ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തകയൂണിയന്റെയും ചരിത്രത്തിലും ആ ത്രയത്തിന്റെ മുദ്രപതിഞ്ഞുകിടക്കുന്നു.
പി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: