കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സിപിഎം) നിയമങ്ങള്‍ക്കതീതമാണ് എന്ന തരത്തിലാണ് എംഎസ്എഫ് പ്രവര്‍ത്തകനായ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായി സംശയിക്കപ്പെടുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറസ്റ്റിനോടുള്ള, കേരളത്തെ ഒന്നടങ്കം നശിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ അക്രമങ്ങള്‍ തെളിയിക്കുന്നത്. നിയമവിധേയമായി അറസ്റ്റ് ചെയ്യപ്പെട്ട കേസില്‍ നിയമാനുസൃതം കേസ് വാദിച്ച് നിരപരാധിത്വം തെളിയിക്കുന്നതിന് പകരം സിപിഎം തങ്ങളുടെ സ്വേഛാധിപത്യ അപ്രമാദിത്വമാണ് വ്യാഴാഴ്ച ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപമായ ഹര്‍ത്താലും അതിനെതുടര്‍ന്നുള്ള ആക്രമണങ്ങളും നശീകരണങ്ങളും വ്യക്തമാക്കുന്നത്. ജനജീവിതം സ്തംഭിപ്പിച്ച് നിയമപാലകരെ ആക്രമിച്ച്, കടകളും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകളും തല്ലിത്തകര്‍ത്ത് ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി പാര്‍ട്ടി അണികള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അഴിഞ്ഞാടി. ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധത്തെത്തുടര്‍ന്ന് അനാവൃതമായ സമാന കൊലക്കേസുകളുടെ പിന്നാമ്പുറം, എം.എം.മണിയുടെ വണ്‍-ടു-ത്രീ പ്രസ്താവന, എല്ലാം രാഷ്ട്രീയ സാമുദായിക അന്തരീക്ഷം കലുഷമാക്കിയിരിക്കുകയാണ്. രാഷ്ട്രീയത്തിന്റെ പേരിലും വര്‍ഗീയതയുടെ പേരിലും കൊലപാതകങ്ങള്‍ അരങ്ങേറുമ്പോള്‍ വളരെ അധികം പ്രതികള്‍ തെളിവു സഹിതം അറസ്റ്റിലായപ്പോള്‍ നേതാക്കളെ തൊട്ടു കളിച്ചാല്‍ പാര്‍ട്ടി തീപ്പന്തമാകുമെന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതാണ് വ്യാഴാഴ്ച അക്ഷരാര്‍ത്ഥത്തില്‍ സ്തംഭനാവസ്ഥയിലായ കേരളം കണ്ടത്. ഇപ്പോള്‍ സിപിഎം കുറ്റവാളികളുടെ പാര്‍ട്ടിയായി മാത്രമല്ല, ജനദ്രോഹം ചെയ്യുന്ന പാര്‍ട്ടിയുമായി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടും.
ടിപി വധക്കേസ് അന്വേഷണം സിപിഎമ്മിന്റെ നേരെ തിരിഞ്ഞപ്പോള്‍ പിണറായി വിജയന് ക്രുദ്ധനായി ആക്രോശിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന് നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ എന്നുപറഞ്ഞതാണ് പാര്‍ട്ടി ഉള്‍ക്കൊള്ളേണ്ടിയിരുന്നത്. ഈ കേസില്‍ സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെന്നും പ്രതികളുടെ ആരോഗ്യനില പരിശോധിച്ചശേഷമേ ജയിലില്‍ അടയ്ക്കപ്പെടുന്നുള്ളൂ എന്നതും നിയമപ്രതിബദ്ധതയുടെ തെളിവാണ്. കുറ്റം ചെയ്തവന് ശിക്ഷ അര്‍ഹിക്കുന്നു. പാര്‍ട്ടിയിലെ ഉന്നതനായതിനാല്‍ നിയമത്തിന് അതീതനാകുന്നില്ല. നിയമ പാഠകരും നീതിപീഠവും പാര്‍ട്ടി ഉന്നതര്‍ക്ക് അരോചകമായി എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുയോ ചെയ്താല്‍ നിയമവഴിയുള്ള പ്രതിവിധിയല്ല, തെരുവിലിറങ്ങി കല്ലെറിഞ്ഞും തകര്‍ത്തുമാണ് കമ്മ്യൂണിസ്റ്റുകള്‍ പ്രതികരിക്കുന്നത് എന്നത് പാര്‍ട്ടി എത്ര അപരിഷ്കൃതമാണ് എന്ന സത്യത്തിലേയ്ക്കുള്ള വിരല്‍ചൂണ്ടല്‍ ആണ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന് പാര്‍ട്ടി ഗ്രാമങ്ങളിലും കമ്മ്യൂണിസ്റ്റ് അണികളിലും സ്വാധീനമുണ്ട് എന്ന് അംഗീകരിക്കെ തന്നെ വണ്ടി തടഞ്ഞു എന്ന ഒറ്റക്കാരണത്താല്‍ ഷുക്കൂര്‍ എന്ന വിദ്യാര്‍ത്ഥി നേതാവിനെ താലിബാന് മോഡലില്‍ പൊതുവിചാരണ നടത്തി കൊലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചനക്ക് കൂട്ടുനിന്നതാണ് ജയരാജന് മേല്‍ ചുമത്തപ്പെട്ട കുറ്റം. ദൃക്സാക്ഷികളുള്ള കേസുകള്‍ കള്ളക്കേസാകുകയില്ലല്ലോ. ടിപി വധക്കേസില്‍ യുഡിഎഫ് ആണ് പ്രതി എന്നിവരെ പിണറായി വിജയന് പറഞ്ഞിരുന്നു. ചന്ദ്രശേഖരന് വധത്തില്‍ പാര്ട്ടിക്കാര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞ പ്രകാശ് കാരാട്ടിന്റെ വാക്ക് പാഴ്വാക്കായി.
ടിപി വധക്കേസില്‍ പ്രതികള്‍ 74 ആയി. ടി.വി.രാജേഷ് എംഎല്‍എയും ഷുക്കൂര്‍ വധാന്വേഷണത്തോടനുബന്ധിച്ച് സംശയത്തിന്റെ നിഴലിലായി ചോദ്യം ചെയ്യലിന് വിധേയനായി. ഇവരെല്ലാം രാഷ്ട്രീയ വൈരത്തിന്റെ പേരിലോ, വ്യക്തി വിരോധത്തിന്റെ പേരിലോ ഏതു പേരിലായാലും കുറ്റം ചെയ്തു എന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടേണ്ടതല്ലെ? ഉന്നതരാണെങ്കില്‍ പോലീസന്വേഷണം പോലും അവര്‍ക്ക് നേരെ തിരിയുന്നത് പാര്‍ട്ടിക്ക് ദുഃസഹമാണ്. പോലീസിന്റെ നീക്കങ്ങള്‍ യഥാസമയം പാര്‍ട്ടി നേതാക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്ത പോലീസുകാര്‍ ശിക്ഷവാങ്ങിയപ്പോള് സിപിഎം എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തി എന്ന മറു ആരോപണവുമായി രംഗത്തുവന്നത് വിചിത്രമാണ്. ടി.പി.ചന്ദ്രശേഖരന് വധമാണ് യഥാര്‍ത്ഥത്തില്‍ അഭൂതപൂര്‍വമായ പ്രതികരണം ഉളവാക്കി, കൊലവെറി രാഷ്ട്രീയം അനാവരണം ചെയ്തത്. ഇത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമൊന്നുമല്ലല്ലൊ എന്ന പുച്ഛഭാവത്തിലുള്ള ചോദ്യം പാര്‍ട്ടിയില്‍നിന്നുതന്നെ ഉയര്‍ന്നു. ശരിയാണ്. പക്ഷെ ഇതിന് മുന്‍പ് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെല്ലാം പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നവരെ പ്രതികളാക്കി യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഈ രീതിക്ക് അറുതി വരുത്തിയാണ് പോലീസ് ടിപി വധത്തില്‍ യഥാര്‍ത്ഥ കൊലയാളികള്‍ക്ക് പിന്നാലെ പോയതും തെളിവുകള്‍ ശേഖരിച്ച് അറസ്റ്റുകള്‍ രേഖപ്പെടുത്തിയതും. പൈശാചികമായ 51 വെട്ടുകള്‍ വെട്ടി മുഖം പോലും തിരിച്ചറിയാത്ത വിധത്തില്‍ നടത്തിയ കൊലപാതകം ഉയര്‍ത്തിയ ജനരോഷവും പ്രതിഷേധവും പോലീസിനെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ നിര്‍ബന്ധിതമാക്കി. അങ്ങനെയാണ് പാര്‍ട്ടിയില്‍ സമുന്നതരായ പലരും കസ്റ്റഡിയിലായത്. 14 ജില്ലാ സെക്രട്ടറിമാരില്‍ അഞ്ചുപേര്‍ ജയിലിലാണ്.
സിപിഎമ്മിനെ തകര്‍ക്കാനുള്ള സുചിന്തിതമായ നീക്കമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും കേരള പോലീസും നടത്തുന്നത് എന്ന പാര്‍ട്ടി ആരോപണം ശ്രദ്ധേയമാകുന്നത്, കണ്ണൂരിലെ കോണ്‍ഗ്രസ് എംപി കെ.സുധാകരന് കുറ്റാരോപിതനായപ്പോള്‍ പോലീസും സര്‍ക്കാരും അഭിനയിക്കുന്ന നിസ്സംഗതയാണ്. കണ്ണൂര്‍ ജില്ല ഇന്ന് സംസ്ഥാനത്തെ ഏറ്റവും ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ജില്ലയായി മാറി. കണ്ണൂരാണ് പോലീസ്-ഇന്റലിജന്‍സ് രേഖകളില്‍ ഗൂഢാലോചന, വധശ്രമം, കൊലപാതകം മുതലായവയുടെ പ്രഭവ കേന്ദ്രം. കണ്ണൂരിലെ കോണ്‍ഗ്രസ് എംപി കെ.സുധാകരനും മുസ്ലീംലീഗ് എംഎല്‍എ ബഷീറും ഉള്‍പ്പെട്ട കേസിലും ഉമ്മന്‍ചാണ്ടിയുടെ പോലീസ് ഈ അന്വേഷണ ത്വര എന്തുകൊണ്ട് കാണിക്കുന്നില്ല എന്ന ചോദ്യവും ഇത്തരുണത്തില്‍ ഉയരുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുകയാണെങ്കില്‍ പാര്‍ട്ടി ഭേദമെന്യേ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ പോലീസ് സമദൂര സിദ്ധാന്തത്തിലാണ് വിശ്വസിക്കുന്നതെങ്കില്‍ കെ.സുധാകരനെതിരെ ഉയര്‍ന്നിട്ടുളള ആരോപണങ്ങളും കുനി ഇരട്ട കൊലപാതകത്തിലെ ഒരു പ്രതിയാണ് എന്ന് പറയപ്പെടുന്ന നിയമസഭാ സാമാജികനോടും സമാനമായ പെരുമാറ്റമാണ് വേണ്ടിയിരുന്നത്. ഇതെല്ലാം പറയുമ്പോഴും ടിപി വധക്കേസിലും മറ്റു കേസുകളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതരെപ്പറ്റി പോലും സുതാര്യവും സുശക്തവുമായ അന്വേഷണം നടത്തിയ പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നു. അതിന് പ്രതികരണം ജനജീവിതസ്തംഭനമോ പോലീസ് സ്റ്റേഷന് ആക്രമണമോ പാര്‍ട്ടി ഓഫീസ് തകര്‍ക്കലോ അല്ല, ടിപി വധം കേരളത്തിലെ അവസാന രാഷ്ട്രീയ കൊലപാതകമാക്കാന്‍ വേണ്ട സഹകരണം നല്‍കുകയാണ്. മുഖം ചീത്തയായാല്‍ കണ്ണാടി തല്ലിത്തകര്‍ത്തിട്ട് കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: