ട്രെയിന്‍ അപകടങ്ങള്‍ നമ്മുടെ രാജ്യത്ത് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആന്ധ്രയിലെ നെല്ലൂരിനടുത്ത് തമിഴ്നാട് എക്സ്പ്രസ്സിന്റെ ഒരു ബോഗി കത്തി 32 പേരാണ് മരിച്ചത്. വാസ്തവത്തില്‍ യാത്രക്കാര്‍ മരണത്തിലേക്ക് ഉറങ്ങിപ്പോവുകയായിരുന്നു. പുലര്‍ച്ചെ 4.15ന് പലരും നല്ല ഉറക്കത്തിലായ സമയത്താണ് ദുരന്തം അഗ്നിയുടെ രൂപത്തില്‍ കടന്നുവന്നത്. ഒന്ന് നിലവിളിക്കാന്‍ പോലും കഴിയുന്നതിനുമുമ്പ് പലരും കത്തിച്ചാമ്പലായി. വല്ലാത്തൊരു ദുരന്തമാണ് റെയില്‍വെയെ നിരന്തരം പിടികൂടുന്നത്. ഇതേസംഭവം നടന്ന ദിവസം തന്നെ മറ്റ് രണ്ട് അപകടങ്ങളിലായി മരിച്ചവര്‍ ആറ് പേരാണ്. ദല്‍ഹി ഡിവിഷനില്‍ സാമ്പാലയ്ക്കും അസൗദയ്ക്കും ഇടയില്‍ ആളില്ലാ ലൈവല്ക്രോസില് ട്രക്കില്‍ തീവണ്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. അമൃതസറിനടുത്ത് റെയില്‍വെ ക്രോസില്‍ പാസഞ്ചര്‍ തീവണ്ടി സ്കൂള്‍ ബസ്സിലിടിച്ച് നാല് സ്കൂള്‍ കുട്ടികള്‍ മരിച്ചു. പതിനെട്ടോളം പേര്‍ക്ക് പരിക്കുമേറ്റു. ചെറിയദുരന്തം തുടങ്ങി ആള് നാശം സംഭവിക്കുന്ന വലിയ ദുരന്തം വരെ ഉണ്ടാവുമ്പോഴും ശുഭയാത്ര എന്ന നാലക്ഷരത്തിന്റെ വ്യാപ്തിയില്‍ റെയില്‍വെ സുഷുപ്തിയിലാണ്. അപകടമുണ്ടായദിവസം ചില ഓടിപ്പാച്ചിലുകളില് കാര്യം അവസാനിപ്പിക്കാനുള്ള വ്യഗ്രതയാണ് പൊതുവെ കാണാനാവുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് യാത്രയ്ക്ക് ആശ്രയിക്കുന്ന തീവണ്ടിയെ അതിന്റെ ഗൗരവത്തില്‍ പരിരക്ഷിക്കുന്നതിനും ചിട്ടയായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന കാര്യത്തിലും അക്ഷന്തവ്യമായ കൃത്യവിലോപമാണ് റെയില്‍വെയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഇത് പൊടുന്നനെ ഉണ്ടായതൊന്നുമല്ല. നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിവിശേഷത്തിലേക്ക് ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ ഒരു പ്രസ്ഥാനം കൂപ്പുകുത്തുന്നു.
തമിഴ്നാട് എക്സ്പ്രസ്സിന്റെ ഒരു ബോഗി കത്താന്‍ കാരണമെന്താണെന്ന് ഇനിയും വ്യക്തമായി അറിഞ്ഞിട്ടില്ല. എസ്-11 ബോഗിയാണ് കത്തിയമര്‍ന്നത്. ഉറക്കത്തില്‍ ബഹളം കേട്ട് ഉണര്‍ന്നവര്‍ ഒരു കണക്കിന് രക്ഷപ്പെടുകയായിരുന്നു. പലരും കരുതിയത് ട്രെയിന്‍ കൊള്ളയടിക്കപ്പെടുകയാണെന്നാണ്. തീനാളങ്ങള്‍ വിഴുങ്ങാന്‍ പാകത്തിന് എത്തിയപ്പോഴാണ് ഒരു വിധത്തില്‍ ജീവന് കൈയിലെടുത്ത് ചാടിയും മറ്റും രക്ഷപ്പെട്ടത്. ബോഗിയുടെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. അതുകൊണ്ടുതന്നെ പിന്നില്‍ ഉണ്ടായിരുന്നവര്‍ക്കാണ് കൂടുതല്‍ ജീവഹാനി സംഭവിച്ചത്. ആ സമയത്ത് 110 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവത്രേ വണ്ടി പൊയ്ക്കൊണ്ടിരുന്നത്. അപായച്ചങ്ങലവലിച്ച ശേഷം വളരെ വൈകിയാണ് വണ്ടി നിന്നത്. അതൊരുപക്ഷേ, വേഗം കൂടിയതുകൊണ്ടുമാവാം. ബോഗിയില്‍ നിന്ന് തീനാളം ഉയരുന്നതുകണ്ട ഗേറ്റ്മാന് തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം കൊടുത്തിരുന്നു. വണ്ടിനിന്നപ്പോള്‍ നാട്ടുകാരാണ് പക്ഷേ, ആദ്യമെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതിനുശേഷമേ അധികൃതര്‍ സംഭവസ്ഥലത്ത് എത്തിയുള്ളൂ. തീവണ്ടി വിജയവാഡ സ്റ്റേഷനിലെത്തിയപ്പോള്‍ മഴപെയ്തതിനെ തുടര്‍ന്ന് വണ്ടിയുടെ ഷട്ടറുകള്‍ മുഴുവനും അടച്ചിരുന്നു. ആളുകള്‍ നല്ല ഉറക്കവുമായിരുന്നു. അതുകൊണ്ടുതന്നെ ദുരന്തത്തെക്കുറിച്ച് ശരിക്കറിയാന്‍ അധികമാര്‍ക്കും കഴിഞ്ഞില്ല. തീ പടര്‍ന്നപ്പോള്‍ പുറത്തേക്കു ചാടി രക്ഷപ്പെടാനും അതുമൂലം കഴിയാതെപോയി. കുറഞ്ഞ സമയത്തിനകം തന്നെ ബോഗിമുഴുവനായി കത്തിപ്പോയിരുന്നു. ആയതിനാല്‍ തീപ്പിടിത്തത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശാനിടനല്കുന്ന വസ്തുതകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
വിവിധകാരണങ്ങളിലേക്ക് അന്വേഷണം നീളുമ്പോള്‍ ഒരു കാര്യത്തില്‍ റെയില്‍വെയുടെ സംശയം ബലപ്പെട്ടുവരുന്നുണ്ട്. അത് അട്ടിമറിയാണ്. ഈ സാധ്യത തള്ളിക്കളയാന്‍ പറ്റില്ലെന്നാണ് റെയില്‍വെ മന്ത്രി മുകുള്‍റോയ് അഭിപ്രായപ്പെടുന്നുത്. വളരെ പെട്ടെന്ന് ബോഗിയില്‍ തീപടരണമെങ്കില് എളുപ്പം കത്തിപ്പടരാനിടയുള്ള വസ്തുക്കള്‍ അതില്‍ ഉണ്ടാവണം. ചില ഊഹാപോഹങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. തീപടരാന് ഇടയുള്ള വസ്തുവുമായി ഒരു യാത്രക്കാരന് ഈ ബോഗിയില്‍ കയറിയിട്ടുണ്ടെന്ന സംസാരം ഉണ്ടത്രെ. ഇക്കാര്യം മന്ത്രി മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചിട്ടുണ്ട്. തീപിടിക്കും മുമ്പ് സ്ഫോടനം നടന്നിരിക്കാമെന്നും അദ്ദേഹം അനുമാനിക്കുന്നു. അതേസമയം താന്‍ സ്ഫോടനശബ്ദമൊന്നും കേട്ടില്ലെന്നാണ് എസ്-11 ബോഗിയില്‍ യാത്രചെയ്ത ഇഷന്ഷാ വ്യക്തമാക്കുന്നത്. സംഭവം പുലര്‍ച്ചെ ആയതുകൊണ്ടും ഒരുവിധപ്പെട്ട യാത്രക്കാരൊക്കെ ഉറക്കത്തിലായിരുന്നതിനാലും വിവരങ്ങള്‍ ക്രോഡീകരിച്ച് വിശകലനം ചെയ്തെങ്കിലേ നിജസ്ഥിതി വെളിപ്പെടൂ. ഷോര്‍ട്ട് സര്‍ക്യൂട്ട് പോലുള്ളവയായിരുന്നെങ്കില് ഇങ്ങനെ ഭീകരമാംവണ്ണം തീപിടിക്കുമോ എന്ന ചോദ്യം സ്വാഭാവികമാണ്. എത്ര കര്‍ശന സുരക്ഷാ ഏര്‍പ്പാടുകള്‍ ഉണ്ടായാലും തീ പിടിക്കാനിടയുള്ള വസ്തുക്കളുമായി യാത്രക്കാര്‍ വണ്ടിയില്‍ കയറാതിരിക്കില്ല. അങ്ങനെയുള്ളപ്പോള്‍ മതിയായ സുരക്ഷാ പരിശോധനയില്ലെങ്കില്‍ പിന്നത്തെ സ്ഥിതി പറയേണ്ടതില്ലല്ലോ. നിരന്തരം ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നതിന്റെ പശ്ചാത്തലത്തില്‍ തീവണ്ടിയാത്ര അങ്ങേയറ്റം സുരക്ഷിതവും കുറ്റമറ്റതുമാക്കാന്‍ കര്‍ക്കശനിബന്ധനകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. അതിനൊപ്പം ബോഗികള്‍ തീപിടിക്കാതിരിക്കത്തക്കവണ്ണമുള്ള സാമഗ്രികള്‍കൊണ്ട് നിര്‍മ്മിക്കുകയും വേണം. തീപടരുന്ന വസ്തുക്കള്‍ ഉണ്ടായാല്‍ പോലും ബോഗികള്‍ കത്തിയമരാന്‍ ഇടവരരുത്. മറ്റൊന്ന്, ബോഗികളില്‍ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ ഘടിപ്പിക്കുക എന്നതാണ്. ഇത് ഉപയോഗിക്കേണ്ടതിനെക്കുറിച്ച് യാത്രക്കാര്‍ക്ക് വിവരവും നല്‍കണം.
യാത്രാ ടിക്കറ്റില്‍ ശുഭയാത്ര അച്ചടിച്ച് വിതരണം ചെയ്യുന്നതിലൂടെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ചുവെന്ന തോന്നലാണ് റെയില്‍വെ അധികൃതര്‍ക്കുള്ളത്. യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും അവര്‍ക്കു ലഭ്യമാവുന്ന സൗകര്യങ്ങളെക്കുറിച്ചും അജ്ഞത നടിക്കുന്ന സമീപനമാണ് അവരുടേത്. ദുരന്തമുണ്ടാവുമ്പോള്‍ തല്ക്കാലം ചില ഓട്ടയടക്കല്‍ നടപടികള്‍ സ്വീകരിക്കുകയും ദുരിതാശ്വാസത്തിന്റെ പേരില്‍ ചില സാമ്പത്തിക സഹായങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടെ അവരുടെ ജോലി അവസാനിക്കുന്നു. അടുത്ത ദുരന്തം വാപിളര്ന്നെത്തുമ്പോള് വീണ്ടും ചില തട്ടിക്കൂട്ടലുകള്‍ നടത്തും. കാലാകാലങ്ങളായി പിന്തുടരുന്ന ഇത്തരം നടപടികളിലൂടെ ദുരന്തം പതിന്മടങ്ങ് ശക്തിയോടെ വരികയും ചെയ്യും. അട്ടിമറിയെക്കുറിച്ച് ഒരു സൂചന നല്കിയാല് പിന്നെ റെയില്‍വെ പൂര്‍ണമായി കൈകഴുകയും ചെയ്യും. ലജ്ജാകരമായ ഈ സമീപനം മാറാതെ ദുരന്തങ്ങള്‍ ഒഴിവാകില്ല. അതിന് ഇനിയെത്രപേരെ കൊലയ്ക്ക് കൊടുക്കേണ്ടിവരുമെന്ന ആശങ്ക തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ഓരോരുത്തര്‍ക്കുമുണ്ട്. അത് തീര്‍ക്കാന്‍ ഇനിയെങ്കിലും റെയില്‍വെയും സര്‍ക്കാരും ശ്രദ്ധിക്കുമോ?
അനാസ്ഥയുടെ മറ്റൊരു മുഖം
ആധുനിക സൗകര്യങ്ങളുടെ നടുക്കടലിലേക്ക് ആണ്ടിറങ്ങുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം എന്ന് അധികൃതര്‍ ചിന്തിക്കുന്നില്ല. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോഴിക്കോട്ട് നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പൊതുശൗചാലയങ്ങള്‍. ജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ശൗചാലയങ്ങളുടെ അപര്യാപ്തതമൂലമാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്ന ഓംബുഡ്സ്മാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പതിനാറോളം ഇലക്ട്രോണിക് ടോയ്ലറ്റുകള് സ്ഥാപിച്ചു. അതിന്റെ പ്രവര്‍ത്തന രീതിയും ഗുണമേന്മയും മറ്റും പ്രകീര്‍ത്തിക്കപ്പെട്ടെങ്കിലും വിരലിലെണ്ണാവുന്നവ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ആധുനിക ടോയ്ലറ്റുകള് നഗരത്തിലെ മറ്റൊരു നോക്കുകുത്തിയായി തീര്‍ന്നിരിക്കുന്നു.
ജനങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കാന്‍ അധികൃതര്‍ തുടക്കത്തില്‍ കാണിക്കുന്ന ആവേശം പിന്നെ ഉണ്ടാവുന്നില്ല. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന പ്രയോഗം കാലഹരണപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു നേരെയുള്ള ഈ കണ്ണുപൊത്തിക്കളിക്കെതിരെ ജനരോഷം ഉയരുക തന്നെ വേണം. എങ്കില്‍ മാത്രമേ അധികൃതര്‍ കണ്ണുതുറക്കൂ. അതിനൊപ്പം പൊതു ആവശ്യത്തിന് സ്ഥാപിച്ച ഇത്തരം കേന്ദ്രങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്തവും ജനങ്ങള്‍ക്കുണ്ടാകണം. അവിടത്തെ ഉപകരണങ്ങളും മറ്റും സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: