എല്ലാ നാമരൂപങ്ങള്‍ക്കും അടിസ്ഥാനം അഹംബുദ്ധിയാണ്. നാമരൂപങ്ങളെ സ്വന്തമായി സൃഷ്ടിച്ച് അവയുടെ സ്വാധീനവലയത്തില്‍പ്പെട്ട് പ്രപഞ്ചാനുഭവങ്ങളില്‍ കുടുങ്ങിക്കഴിയുന്നു. അഹംബുദ്ധി എത്ര ശക്തമാണെങ്കിലും ആ ശക്തനെ അന്വേഷിച്ചുചെല്ലുമ്പോള്‍ കാണാനില്ല. തന്നില്‍നിന്ന് താന്‍തന്നെ ഉണ്ടാക്കിയെടുക്കുന്ന നാമരൂപങ്ങളില്‍ മയങ്ങിക്കഴിയുകയാണ് അധികസമയവും അഹംബുദ്ധി ചെയ്യുന്നത്. നാമരൂപപ്രപഞ്ചം അഹംബുദ്ധിയുടെ ആവിര്‍ഭാവത്തോടുകൂടി മാത്രം ഉത്ഭൂതമാകുന്നു. സുക്ഷുപ്തിയില്‍ ഈ നാമരൂപങ്ങളും പ്രപഞ്ചവും അഹംബുദ്ധിയും ഇല്ല. അഹംബുദ്ധി നശിക്കാതെ ആത്മാനുഭവം ഇല്ല. കര്‍മ്മമാര്‍ഗ്ഗങ്ങള്‍ ഒന്നുംതന്നെ ആത്മസാക്ഷാത്കാരത്തിന് ഉതകുന്നതല്ല. അഹം ബുദ്ധി നശിക്കാന്‍ അല്ലെങ്കില്‍ നശിപ്പിക്കാന്‍ വേണ്ടിയുള്ള എല്ലാ കര്‍മപദ്ധതികളും വേദാന്തസമ്മതമാണ്.
അത്മാന്വേഷണം എങ്ങനെ വേണമെന്നാണെങ്കില്‍ മനസ്സിന്റെ വിചാരവികാര വിക്ഷോഭങ്ങള്‍ മുഴുവന്‍ അടക്കി മനസ്സിനെ ആത്മാഭിമുഖമാക്കണം. ഭഗവാന് കൃഷ്ണന് ഗീതയില്‍ പറയുന്നു; ആരൊക്കെയാണോ അല്‍പ്പം പോലും അന്യമനസ്കരാകാതെ ഏകാഗ്രചിന്തയോടുകൂടി എന്നെ ഉപാസിച്ചു സ്മരിച്ച് സര്‍വത്ര എന്നെ ദര്‍ശിച്ച് ഏകാന്തഭക്തന്മാരായിരിക്കുന്നത് അവരുടെ യോഗവും ക്ഷേമവും ഞാന്‍ വഹിക്കുന്നു.
ഞാന്‍ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല, പ്രാണനല്ല ഇതെല്ലാം എന്റെ ഉപകരണങ്ങള്‍ ആണ് എന്ന് അവകാശപ്പെടുന്ന ഒരാളുണ്ട്. അയാളെ കണ്ടുപിടിച്ച് ഒഴിവാക്കുക എന്നുള്ളതാണ് രമണമഹര്‍ഷിയുടെ വഴി. അഹംബുദ്ധി നശിച്ച മനുഷ്യന് ആത്മാവില്നിന്നന്യമായി ഒന്നും ദര്‍ശിക്കുന്നില്ല. അനുഭവിക്കുന്നുമില്ല. അദ്ദേഹത്തെ ആരെങ്കിലും അറിയണമെന്ന ആഗ്രഹവുമില്ല. ആത്മസാക്ഷാത്കാരം അനുഭവിച്ച ആളിനെ തിരിച്ചറിയാന്‍ പ്രയാസം. അവര്‍ക്ക് നിഴലില്ല, അവര്‍ സഞ്ചരിക്കുന്ന ഭൂമിയില്‍ അവരുടെ പാദസ്പര്‍ശം അറിയാന്‍ കിട്ടുകയില്ല. അവര്‍ ശുദ്ധബോധസ്വരൂപികളാണ്. ഒരു ശിശുവിന്റെ ഭാവത്തില്‍ ചിരിച്ചും സന്തോഷിച്ചും സൗന്ദര്യം വിതറിയും അവര്‍ സഞ്ചരിക്കുന്നു. മനുഷ്യന്റെ എല്ലാ വലിപ്പവും പ്രപഞ്ചവും കഴിവും ഈശ്വരശക്തിചൈതന്യത്തിന്റെ ഭാവപ്രകടനമാണ്. ഇതൊന്നും മനസ്സിലാക്കുന്നില്ല.
രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: