തിരുവനന്തപുരം: ഭാരതത്തെയും ഹിന്ദുത്വത്തെയും ആസന്ന മരണത്തില്‍ നിന്നും രക്ഷിച്ച സിംഹപരാക്രമിയായ സ്വാമി വിവേകാനന്ദന് ആധുനിക ശങ്കരാചാര്യരാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു. ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ ചക്രവര്‍ത്തിയുടെ സിംഹാസനത്തില്‍ ഇരുത്താനാണ് സ്വാമി വിവേകാനന്ദന് ജീവിത കാലം മുഴുവന്‍ ശ്രമിച്ചത്. ഭൗതിക നേട്ടങ്ങള്‍ ആധ്യാത്മിക ശക്തിയുടെ അടിത്തറയില്‍ നിന്നു കൊണ്ട് നേടാനാണ് സ്വാമി വിവേകാനന്ദന് ഭാരതീയരെ ഉദ്ബോധിപ്പിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ച് യുവജന സമ്മേളനത്തില്‍ ദേശീയ നവോത്ഥാനത്തില്‍ സ്വാമി വിവേകാനന്ദന്റെ പങ്ക് എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹിന്ദുമതത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ യോജിപ്പിച്ചു നിര്‍ത്തിയ സംയോജകനായിരുന്നു സ്വാമി വിവേകാനന്ദന്. അടിമത്തത്തിലാണ്ടിരുന്ന ഭാരതീയരെ ഗുമസ്ത പണി പഠിപ്പിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടി രാജ്യത്തെ നയിക്കാനുള്ള ധൈഷണിക പ്രതിഭകളെ വാര്‍ത്തെടുക്കാനായിരുന്നു സ്വാമിജിയുടെ ആഹ്വാനം. സാമ്പത്തിക പുരോഗതി നേടുന്നതിനൊപ്പം ഭക്ഷ്യ സുരക്ഷയ്ക്കായി കൃഷി സംരക്ഷിക്കാനും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. വിദ്യാഭ്യാസമെന്നത് ഒരു പിടി വിവരങ്ങള്‍ തലച്ചോറിലേക്ക് കുത്തി നിറയ്ക്കാനുള്ളതല്ല മറിച്ച് സന്മാര്ഗ ജീവിതം നയിക്കാനുള്ള ആശയങ്ങള്‍ നല്‍കുന്നതാണെന്ന് സ്വാമിജി ഭാരതീയരെ ഓര്‍മിപ്പിച്ചു. നമ്മുടെ പൂര്‍വികന്മാരും ഗുരുക്കന്മാരും വിഡ്ഢികളും കള്ളന്മാരും മണ്ടന്മാരുമാണെന്ന് ബ്രിട്ടീഷുകാര്‍ പഠിപ്പിച്ചത് നാമിന്നും പിന്തുടരുന്നു. എന്നാല്‍ പാശ്ചാത്യ മിഷണറി വിദ്യാഭ്യാസത്തിന്റെ സംഭാവനയാണിതെന്നും ഭാരതീയരെ എക്കാലവും അടികളാക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ സ്വാമി വിവേകാനന്ദന് അന്നു തന്നെ ഈ ദോഷം ചൂണ്ടിക്കാണിച്ചു. പാശ്ചാത്യ പളപളപ്പില്‍ ഭ്രമിച്ച് ബ്രിട്ടീഷുകാരെ അന്ധമായി അനുകരിച്ചിരുന്ന ഭാരതീയരെ ശരിയിലേക്ക് നടത്തകാന് സ്വാമി വിവേകാനന്ദന് അക്ഷീണം പ്രയത്നിച്ചു. അതിനായി അവരുടെ മടയില്‍ ചെന്ന് യുദ്ധം ചെയ്ത് അദ്ദേഹം വിജയിക്കുകയായിരുന്നെന്ന് നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
ചിക്കാഗോ മതസമ്മേളനം സംഘടിപ്പിച്ചതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നു. ലോകത്തിലെ എല്ലാ ശ്രേഷ്ഠ ഗുണങ്ങളും തങ്ങള്‍ക്കു മാത്രമാണെന്ന് സ്ഥാപിക്കാനുള്ള ക്രൈസ്തവമിഷണറി പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു അത്. സ്വന്തം മേല്‍ക്കോയ്മ ലോകത്തെ കൊണ്ട് അംഗീകരിപ്പിക്കാന്‍ ശ്രമിച്ച പാശ്ചാത്യര്‍ ഭാരതീയനായ സ്വാമി വിവേകാനന്ദന്റെ മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഉള്ളിന്റെ ഉള്ളില്‍ ഇന്നും പാശ്ചാത്യരെ ആരാധിക്കുന്ന ആധുനിക തലമുറയ്ക്ക് സ്വാമി വിവേകാനന്ദന്റെ ദിഗ്വിജയം വലിയ പാഠമാണ് നല്‍കുന്നത്. എന്നും പട്ടിണി പാവങ്ങളോട് കരുണ കാട്ടാനായിരുന്നു സ്വാമി ഉപദേശിച്ചത്. ഭാരതത്തിന്റെ ഉയര്‍ച്ച പാവങ്ങളുടെ ഉയര്‍ച്ചയായാണ് അദ്ദേഹം കണ്ടത്. നന്ദകുമാര്‍ പറഞ്ഞു.
വാസുദേവ വിലാസം മാനേജിംഗ് ഡയറക്ടര്‍ ഡോ.പ്രദീപ് ജ്യോതി അധ്യക്ഷത വഹിച്ചു. ഇസ്ലാമിക ഭീകരുടെ കൈകളാല്‍ കൊല്ലപ്പെട്ട ചെങ്ങന്നൂരിലെ വിശാല്‍ കുമാറിനെ സ്മരിച്ചു കൊണ്ടാണ് യുവജനസമ്മേളനം ആരംഭിച്ചത്. ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.അനീഷ്, ഡോ.കെ.എന്‍.മധുസൂദനന്‍പിള്ള, പി.അശോക്കുമാര് എന്നിവര്‍ സംസാരിച്ചു. കെ.രംഗനാഥകൃഷ്ണ സ്വാഗതവും സന്ദീപ് തമ്പാനൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: